തുഷാര്‍ ചെക്ക് കേസ്: പ്രിവിലേജും പ്രസ്റ്റീജും

അറസ്റ്റിന് ശേഷം തുഷാർ വെള്ളാപ്പള്ളി ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിട്ട് അഞ്ചു ദിവസമായി. തുഷാർ ഇതുവരെ ഏതെങ്കിലും ഒത്തു തീർപ്പ് ചർച്ചകൾക്ക് വന്നതായി അറിവില്ല. എന്നാല്‍ പുതിയ വാര്‍ത്തകള്‍ നിരന്തരം ഇറങ്ങി കൊണ്ടിരിക്കുന്നുണ്ട്. തുഷാറിന്‍റെ ഭാഗം എന്താണെന്ന് കേൾക്കാം എന്നല്ല ഇവരാരും പറയുന്നത്. മറിച്ച്, ഒരു ചാനല്‍ ഒഴികെ മറ്റെല്ലാവരും കേസിന്‍റെ വാസ്തവം എന്താണെന്ന് പരിശോധിക്കാം എന്ന വിധേന അഭിമുഖം നടത്തുന്നത് തുഷാറിനെയാണ്. ഈയൊരു ചാനല്‍ നാസില്‍ അബ്ദുള്ളയുമായി ഉടനെ അഭിമുഖം നടത്തിയതും കണ്ടു.

നാസിൽ അബ്ദുള്ള

എല്ലാ അഭിമുഖങ്ങളിലും ഇതുവരെയും തുഷാർ പറയാൻ ശ്രമിക്കുന്നത് നാസിൽ അബ്ദുള്ള ചെക്ക് മോഷ്ടിച്ചു എന്നാണ്. മാത്രമല്ല കരാർ ഡോകുമെന്‍റ് തുഷാറിന്‍റെ ഏതെങ്കിലും സ്റ്റാഫ് മൂലമോ കൺസൽട്ടൻറ് വഴിയോ ശരിപ്പെടുത്തിയിരിക്കാം എന്നാണ്. സ്ഥാപനം അടച്ചു പൂട്ടി എന്നത് കൊണ്ട് കൂടെ നിന്നവരെയും സംശയത്തിന്‍റെ നിഴലിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു. തുഷാർ മാത്രമല്ല ലുലു ഗ്രൂപ്പിന്‍റെ സ്വന്തം മൂത്താപ്പയും പറയുന്നത് വഞ്ചിതനായ തുഷാറിനെ പുറത്തിറക്കാൻ കഴിയാവുന്ന സഹായങ്ങൾ ചെയ്യും എന്നാണ്. ലുലുവിന്‍റെ ഈ മൂത്താപ്പയെ പ്രമുഖ അഭിഭാഷകൻ എന്ന പ്രയോഗത്തിലാണ് ഗൾഫിലെ റിപ്പോർട്ടർമാർ പോലും ചാനലുകളിൽ കാണിച്ചത്. മൂത്താപ്പ കൊടുക്കുന്ന ആ ധൈര്യമുണ്ടല്ലോ, അതാണ് എം.എ.യൂസഫലിയുടെ രാഷ്ട്രീയ വിധേയത്തങ്ങളെ പൊതുജനം സംശയിക്കാനിടയായതും. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, അവരുടെ കൂടെ തുഷാറിന് നല്ല ഉഷാറ് കിട്ടുന്നുണ്ട് എന്നത് വീഡിയോകളില്‍ കാണാം.

എന്തായാലും പ്രശ്നം തീരേണ്ടത് നാസില്‍ അബ്ദുള്ളയ്ക്കാണ്. അതുപോലെ നാട്ടിലെത്താൻ തിടുക്കം ഉണ്ടാകേണ്ടിയിരുന്നത് തുഷാറിനുമാണ്. ആ വേവലാതിയൊന്നും ജാമ്യം കിട്ടിയ ശേഷം തുഷാറിൽ കാണുന്നുമില്ല. അപ്പോൾ മനസ്സിലാക്കാം മുതലാളി പൊന്നുപോലെ നോക്കുന്നുണ്ടെന്ന്. തുഷാറിന്‍റെ അമാന്തം മറ്റൊന്നാകാം. അടുത്ത ഇലക്ഷന് ഇനിയും സമയമുണ്ട്, അതുകൊണ്ട് ഇനിയിപ്പോൾ തിരക്കിട്ട് എത്തിയിട്ടും വല്യ കാര്യമൊന്നുമില്ല എന്ന് അച്ഛനും മോനും അറിയാം. അല്ലെങ്കിൽ നാട്ടിലേക്ക് പോകാൻ കഴിയില്ല എന്നത് നമ്മൾ ഗൾഫിനെ കുറിച്ച് പൊതുവായി കരുതിയിട്ടുള്ള നീതി ബോധമാണ്. അപ്പോൾ പോലീസിൽ കൊടുത്ത ആ പാസ്സ്‌പോർട്ട് ലോക്കറിൽ വെച്ചത് പോലെയാണ്.

വെള്ളാപ്പിള്ളി ഇന്ന് പറഞ്ഞത് കേട്ടില്ലേ, മുഖ്യമന്ത്രി പറഞ്ഞിട്ടാണ് തുഷാർ ജയിലിലായത് അറിഞ്ഞത് എന്ന്. ഈയൊരു നാടക അരങ്ങോടുകൂടി അന്തർധാര നന്നായി പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം, കര്‍ട്ടണ്‍ പൊക്കാത്തത് കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തതാണ് എന്നും കരുതണം.

മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരുകാര്യം ഉറപ്പ്, സി.പി.എമ്മിന് തുഷാറിനെ നാട്ടിലേക്ക് കൊണ്ടുവരുക എന്നത് പ്രസ്റ്റീജ് ഇഷ്യൂവാണ്. പരമോന്നത പാര്‍ട്ടി അത് പത്രസമ്മേളനം നടത്തി പോലും പറയുന്നുണ്ട്. നാസിൽ പറഞ്ഞു കൊണ്ടിരിക്കുന്ന പ്രിവിലേജിന്‍റെ ഗുണമാണ് അത്. പറഞ്ഞു വന്നപ്പോഴേക്കും കേരളത്തിലെ മുഴുവന്‍ പ്രശ്നങ്ങളും സെക്രട്ടറിക്ക് ന്യൂനപക്ഷ മുസ്‌ലിം വര്‍ഗീയതയാണ് എന്നതായി. അതിന് വേണ്ടി നാസിലിന്‍റെ ഒരു നാട്ടുകാരനെ തന്നെ പിടിച്ചു നോക്കി. എന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ അത്രയ്ക്ക് ഏറ്റില്ല. ഡൈവര്‍ട്ടഡ് അഥവാ വിഷയം മാറ്റുക എന്നതും പ്രിവിലേജ്`ഡ് കാറ്റഗറിയില്‍ ഉപയോഗിയ്ക്കുന്ന മറ്റൊരു ടൂള്‍ ആണെന്ന് തിരിച്ചറിയാം.

ഇനി വേറെ ഒന്നുകൂടിയുണ്ട്, മോദി യു.എ.ഇയിൽ തന്നെയുണ്ട്. പ്രസ്റ്റിജിലും പ്രിവിലേജിലും ഇടയിലിരുന്ന് ആര്‍ക്ക് ആദ്യം വിജയം നേടാം എന്ന ഉഷാറും കാണുന്നുണ്ട്. അത് തന്നെയാണ് തുഷാറിന്‍റെ ആത്മവിശ്വാസം. നമ്മുടെ ആളാണ് എന്ന് മോദിജി പറഞ്ഞാൽ നിയമം നിയമത്തിന്‍റെ വഴിക്കുപോട്ടെ എന്നൊക്കെ ഷേഖ് പറയുമോ എന്നൊന്നും ഉറപ്പില്ല. അവരുടെ രാജ്യമാണ്, രാജാവിന് എന്ത് ഡിക്രീയും എടുക്കാൻ അധികാരമുണ്ട്. മോദിജിയുടെ പാര്‍ട്ടിക്ക് അങ്ങിനെയും കാര്യങ്ങള്‍ ചെയ്യാനാറിയാം എന്ന് വിളിച്ചു പറയാം.

അങ്ങിനെ സംഭവിച്ചാൽ, നാസിൽ സൂക്ഷിക്കേണ്ടതുണ്ട്. തുഷാർ രക്ഷപ്പെട്ടാലും അത് സി.പി.എമ്മിന്റെ വോട്ടുബാങ്ക് രക്ഷക്കെത്തുമെന്ന് തോന്നുന്നില്ല. ബിജെപി അവിടെയും ഗോളടിക്കാൻ നോക്കിയെന്ന് വരാം. കഴിഞ്ഞ പ്രളയത്തിന് ശേഷം ശബരിമല വിഷയം കൊണ്ടുവന്ന് ഗോളടിക്കാൻ നോക്കിയത് പോലെ, ഈ പ്രളയത്തിന് ശേഷം കൂടെ നിൽക്കുന്ന പ്രവാസി കുടുംബങ്ങൾ സിപിഎമ്മിനെ സംശയിക്കും. അങ്ങിനെ ബിജെപി വീണ്ടും ഗോളടിക്കാൻ നോക്കും. സൂക്ഷിച്ചും കണ്ടും ത്വാതിക അവലോകനം നടത്തിയാൽ സിപിഎമ്മിന് നല്ലത്.

ബാക്കിയുള്ളത് നേരിടാൻ പോകുന്നത് നാസിലാണ്. കൂടെ നിൽക്കേണ്ടതും സമൂഹ മനഃസാക്ഷിയാണ്, നിസ്സാര സംഗതിയല്ല അത് എന്ന് സിപിഎമ്മും ലുലു മുതലാളിയും മനസ്സിലാക്കാന്‍ സാധ്യതയുണ്ട്, എങ്കില്‍ അവരവര്‍ക്ക് നന്ന്. ഇങ്ങനെയൊക്കെ സംഭവിച്ചാൽ, ഒരു ദിവസമെങ്കിൽ ഒരു ദിവസം, പ്രിവിലേജുള്ള ഒരു താപ്പാനയെ ക്ഷ വരക്കാൻ കഴിഞ്ഞല്ലോ എന്ന് നാസിൽ സമാധാനിക്കേണ്ടി വരും. പിന്നെ എല്ലാം കാണുന്ന ഒരാളുണ്ടല്ലോ, അതാണ് ഏറ്റവും വലുത്.

By അർഷാദ് വി. എം.