സംലേട്ടി ഭീകരാക്രമണത്തിന്റെ ‘ഇരകള്‍’

1996 മെയ് 22ന് രാജസ്ഥാനിലെ ദുആസയില്‍ സ്ഥിതിചെയ്യുന്ന സംലേട്ടി എന്ന ഗ്രാമത്തില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നു. സ്ഥലത്തെ ആഗ്ര -ജയ്പൂര്‍ ഹൈവേയില്‍ ആഗ്രയില്‍ നിന്നും ബിക്കന്നറിലേക്ക് പോവുകയായിരുന്ന ഒരു ബസ്സിലായിരുന്നു സംഭവം നടന്നത്.ഡല്‍ഹിയിലെ ലജ്പത് നഗറില്‍ നടന്ന സ്‌ഫോടനം കഴിഞ്ഞ് 24 മണിക്കൂറുകള്‍ക്കുള്ളിലാണ്‌ രാജസ്ഥാനില്‍ ഇങ്ങനെയൊരു സ്‌ഫോടനം ഉണ്ടാകുന്നത്. അന്ന് ആ സ്‌ഫോടനത്തില്‍ 14 സിവിലിയന്മാര്‍ മരണപ്പെടുകയും 37 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു .

ഈ കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുള്ളത് ആ ബസ്സിലെ കണ്ടക്ടറുടെ പരാതിയിന്‍മേലാണ് . റിപ്പോര്‍ട്ടുകള്‍ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (JKLF) ഏറ്റെടുത്തിട്ടുണ്ടെന്ന്സ്ഥി രീകരിക്കുകയും ചെയ്തു.

നിലവില്‍ കേസിലെ പ്രതികളാണെന്നാരോപിക്കപ്പെട്ട എല്ലാവരെയും അന്വേഷണ ഏജന്‍സികള്‍ 1996 നും 97 ജനുവരിക്കും ഇടക്ക് തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെയും അഹമ്മദാബാദിലെയുമൊക്കെ ജയിലുകളിലേക്ക് മാറ്റി കൊണ്ടേയിരുന്ന അവരെ പക്ഷേ ഒരിക്കല്‍പോലും പരോളിലോ ജാമ്യത്തിലോ വിട്ടിരുന്നില്ല. ഈ കേസില്‍ കുറ്റാരോപിതന്‍ ആയിരുന്ന റാഹേസ് അഹമ്മദ് എന്നയാള്‍ വിചാരണക്കിടെ മരണപ്പെടുകയും ചെയ്തു.

2014ല്‍ ഈ കേസുമായി ബന്ധപ്പെട്ട്‌ ദുആസ ഡിസ്ട്രിക്ട് കോടതിയില്‍ ഒരു വിധി വന്നിരുന്നു. അന്ന് കോടതിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ഊര്‍മ്മിള വര്‍മ്മ, കേസിലെ മുഖ്യപ്രതിയായി കണക്കാക്കപ്പെട്ട ഡോക്ടര്‍ അബ്ദുല്‍ ഹമീദിനെ വധശിക്ഷയ്ക്കു വിധിക്കുകയും ബാക്കിവരുന്ന ആറ് പേരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും നല്‍കി വിധി പുറപ്പെടുവിക്കുകയും ചെയ്തു. മാത്രമല്ല, കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഫാറൂക്ക് അഹമ്മദിനെ കോടതി നിരപരാധിയായി കണ്ട് വിട്ടയച്ചു. ഫാറൂഖിനെ കുറ്റവിമുക്തനാക്കിയതിനെതിരെ രാജസ്ഥാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി അത് തള്ളുകയാണ് ചെയ്തത്. ഈ കേസില്‍ മുഖ്യപ്രതിയായി കണക്കാക്കിയിട്ടുള്ള അബ്ദുല്‍ഹമീദ് 1996 ല്‍ തന്നെ ജയ്പൂരിലെ എസ്.എം.എസ് സ്റ്റേഡിയത്തില്‍ ബോംബ് വെച്ചു എന്ന കേസിലും കുറ്റവാളിയായി കണക്കാക്കപ്പെടുന്നുണ്ട്. ഇവര്‍ക്കൊക്കെ പുറമേ ഒരു പപ്പു എന്നറിയപ്പെടുന്ന സാലിം എന്നയാളെയും ആക്രമണത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കള്‍ നല്‍കി എന്നതിന്റെ അടിസ്ഥാനത്തില്‍ ജീവപര്യന്തം തടവിന് വിധിച്ചു. ഇക്കഴിഞ്ഞ വിധിനിര്‍ണ്ണയത്തില്‍ ഇയാളുടെ ശിക്ഷയും കോടതി ശരിവെച്ചിട്ടുണ്ട്.

ആകെ 10 പേര്‍ പ്രതിചേര്‍ക്കപ്പെട്ട ഈ കേസില്‍ ആദ്യമായി ഒരു വിധി വരുന്നത് 2014 ല്‍ മാത്രമാണ്. അതായത് സംഭവം നടന്ന്, കുറ്റവാളികളെ പിടിച്ച് കഴിഞ്ഞിട്ടും 18 വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം. അത്രയും കാലം ഇവര്‍ വിചാരണ തടവുകാരായി തുടരുകയായിരുന്നു. അതിനിടയിലാണ് ഇവരില്‍ ഒരാള്‍ മരിക്കുന്നത് പോലും.

302 (കൊലപാതകം), 307 (കൊലപാതക ശ്രമം), 120 B (ക്രിമിനല്‍ ഗൂഢാലോചന), സ്‌ഫോടക വസ്തു നിയമം, പൊതുസ്വത്തിന് നാശനഷ്ടം തടയല്‍ (PDPP) എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവരെ ശിക്ഷിച്ചതെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയ് തീവാരി 2014 ല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, അക്കാലത്തെ പത്രവാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികള്‍ക്കെതിരെ മൂന്ന് വ്യത്യസ്ത കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്തിരുന്നു എന്ന് മനസ്സിലാക്കാം. മാത്രമല്ല, ഇവരുടെ കേസുകള്‍ പരിശോധിച്ചാല്‍ ഇവരൊക്കെയും ലാജ്പത് നഗര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പിടിക്കപ്പെടുകയും തുടര്‍ന്ന് സംലേട്ടി ഭീകരാക്രമണ കേസില്‍ കൂടി ഉള്‍പ്പെടുത്തപ്പെടുകയുമാണുണ്ടായിട്ടുള്ളതെന്ന് നമുക്ക് മനസ്സിലാക്കാം.

കഴിഞ്ഞ മാസം 22ന് ഈ കേസില്‍ ഒരു നിര്‍ണായക വിധി കൂടി വന്നു. 2014 ല്‍ കുറ്റവാളികളാണെന്ന് സ്ഥിരീകരിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്ന, 23 വര്‍ഷങ്ങളായി സ്റ്റേറ്റിന് ഭീകരവാദികള്‍ ആയിരുന്നവര്‍ ഇനിയങ്ങനെ ആയിരിക്കില്ല എന്ന് വ്യക്തമാക്കുന്ന രീതിയില്‍ 6 പേരെയും കുറ്റവിമുക്തരാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി ആയിരുന്നു അത്. ജസ്റ്റിസ് സബീന, ഗോവര്‍ദ്ധന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ പ്രധാന പ്രതിയായ ഡോക്ടര്‍ അബ്ദുല്‍ ഹമീദുമായി കുറ്റം ആരോപിക്കപ്പെട്ടവര്‍ക്കുള്ള ബന്ധം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആറുപേരെയും കുറ്റവിമുക്തരാക്കിയത്. കേസിലെ മറ്റു പ്രതികളായ അബ്ദുല്‍ ഹമീദിന്റെയും സലീമിന്റെയും ശിക്ഷാവിധിയെ ബെഞ്ച് ശരിവെക്കുകയും ചെയ്തു.

കേസില്‍ നിലവില്‍ വിട്ടയക്കപ്പെട്ട അഞ്ചു പേരില്‍ നാലുപേരും കാശ്മീരികള്‍ ആണ്. എല്ലാവരും ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ജയിലുകളില്‍ അടക്കപ്പെട്ടവര്‍. കുറ്റവിമുക്തനായിട്ടുള്ള ആറാമനായ ജാവേദ് ഗാനും കാശ്മീരിയാണ്. അദ്ദേഹം പക്ഷേ, ലജ്പത് നഗര്‍ സ്‌ഫോടനക്കേസിലെ പ്രതിയായി തുടരുന്നതിനാല്‍ തീഹാര്‍ ജയിലില്‍ നിന്നും മോചിതനായിട്ടില്ല.

അവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് 39 കാരനായ മെര്‍സ നിസ്സാറിനാണ്. ഒമ്പതാം ക്ലാസുകാരന്‍ ആയിരിക്കെ പതിനാറാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. കൂടെ പത്തൊമ്പതുകാരനായ വജയും അറസ്റ്റ് ചെയ്യപ്പെട്ടു.
അലി ബട്ട് തന്റെ ഇരുപത്തഞ്ചാം വയസ്സിലാണ് ജയിലിലേക്ക് അയക്കപ്പെടുന്നത്. പരവതാനി വില്പനക്കാരനായ അദ്ദേഹത്തെ 1996 മെയ് മാസത്തില്‍ ഒരു വൈകുന്നേരത്ത് കുറച്ചാളുകള്‍ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. പിന്നീടാണ് അത് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ആണെന്ന് മനസ്സിലായത്. ബാക്കി രണ്ടുപേരും അതായത്, കാശ്മീരി തന്നെയായ അബ്ദുല്‍ ഖാനിയും ആഗ്രക്കാരനായ റഈസ് ബാഗും തങ്ങളുടെ 33-34 വയസുകളിലാണ് തടങ്കലിലാക്കപ്പെട്ടിട്ടുള്ളത്.1996 ലെ സംഭവം നടന്ന് വളരെ വേഗം തന്നെ ഇവര്‍ അറസ്റ്റുചെയ്യപ്പെട്ടു. കുറ്റപത്രം പറയുന്നത് ഇവരൊക്കെയും ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ ഭാഗമാണ് എന്നാണ്. പക്ഷേ, മുഖ്യപ്രതിയായി കണക്കാക്കപ്പെട്ടിട്ടുള്ള അബ്ദുല്‍ഹമീദുമായി ഇവര്‍ക്ക് ബന്ധം ‘ഉണ്ടാക്കി തീര്‍ക്കുന്നതില്‍ ‘ അധികാരികള്‍ പരാജയപ്പെടുകയായിരുന്നു( പോലീസ് തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ ,അല്ലെങ്കില്‍ തെളിയിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു എന്ന് ഇത്തരം കേസുകളില്‍ പറയുന്നത് തെറ്റായ പ്രയോഗമാണ്).

ശ്രീനഗറിലെ റയിന്‍ വാരി പ്രവിശ്യയില്‍ നിന്നുള്ളവരാണ് നിലവില്‍, രണ്ടു പതിറ്റാണ്ടിലേറെക്കാലം ജയിലില്‍ കഴിച്ചുകൂട്ടിയതിനുശേഷം വിട്ടയക്കപ്പെട്ടിട്ടുള്ള മുഹമ്മദലി ബട്ട്, ലത്തീഫ് അഹമ്മദ് ,മിര്‍സ നിസാര്‍ എന്നിവര്‍. നേപ്പാളില്‍ നിന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിനാല്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ വളരെ ചെറുപ്രായക്കാര്‍ ആയിരുന്നു വജയും മിര്‍സ നിസാറും. പക്ഷേ രണ്ടുപേരുടെയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശിലാണ് . 1996 ലെ കലാപപൂരിതമായിരുന്ന കാശ്മീര് വിട്ട് കച്ചവട ആവശ്യാര്‍ത്ഥം പുറത്തുപോയവരായിരുന്നു ഈ രണ്ടു പേരും. പക്ഷേ തങ്ങളുടെ യുവത്വമത്രയും ഈ മനുഷ്യര്‍ ചിലവഴിച്ചത് ജയിലുകളില്‍ ആയിരുന്നുവെന്ന് മാത്രം!

വര്‍ഷങ്ങള്‍ക്കുശേഷം ഇവര്‍ വീടുകളിലേക്കെത്തിയ ദൃശ്യങ്ങളും വാര്‍ത്തകളും ഏറെ വികാരഭരിതമായാണ് എല്ലാവരും നോക്കി കണ്ടത്. കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നിസാറിന് സ്വന്തം വീട്ടില്‍, തന്നെ സന്ദര്‍ശിക്കാനെത്തിയ തന്റെ കുടുംബാംഗങ്ങളെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. മറ്റുള്ളവരുടെ കാര്യവും വ്യത്യസ്തമല്ല. ജയില്‍ മോചിതനായതിനു ശേഷം 48 കാരനായ അലി ബട്ടിന് നേരെ പോകേണ്ടി വന്നത് തന്റെ മാതാപിതാക്കളുടെ ഖബറിടങ്ങളിലേക്കാണ്. പിതാവിന്റെയും മാതാവിന്റെയും കല്ലറകളില്‍ മുഖമമര്‍ത്തിക്കിടന്ന് പൊട്ടിക്കരയുന്ന അലിയെ ആശ്വസിപ്പിക്കാന്‍ പോലും അവിടെയുള്ളവര്‍ക്ക് കഴിയുമായിരുന്നില്ല. ഒരു രാജ്യത്തെ ഭരണകൂടം അതിന്റെ പൗരന്മാരെ ഇങ്ങനെ ‘നിസ്സഹായരാക്കി’ നോക്കി നില്‍ക്കുകയാണ് എന്ന വസ്തുത വളരെ ബോധപൂര്‍വം തന്നെ മുഖവിലക്കെടുക്കേണ്ടതുണ്ട്. ഒരു മനുഷ്യായുസ്സില്‍ ഏറ്റവും പ്രധാനപ്പെട്ട സമയമത്രയും ചില മനുഷ്യരെ സംശയത്തിന്റെ പേരില്‍ ഒരു സ്റ്റേറ്റ് ജയിലിലടക്കുമ്പോള്‍ അത്രയും വലിയ നീതി നിഷേധം കൊണ്ട് ആ പൗരന്മാര്‍ക്ക് നഷ്ടമാകുന്നത് തങ്ങളുടെ ജീവിതങ്ങള്‍ തന്നെയാണ് എന്നത് വീണ്ടും വീണ്ടും ഈ രാജ്യത്ത് ഓര്‍മ്മിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കുകയാണ്.

വിട്ടയക്കപ്പെട്ട കാശ്മീരില്‍ നിന്നുള്ള നാല് പേര്‍ക്കും ജയില്‍ജീവിതം വളരെയധികം ദുരന്തപൂര്‍ണമായ ഒന്നായിരുന്നു .
താഴ്വരയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ ഏറ്റുമുട്ടലുകളോ നടന്നാല്‍ സഹതടവുകാരാല്‍ തങ്ങള്‍ ആക്രമിക്കപ്പെടുമായിരുന്നുവെന്ന് അവര്‍ പറയുന്നുണ്ട്.

പൊലീസുകാര്‍ നോക്കിനില്‍ക്കെ ഇക്കഴിഞ്ഞ പുല്‍വാമ ആക്രമണത്തോടനുബന്ധിച്ച് സഹതടവുകാര്‍ തങ്ങളെ മര്‍ദിച്ചിരുന്നുവെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു. കഴിഞ്ഞ അഞ്ച് – ആറ് വര്‍ഷങ്ങളായി ജയിലിലും ഒരുതരം ‘ഹേറ്റ്ഫുള്‍ അറ്റ്മോസ്ഫിയര്‍’ രൂക്ഷമായിട്ടുണ്ട് എന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആ സംഭവത്തിന് ആറ് ദിവസങ്ങള്‍ക്ക് ശേഷം ശക്കൂറുല്ലാഹ് എന്ന പാകിസ്ഥാന്‍ തടവുകാരന്‍ അടിച്ചു കൊല്ലപ്പെട്ടിരുന്നു എന്ന് ഇവര്‍ അനുസ്മരിക്കുന്നു. ആ സംഭവത്തിനുശേഷം കാശ്മീരികളും മറ്റു മുസ്‌ലിം തടവുകാരും ഒരാഴ്ചയോളം പുറത്തിറങ്ങാന്‍ പോലുമാവാതെ ഒരു സെല്ലിനുള്ളില്‍ അടക്കപ്പെട്ടിരുന്നുവെന്നും സഹതടവുകാര്‍ക്ക് പുറമേ പോലീസുകാരാലും തങ്ങള്‍ നിരന്തരമായി മര്‍ദ്ദിക്കപ്പെടുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.

“ഈ രാജ്യത്ത് എവിടെയെങ്കിലും ഒരു സ്‌ഫോടനം നടന്നാല്‍ ഞങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയും ക്രൂരമായി തന്നെ മര്‍ദിക്കപ്പെടുകയും ചെയ്തിരുന്നു. കാരണം, ഞങ്ങള്‍ ഒരേ സമയം കാശ്മീരികളും മുസ്‌ലിംകളും കൂടിയായിരുന്നു” എന്ന നിസാറിന്റെ കൂട്ടിച്ചേര്‍ക്കല്‍ എത്രത്തോളം ശക്തമായാണ് കാശ്മീരികള്‍ തുടര്‍ച്ചയായി ഡബിള്‍ ഒപ്രഷനുകള്‍ക്ക് വിധേയമാകുന്നത് എന്നത് വ്യക്തമാക്കുന്നു.

പ്രതിനിധാനങ്ങള്‍ എത്ര രൂക്ഷമായാണ് പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത് എന്ന് മാത്രമല്ല, എത്ര സാധാരണമായാണ്‌ ദേശീയത- ദേശസുരക്ഷ എന്നീ ആശയങ്ങള്‍ ആയുധമാക്കി ക്രമസമാധാനത്തിന്റെ സ്റ്റേറ്റ് സംവിധാനങ്ങളെപ്പോലും നോക്കി നിര്‍ത്തിക്കൊണ്ട് ക്രൂരത നടമാടുന്നത് എന്നു കൂടി ഈ സംഭവങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്.

കാശ്മീരികളായ മുസ്‌ലിംകളെ ഫ്രെയിം ചെയ്യുകയെന്നത് വളരെ ശക്തമായി നിലനില്‍ക്കുന്ന ഒരു വസ്തുതയാണ്. മുമ്പും ഒരുപാട് പേര്‍ കാശ്മീരില്‍ ഭീകര നിയമങ്ങള്‍ ചാര്‍ത്തപ്പെട്ട് ജയിലിലടക്കപ്പെടുകയും വര്‍ഷങ്ങള്‍ക്കുശേഷം വിട്ടയക്കപ്പെടുകയും ചെയ്തിട്ടുണ്ട്. “കാശ്മീര്‍ അതാണ് , അവിടെ അങ്ങനെയൊക്കെ തന്നെയാണ്” എന്ന – കശ്മീരിനോടുള്ള അനീതികളെ വളരെ ‘നോർമലൈസിഡായി’ മാത്രം അംഗീകരിക്കുന്ന, ഒരു തരം പൊതുബോധം ഈ രാജ്യത്ത്‌ നിലനില്‍ക്കുന്നുണ്ട് എന്നതാണ് അവയൊന്നും കാര്യമായി പ്രശ്‌നവല്‍ക്കരിക്കപ്പെടാതെ പോവാന്‍ കാരണം.കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കശ്മീരിന്റെ അവസ്ഥ വളരെയധികം മോശമായാണ് നിലനിൽക്കുന്നത് എന്ന് വ്യക്തമാക്കി കൊണ്ട് UN സമർപ്പിച്ച റിപ്പോട്ട് ഇന്ത്യൻ ഗവൺമെന്റ് ശക്തമായി എതിർക്കുകയാണ് ചെയ്തത്.

യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള അന്യായമായ അറസ്റ്റുകളും ഭീകരവാദ കുറ്റാരോപണങ്ങളുമൊക്കെ മീഡിയയും ജനപ്രതിനിധികളും പൊതുജനങ്ങളും വളരെ ശക്തമായി ചോദ്യം ചെയ്യേണ്ടവയാണ്. “പൊലീസ് ഇവര്‍ക്കെതിരെ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു” പോലുള്ള പ്രയോഗങ്ങള്‍ മാധ്യമങ്ങളും ഉത്തരവാദിത്വപ്പെട്ടവരും പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ട്. അതൊക്കെയും മര്‍ദ്ദക വിഭാഗത്തെ പിന്താങ്ങുന്ന, സമാശ്വസിപ്പിക്കുക രീതിയിലാണ് നിലനില്‍ക്കുന്നത്. കാരണം, നിലനില്‍ക്കാത്ത ഒന്നിനെയല്ല തെളിവെന്ന് വിളിക്കേണ്ടത്. നിലനില്‍ക്കുന്ന സ്റ്റേറ്റ് വ്യവസ്ഥിതികളാല്‍ കുറ്റക്കാരാക്കപ്പെടുകയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സമ്പുഷ്ടമായ കാലഘട്ടം ജയിലുകളിലാകപ്പെടുകയും ചെയ്യപ്പെട്ട പൗരന്മാര്‍ക്ക് ഉത്തരവാദികള്‍ ഉത്തരം നല്‍കുക തന്നെ വേണം. പ്രത്യേകിച്ച്, മോചിപ്പിക്കപ്പെട്ടാലും ഭീകരവാദ കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് നേരെ ഇന്ത്യപോലൊരു രാജ്യത്ത് നിലനില്‍ക്കുന്ന സോഷ്യല്‍ സ്റ്റിഗ്മക്ക് കൂടി ഇരകളാകേണ്ടിവരുന്ന ഈ പൗരന്മാര്‍ക്ക് നിര്‍ബന്ധമായും ഭരണകൂടം നഷ്ടപരിഹാരം നല്‍കണം. അതിനെന്തെങ്കിലും ഭേദഗതി ആവശ്യമായിട്ടാണെങ്കില്‍ അങ്ങനെ തന്നെ. കാരണം, യുഎന്നിന്റെ അന്താരാഷ്ട്ര നിയമങ്ങളില്‍ ഇന്ത്യ ക്ലോസ് വെച്ചിട്ടുള്ള രണ്ടെണ്ണങ്ങളില്‍ ഒന്ന് ഐ.സി.സി.പി.ആര്‍ ന്റെ സെക്ഷന്‍ 14 ന്മേലാണ്. അതായത്, റോങ്ഫുള്‍ പ്രോസിക്യൂഷന് നഷ്ടപരിഹാരം നല്‍കണം എന്ന് പറയുന്ന സെഷനില്‍.

നിലവിലെ 4 ഭേദഗതിക്കള്‍ക്കു പുറമേ അഞ്ചാമതൊരു ഭേദഗതി കൂടി വരുത്തി യു.എ.പി.എയെ അതിന്റെ എല്ലാ ക്രൂരതകളോടു കൂടിയും മൂര്‍ച്ചകൂട്ടി വെച്ചിരിക്കുന്ന വേളയില്‍, എന്‍.ഐ.എയെ കൂടി അതിനു പാകപ്പെടുത്തിയതോടെ, ഒരു സ്റ്റേറ്റ് അതിന്റെ പൗരന്മാര്‍ക്ക് മേല്‍ പിടിമുറുക്കുകയാണ്. ശക്തമായ വിഭാഗീയതകളോടുകൂടി തന്നെ. അതും സ്റ്റേറ്റ് സര്‍വൈലന്‍സ് ടൂളുകളുടെ മുദ്രാവാക്യമായ ‘രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വേണ്ടി ” എന്നതിനോടൊപ്പം ഇനി ‘ന്യൂനപക്ഷവിഭാഗങ്ങളോടും അതിന്റെ പൗരന്‍മാരോടും എല്ലാവിധ വിഭാഗീയതകളോടും കൂടി’ എന്ന് കൂട്ടിച്ചേര്‍ത്താല്‍, അത് കള്ളമാകില്ല.

പതിറ്റാണ്ടുകളോളം സ്റ്റേറ്റിനു ചിലര്‍ ഭീകരര്‍ ആവുകയും പെട്ടെന്നൊരുദിവസം അങ്ങനെയല്ലാതാവുകയും ചെയ്യുന്ന ‘ടെറര്‍ പ്രോസിക്യൂഷന്‍ ആക്റ്റുകള്‍ ‘ കൂട്ടുപിടിച്ചുള്ള ഭരണകൂടഭീകരത ഇനിയും ശക്തി പ്രാപിക്കാനാണ് പോകുന്നത്. ഇതിങ്ങനെ തുടരുന്ന വേളയില്‍ ഓരോ ഭീകരാക്രമണങ്ങള്‍ക്കും രണ്ടുതരം ഇരകള്‍ തന്നെയാണ് ഉണ്ടാവുക; ആയുധങ്ങളാല് ആക്രമിക്കപ്പെടുന്നവരും, നിയമങ്ങളാല്‍ ആക്രമിക്കപ്പെടുന്നവരും. അംഗീകൃത ഇരകള്‍ക്ക് നഷ്ടപരിഹാരം കിട്ടാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന അതേ പ്രതിഷേധവും രോഷവും ഭരണകൂടത്തിന്റെ ഈ നിയമ വേട്ടയുടെ ഇരകള്‍ക്കുവേണ്ടിയും ഉണ്ടാവേണ്ടതുണ്ട്.

ആയതിനാല്‍ ഇവരും ഇരകള്‍ തന്നെയാണ് 1996 ല്‍ നടന്ന ആ സ്‌ഫോടനത്തിന്റെ മാത്രമല്ല, അവിടുന്നിങ്ങോട്ടുള്ള 23 വര്‍ഷങ്ങളുടെ പീഡനങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കും പാത്രമായ, ഏറ്റവും അവസാനമായി പുറത്തുവന്ന, ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ ഇരകള്‍.

By ആയിഷ നൗറിന്‍

MA Media Governance Student, Jamia Millia, Newdelhi