കശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അതിക്രമം നാല് ആഴ്ച്ചകളായി തുടരുന്ന സ്ന്ദര്‍ഭത്തില്‍ വേദനാജനകമായ വര്‍ത്തമാനങ്ങളാണ് താഴ്വരയില്‍ നിന്ന് ദിനേന ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ആശുപത്രികള്‍ അക്ഷരാര്‍ത്ഥത്തില്‍ സെമിത്തേരികളായി മാറുന്നുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. മരുന്നുകളുടെ ക്ഷാമവും ചികിത്സാ വിലക്കും പരിക്കേറ്റവരുടെയും രോഗികളുടെയും ജീവന്‍ വെല്ലുവിളിയിലാക്കിയിരിക്കുന്നു.


കാശ്മീരിനെ ചൊല്ലിയുള്ള ഭൂമിതര്‍ക്കങ്ങള്‍ കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി ഇന്ത്യ- പാക്ക് ആണവ ശക്തികള്‍ക്കിടയിലെ സംഘര്‍ഷങ്ങളുടെ കാതലായ വിഷയമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചില ഇടവേളകളില്‍ സൈനിക ഏറ്റുമുട്ടലുകളില്‍ വരെ കലാശിച്ച് ഏഷ്യന്‍ ഭൂഖണ്ഡത്തെ തന്നെ പിടിച്ച് കുലുക്കുവോളം അത്‌ ശക്തി പ്രാപിച്ച് കഴിഞ്ഞിരിക്കുന്നു.

സ്വയം നിര്‍ണ്ണയത്തിലൂടെയും സ്വയം ഭരണത്തിലൂടെയും ഭരണ നിര്‍വ്വഹണത്തിന് വേണ്ടി കൊളോണിയല്‍ അധിനിവേശത്തിന് എതിരില്‍ പോരാടുന്ന തദ്ദേശീയ നിവാസികളാണ് കാശ്മീരികള്‍. ഇന്ത്യ, പാക് ,ചൈന എന്നീ കൊളോണിയല്‍ അതിര്‍ത്തികള്‍ ആ ജനതക്ക്‌ കുടുംബ ബന്ധങ്ങളെ വേര്‍പെട്ട് ജീവിക്കേണ്ട ദുരവസ്ഥ സമ്മാനിച്ചിരിക്കുന്നു. കഴിഞ്ഞ മുപ്പതോളം വര്‍ഷം ഇന്ത്യന്‍ അധീന കാശ്മീരില്‍ അര മില്ല്യണിലധികം സേനകളെ വിന്യസിച്ചതോടെ ഏറ്റവും സൈന്യവത്കൃത ദേശം എന്ന ഖ്യാതി കാശ്മീര്‍ നേടിയെടുത്തു. Armed Force Special Powers Act, Public Safety Act, ഇന്ത്യന്‍ സൈന്യങ്ങള്‍ക്ക് പരിപൂര്‍ണ്ണ ശിക്ഷയിളവ് അനുവദിച്ച് നല്‍കുന്ന സൈനിക നിയമങ്ങള്‍ തുടങ്ങിയ കൊളോണിയല്‍ യുവ നടപടികളിലൂടെയാണ് കാശ്മീരിനെ അധീനപ്പെടുത്തികൊണ്ടിരിക്കുന്നത്.

2018 യു എന്‍ റിപ്പോര്‍ട്ട് പ്രകാരം മൊത്തം മനുഷ്യാവകാശ ലംഘനങ്ങള്‍ സൈന്യങ്ങളുടെ ദൃഷ്ടിക്ക് മുമ്പിലാണ് സംഭവിച്ചിരിക്കുന്നത്. അവയില്‍ സൈനികര്‍ നടത്തിയ കൂട്ടബലാത്സങ്ങളും 8000-10000 വരെയുള്ള ജനങ്ങളുടെ തിരോധാനവും ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തോളം കാശ്മീരികള്‍ കൊല്ലപ്പെട്ടു. അംഗങ്ങള്‍ ഛേദിക്കപ്പെടുകയും കസ്റ്റഡി ശിക്ഷാ മുറകള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തവര്‍ മറ്റനേകം. ലക്ഷകണക്കിന് മുസ്‌ലിം- സിഖ്‌- പണ്ഡിറ്റുകള്‍ കാശ്മീര്‍ ഉപേക്ഷിച്ച് അന്തര്‍ദേശീയ തലത്തില്‍ മാറ്റിപാര്‍പ്പിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യുകയുമായിരുന്നു യുദ്ധത്തിന്‍റെ അനന്തരഫലം.

ഇന്ത്യയുടെ ഏറ്റവും പുതിയ അധിനിവേശം

ഓഗസ്റ്റ് നാലിനാണ് എല്ലാ വിനോദ സഞ്ചാരികളോടും വിദേശി വിദ്യാര്‍ത്ഥികളോടും തല്‍ക്ഷണം കാശ്മീര്‍ വിട്ട് പോവാന്‍ ഇന്ത്യ കല്‍പിക്കുന്നത്. വാര്‍ഷിക തീര്‍ത്ഥാടനം ചെയ്യുന്ന യാത്രക്കാരെയും വിനോദ സഞ്ചാരികളെയും സംരക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ ഒരേസമയം അവര്‍ നടപ്പിലാക്കുകയും ചെയ്തു. രണ്ട് ദിവസത്തിനിടയില്‍ 10000 സൈനികര്‍ വീണ്ടും കാശ്മീരിലേക്ക് വിന്യസിക്കപ്പെട്ടു. അപ്പോഴേക്കും ഇരുപത്തി എട്ടായിരത്തോളം അഡീഷണല്‍ സേന ട്രക്കിലും ടാങ്കിലുമായി കാശ്മീരിനെ അതിക്രമിച്ചിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ ഭരണഘടനയുടെ സെക്ഷന്‍ 35A യും ആര്‍ട്ടിക്ക്ള്‍ 370 ഉം നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പ്രസിഡന്‍റ് ഒപ്പ് വെച്ചതായി പാര്‍ലമെന്‍റിനെ അറിയിച്ചു. കാശ്മീരികളെ ഇന്ത്യന്‍ ജനതയിലേക്ക് ചേര്‍ക്കാനും കാശ്മീര്‍ മണ്ണില്‍ അവര്‍ ആസ്വദിച്ചിരുന്ന അതുല്ല്യ തദ്ദേശ പദവി നിര്‍ത്തലാക്കാനുമുള്ള ഉദ്ദ്യമമായിട്ടാണ് കാശ്മീരിന്‍റെ പ്രത്യേക പദവി ഇന്ത്യന്‍ ഭരണകൂടം നിര്‍ത്തലാക്കിയത്. ഇന്ത്യന്‍ യൂണിയനില്‍ സെമി ഓട്ടോണമസ് ജനതയായി തുടരാനുള്ള കാശ്മീരികളുടെ അവകാശവും ഇതോടെ തകര്‍ക്കപ്പെട്ടു . ജമ്മു കാശ്മീര്‍ ഇന്ത്യന്‍ ഫെഡറല്‍ കേന്ദ്ര ഭരണ പ്രദേശമായി വിഭജിക്കപ്പെടുകയും ചെയ്തു.

ഇത്തരം നാടകീയത നിറഞ്ഞ ഏക പക്ഷീയമായ നീക്കങ്ങളിലൂടെ ഇന്ത്യന്‍ ഭരണകൂടം ഇല്ലായ്മ ചെയ്തത് ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയിലുള്ള അവകാശങ്ങളേയും തദ്ദേശീയ അവകാശങ്ങളേയുമാണ്.

2007 -ലാണ് ഇന്ത്യ, ചൈന, പാകിസ്ഥാന്‍ UNDRIP യില്‍ ഒപ്പ് വെക്കുന്നത്. ഇത് പ്രകാരം കാശ്മീരികളെ പരമാവധി തദ്ദേശ വാസികളായി അംഗീകരിക്കുന്ന FPIC തത്വമുപയോഗിച്ച് കാശ്മീരികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അവരുമായി കൂടിയാലോചിക്കണമെന്ന വ്യവസ്ഥയുണ്ട്.

വീട്ടു തടങ്കലില്‍ ദശലക്ഷങ്ങള്‍

ആഗസ്റ്റ് നാല് മുതല്‍ കാശ്മീരുമായുള്ള എല്ലാ തരത്തിലുള്ള ആശയവിനിമയവും അവിടേക്കുള്ള പ്രവേശനവും ഇന്ത്യ നിര്‍ത്തലാക്കിയിരുന്നു. ഇന്‍റര്‍നെറ്റും ,മൊബൈലും, ലാന്‍റ് ലൈനുകളും വിഛേദിക്കപ്പെട്ടു. സൈനിക ശക്തി ഉപയോഗിച്ച് കാശ്മീരിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ 14.7 മില്ല്യണ്‍ ജനങ്ങള്‍ ഭക്ഷണം, വൈദ്യസഹായം പോലും കിട്ടാതെ അലയുകയാണ്. അത്യപൂര്‍വ്വമായി കാണപ്പെടുന്ന മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയാല്‍ പുറം ലോകവുമായോ പരസ്പരമോ സംവദിക്കാന്‍ പോലും സാധ്യമാവുന്നില്ല. ജമ്മു കാശ്മീര്‍ പ്രദേശം മുഴുവനും വീട്ടുതടങ്കലില്‍ അകപ്പെട്ടുപോയി. 1949 മുതല്‍ ആര്‍ട്ടിക്ക്ള്‍ 370 ജമ്മു കാശ്മീരിന് അര്‍ദ്ധ – സ്വയ ഭരണാവകാശത്തിനുള്ള ഭരണഘടനാപരമായ പദവി നല്‍കി വരുന്നുണ്ട്. ഇതിലെ വകുപ്പുകള്‍ പ്രകാരം ജമ്മു കാശ്മീരിന് പ്രത്യേക നിയമസഭയും ഭരണഘടനയും കൊടിയും വാര്‍ത്താ വിനിമയം, വിദേശകാര്യം , പ്രതിരോധം, എന്നിവ ഒഴിച്ചുള്ള എല്ലാത്തിലുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കാശ്മീരികളുടെ തദ്ദേശീയരെന്ന സാമൂഹിക – സാംസ്കാരിക- സാമ്പത്തിക-രാഷ്ട്രീയ – ഭാഷാ അസ്തിത്വത്തെ ധ്വംസിക്കാനും അവരുടെ അവകാശങ്ങള്‍ ലംഘിക്കാനും അവരെ ഇല്ലാതാക്കാനുമുള്ള പുതിയ ഉദ്ദ്യമമാണ് പ്രത്യേക പദവി എടുത്തു കളയല്‍. പ്രത്യേക പദവി എടുത്തു കളയുന്നതിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്ത് കൊണ്ട് അനേകം നിയമഭരണഘടനാ വിദഗ്ദര്‍ മുന്നോട്ട് വന്നിട്ടുണ്ട്. കൂടാതെ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ സൂപ്രീം കോടതി നടത്തിയ വിധികള്‍ക്ക് ഇത് കടകവിരുദ്ധവുമാണ് . ആര്‍ട്ടിക്കില്‍ 370 , സെക്ഷന്‍ 35A എന്നിവയിലെ ഈ ഭേദഗതിപ്രകാരം കാശ്മീരില്‍ കാശ്മീരികളല്ലാത്തവര്‍ക്കും സ്ഥിര താമസം ഇന്ത്യ അനുവദിച്ച് കൊടുക്കുന്നുണ്ട്. അംഗത്വവും താമസവും കാശ്മീരി ഭരണഘടന ആദ്യമേ നിര്‍ണ്ണയിച്ചതാണ്. കൂടാതെ കാശ്മീരില്‍ ഭൂമി വാങ്ങി സ്ഥിരതാമസം നടത്താനും കാശ്മീരികളല്ലാത്തവര്‍ക്ക് ഇനി മുതല്‍ അനുവാദമുണ്ട്.

ഗുജ്ജാര്‍ – ബഗര്‍വാള്‍ പോലുള്ള ഗോത്രജനങ്ങള്‍ ഭേദഗതികള്‍ കാരണമായി വലിയ ദുരിതത്തിലായിരിക്കും പോവുക. മേച്ചില്‍ പറമ്പിലൂടെ മൃഗങ്ങളേയും ഭൂമിയേയും സംരക്ഷിച്ച് പോന്ന കാശ്മീരികള്‍ക്ക് അവര്‍ ചരിത്രപരമായി വസിച്ച് പോന്നിരുന്ന സ്ഥലത്ത് തുടര്‍ന്ന് താമസിക്കാന്‍ ഭൂനിയമങ്ങള്‍ അനുവദിക്കുന്നില്ല. കാശ്മീരിലെ ജനതയെ പുനര്‍ ക്രമീകരിക്കുന്നതിലായിരിക്കും ഈ നിയമങ്ങള്‍ പര്യവസാനിക്കുക. ഇന്ത്യന്‍ മിലിറ്ററി – പാരാ മിലിറ്ററി കുടുംബങ്ങളെയെല്ലാം കാശ്മീരിലാണ് പാര്‍പ്പിക്കുന്നത് എന്ന സന്ദേഹം കാശ്മീരികള്‍ ദീര്‍ഘകാലമായി നിലനിര്‍ത്തിപോരുന്നതാണ്. വ്യക്തിപരമായി പറഞ്ഞാല്‍ കാശ്മീരില്‍ അര്‍ദ്ധ – സ്ഥിര സൈനിക കോളനികള്‍ ഞാന്‍ തന്നെ കണ്ടിട്ടുണ്ട്.

പ്രാദേശിക ചട്ടക്കൂടിന്‍റെ ഉപയോഗം

പ്രാദേശിക ജനങ്ങളും അധിനിവേശ രാജ്യങ്ങളും തമ്മിലുള്ള കൊളോണിയല്‍ ബന്ധങ്ങള്‍ ഭൂമികയ്യേറ്റം ലാഭകരവും പ്രാദേശിക ജീവിതങ്ങളെ അവഗണിച്ച് തള്ളേണ്ടവയുമാക്കുമ്പോള്‍, കാശ്മീരികളെ പോലുള്ള ഏഷ്യയിലെ തദ്ദേശീയ ജനങ്ങള്‍ അവരുടെ നിലനില്‍പ്പിനും ജന്മ സിദ്ധമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഭീഷണികളെ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും ബന്ധുത്വം നിറഞ്ഞതായ ഭൂമി അവകാശങ്ങള്‍. കാശ്മീര്‍ ചര്‍ച്ചകള്‍ മീഡിയയും അക്കാദമിക്കുകളും നിയമ-നയ അവലോകരും UNDRIP യില്‍ നിര്‍ദ്ദേശിച്ച രീതിയില്‍ പ്രാദേശിക അവകാശങ്ങളെ സമീപിക്കുന്നത് വളരെ വിരളം. എന്നാല്‍ കാശ്മീരികള്‍ നേരിടുന്ന അവകാശ നിഷേധങ്ങളെ കൃത്യമായി അപഗ്രഥിക്കാന്‍ പ്രാദേശികാവകാശചട്ടക്കൂട് അനിവാര്യമാണ് താനും. കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യ ഒപ്പ് വെച്ച അനേകം അന്തര്‍ദേശീയ മനുഷ്യാവകാശ ഉടമ്പടികളെയും പ്രഖ്യാപനങ്ങളെയും ധ്വംസിച്ചിരിക്കുകയാണ് ഇന്ത്യ. UNDRIP പ്രകാരം അവരുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരോട് ചര്‍ച്ച ചെയ്യാനും അവര്‍ക്ക് സ്വയം ഭരണത്തിനും സ്വയം നിര്‍ണ്ണയത്തിനുമുള്ള സാധ്യമായ എല്ലാ അവസരങ്ങള്‍ നല്‍കാനും ഇന്ത്യ കടപ്പെട്ടിരിക്കുന്നു.

1948-ലെ കാശ്മീരിനെ കുറിച്ചുള്ള യു എന്‍ പ്രമേയം ഉറപ്പു നല്‍കുന്നതാണ് കാശ്മീരികള്‍ക്ക് തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കാനുള്ള അവകാശം പോലും . പക്ഷേ പ്രസ്തുത സ്വയം നിര്‍ണ്ണയം ഇന്ത്യ -പാക് എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതില്‍ മാത്രം പ്രമേയം പരിമിതപ്പെടുത്തി.

ദശാബ്ദങ്ങളായി കാശ്മീരില്‍ നടമാടുന്ന സംഭവങ്ങളെ ‘ വംശഹത്യ’ എന്ന് വിശേഷിപ്പിക്കാന്‍ പൊതുവെ വൈമുഖ്യം പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്.

പക്ഷെ നിയമപരമായി വംശഹത്യയുടെ നിര്‍വ്വചന പ്രകാരം അത്തരം വിശേഷണം അനുയോജ്യവുമാണ്. പുറമെയുള്ളവരുടെ സ്ഥിര താമസം മുന്നോട്ട് വെച്ച് ജനസംഖ്യാപരമായ മാറ്റത്തിന് കാശ്മീരി ജനത ഉന്നം വെക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബി ജെ പി, നരേന്ദ്ര മോദി നേതൃത്വത്തിലുള്ള ഹിന്ദു ദേശീയവാദി ഇന്ത്യന്‍ ഭരണകൂടം തന്നെയാണ് ഈ സംഘം.

മുസ്‌ലിം സ്വത്വമാണ് ഉന്നം

കാശ്മീരികള്‍ ഉന്നം വെക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അവര്‍ മുസ്‌ലിംകളും സാംസ്കാരികവും ഭാഷാപരവുമായി വിഭിന്നരുമായത് കൊണ്ട് കൂടിയാണ്. കാശ്മീരടങ്ങുന്ന ഇന്ത്യയില്‍ മുസ്‌ലിം ഒരു ഭീഷണിയായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. അവര്‍ ഇല്ലായ്മ ചെയ്യപ്പെടുന്നത് ഭാഗികമായി സൈനികനടപടികളിലൂടെയും സാമ്പത്തിക അടിച്ചമര്‍ത്തലുകളിലൂടെയും ആണ്. ഇന്ത്യന്‍ സൈനികരുടെ ശിക്ഷാ ഇളവിനെതിരെയും തങ്ങള്‍ അനുഭവിക്കുന്ന അനീതികള്‍ക്കെതിരെയും പ്രക്ഷോഭം നടത്തി കല്ലെറിഞ്ഞതിന് കാശ്മീരി യുവാക്കള്‍ ക്രിമിനലാക്കപ്പെട്ട് സ്റ്റേറ്റ് കസ്റ്റഡിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇത്തരം ഇടപെടലുകളെല്ലാം ബാലാവകാശങ്ങളെ കുറിച്ചുള്ള യു എന്‍ കരാറിന്‍റെ ലംഘനമാണ്. നാസി ജര്‍മ്മനിയിലും റുവാണ്ടയിലും മറ്റിടങ്ങളിലുമെല്ലാം ക്രൂരകൃത്യങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിക്കാന്‍ വിമുഖത കാണിക്കപ്പെട്ടിട്ടുണ്ട്. വംശഹത്യയെ കുറിച്ചുള്ള യു എന്‍ കരാര്‍ വംശഹത്യ വീണ്ടും ഉടലെടുക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. അതോടൊപ്പം അപകടത്തില്‍ അകപ്പെട്ട ഇരകള്‍ സംരക്ഷിക്കപ്പെടണമെന്നും യു എന്‍ കണ്‍വെന്‍ഷന്‍ അനുശാസിക്കുന്നു. എന്നാല്‍ ലോക നേതാക്കളെല്ലാം മൗനം പാലിക്കുകയാണ് ചെയ്യുന്നത്. കാശ്മീരി മണ്ണും വെള്ളവും മനുഷ്യേതര ജീവനും കാശ്മീരികള്‍ സംരക്ഷിച്ച് പോരുന്നു. കൊളോണിയല്‍ അതിര്‍ത്തികളെക്കാള്‍ അടിസ്ഥാനപരമായത് പരമാധികാര തദ്ദേശീയ ജനത എന്ന നിലയിലുള്ള കാശ്മീരികളുടെ അവകാശങ്ങളാണ്.

“ജിസ് കാശ്മീര്‍ കോ ഖൂന്‍ സേ സീന്‍ജാ
വോ കാശ്മീര്‍ ഹമാരാ ഹേ”
(ഞങ്ങളുടെ രക്കത്തില്‍ മുങ്ങിയ കാശ്മീര്‍ ഞങ്ങള്‍ കാശ്മീരികള്‍ക്കുടമപ്പെട്ടതാണ്), എന്ന പ്രതിഷേധ വാക്യമായിരുന്നു കാശ്മീരി ചരിത്രത്തില്‍ ഉടനീളം മുഴങ്ങിക്കേട്ടത്.

Courtesy: The Conversation.com

വിവര്‍ത്തനം: ഫര്‍ഹത്തുള്ള കെ. പുല്ലഞ്ചേരി

Comments