എക്കണോമിസ്റ്റ് ജീന്‍ ഡ്രെസെ, ആക്ടിവിസ്റ്റുകളായ കവിത കൃഷ്ണന്‍ (AIPWA), മൈമൂന മൊല്ല (AIDWA), വിമല്‍ ഭായ് (NAPM) എന്നിവര്‍ ഇന്ത്യാ ഗവണ്‍മെന്റ് 370 ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ ആഗസ്റ്റ് 9 മുതല്‍ 13 വരെയുള്ള അഞ്ചു ദിവസങ്ങള്‍ സഞ്ചരിച്ച് തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ഡല്‍ഹി പ്രസ്‌ക്ലബ് അനുമതി നിഷേധിക്കുകയുണ്ടായി. തുടര്‍ന്ന്, ഫോട്ടോകളും വീഡിയോകളും അടങ്ങുന്ന റിപ്പോര്‍ട്ട് സംഘം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രസക്തമായ വിവരങ്ങള്‍ മലയാളത്തില്‍ സംഗ്രഹിച്ച് പ്രസിദ്ധീകരിക്കുന്നു.

ഇന്ത്യൻ ഗവണ്മെന്റ് 370, 35A ആർട്ടിക്കിളുകൾ റദ്ദ് ചെയ്യുകയും ജമ്മുകശ്മീർ സംസ്ഥാനത്തെ പിരിച്ചു വിടുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതിനു നാല് ദിവസങ്ങൾക്കു ശേഷമാണ് ഞങ്ങൾ താഴ്വരയിൽ സന്ദർശനം ആരംഭിച്ചത്. കശ്മീരിൽ വ്യാപകമായി യാത്ര ചെയ്തുകൊണ്ട് ഞങ്ങൾ അഞ്ചു ദിവസം ചെലവഴിച്ചു. ഓഗസ്റ്റ് ഒമ്പതിന് ഞങ്ങൾ ശ്രീനഗറിലെത്തിയപ്പോൾ എല്ലാ തെരുവുകളും ശൂന്യമായിരുന്നു. പോലീസ് സ്റ്റേഷനുകളും എ. ടി. എമ്മും ഒഴികെ ഒന്നുംതന്നെ തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
ശ്രീനഗറിലും സമീപപ്രദേശങ്ങളിലുമായി ജീവിക്കുന്ന സ്ത്രീകൾ, സ്കൂൾ- കോളേജ് വിദ്യാർഥികൾ, വ്യാപാരികൾ, തൊഴിലാളികൾ, പത്രപ്രവർത്തകർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവർ തുടങ്ങി സിഖുകാരും കാശ്മീരി പണ്ഡിറ്റുകളും മുസ്‌ലിംകളുമായ നൂറിലധികം പൗരന്മാരോട് ഞങ്ങൾ സംസാരിച്ചു. ഞങ്ങളുടെ ഉദ്ദേശത്തില്‍ സംശയാലുക്കളോ ഇന്ത്യൻ ഗവണ്മെന്റ്ന്റെ ചതിപ്രയോഗത്തിൽ രോഷം കൊള്ളുന്നവരോ വേദനിക്കുന്നവരോ ആണ് ഭൂരിഭാഗം പേരും എന്നിരിക്കിലും ഞങ്ങൾക്ക് ലഭിച്ച സ്വീകരണം ഹൃദയഹാരിയായിരുന്നു, അപായങ്ങളൊന്നും തന്നെ അനുഭവിച്ചതേയില്ല. ‘രോഷം’, ‘ഭയം’ എന്നീ വികാരങ്ങളായിരുന്നു എല്ലായിടത്തും ഞങ്ങളെ എതിരേറ്റത്. ഈദിനും സ്വാതന്ത്ര്യദിനത്തിനും ശേഷം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന വലിയ പ്രതിഷേധങ്ങളെക്കുറിച്ച് മുന്നറിയിപ്പുകളുണ്ടായിരുന്നു അവരുടെ വാക്കുകളിൽ.
ഞങ്ങളുടെ അവലോകനത്തിന്റെ ഒരു സംഗ്രഹം :
• ആർട്ടിക്കിൾ 370, 35A എന്നിവ റദ്ദി ചെയ്തതിൽ കാശ്മീരി പൗരൻമാർക്ക് ഏകപക്ഷീയമായ പ്രതിഷേധമുണ്ട്.
• ഈ രോഷത്തെ നിയന്ത്രിക്കാൻ പോലീസ് സ്റ്റേഷനുകൾ, ATM, മരുന്ന് കടകൾ എന്നിവ ഒഴികെ പൂർണമായും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.
• ഓഗസ്റ്റ് അഞ്ചാം തിയതി മുതൽ കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ സൈന്യം അനുവദിക്കാത്തത് പൗരൻമാരുടെ സാമ്പത്തികാവസ്ഥയിൽ വലിയ പ്രയാസങ്ങൾ വരുത്തിയിട്ടുണ്ട്, വിശേഷിച്ചും ഈ ബക്രീദ് ആഘോഷവേളയിൽ. അവശ്യ സാധനങ്ങൾ ലഭിക്കാതെയും ആശുപത്രിയിൽ പോവുന്നത് വിലക്കപ്പെട്ടുകൊണ്ടുമാണ് കശ്മീർ ജനത ജീവിതം തള്ളി നീക്കുന്നത്.
• ജനങ്ങൾക്ക് സൈന്യത്തിൽ നിന്നും ഗവണ്മെന്റിൽ നിന്നും പോലീസിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വരുന്നതിനാൽ പ്രതിഷേധങ്ങൾ അനൗപചാരികമായി തുറന്നു പറയുന്നുണ്ടെങ്കിലും ക്യാമറക്കു മുന്നിൽ സംസാരിക്കാൻ ആരും ധൈര്യപ്പെടുന്നില്ല.
• ‘കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നു’ എന്നത് ഇന്ത്യൻ മീഡിയയുടെ തെറ്റായ പ്രചാരണമാണ്. മീഡിയ ക്യാമ്പ് ചെയ്യുന്ന ശ്രീനഗറിലെ ചെറിയൊരു പ്രാദേശത്തു നിന്നുള്ള വളരെ സെലക്ടിവ് ആയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരം പ്രചാരണങ്ങൾ.
• വളരെ സമാധാനപൂർവമായ പ്രതിഷേധങ്ങൾക്ക് പോലും സാധ്യതയില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. എങ്കിലും വളരെ വൈകാതെ തന്നെ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടാനിരിക്കുന്നു.

ജമ്മു കശ്മീരിലെ ഗവണ്മെന്റ് ഇടപെടലുകളോടുള്ള പ്രതികരണങ്ങൾ :
• വിമാനമിറങ്ങുമ്പോൾ കേട്ട “യാത്രക്കാർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓൺ ചെയ്യുക” അറിയിപ്പിനു പരിഹാസം കലർന്ന ചിരി ആയിരുന്നു യാത്രക്കാരുടെ പ്രതികരണം. അഞ്ചു ദിവസമായി മൊബൈൽ ഫോണുകളും ലാൻഡ് ഫോണുകളും ഇന്റർനെറ്റും അടക്കമുള്ള എല്ലാ സംവിധാനങ്ങളും ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്.
•ശ്രീനഗറിലെത്തിയ ഉടനെ പാർക്കിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘം കുട്ടികൾ ‘ഇബ്‌ലീസ് മോദി’..’ഇബ്‌ലീസ് മോദി’ എന്ന് വിളിച്ചു പറയുന്നതാണ് കേട്ടത്.
• ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളുമായി ബന്ധപ്പെട്ട് കാശ്മീരിലുടനീളം ഉയർന്നു കേൾക്കുന്ന വാക്കുകൾ Zulm (അടിച്ചമർത്തൽ), Zyadti (ക്രൂരത), Dhokha(ചതി) തുടങ്ങിയവയായിരുന്നു. ഇന്ത്യൻ ഗവണ്മെന്റ്
തങ്ങളെ അടിമകളെപ്പോലെയാണ് കാണുന്നതെന്നും തലക്ക് നേരെ തോക്ക് ചൂണ്ടി വായ് മൂടിക്കെട്ടി ബന്ധിതരാക്കിയാണ് തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതെന്നും ഒരാൾ പ്രതികരിച്ചു.
• ഞങ്ങൾ സന്ദർശിച്ച ഓരോയിടങ്ങളിലെയും ചെറിയ കുട്ടികളടക്കമുള്ള സാധാരണ ജനങ്ങളിൽ നിന്നും കശ്മീർ തർക്കത്തെ സംബന്ധിച്ചചരിത്ര വസ്തുതകൾ കേൾക്കാനിടയായി. ആർട്ടിക്കിൾ 370 ആണ് കാശ്മീരിനെ ഇത്രയും കാലം ഇന്ത്യയുമായി ബന്ധിപ്പിച്ചിരുന്നതെന്നും അത് റദ്ദാക്കിയതിലൂടെ ഇന്ത്യ-കശ്മീർ ബന്ധം ഇല്ലാതാവുകയാണ് ചെയ്യേണ്ടതെന്നും ഭൂരിഭാഗം ജനങ്ങളും പ്രതികരിച്ചു.
• പരസ്പരം ബന്ധപ്പെടാനോ സോഷ്യൽ മീഡിയയിലൂടെ പോലും സംസാരിക്കാനോ യാതൊരു സംവിധാനവുമില്ലാത്ത കശ്മീർ പൗരന്മാരെക്കുറിച്ച് “കശ്മീർ ഇന്ത്യൻ ഗവണ്മെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു” എന്ന ഇന്ത്യൻ മീഡിയയുടെ അവകാശവാദത്തെ വലിയ രോഷത്തോടെയാണ് ജനങ്ങൾ നേരിടുന്നത്.
ആർട്ടിക്കിൾ 370, 35A എന്നിവ റദ്ദ് ചെയ്തത്തിനോടുള്ള പ്രതികരണം :
• “We Want Freedom” “Restore Article 370” തുടങ്ങിയ മുദ്രാവാക്യങ്ങൾ താഴ്വരയിലുടനീളം മുഴങ്ങിക്കേൾക്കുന്നു .
• കാശ്മീരികൾ എല്ലാവരും ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന് അവശ്യപ്പെടുന്നവരല്ല. ഇന്ത്യൻ ഗവണ്മെന്റിൽ വിശ്വാസമർപ്പിക്കണമെന്ന് ജനങ്ങളോടാവശ്യപ്പെട്ടിരുന്ന ചില പാർലമെന്ററി പാർട്ടികൾക്ക് മാത്രമാണ് അത്തരമൊരു താലപര്യമുള്ളത്.
• കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയപ്പോൾ ബിജെപി മുന്നിൽ നിന്ന് കുത്തുകയാണെന്നും ഹിന്ദുരാഷ്‌ട്രം നിർമിക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും ജനങ്ങൾ പറയുന്നു.
• രാഷ്ട്രീയ തർക്കങ്ങൾ മാത്രമല്ല കശ്മീർ ജനതക്ക് പറയാനുണ്ടായിരുന്നത്, മറിച്ചു ഭാവിയിൽ കാശ്മീരിന്റെ ഭൂമിയും പ്രകൃതി വിഭവങ്ങളും സ്റ്റേറ്റിന്റെ ഒത്താശയോടെ തുച്ഛമായ വിലയിൽ കുത്തക മുതലാളിമാരുടെ കൈകളിലെത്തുമെന്നും കാശ്മീരികൾക്കിടയിൽ തൊഴിലില്ലായ്മ വ്യാപകമാവുമെന്നും സർക്കാർ ജോലികളിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും തഴയപ്പെടുമെന്നും ഭൂമിയിൽ നിന്നും കുടിയിറക്കപ്പെടുമെന്നും അവർ ഭയക്കുന്നു.
സാധാരണ നില ! അതോ കുഴിമാടങ്ങളിലെ സമാധാനമോ?
• കശ്മീർ സമാധാന പൂർണമല്ല. സോപോർ എന്ന യുവാവ് പറഞ്ഞത് “ഇത് തോക്കിൻ മുനയിലെ നിശബ്ദതയാണ്, ഖബറിടങ്ങളിലെ സമാധാനവുമാണ്” എന്നാണ്.
• ഒന്നാം പേജിലെ വാർത്തയും അവസാന പേജിലെ കായികവും ഒഴികെ മുഴുവൻ റദ്ദാക്കിയ പരിപാടികളുടെ അറിയിപ്പുകളുമായാണ് ‘ഗ്രെയ്റ്റർ കശ്മീർ’ എന്ന ദിനപത്രം അച്ചടിക്കപ്പെട്ടത്.
• പെരുന്നാൾ ദിനത്തിൽ പോലും കശ്മീർ കർഫ്യൂവിലാണ്. ബാങ്ക് വിളിക്കുന്നതിനും പെരുന്നാളിന് പള്ളിയിൽ പോവുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു, അവർ വീടുകളിൽ വെച്ചു പെരുന്നാൾ നമസ്കാരം ഒറ്റക്ക് നിർവഹിക്കാൻ നിർബന്ധിതരായി.
• ബക്രീദ് ദിനത്തിൽ ഭൂരിഭാഗം പേരും ദുഖാ:ചരണത്തിൽ ആയിരുന്നു. “ഞങ്ങളുടെ സഹോദരങ്ങൾ പോലീസ് കസ്റ്റഡിയിലായിരിക്കെ ഞങ്ങൾക്കെങ്ങനെ ആഘോഷിക്കാനാവും?” പെൺകുട്ടികൾ ചോദിക്കുന്നു.
• ഓഗസ്റ്റ് ഒമ്പതിന് ശ്രീനഗറിലെ സൗറയിൽ നടന്ന പതിനായിരം പേരടങ്ങിയ സമാധാനപരമായ ഒരു പ്രതിഷേധറാലിക്ക് നേരെ നടന്ന സൈനികരുടെ പെല്ലറ്റ് ആക്രമണത്തിൽ ഒരുപാടാളുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുകയുണ്ടായി.
• വീടുകളിൽ സമാധാനപൂർവ്വം കഴിയുന്നവർക്ക് നേരെ പോലും സൈനികർ പെല്ലറ്റ് പ്രയോഗിക്കുന്നു. അതിനുദാഹരണമാണ് സമീർ അഹ്‌മദ് എന്ന പൗരന് വീട്ടുവാതിൽക്കൽ വെച്ച മുഖത്തേക്ക് അക്രമണമേറ്റത്.

• രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരുമടക്കം ആറായിരത്തോളം പേർ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.
• സ്കൂൾ കുട്ടികളടക്കമുള്ള നൂറുകണക്കിന് കൗമാരക്കാരെ രാത്രി വാതിൽ മുട്ടി പിടിച്ചു കൊണ്ട്പോവുന്നു.
വായ് മൂടിക്കെട്ടിയ മീഡിയ :
• ഇന്റർനെറ്റ് സംവിധാനമില്ലാത്തതിനാൽ യഥാർത്ഥ വാർത്തകൾ മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്നില്ല, NDTV പുറത്ത് വിടുന്ന വാർത്തകളെ മാത്രമേ ആശ്രയിക്കാനാവു.
• കശ്മീരിലെ എല്ലാ ടിവി ചാനലുകളും പ്രവർത്തനരഹിതമാണ്.
• പ്രതിഷേധങ്ങളെ സംബന്ധിക്കുന്ന വാർത്തകൾ പുറത്തുവിടുന്ന മാധ്യമപ്രവർത്തകർ അധികാരികളുടെ കോപത്തിനിരയാവുന്നു.
• വിദേശ മാധ്യമപ്രവർത്തകരും തങ്ങൾക്ക് നേരിടേണ്ടി വന്ന വിലക്കുകളെക്കുറിച്ച് പങ്കുവെച്ചു.
കശ്മീർ അവികസിതമോ?
• സാമ്പത്തിക വികസനത്തിൽ കശ്മീർ ഇന്ത്യയെക്കാൾ ഇരുനൂറു വർഷം പിന്നിലാണെന്ന വാദത്തെ പരിശോധിക്കാൻ ഞങ്ങൾ കഠിനപ്രയത്നം ചെയ്തു. എന്നാൽ കശ്മീരിലെ എല്ലാ ഗ്രാമത്തിലും യുവതീയുവാക്കൾ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പോവുന്നവരും ഇംഗ്ലീഷ്, ഹിന്ദി, കാശ്മീരി ഭാഷകൾ അനായാസമായി സംസാരിക്കുന്നവരും കശ്മീർ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഭരണഘടനയെയും അന്താരാഷ്ട്രനിയമങ്ങളെയും സംബന്ധിച്ചു സംസാരിക്കാൻ കഴിവുള്ളവരും ആണെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.
• സാമ്പത്തികമായി ഉയർന്നനിലയിൽ അല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വംശവെറി, ആൾക്കൂട്ടക്കൊലപാതകം എന്നിവയൊന്നും കശ്മീർ ജനത അനുഭവിക്കുന്നില്ല.
• കശ്മീർ വനിതകൾ അബലര്‍ എന്ന മിത്ത് ആണ് ഏറ്റവും വലിയ നുണ, മറിച്ചു അവർ വിദ്യാസമ്പന്നരും സ്ഥൈര്യമുള്ളവരുമാണ്.
ജനങ്ങൾ ബിജെപിക്ക് നൽകിയ 46 % വോട്ടുകൾ താഴ്‌വരയിലെ ഏതു തീരുമാനങ്ങൾക്കുമുള്ള ലൈസൻസ് ആണെന്നാണ് അശ്വനി കുമാർ എന്ന ബിജെപി വക്താവ് അവകാശപ്പെടുന്നത്. കശ്മീർ ജനതയുടെ ഹിതപരിശോധന നടത്താത്തതെന്താണെന്ന ചോദ്യത്തിന് “ബിഹാറിൽ മദ്യം നിരോധിച്ചപ്പോൾ നിതീഷ് കുമാർ മദ്യപാനികളോട് അനുവാദം ചോദിച്ചോ” എന്നായിരുന്നു മറുപടി. കൂടുതൽ സംസാരിച്ചപ്പോൾ നിങ്ങളെപ്പോലുള്ള ദേശദ്രോഹികളെ ഇവിടെ പ്രവർത്തിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്ന ഭീഷണിയും ഉണ്ടായി.
കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ കാണിക്കാന്‍ അവര്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടു. Kashmir Caged എന്ന വീഡിയോ നുണകള്‍ക്കപ്പുറമുള്ള, വഞ്ചിക്കപ്പെട്ട ജനതയുടെ നേര്‍ക്കാഴ്ച്ചയാണ്. അവരുടെ വേദനകളും രോഷപ്രകടനവും പുറംലോകമറിയാതിരിക്കാന്‍ അടിച്ചമര്‍ത്തിയിരിക്കുന്നു ഇന്ത്യന്‍ ഭരണകൂടവും അതിന്റെ സംവിധാനങ്ങളും. വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. എല്ലാം ശാന്തമാണ് എന്ന് പറഞ്ഞ തെരുവുകൾ ഈദ് ദിനത്തിലും ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നു. പ്രദേശവാസികൾ അവരുടെ നേരനുഭവങ്ങൾ വിവരിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പിടിച്ച് കൊണ്ടുപോയ അനുഭവങ്ങൾ അവർ നേരിട്ട് പങ്കുവെക്കുന്നു. കശ്മീരിനെ കുറിച്ച് കശ്മീരി പണ്ഡിറ്റുകൾ സംസാരിക്കുന്നു. ഒരുതരത്തിലുള്ള പിടിച്ചടക്കലാണ് ഇന്ത്യയുടേതെന്നാണ് അവിടത്തുകാർ പറയുന്നത്.
Image Courtesy: Reuters, Al Jazeera