ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളായി ഏറെ കോളിളക്കം സൃഷ്ടിച്ച വാർത്തയാണ് 18വയസ്സുകാരിയായ സൈറ വസീം എന്ന മുസ്‌ലിം ബോളിവുഡ് താരത്തിന്റെ ചലച്ചിത്ര മേഖലയിൽ നിന്നുമുള്ള പിന്മാറ്റം. സിനിമ രംഗത്തെ അഞ്ചു വർഷങ്ങൾ തനിക്ക് ഏറെ കയ്യടിയും സ്നേഹവും പിന്തുണയും നൽകിയിട്ടുണ്ടെങ്കിലും അത് തന്നെ അജ്ഞതയിലേക്കും ഈമാന്റെ(ദൈവ വിശ്വാസം) ദൗര്‍ബല്യത്തിലേക്കും നയിച്ചു എന്ന് ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും സൈറ വസീം പ്രഖ്യാപനം നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ വ്യക്തമാക്കാതെ മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശം ഉൾകൊള്ളുന്ന ഖുർആനിക വചനങ്ങൾ പരാമർശിക്കുക കൂടി ചെയ്‌തു. ലോകമെമ്പാടും ശ്രദ്ധ നേടിയ ‘ഡങ്കല്‍’ എന്ന സിനിമയിലെ ബാല ഗുസ്തിക്കാരിയായി അഭിനയിച്ചതിലൂടെയാണ് സൈറ ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ‘സീക്രട്ട്‌ സൂപ്പർ സ്റ്റാറി’ലും ഒക്ടോബറില്‍ റിലീസ് ചെയ്യാനിരിക്കുന്ന ദി സ്കൈ ഈസ്‌ പിങ്ക് ലും അഭിനയിച്ചു. 2017 ലെ ദേശീയ ഫിലിം അവാർഡില്‍ മികച്ച സഹനടി ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

എങ്കിലും ബോളിവുഡിലെ സൈറയുടെ സമയം വിവാദങ്ങളൊഴിഞ്ഞതായിരുന്നില്ല. ജന്മനാടായ കശ്മീരിൽ പലരും മതകീയ നിയമങ്ങളുടെ അളവുകോലില്‍ ഈ മുസ്‌ലിം പെണ്‍കുട്ടിയുടെ സിനിമാഭിനയത്തില്‍ അതൃപ്തിയുള്ളവരായിരുന്നു. അതിലുപരി ഇന്ത്യയിലെ സിനിമ മേഖല ഇസ്‌ലാമോഫോബിക്കായതും, ദേശീയതയിലൂന്നിയതും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കശ്മീര്‍ ജനതയുടെ പോരാട്ടങ്ങളെ തെറ്റായി ചിത്രീകരികയും ചെയ്യുന്നു എന്ന കാരണത്താലും സമുദായത്തിലെ ഒരു വിഭാഗം സയ്‌റ യുടെ അഭിനയത്തിൽ സംതൃപ്തരായിരുന്നില്ല. ബോളിവുഡ് സെലിബ്രിറ്റികള്‍ സൈറക്ക് പിന്തുണയുമായി രംഗത്ത് വരികയും കശ്മീര്‍ യുവതയുടെ ഉദ്ഗ്രഥനത്തിന്റെ പ്രതീകമായി സൈറയെ ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമിക്കുകയുമുണ്ടായി, -സൈറ അങ്ങിനെയൊരു പേര് ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും.

സൈറ വസീം ‘ഡങ്കലി’ല്‍

വർഷങ്ങൾക്കു ശേഷം സൈറ വസീം ബോളിവുഡിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത പുറത്ത് വന്നപ്പോൾ സോഷ്യൽ മീഡിയ യും ഇന്ത്യൻ റൂമുകളും വലിയ പ്രതികരണങ്ങള്‍ക്കാണ്‌ വേദിയായത്. സമ്പത്തും പ്രശസ്തിയുമുള്ള  ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ സൈറ എടുത്ത വലിയ തീരുമാനത്തെ പ്രശംസിച്ചു കൊണ്ട് ഒരുപാട് മുസ്‌ലിംകള്‍, വിശേഷിച്ച്‌ കാശ്മീരി മുസ്‌ലിംകള്‍ രംഗത്ത് വന്നു. എങ്കിലും ഇന്ത്യയിലെ പല പ്രമുഖരും പ്രത്യയ ശാസ്ത്രപരമായ മേഖലയിൽ സോഷ്യല്‍ മീഡിയയിലൂടെ സൈറയുടെ തീരുമാനത്തെ വിമര്‍ശിക്കാന്‍ രംഗത്ത് വരുന്നതായി കാണാന്‍ കഴിഞ്ഞു.

സൈറയുടെ തീരുമാനത്തിലെ സങ്കീര്‍ണതകളെന്താണെന്നോ ആഘാതത്തിന്റെ തോത് എത്രയാണെന്നോ എന്തു തരത്തിലുള്ള അനുഭവങ്ങളാണ് അവര്‍ക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നതെന്നോ നമുക്കറിയില്ല. മാത്രമല്ല ഭാവിയിൽ അവരുടെ തീരുമാനത്തിന് മാറ്റമുണ്ടാവുകയും ചെയ്‌തേക്കാം. ഈ സംഭവങ്ങളിലുടനീളം വേറിട്ട് നിൽക്കുന്ന ഒന്നായി എനിക്ക് തോന്നിയത്, സിനിമ മേഖലയിലെ ലിബറൽ ഫെമിനിസ്റ്റുകളുടെയും വലതുപക്ഷ ഹിന്ദു ദേശീയവാദികളുടെയും കൈകോർക്കലാണ്.

ഇവിടെ സിനിമ ഉപേക്ഷിക്കുന്നു എന്നതല്ല, മറിച് ഇസ്‌ലാമിക കാര്യങ്ങൾ അംഗീകരിക്കുകയും തുറന്ന് പറയുകയും ചെയ്‌തു എന്നതാണ് അപരാധമായി വ്യാഖ്യാനിക്കപ്പെടുന്നത്.

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ അവരുടെ വിശ്വാസത്തെ പരസ്യമാക്കുക എന്ന “കുറ്റകൃത്യത്തിൽ” നിന്നും വിട്ട് നില്‍ക്കേണ്ടതുണ്ട്, മറുവശത്ത് ഹിന്ദു വിശ്വാസത്തിന്റെ പരസ്യമായ പ്രചാരണത്തിന് വിശേഷിച്ചും അഭിനേതാക്കള്‍ക്ക്‌ പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു.

സൈറയുടേത് പ്രബോധനത്തിന്റെയും തീവ്ര മതപരിഷ്കരണങ്ങളുടെയും സ്വാധീനഫലമായുണ്ടായ തീരുമാനമാണെന്നും ജിഹാദിനെയും കല്ലെറിയപ്പെടുന്നതിനെയും സംബന്ധിച്ചുള്ള തീവ്ര മതാധ്യാപനങ്ങളാണ് ആ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെന്നുമാണ് വലതു പക്ഷ ട്രോളുകൾ വ്യാഖ്യാനിക്കുന്നത് . അതേസമയം, ലിബറൽ ഫെമിനിസ്റ്റുകൾ ഒരു യുവനടി താരജീവിതത്തേക്കാൾ നിറം മങ്ങിയ മതകീയ ജീവിതം തെരഞ്ഞെടുക്കുന്നതിൽ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ബോളിവുഡ് നടി രവീണ ടണ്ടൻ സൈറയുടെ കാഴ്ചപ്പാടുകളെ “പിന്തിരിപ്പൻ “എന്നാണ് വിശേഷിപ്പിച്ചത്. സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റ് ആയ ബര്‍ഖ ദത്ത് ഉൾപ്പടെയുള്ള പ്രമുഖ പത്രപ്രവർത്തകർ മതയാഥാസ്ഥികതയുടെ പ്രബോധനപ്രവർത്തനങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു.

വാഷിങ്ടൺ പോസ്റ്റ്‌ ഇന്ത്യ മുൻ ലേഖിക രാമ ലക്ഷ്മി എഴുതുന്നതിപ്രകാരമാണ്: “എല്ലാ മതങ്ങളും നിങ്ങളുടെ ശിരസ്സില്‍ ശുദ്ധവും അശുദ്ധവുമായ ധാരണകള്‍ നിറക്കുന്നു. നിങ്ങൾക്ക് ഒരു ആധുനിക ഭരണഘടന ഉള്ളപ്പോൾ, ധാർമ്മികത നിർവചിക്കാൻ നിങ്ങൾ പുരാതന മതഗ്രന്ഥങ്ങളിലേക്ക് തിരിയുന്നത് എന്തുകൊണ്ടാണ്? “

‘തെരഞ്ഞെടുപ്പ് ‘ എന്നത് സങ്കീർണമായൊരു പദമാണ്, വിശേഷിച്ചും മുസ്‌ലിം സ്ത്രീകളുടെ വിഷയത്തിൽ. അടുത്തിടെ അന്തരിച്ച നരവംശ ശാസ്ത്രജ്ഞ ‘സെബ മഹമൂദ് ‘തന്റെ ‘ദ പൊളിറ്റിക്സ് ഓഫ് പിറ്റി ‘എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നത് “മുസ്‌ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പുകളും  ഏജൻസിയും അംഗീകരിച്ചു കൊടുക്കപ്പെടുന്നത് ഒരു ലിബറൽ സംവിധാനത്തിൽ (ഇവിടെ ഹിന്ദു ദേശീയത) മാത്രമാണ് എന്നും ഒരു മതകീയ സംവിധാനത്തിൽ ‘ചോയ്സ് ‘എന്നത് മൂല്യം കല്പിക്കാത്ത കാര്യമാണ് എന്നുമാണ്. ഒരു സ്ത്രീ എങ്ങനെ നോക്കണം, പെരുമാറണം, അഭിനയിക്കണം, നോട്ടങ്ങളോട് പ്രതികരിക്കണം തുടങ്ങിയവയുമായി ബന്ധപ്പെട്ടു കനപ്പെട്ട ചട്ടങ്ങൾ പേറുന്ന ഒരു വ്യവസായത്തിന്റെ പ്രതീക്ഷക്കൊത്ത് നിലനിൽക്കാൻ നിര്‍ബന്ധിതരാവുന്ന താരവനിതകളുടെ കാര്യത്തിൽ പക്ഷെ, ഈ തെരഞ്ഞെടുപ്പിലെ സങ്കീര്‍ണതകള്‍  ചർച്ചക്കുള്ള വിഷയമായി വരുന്നേയില്ല, എന്ന് മാത്രമല്ല അത് സ്ത്രീകളുടെ സമ്പൂർണ വിമോചനമായി കാണുക കൂടി ചെയ്യുന്നു.

ബോളിവുഡ് തീർച്ചയായും സല്‍പേരുള്ള ഒരു വ്യവസായമല്ല, സ്വജന പക്ഷപാതം, വ്യാപകമായ ലൈംഗിക അതിക്രമങ്ങൾ, മയക്കു മരുന്ന്, മദ്യപാനം തുടങ്ങിയവയുടെ  കുത്തകയാണ്. പുൽവാമ അക്രമങ്ങളുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളിൽ വീക്ഷിക്കാവുന്നത് പോലെ യുദ്ധതല്‍പരതയും നാസ്തികത്വവും വ്യാപകമായ അഴിമതിയും ബോളിവുഡിൽ വർധിച്ചു കൊണ്ടിരിക്കുന്നു. ഒരു ആധുനിക ഭരണഘടന നില നിൽക്കുന്നുണ്ടെങ്കിലും സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തിൽ ബോളിവുഡ് ഒരു മാതൃകാ സ്രോതസ്സേയല്ല. താരവനിതകൾ സെലിബ്രിറ്റി കൾച്ചറിനും ഐറ്റം നമ്പറുകൾക്കും പിന്നാലെ പാഞ്ഞു കൊണ്ടിരിക്കുന്നു. നിലനിൽക്കുന്ന ശരീരസൗന്ദര്യ സങ്കല്പങ്ങൾക്കൊത്ത് വണ്ണം കുറക്കാനും മറ്റു പല രീതികളിലൂടെയും ശരീരഘടനയിൽ മാറ്റങ്ങൾ വരുത്താനും അവർ നിർബന്ധിതരാവുന്നു. പലപ്പോഴും അഭിനയജീവിതത്തിന്റെ പര്യവസാനമായാണ് ബോളിവുഡ് നായികമാരുടെ വിവാഹം സംഭവിക്കാറുള്ളത്.

2018 ൽ സൈറ വസീം ഉള്‍പ്പെടെ, ദീപിക പദുകോൺ അടക്കമുള്ള പല താരങ്ങളുടെയും വിഷാദവും ആകുലതകളും പൊതുരംഗത്ത് പ്രകടിപ്പിക്കുകയുണ്ടായി. ബോളിവുഡിൽ ലിംഗ പക്ഷപാതിത്വം, സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ, സ്റ്റീരിയോടൈപിങ് തുടങ്ങിയ ജീർണതകൾ വ്യാപകമായി നിലനിൽക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും സൈറ തന്റെ തീരുമാനങ്ങളുടെ ഭാഗമായി നടത്തുന്ന പോരാട്ടങ്ങളെ അംഗീകരിക്കാൻ എന്തുകൊണ്ടാണ് സിനിമ മേഖലയിലുള്ളവർ പ്രയാസപ്പെടുന്നത്.

ഇത് മനസ്സിൽ വെച്ചുകൊണ്ട്, സൈറയുടെ തീരുമാനത്തിലേക്ക് നയിച്ച തരത്തിലുള്ള പോരാട്ടങ്ങൾ അംഗീകരിക്കാൻ ആളുകൾക്ക് എന്തുകൊണ്ടാണ്‌ ബുദ്ധിമുട്ടുള്ളത്, പ്രത്യേകിച്ചും സിനിമ മേഖലയിൽ  പ്രവേശിച്ച ചെറുപ്രായത്തിൽത്തന്നെ?
എന്തുകൊണ്ടാണ് സൈറയുടെ തീരുമാനം പിന്തിരിപ്പനായി കണക്കാക്കുന്നത്, അതും സ്ത്രീയെ വസ്തുവായി കാണുന്ന, പുരുഷാധിപത്യം വാഴുന്ന ഒരു ഇന്‍ഡസ്ട്രിയില്‍? മുസ്‌ലിംകളെ ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കിരയാക്കല്‍ പതിവായിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ദേശീയതയിലൂന്നിയ നരേന്ദ്രമോദി ഗവണ്‍മെന്റിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണക്കുന്ന എണ്ണമറ്റ ബോളിവുഡ് താരങ്ങള്‍ നിലവിലുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഈ പതിനെട്ടു വയസുകാരി മാത്രം ഇത്രയേറെ വിമര്‍ശനങ്ങള്‍ നേരിടുന്നത്?

ചില അപവാദങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ റാഡിക്കലൈസേഷനെതിരെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതികരണങ്ങളെവിടെ? ലക്ഷ്മിയെയും ദത്തിനെയും പോലുള്ള ലിബറൽ മാധ്യമപ്രവർത്തകർ മറ്റുള്ളവരുടെ നിയമാനുസൃതവും ഭരണഘടനാപരവുമായ സംരക്ഷിത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നുവെങ്കില്‍, ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തെ പുച്ഛത്തോടെ നോക്കിക്കാണുന്നതില്‍ അതിശയിക്കാനില്ല.


തനുശ്രീ ദത്ത

ഇന്‍ഡസ്ട്രി ഉപേക്ഷിക്കുന്നത് മുൻ‌വിധികളില്ലാത്തതുപോലെയല്ല.   ബോളിവുഡിലെ ലൈംഗിക പീഡന അനുഭവങ്ങളുമായി നടി തനുശ്രീ ദത്ത തുറന്ന് പറച്ചിലുകള്‍ നടത്തിയപ്പോള്‍  എല്ലാവരും അവരുടെ ധൈര്യത്തെ പ്രശംസിച്ചു. സൈറയെ പിന്തുണയ്ക്കാൻ തയ്യാറായ ചുരുക്കം ചിലരിൽ ഒരാളും അവർ തന്നെയാണ്.

ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളടക്കം അതിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ അണി നിരന്നു. യോഗ എന്നത് ഹിന്ദു മതാചാര പ്രകാരമുള്ള അനുഷ്ഠാനമാണെന്നത് അനിഷേധ്യമാണ്. ആത്മീയതയിലേക്കിറങ്ങാന്‍ തനിക്കും ഒരു നിലം വേണമെന്ന് സൈറ വസീമിനും ആഗ്രഹിക്കാം. അവരത് ഇസ്‌ലാമിക ആശയപ്രകാരം ആക്കാന്‍ തീരുമാനിച്ചു. പക്ഷേ ഇസ്‌ലാമോ മുസ്‌ലിംകളോ ഉള്‍പ്പെടാത്ത ആത്മീയവികാസ മാതൃകകള്‍ മാത്രമേ ഘോഷിക്കപ്പെടുകയുള്ളൂ എന്നതാണെന്ന് തോന്നുന്നു വാസ്തവം.

മുസ്‌ലിം സ്ത്രീ തന്റെ പ്രാതിനിധ്യത്തെ അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രം അത് അവളുടെ ആത്മീയാഭിനിവേഷമായി കണക്കാക്കുന്നതിന് പകരം റാഡിക്കലൈസേഷനായും മതാധികാരത്തിന്റെ സ്വാധീനമായും കാണാനാണ് ചിലര്‍ക്ക് താല്‍പര്യം.

സമകാലിക ഇന്ത്യയ്ക്ക് അടിവരയിടുന്ന മതേതര- ഹിന്ദുത്വ ഫാസിസത്തിന്റെ വിചിത്രമായ ഭൂപ്രദേശങ്ങളിലേക്ക് അംഗീകരിക്കപ്പെടാൻ മുസ്‌ലിംനെസ്‌ എന്ന ബോധത്തിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കണം എന്നതാണ് സൈറയോടുള്ള പ്രതികരണങ്ങളില്‍ ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നത്.

സൈറയില്‍ നിന്ന് മാറി, ബോളിവുഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടായിരിക്കാം ഒരു സംഘര്‍ഷ മേഖലയിലെ പതിനെട്ടുകാരിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് തന്റെ താരപ്പൊലിമയില്‍ നിന്ന് പിന്നോട്ട് മാറേണ്ടി വന്നിട്ടുണ്ടാവുക?

മൊഴിമാറ്റം: ദില്‍റുബ കെ. ഇബ്രാഹിം

കടപ്പാട്: അല്‍ജസീറ

Comments