ആസാം പൗരത്വ പട്ടിക: പുറന്തള്ളപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു ജനത

ഒരു കവിതയും അതിന്റെ വിവര്‍ത്തനവും സൃഷ്ടിച്ച കോളിളക്കങ്ങളാണ്‌ ജൂലൈ മാസാദ്യം ആസാമില്‍ ചര്‍ച്ചയായത്‌. ആസാമിന്റെ ദേശീയ ഗാനമാണ്‌ “ഓ മോര്‍ അപ്‌നോര്‍ ദേശ്‌” എന്നു തുടങ്ങുന്ന വിഖ്യാത ഗീതം. ആസാമീസ്‌ സാഹിത്യത്തിലെ അതികായന്‍ ലക്ഷ്‌മിനാഥ്‌ ബേസ്‌ബറുവ രചിച്ച ഈ ഗീതം ഏത്‌ ഔദ്യോഗിക- അനൗദ്യോഗിക വേദികളിലും മുഴങ്ങിക്കേള്‍ക്കുന്നത്‌ ആസാം ജനതയുടെ ഒരു അഭിമാനബോധത്തില്‍ നിന്നാണ്‌. ആസാമീസ്‌ ഭാഷയില്‍ വിരചിതമായ പ്രസ്‌തുത ഗീതം കുടിയേറ്റക്കാരുടെ ഭാഷയെന്ന്‌ പേരുകേട്ട മിയ ഭാഷയിലേക്ക്‌ വിവര്‍ത്തനം ചെയ്‌തു . ഭരണഘടനാപ്രകാരം അംഗീകാരമുള്ള ഈ ഗീതം വിവര്‍ത്തനം ചെയ്യുന്നത്‌ തന്നെ കുറ്റകരമാണെന്ന്‌ പറഞ്ഞ്‌ ഗുവാഹത്തി പോലീസ്‌ സ്‌റ്റേഷനില്‍ പരാതിയുമെത്തി. പൗരത്വ റജിസ്റ്ററിന്റെ അവസാന പട്ടികയും പുറത്തു വരുന്ന 2019 ജൂലൈ 31 ഒരു പക്ഷേ ആസാമിന്റെ രണ്ടാം ‘സ്വാതന്ത്ര്യ ദിനം’ ആയിരിക്കും. ഈ പശ്ചാത്തലത്തില്‍ അസ്‌പൃശ്യയതോടെ കാണുന്ന മിയ ഭാഷയില്‍ ഔദ്യോഗിക ഗീതം തന്നെ തര്‍ജമ ചെയ്‌ത്‌ പ്രസിദ്ധീകൃതമായത്‌ ഏറെ പ്രസക്തമായ നീക്കം തന്നെയാണ്. ഈ വിവര്‍ത്തനത്തിന്‌ പുറമേ ഒരുപാട്‌ മിയ കവികളും സോഷ്യല്‍ മീഡിയയില്‍ ചെറുത്തു നില്‍പ്പിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെയെങ്കില്‍ നിലനില്‍പിന്‌ വേണ്ടിയുള്ള ഓരോ ദിനവും കഴിഞ്ഞ്‌ കടക്കുമ്പോള്‍ പോരാട്ടവീര്യവും കനക്കുന്നുണ്ടെന്ന്‌ വേണം കരുതാന്‍.

ഭാഷയോടും സംസ്‌കാരത്തോടുമുള്ള അതിയായ അഭിനിവേശമാണ്‌ ഓരോ ആസാം സ്വദേശിയേയും ശ്രദ്ധേയമാക്കുന്നത്‌. വര്‍ഷങ്ങള്‍ മുമ്പേ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അലയടിച്ചിരുന്ന മണ്ണിന്റെ മക്കള്‍ വാദം ഇനിയും ആസാമിനെയും ചുറ്റുമുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇവിടെയാണ്‌ എന്‍ ആര്‍ സി – എന്ന വിളിപ്പേരില്‍ ലോകമാകെ ശ്രദ്ധയാകര്‍ഷിച്ച ദേശീയ പൗരത്വ റജിസ്റ്റര്‍ ചര്‍ച്ചയാവുന്നത്‌. ഇന്ത്യയിലെ ഏറെ വിസ്‌തൃതമായ ഒരു അതിര്‍ത്തി സംസ്ഥാനമാണ്‌ ആസാം. പേരുകണ്ട്‌ അന്യനാട്ടുകാര്‍ അസം, ആസാം എന്നൊക്കെ വിളിക്കുമെങ്കിലും യഥാര്‍ഥ നാമം ഒഹം. വൈദേശിക അധിനിവേശത്തെ പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ക്കുന്ന ഈ നാട്ടുകാര്‍ക്ക്‌ സ്വന്തം നാമകരണം നല്‍കിയത്‌ ഒരു അധിനിവേശ ശക്തിയാണെന്നത്‌ വിരോധാഭാസമാണ്‌. പതിമൂന്നാം നൂറ്റാണ്ടില്‍ മ്യാന്‍മറില്‍ നിന്നെത്തിയ ഇക്കൂട്ടര്‍ 600- വര്‍ഷത്തോളം ആസാമിന്റെ ഭരണസിംഹാസനം നിയന്ത്രിച്ചു. മുഗള്‍ അധിനിവേശത്തെ ചെറുത്തു തോല്‍പിച്ച ഒഹം രാജവംശം, ആസാം ചരിത്ര നിര്‍മിതിയില്‍ നിസ്സീമമായ പങ്കു വഹിച്ചു. ഇവര്‍ക്ക്‌ പുറമേ ഈസ്റ്റ്‌ ബംഗാളില്‍ (ബംഗ്ലാദേശ്‌) നിന്നും വന്‍തോതില്‍ കുടിയേറ്റം നടന്നു. അവിഭക്ത ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്റെ സുഗമമായ നടത്തിപ്പിന്‌ 1905-ല്‍ കേഴ്‌സണ്‍ പ്രഭു ബംഗാള്‍ രണ്ടായി വിഭജിച്ചു, ഈസ്റ്റും വെസ്റ്റും. ഈസ്റ്റ്‌ ബംഗാളിനെ ബംഗാളി സ്വാധീനത്തില്‍ നിന്ന്‌ വേര്‍പ്പെടുത്താനായി ആസാമുമായി ലയിപ്പിച്ചു. അങ്ങനെ ആ ഭരണത്തിന് കീഴില്‍ തൊഴിലാവശ്യാര്‍ഥം പലായനം നടന്നത്‌ തികച്ചും സ്വാഭാവികം മാത്രം.

എന്‍ ആര്‍ സി – പശ്ചാത്തലം

ഭൂരിപക്ഷം വരുന്ന, മാതൃഭാഷയായി ആസാമീസിനെ സ്വീകരിക്കുന്ന ഒരു പറ്റം ജനത അന്യദേശക്കാരെന്ന്‌ അവര്‍ വിശ്വസിക്കുന്ന ബംഗാളി ജനവിഭാഗത്തിന്റെ കുടിയേറ്റത്തെ ഏറെ ഭയപ്പാടോടെയാണ്‌ സമീപിച്ചത്‌. ഈ ഭയാശങ്കയില്‍ നിന്ന്‌ ഉയിര്‍കൊണ്ട്‌ ഇന്ന്‌ ആസാം രാഷ്ട്രീയത്തില്‍ കാര്യമായ പങ്കുവഹിക്കുന്ന വിദ്യാര്‍ഥി സംഘടനയാണ്‌ ആസു (AASU).
ബംഗാളി കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ത്ത്‌ തോല്‍പിക്കാന്‍ ആസാമിലാകെ അരങ്ങേറിയ പ്രക്ഷോഭമാണ്‌ ആസാം മൂവ്‌മെന്റ്‌ (1979-1985). രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തില്‍ ആസാം കരാര്‍ എന്ന ത്രികക്ഷി ഉടമ്പടി (ആസാം സര്‍ക്കാര്‍-ഇന്ത്യന്‍ സര്‍ക്കാര്‍-ആസു) നിലവില്‍ വന്നു. ആസാം പ്രക്ഷോഭ കാലത്ത്‌ ബംഗാളി അസ്‌തിത്തമുള്ളവരെ തിരഞ്ഞ്‌ പിടിച്ച അക്രമിക്കുന്നത്‌ സര്‍വ്വസാധാരണമായിത്തീര്‍ന്നു. അത്തരമൊരു സംഘടിത ആക്രമണമാണ്‌ 1983-ല്‍ അരങ്ങേറിയ നെല്ലി കലാപം (Nellie massacre). കത്തി, മുളവടി തുടങ്ങി കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി കൂടപ്പിറപ്പികളുപോലെ കഴിഞ്ഞവര്‍ നരനായാട്ട്‌ നടത്തിയപ്പോള്‍, ഇരകളായി തീര്‍ന്നത്‌ ഭൂരിപക്ഷം വരുന്ന ബംഗ്ല മുസ്‌ലിംകളാണ്. ആസാം രാഷ്ട്രീയത്തില്‍ ഇതുവരെ പുറത്തുവിടാത്ത മഹാരഹസ്യമാണ്‌ ഈ കലാപത്തെ അധികരിച്ച്‌ നടത്തിയ തിവാരി കമ്മീഷന്‍ റിപ്പോര്‍ട്ട്‌. ഹിതേശ്വര്‍ സാക്കിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അന്നു മുതല്‍ സ്വീകരിച്ച ഗൂഢ നീക്കം ഇന്നും അധികാരത്തിലിരിക്കുന്ന സര്‍ക്കാറുകള്‍ തുടര്‍ന്ന്‌ വരുന്നു. 1985-ല്‍ ആസാം കരാര്‍ ഒപ്പിട്ടതോടെ പ്രസ്‌തുത അക്രമണ പരമ്പരയില്‍ പെട്ട ഒരാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല.

ആസാം മൂവ്‌മെന്റിന് കീഴില്‍ നടന്ന പ്രക്ഷോഭം

പ്രകൃതി വിഭവങ്ങളുടെ മഹാ കലവറയാണ്‌ ആസാം എന്ന തികഞ്ഞ ബോധം ബ്രിട്ടീഷ്‌ ഭരണകര്‍ത്താക്കള്‍ക്ക്‌ ഉണ്ടായിരുന്നു. ഈ ബോധ്യത്തില്‍ നിന്നാണ്‌ സ്വതവേ പണിമുടക്കികളായ തദ്ദേശീയര്‍ക്ക്‌ പകരം സമീപ പ്രദേശത്ത്‌ നിന്നും അധ്വാനശീലരെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ആ ശ്രമം നല്‍കിയ വിജയത്തിന്റെ നിറവിലാണ്‌ വെറും വനമേഖലയും ഹിംസ്ര ജന്തുക്കളും മാത്രം ജീവിച്ചിരുന്ന ഒരു ദേശം വെട്ടിത്തെളിച്ച്‌ കൃഷിയോഗ്യമായത്‌. സ്വാതന്ത്ര്യ പൂര്‍വ ആസാമിലെ പ്രധാനമന്ത്രി സയ്യിദ്‌ മുഹമ്മദ്‌ സഅദുല്ലയും ഈ പലായനത്തിന്‌ പച്ചക്കൊടി വീശിയിരുന്നു. വര്‍ധിച്ചു വരുന്ന ആസാം ജനസംഖ്യയുടെ പശിയടക്കലായിരുന്നു അന്നത്തിനായി വളര്‍ത്തുക (grow for food) എന്ന അദ്ദേഹത്തിന്റെ ആശയത്തിന്‌ പിന്നില്‍.
തങ്ങളുടെ മണ്ണും വിഭവങ്ങളും ആരൊക്കെയോ തട്ടിയെടുക്കുന്നുവെന്ന തദ്ദേശീയരുടെ ഭയത്തില്‍ നിന്ന്‌ ആസാം മൂവ്‌മെന്റ്‌ പോലുള്ള പ്രക്ഷോഭങ്ങള്‍ ഉടലെടുത്തു. താടിയും ലുങ്കിയും കിച്ച്‌ടി ബംഗ്ലയും സംസാരിക്കുന്നവര്‍ ആരംഭം തൊട്ടേ ഇവിടെ കണ്ണിലെ കരടാണ്‌. ആസാം സ്വദേശികള്‍ എന്ന വികാരത്തെ ആവോളം മനസ്സില്‍ താലോലിക്കുന്നവരെ മതത്തിന്റെ പേര്‌ പറഞ്ഞ്‌ വഴിതെറ്റിക്കാനുള്ള ശ്രമം അരങ്ങില്‍ സജീവമാണ്‌.

സയ്ദ് മുഹമ്മദ് സഅദുള്ള

പൗരത്വ ഭേദഗതി ബില്‍ 2016 (Citizenship Amendment Act 2016) കഴിഞ്ഞ മോദി സര്‍ക്കാറിന്റെ കാലത്ത്‌ രാജ്യസഭയില്‍ പാസായില്ല. അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്‌, നേപ്പാള്‍ തുടങ്ങി അയല്‍ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലെത്തുന്ന മുസ്‌ലിംകളൊഴികെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കുന്നതാണ്‌ ഈ ബില്‍. ആസാം എന്‍ ആര്‍ സിയുടെ അടിസ്ഥാനമായ 1955-ലെ പൗരത്വ നിയമത്തിലാണ്‌ (Citizenship Act 1955) ഈ ഭേദഗതി കടക്കല്‍ കത്തി വെക്കുന്നത്‌. 2019 ലോകസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ ഈ ബില്‍ പാസാക്കാനുള്ള ശ്രമം നടന്നുവെങ്കിലും പാര്‍ലിമെന്റനകത്തും പുറത്തുമുള്ള ശക്തമായ പ്രതിഷേധങ്ങള്‍ ഈ നീക്കത്തെ തടഞ്ഞു. ബിജെപി സഖ്യകക്ഷിയായ ആസാം ഗണ പരിഷത്ത്‌ (AGP) ബന്ധം വിഛേദിച്ചു. അങ്ങനെ പാര്‍ലിമെന്റില്‍ പാസാകാതെ വന്നതോടെ തിരഞ്ഞെടുപ്പില്‍ വീണ്ടും കീരിയും പാമ്പും ഒന്നായി. മോദി 2.0 ഭരണത്തിലെത്തി ഏതാനും ദിവസങ്ങള്‍ങ്ങള്‍ക്കുള്ളില്‍ 2014- ലെ തിരഞ്ഞെടുപ്പ്‌ വാഗ്‌ദാനം പാലിക്കുമെന്നായി ദേശീയ അധ്യക്ഷന്‍.

ജൂലൈ 31- ന്‌ പുതിയ എന്‍ ആര്‍ സി പട്ടിക പുറത്തുവന്നാല്‍ തുലാസിലാടുന്നതാണ്‌ ഓരോ ജീവിതങ്ങളും ഈ ബില്ലിന്റെ ഭാവിയും.

എന്ത്‌? എങ്ങനെ 41 ലക്ഷം?

2018 ഡിസംബറില്‍ പുറത്തുവന്ന ആദ്യ കരട്‌ എന്‍ ആര്‍ സി-യില്‍ പുറത്തായത്‌ 40 ലക്ഷം പേര്‍. ഈ ജൂണില്‍ തിരുത്തലുകള്‍ക്ക്‌ ശേഷം പുറത്തായത്‌ വീണ്ടും ഒരു ലക്ഷത്തിലധികം പേര്‍. പിറന്നു വീണ മണ്ണില്‍ ഒരു സുപ്രഭാതത്തില്‍ മേല്‍വിലാസം നഷ്ടപ്പെടുന്നവര്‍. ഈ പുറത്താകുന്നവരുടെ സ്ഥിതിഗതികള്‍ പരിശോധിച്ചാല്‍ ചില വേളകളില്‍ തമാശ തോന്നും, ഉദ്യോഗസ്ഥ അനാസ്ഥയുടെ നേര്‍ചിത്രങ്ങള്‍. 1951- ല്‍ നടന്ന എന്‍ എര്‍ സിയിലോ അല്ലെങ്കില്‍ 1971 മാര്‍ച്ച്‌ 24 – ന്‌ മുമ്പ്‌ സര്‍ക്കാര്‍ അംഗീകൃത വല്ല രേഖകളിലോ തന്റെയോ മുന്‍ഗാമികളുടേയോ പേരുണ്ടെങ്കില്‍ പുതിയ പട്ടികയില്‍ പേര്‌ വരാന്‍ അയാള്‍ അര്‍ഹനാണ്‌. ഇവിടെ ഒരു കുടുംബത്തിലെ പിതാവ്‌ വന്നാല്‍ അതേ പിതാവിന്റെ മക്കളിലൊരാള്‍ ഇല്ലാതാവുന്നു, പേരക്കുട്ടികള്‍ സ്ഥാനം പിടിക്കുന്ന പട്ടികയില്‍ തങ്ങള്‍ പാരമ്പര്യം തെളിയിക്കാന്‍ അവലംബിച്ച പിതാമഹന്‍ കാണാതാവുന്നു. കരുതിക്കൂട്ടി ആരൊക്കെയോ പടച്ചെഴുതുന്ന കഥ പോലെ അങ്ങനെ നീളുന്നു. മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ട ഒരു ഏഴുവയസ്സുകാരി പട്ടികയില്‍ നിന്ന് പുറത്തായത് കഴിഞ്ഞ മാസമാണ്.

ഇനി രേഖകളുടെ കാര്യം. നൂറ്‌ ശതമാനം രേഖകള്‍ മാത്രം അംഗീകാരം നല്‍കുന്നുവെന്നാണ്‌ എന്‍ ആര്‍ സി ഉദ്യോഗസ്ഥരുടെ അവകാശവാദം. ജനന- മരണ രേഖകള്‍ കൃത്യമായി സൂക്ഷിക്കണമെന്ന്‌ അവബോധം ഇല്ലാത്ത ഒരു കൂട്ടം പാവങ്ങള്‍. കുലംകുത്തി ഒഴുകുന്ന ബ്രഹ്മപുത്രയുടെ ഗതിക്കനുസരിച്ച്‌ ജീവിതം മാറി മറിയുന്നവര്‍ക്ക്‌ എവിടെ രേഖകള്‍ കാത്തുവെക്കാന്‍ നേരം. പ്രസ്‌തുത പ്രക്രിയ തുടങ്ങിയത്‌ മുതല്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ കാര്യമായ ബോധവല്‍ക്കരണമൊന്നും നടന്നില്ല എന്നത്‌ മറ്റൊരു സത്യം. ഭൂവിസ്‌തൃതി പോലെ തന്നെ പരന്നു കിടക്കുന്ന ജനസംഖ്യയില്‍ ലോവര്‍ ആസാമിലാണ്‌ കാര്യമായി ബംഗ്ലാദേശി കുടിയേറ്റം നടന്നത്‌. ഇവിടെ ആളുടെ മട്ടും മാതിരിയും നോക്കി പൗരത്വം നല്‍കുന്ന ഉദ്യോഗസ്ഥ വൃന്ദമാണ്‌ എന്‍ ആര്‍ സി ഭാവി നിശ്ചയിക്കുന്നതെങ്കില്‍, ഇതിനെല്ലാത്തിനും മുമ്പേ വിദേശീയരാക്കി തീര്‍ക്കുന്ന മറ്റൊരു വ്യവസ്ഥ കൂടി ഉണ്ട്‌, ഫോറിനേഴ്‌സ്‌ ട്രൈബൂണലും ആസാം ബോര്‍ഡര്‍ ഫോഴ്‌സും. 30-വര്‍ഷത്തോളം രാജ്യസേവനം നടത്തിയ കാര്‍ഗില്‍ പോരാളി മുഹമ്മദ്‌ സനാവുല്ലയെ വിദേശിയെന്ന്‌ മുദ്ര കുത്തി ഫോറിനേഴ്‌സ്‌ ട്രൈബൂണല്‍ ജയിലിലടച്ചത്‌ ഏറെ വാര്‍ത്തയായിരുന്നു. അനേകം ജീവിതങ്ങള്‍ ഇപ്പോഴും അര്‍ദ്ധ ജുഡീഷ്യല്‍ സ്വഭാവമുള്ള ഇത്തരം കോടതി വരാന്തകള്‍ക്ക്‌ മുമ്പില്‍ ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌. മാനുഷിക പരിഗണന തെല്ലും ലഭിക്കാത്ത തടങ്കല്‍ പാളയങ്ങളില്‍ (Detention camps) ഇക്കൂട്ടത്തില്‍ ബഹുഭൂരിപക്ഷവും കഴിച്ചുകൂട്ടേണ്ടി വരുന്നു. നിയമപരിജ്ഞാനവും ജീവിതാനുഭവവും തീരെ കുറഞ്ഞ വിധികര്‍ത്താക്കളും, ഒപ്പം തോന്നിയതു പോലെ മുദ്ര ചാര്‍ത്തി കൊടുക്കുന്ന പോലീസും. 200-ലധികം ഇതേ രീതിയിലുള്ള ട്രൈബൂണലുകള്‍ സ്ഥാപിക്കാനാണ്‌ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ നീക്കം. ആദ്യമേ പുറത്തായ 40- ലക്ഷത്തില്‍ 3-ലക്ഷത്തോളം ഒരു പുനപരിശോധനക്കും അപേക്ഷ നല്‍കാത്തവരാണ്‌. ഇവരും ഇനി പുറത്താകാനുള്ളവരും പിറന്നമണ്ണിന്റെ ഔദാര്യം തേടി കോടതി വരാന്തകള്‍ കയറിയിറങ്ങും അങ്ങനെ അപൂര്‍വ്വം ചില രക്ഷപ്പെടലുകള്‍. അല്ലാത്തവര്‍ ജീവിതാവസാനം വരെ കാലുറപ്പിച്ചു നില്‍ക്കാന്‍ ഇടമില്ലാതെ ഉഴറിയൊടുങ്ങും.

By സാബിത്ത് പൂനത്ത്‌

Lecturer, Darul Huda Off Campus, Assam