സുഡാന്‍ വിപ്ലവത്തിന്റെ ബഹുസ്വരതയും ആഗോള പ്രതിനിധാനവും

സുഡാനിലെ സ്വേഛാധിപതി ഒമർ അൽ ബഷീറിന്റെ ഭരണാന്ത്യത്തിന്‌ ശേഷവും സുഡാനിലെ ഖർത്തൂമിൽ തമ്പടിച്ച, മിലിട്ടറി ഭരണാസ്തമയത്തിനായി ഒരുമിച്ചു കൂടിയ പ്രക്ഷോഭകാരികളെയാണ്‌ അതിഭീകരമായ രീതിയിൽ ഇക്കഴിഞ്ഞ ജൂൺ 3ന് സൈനൃം കൊന്നു തള്ളിയത്. സ്വേഛാധിപതി ബഷീറിന്റെ 30 വർഷത്തെ കിരാത ഭരണത്തിന് വിരാമം കുറിച്ചത് വിദൃാർത്ഥികളടക്കമുള്ള യുവജനമുന്നേറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന അഹിംസാ വിപ്ലവ(Non- Violence)മായിരുന്നു. 1964 ലെയും 1985 ലെയും വിപ്ലവാനന്തര അനുഭവങ്ങൾ -വിപ്ലവാനന്തരം മിലിട്ടറി പ്രതി വിപ്ലവം (Counter Revolution) നടത്തി അധികാരം കയ്യാളുകയാണുണ്ടായത്‌- കണക്കിലെടുത്താണ് പ്രക്ഷോഭകാരികള്‍ മിലിട്ട്റി റൂളിന്റെ അന്ത്യത്തിനായി കാത്തിരിക്കുന്നത്.

ഒമര്‍ അല്‍ ബഷീര്‍

സുഡാനിൽ സംഭവിച്ച/സംഭവിച്ചു കൊണ്ടിരിക്കുന്ന സിവിൽ യുദ്ധങ്ങള്‍,വിപ്ലവങ്ങൾ തുടങ്ങിയ സാമൂഹൃ- രാഷ്ട്രീയ ചലനങ്ങളെല്ലാം ലോകരാഷ്ട്രങ്ങളെ സ്വാധീനിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യാറുണ്ട്‌. അമേരിക്ക, ഇസ്രയേൽ തുടങ്ങിയ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ വളരെ ആസൂത്രിതമായി ‘മീഡിൽ ഈസ്റ്റ്’ ഭൂപ്രദേശവും അനുബന്ധ പ്രദേശങ്ങളും തങ്ങൾക്കിഷ്ടപ്പെടുന്ന രീതിയിൽ രൂപപ്പെടുത്തണമെന്ന നിര്‍ബന്ധബുദ്ധിയുള്ളവരാണ്.

വിപ്ലവം

വൈവിധൃപൂർണ്ണമായ വിപ്ലവ- വിമോചന ഭാവനകൾ പേറുന്നവരാണ് ഖർത്തൂമിന്റെ തെരുവിൽ തടിച്ചുകൂടിയിരുന്നത്. സുഡാനിൽ ജീവിക്കുന്ന നാനാ മത- വംശ വിഭാഗങ്ങൾ സമരരംഗത്ത് സജീവസാന്നിധൃമാണ്. കാലങ്ങളായി രാജൃത്തെ അധികാര സ്ഥാനങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട, അവകാശങ്ങൾ നിഷേധിക്കപ്പെട്ട വിവിധ വംശങ്ങൾ വിപ്ലവ രംഗത്തുണ്ട്‌. സുഡാൻ വിപ്ലവത്തിലെ വളരെ വിസിബിളായ സ്ത്രീസാന്നിധൃം ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഒമർ ബഷീറിനെതിരെ ശക്തമായ ഭാഷയിൽ വിപ്ലവധ്വനി മുഴക്കുന്ന അലാ സലാഹെന്ന 22കാരി യുവതിയെയാണ് സുഡാൻ വിപ്ലവത്തിന്റെ ഐക്കൺ ഇമേജായി ലോകം വിശേഷിപ്പിക്കുന്നത്.

1964 ,1985 വിപ്ലവങ്ങൾ പ്രധാനമായും നഗര- പുരുഷ കേന്ദ്രീകൃതമായ ഇടങ്ങളിൽ നിന്ന്, നിശ്ചിത ഐഡിയോളജി ബൗണ്ടറിക്കുള്ളിൽ നിന്നും രൂപപ്പെട്ടവയായിരുന്നു എന്നാണ് ബ്രിട്ടീഷ്‌- സുഡാൻ ഡെവലെപ്പ്മെന്റ് പ്രാക്ടീഷണറായ ഖുലൂദ് ഖൈർ നിരീക്ഷിക്കുന്നത്. വിവിധ മത-വംശ ആശയധാരകളിലുള്ള വിപ്ലവ- വിമോചന സ്വപ്നങ്ങളെ/ബോധൃങ്ങളെ ഉൾക്കൊള്ളാവാനാത്ത, മൾട്ടി കൾച്ചറൽ അല്ലാത്ത വിപ്ലവങ്ങളായിരുന്നു എന്നതാണ്‌ അവ പരാജയപ്പെടാനുള്ള മുഖൃ കാരണങ്ങളിലൊന്ന് എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഇത്തവണത്തെ വിപ്ലവശ്രമങ്ങൾ പ്രാധാന്യമര്‍ഹിക്കുന്നത്‌ ഈയർത്ഥത്തിൽ വിഭിന്നമായ വംശ-മത- ലിംഗ പങ്കാളിത്തം കൊണ്ടു തന്നെയാണ്.

സുഡാനും ഇസ്‌ലാമിസ്റ്റുകളും

സുഡാനിലെ ഇസ്‌ലാമിസ്റ്റുകളുടെ വിപ്ലവത്തോടുള്ള പ്രതികരണങ്ങൾ ആദൃഘട്ടത്തിൽ നിഷേധാത്മകമായിരുന്നു. ബഷീറിന്റെ ഭരണത്തോട് അനുകൂല നിലപാടാണ് ഇസ്‌ലാമിസ്റ്റുകൾ സ്വീകരിച്ചിരുന്നത്. ബഷീറിന്റെ സ്ഥാനഭ്രഷ്ടിനു ശേഷം ഇസ്‌ലാമിസ്റ്റുകളും ഖർത്തൂമിന്റെ തെരുവിൽ സംഘടിച്ചിരുന്നു. പ്രക്ഷോഭകാരികളിൽ നിന്ന് അങ്ങിങ്ങായി
ഇസ്‌ലാമിസ്റ്റ് വിരുദ്ദ മുദ്രാവാകൃങ്ങളും ഉയർന്നു കേള്‍ക്കാറുണ്ട്.
ഇസ്‌ലാമിസ്റ്റുകളെ സംബന്ധിച്ചെടുത്തോളം പ്രസ്തുത വിപ്ലവ ജ്വാലകളും പ്രതിഷേധങ്ങളും സ്വന്തം പ്രവർത്തനമണ്ഡലങ്ങളെയും നയനിലപാടുകളെയും പുനപരിശോധിക്കാനുള്ള ഒരവസരമാണ്.

ലോക രാഷ്ട്രീയത്തിൽ, നവ ലോക സാഹചരൃത്തിൽ സുഡാൻ വിപ്ലവം പ്രസക്തമാവുന്നത് പരമ്പരാഗതമായ പല ബോധങ്ങളെയും ധാരണകളെയും നിഗ്രഹിക്കുന്നതിനാലാണ്.

പ്രത്യേകിച്ച്‌ ലോകത്ത് ശരിതെറ്റുകൾ നിർണ്ണയിക്കുന്ന സകല പുരോഗമന ചിന്തകളുടെയും കര്‍തൃത്വം ഏറ്റെടുക്കാറുള്ള, വിപ്ലവങ്ങളുടെ കുത്തകാവകാശം പാടിപ്പറയാറുള്ള യൂറോ – പാശ്ചതൃ കേന്ദ്രീകൃതമല്ലാത്ത ഒന്നാണിത്. ലോക ചരിത്രത്തിലെ അറിയപ്പെടുന്ന വിപ്ലവങ്ങളെല്ലാം യൂറോ- പാശ്ചാതൃ കേന്ദ്രീകൃതമാണ്. ഫ്രഞ്ച്‌ വിപ്ലവം, അമേരി്ക്കൻ വിപ്ലവം തുടങ്ങിയവയെല്ലാം ഇത്തരമൊരു Empirical Space ൽ നിന്നും സംഭവിച്ചതാണ്. എന്നാൽ സുഡാൻ വിപ്ലവം നടക്കുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലും.

ഇറാൻ വിപ്ലവാനന്തരം ലോകവിപ്ലവ ചരിത്രത്തിലും, ആഗോള രാഷ്ട്രീയത്തിലും വന്നുകൂടിയ സ്ഥിതിഭേദങ്ങളെ മുൻനിർത്തി പോസ്റ്റ് കൊളോണിയൽ ചിന്തകനായ ഹാമിദ് ദബാശി അൽ ജസീറയിൽ എഴുതിയ ‘ The last total revolution turns 40 ‘ എന്ന ലേഖനത്തിൽ അദ്ദേഹം വൃതിരക്തമായ ചില അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്. 1977-79 ലെ ഇറാൻ വിപ്ലവത്തിനു ശേഷം ഇറാനിൽ തന്നെ നടന്ന ഗ്രീൻ മൂവ്മെന്റ് (2009), അറബ് വിപ്ലവം
(2010-2011) എന്നിവയൊക്കെ ലോകരാഷ്ട്രീയത്തിന്റെ ശരി / തെ്റ്റുകൾ നിർണ്ണയിക്കുന്ന കേന്ദ്രം പാശ്ചാത്യമാണെന്ന(Western) മിഥൃാ സങ്കല്‍പ്പത്തെത്തന്നെ തിരുത്തിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇപ്പോൾ സുഡാനിൽ നടക്കുന്ന വിപ്ലവപ്രക്ഷോഭങ്ങളും ഈയൊരു വാദഗതിയെ ബലപ്പെടുത്തുന്നതും പുതിയ ആഗോള രാഷ്ട്രീയ (Global politics) സാധൃതയെക്കുറിച്ച സൂചനയുമാണ്.

By റിന്‍ഷാദ് .പി

Post Graduate Student, University of Hyderabad