‘ഉണ്ട’ യുടെ ആദ്യം മുതൽ അവസാനം വരെ രണ്ടു ചോദ്യങ്ങൾ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒന്ന് ഉണ്ട എത്തിയോ എന്ന ചോദ്യവും മറ്റേത് മാവോയിസ്റ്റ് എവിടെ എന്ന ചോദ്യവും. പോലീസും മാധ്യമങ്ങളും സർക്കാറും ഒത്തുചേർന്ന് എഴുന്നള്ളിക്കുന്ന മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ചുള്ള കഥകളുടെ പൊള്ളയാണ് ഈ സിനിമ കാണിക്കുന്നത്. ആരാണ് മാവോയിസ്റ്റ് എന്ന് പോലീസുകാർ തന്നെ പരസ്പരം ചോദിക്കുകയാണ്. ചിത്രത്തിൽ ഉടനീളം പലരെയും കഥാപാത്രങ്ങള്‍ മാവോയിസ്റ്റുകളായി ധരിക്കുന്നുണ്ട്‌. ആദിവാസി കുട്ടിയെ, അവന്റെ വൃദ്ധ പിതാവിനെ, ഒപ്പം ഡ്യൂട്ടി നിർവഹിച്ചു കൊണ്ടിരിക്കുന്ന ആദിവാസി സമുദായക്കാരനായ പോലീസുകാരനെ പോലും ഒരു മാവോയിസ്റ്റ് ചുവ നൽകാൻ ശ്രമം ഉണ്ടായിട്ടുണ്ട്.

പോലീസ് ഭാഷ്യങ്ങളുടെയും സർക്കാർ മാധ്യമ സംവിധാനങ്ങളുടെയും ട്രാക്കിലൂടെ കെട്ടിവലിക്കപ്പെട്ട ഒരു സിനിമയല്ല “ഉണ്ട” എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത.

സിനിമയില്‍ തന്നെ പരിചയപ്പെടുത്തുന്ന പ്രകാരം കേരളത്തിന്റെയത്രയോ അതില്‍ കൂടുതലോ ഭൂവിസ്തീര്‍ണമുള്ള ബസ്തറിലെ, വിവിധ പോളിങ് ബൂത്തുകളിലേക്ക് കാവല്‍ നില്‍ക്കാനാണ് ഈ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. നിലവില്‍ ചത്തീസ്ഖഢിലെ ഏറ്റവും സൈനികരെ വിന്യസിച്ചിട്ടുള്ള മേഖലയാണവിടം. 2014 ല്‍ 14 സി ആര്‍ പി എഫ് ജവാന്മാരെ ബസ്തറില്‍ മാവോയിസ്റ്റുകളാല്‍ കൊല്ലപ്പെട്ടതിന് ശേഷം പതിനായിരക്കണക്കിന് സൈനികരെയാണ് കേന്ദ്ര സര്‍ക്കാര്‍ ആ മേഖലയില്‍ വിന്യസിച്ചത്. അത്തരമൊരിടത്തേക്ക് വേണ്ടത്ര പ്രതിരോധ ഉപകരണങ്ങളോ സുരക്ഷാ സന്നാഹങ്ങളോ ഒന്നും ഇല്ലാത്ത ഒരിക്കല്‍ പോലും തോക്കെടുത്ത് വെടിവെച്ചിട്ടില്ലാത്തവരടങ്ങുന്ന 9 പേരടങ്ങുന്ന പോലീസ് സംഘത്തിന് ഏല്‍പ്പിക്കപ്പെട്ട പോളിങ് ബൂത്ത് ഏറ്റവും അപകടം നിറഞ്ഞ ഒരു പ്രദേശത്തേതാവുന്നതാണ് ‘ഉണ്ട’യുടെ കഥാമുന്നേറ്റത്തിന് മുതല്‍ക്കൂട്ടാവുന്ന ഘടകം.

ഛത്തീസ്ഗഢില്‍ ഇലക്ഷൻ ഡ്യുട്ടിക്ക് വന്ന പോലീസുകാരുടെ മാവോയിസ്‌റ്റുകളുമായി ബന്ധപ്പെട്ട കഥ പറയുക മാത്രമല്ല ഉണ്ട നിർവഹിക്കുന്നത്. മറ്റൊരുപാട് ഇടപെടലുകളുടെയും ബന്ധങ്ങളുടെയും നിറവും കനവുമുള്ള വർത്തമാനങ്ങൾ ഉണ്ടയിൽ ചിത്രീകരിച്ചിട്ടുണ്ട്. അതിൽ പ്രധാനമാണ് ജോലിയിൽ എപ്പോഴും നല്ല പ്രതിബദ്ധത കാണിക്കുന്ന ആദിവാസിയായ പോലീസ് ഉദ്യോഗസ്ഥന് നേരിടേണ്ടി വരുന്ന ജാതി അധിക്ഷേപവും അതിനോടുള്ള പ്രതികരണവും. നിലവിൽ ഇത്തരം ജാത്യാധിക്ഷേപങ്ങൾ നിറഞ്ഞു നിൽക്കുന്ന പരിസരങ്ങളാണ് നമ്മുടെ തൊഴിൽ മേഖലകൾ.

തമാശയിലും ഉണ്ടയിലും

തീർത്തും ഒരു അധ്യാപകന്റെ കഥ പറയുന്ന ‘തമാശ’ യിലും, ‘ഉണ്ട’ യിലും സമാനമായ ചില പ്രതികരണങ്ങൾ ഉണ്ട്. അത് അധിക്ഷേപത്തോടുള്ള പ്രതികരണമാണ്. ശാരീരികമോ / ജന്മം കൊണ്ടോ ഉള്ള സവിശേഷതകള്‍ക്ക് മേല്‍ മറ്റുള്ളവർ ഉയർത്തുന്ന അധിക്ഷേപങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നതല്ല ഇരു ചിത്രങ്ങളും കാണിച്ചുതരുന്നത്. മറിച്ച്, അവർ തമാശ ആസ്വദിക്കട്ടെ പ്രതികരിക്കുന്നത് ശരിയല്ല എന്ന ബോധത്തെയാണ് ഇരു ചിത്രങ്ങളും തിരുത്തുന്നത്. ശാരീരികമായി പരിഹസിക്കുമ്പോൾ ഫേസ്ബുക്കിൽ നിന്നും തങ്ങളുടെ ചിത്രം ഡിലീറ്റ് ചെയ്യാതിരിക്കാൻ അല്ലെങ്കിൽ അതുവഴി മാപ്പുസാക്ഷിത്വമാകാതിരിക്കാൻ ‘തമാശ’ പറഞ്ഞപ്പോൾ ജാതി അധിക്ഷേപം കാരണം ജോലിയിൽ നിന്ന് തന്നെ മാറി നിൽക്കാൻ ശ്രമിക്കുന്ന പോലീസുകാരനെ ഉറപ്പിച്ചു നിർത്താൻ ‘ഉണ്ട’യും ശ്രമിക്കുന്നു. ജോലിയിൽ നിന്ന് ഒഴിവായിപ്പോവുക വഴി, അടിയറവ് പറയുന്ന അവസ്ഥയാണ് ഉണ്ടാവുക. വരേണ്യ ഭാവങ്ങൾക്ക് മുൻപിൽ നെഞ്ചുറപ്പോടെ എണീറ്റ് നിൽക്കാനുള്ള പ്രചോദനങ്ങൾ ഈ ചിത്രങ്ങളിൽ നിറച്ചു വെച്ചിട്ടുണ്ട്.

സംവിധായകന്‍ അഷറഫ് ഹംസ

കീഴടങ്ങരുത് എന്നാണു രണ്ടിലും ഉയരുന്ന ഉറച്ച സ്വരം. ഒപ്പം അധിക്ഷേപങ്ങളോട് ശക്തമായി പ്രതികരിക്കണം എന്നുള്ളതും. നീ എന്തിനാണ് മരുന്നിട്ട് കൊടുക്കുന്നത് എന്ന് ചോദിക്കുന്നുണ്ട് ശ്രീനിവാസൻ. അധിക്ഷേപങ്ങൾക്ക് നേരെ നോക്കിയിരിക്കുകയല്ല വേണ്ടത് എന്ന് ചിന്നു അതിനു മറുപടി നൽകുന്നു. ജാതി അധിക്ഷേപം നടത്തുന്ന സീനിയര്‍ പോലീസുകാരനെ ഇടിച്ചു വീഴ്ത്തിക്കൊണ്ടാണ്‌ കൊണ്ടാണ് ഉണ്ടയിൽ പ്രതികരിക്കുന്നത്.

തന്റെ ജീവിതത്തെ നിയന്ത്രിക്കുന്ന വർത്തമാനമാണ് അത്തരം പ്രയോഗങ്ങൾ എന്ന് ഉണ്ടയിലെ ആദിവാസി പോലീസുകാരൻ ബിജുകുമാർ പറയുന്നുണ്ട്. പറയുന്നവർക്കും പരിഹസിക്കുന്നവർക്കും അത് ഒരു ആസ്വാദനം മാത്രമാണ്. പക്ഷെ, അത് അനുഭവിക്കുന്നവരുടെ അടുക്കളകളിലും, ഭക്ഷണതളികകളിലും, വിദ്യാഭ്യാസരംഗത്തും, വസ്ത്ര- പാർപ്പിട അടിസ്ഥാന മേഖലകളിലുമാണ് അതെല്ലാം പതിക്കുന്നത്. ജാതി- തീവ്രവാദ പ്രയോഗങ്ങളാണ് ദളിത് സ്ത്രീകളെ കൂട്ട ബലാൽസംഘം ചെയ്യുന്നതിലേക്കും കത് വ, ആൾക്കൂട്ട ആക്രമണങ്ങളിലേക്കും എത്തിക്കുന്നത്. അതുകൊണ്ട്, അത്തരം പ്രയോഗങ്ങൾ നിസ്സാരമല്ല എന്ന് പറയുന്ന സിനിമ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. അത് ഉണ്ടയാണു. ഉണ്ടയും തമാശയുമാണ്.

ഉണ്ടയിലും വൈറസിലും

ഉണ്ടയിലും വൈറസിലും ഒത്തുവന്ന പ്രധാന വിഷയമുണ്ട്. ഒരു പനിയെ പോലും തീവ്രവാദവുമായി കണ്ണി ചേർക്കാൻ ഉള്ള ശ്രമത്തെയാണ് ‘വൈറസ്’ യാഥാർത്യം അന്വേഷിക്കുന്നതിലൂടെ പരാജയപ്പെടുത്തുന്നത്. സാധാരണ മലയാള ചലച്ചിത്രങ്ങളിൽ മലപ്പുറത്തെയും കത്തിയെയും തീവ്രവാദത്തെയും ഒക്കെ ബന്ധിപ്പിച്ചു കഥകൾ മെനയുന്ന സമ്പ്രദായത്തെയാണ് വൈറസ് തകർക്കാൻ ശ്രമിച്ചത്. ആദിവാസികൾക്കെതിരായ മാവോയിസ്റ്റ് തിയറികളുടെ തൊലി ഒരോന്നായി പൊളിക്കാനാണ് ഉണ്ട ശ്രമിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ കൊണ്ട് പോയ ആദിവാസി ചെറുപ്പക്കാരൻ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതായി പത്രത്തിൽ കാണിക്കുന്നു. മാവോയിസ്റ്റുകളല്ല യഥാർത്ഥ പ്രശ്നം മറിച്ചു രാഷ്ട്രീയ നേതാക്കളാണ് എന്ന തിരിച്ചറിവിലേക്കാണ് ഉണ്ട എത്തുന്നത്.

സിനിമക്ക് പുറത്തുള്ള കോൺസ്പിറസി

സിനിമാലോകം നിർമ്മിച്ചെടുത്ത നിരവധി ചിഹ്നങ്ങളെയും ബോധങ്ങളെയും പൊളിക്കുന്ന സിനിമകളാണ് ഈയിടെ പുറത്തുവരുന്ന നവതരംഗ സിനിമകൾ.

വൈറസിലും തമാശയിലും ഉണ്ടയിലും എല്ലാം അത്തരം അപനിർമ്മാണങ്ങൾ നടക്കുന്നത് ചില വരേണ്യ ചിന്തകള്‍ പേറുന്ന പ്രൊഫൈലുകള്‍ക്ക്‌ സഹിക്കാനാവുന്നില്ല.

അതുകൊണ്ട്‌ കോൺസ്പിരസി ആയുധങ്ങൾ പുറത്തെടുത്ത് തകർക്കാനാണ് അവർ ശ്രമിക്കുന്നത്. അതിനു വേണ്ടി സിനിമകൾക്ക് നേരെ പുതിയ ബ്രാൻഡിങ്ങുകൾ വരെ നൽകുന്നു. മൗദൂദികൾ, ഇസ്‌ലാമിസ്റ്റുകൾ, ഇസ്‌ലാമിക് സംഘികൾ തുടങ്ങിയ പ്രയോഗങ്ങൾ പ്രധാനമായും കടന്നു വരുന്നത് തന്നെ മതേതര- ഇടതുപക്ഷ- വർഗീയ കാഴ്ചപ്പാടുകൾ വെച്ച് പുലർത്തുന്നവരിൽ നിന്നാണ്. ഗെയിൽ സമരം പോലുള്ള പല സമര സാമൂഹിക ഇടപെടലുകളിൽ കേട്ട അതേ ശബ്ദം.

ജീവിച്ചിരിക്കുന്ന പല രാഷ്ട്രീയ നേതാക്കളെയും ‘വൈറസി’ ൽ മഹത്വവത്കരിക്കാതിരുന്നതെന്ത് എന്ന ചോദ്യവും ഉയരുന്നു. പലരിലും ഒരു നിരാശാപടലമായി അത് പടരുമ്പോൾ അതിന്റെ കാരണങ്ങൾ കണ്ടെത്തുന്നതും മേൽ പറഞ്ഞ വിഷയത്തിലാണ്.

സർക്കാറിതര സംവിധാനങ്ങളുടെ ശക്തിയും പൊട്ടൻഷ്യലും ഉപയോഗിച്ച് കൊണ്ട് ‘വൈറസ്’ മാരകമായ ‘നിപ’ യെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ യഥാർത്ഥത്തിലുള്ള ആരോഗ്യ മന്ത്രി ‘കെ കെ ശൈലജ ടീച്ചർ’ ഇപ്പോൾ ഓൺലൈൻ ചികിത്സാ സംവിധാനത്തിന് നേരെ ‘പണം തട്ടിയെടുക്കുന്ന’ സംഘം എന്നൊക്കെ പ്രയോഗിക്കുകയാണ്. ഒരു കാലത്തും സർക്കാരിന് പൂർത്തീകരിക്കാൻ കഴിയാത്ത അത്രയും ഭാരിച്ച ഉത്തരവാദിത്വമായിട്ടും വി കെയർ എന്ന സർക്കാർ പദ്ധതി മതി അതിനെല്ലാം എന്നാണു അവർ പറയാൻ ശ്രമിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ടും ഇത്തരം പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. നിപയുമായി ബന്ധപ്പെട്ട് സിനിമ ആരെയും മഹത്വ വത്കരിക്കാതിരുന്നത് എത്രയും നന്നായി എന്നാണു ഇത് വ്യക്തമാക്കുന്നത്. മഹത്വ വത്കരിച്ചിരുന്നെങ്കിൽ, ഓൺലൈൻ ചികിത്സാ സംവിധാനത്തെ അപഹസിച്ചത് പോലെ പല നിലപാടുകളും പിന്നീട് ഒരു ഭാരമായി സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അനുഭവപ്പെടുമായിരുന്നു. സർക്കാരിന്റെ വി കെയർ പദ്ധതിയെ കുറിച്ച് ജനങ്ങൾ ഒട്ടും കേൾക്കാതിരിക്കുകയും ഫിറോസ് കുന്നംപറമ്പിലിനെ കേൾക്കാത്തവർ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ തന്നെ സർക്കാർ സംവിധാനങ്ങളുടെ നിഷ്ക്രിയത്വമാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നിട്ടും സർക്കാരിതര സംവിധാനങ്ങളിൽ ദുരൂഹത ആരോപിക്കുന്ന അവസ്ഥയാണ് ശൈലജ ടീച്ചർക്കും ഉള്ളത്.

വൈറസിന്റെ തിരക്കഥ കൃത്ത് മുഹ്‌സിൻ പരാരി പറഞ്ഞത് പോലെ നിപ അനുഭവിച്ചവരോടാണ് സിനിമ കണ്ടിറങ്ങുമ്പോൾ ഏറെ ആദരവ് ഉണ്ടാകേണ്ടത്. ഇപ്പോൾ സിനിമ കണ്ടിറങ്ങുമ്പോൾ ഈ സിനിമ പ്രവർത്തകരോട് വലിയ ആദരവ് ഉണ്ടാകുന്നു. സിനിമയെ മംഗളം- മനോരമ സ്റ്റൈൽ പ്രേമ കഥകളിൽ നിന്ന് ലോക നിലവാരത്തിലേക്ക് പിടിച്ചുയർത്തിയതിൽ. മൂല്യമുള്ള സിനിമ എന്താണെന്ന് മലയാളത്തെ പഠിപ്പിച്ചു തുടങ്ങിയതിൽ.

അമീന്‍ വി. ചൂനൂര്‍

Comments