ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ സിവിലിയൻ ഭരണാധികാരി ഡോ. മുഹമ്മദ് മുർസിയുടെ രക്തസാക്ഷിത്വം അറബ് ലോകത്തിലെ ജനാധിപത്യ ക്രമത്തെക്കുറിച്ച് പുനരാലോചനക്ക് കാരണമായി മാറി. അറബ് ജനതയുടെ ജനാധിപത്യവൽക്കരണത്തിനു വേണ്ടി വാശി പിടിക്കുന്നവരെല്ലാം ഈജിപ്തിലെ ഇഖ് വാനുൽ മുസ്‌ലിമൂന്‍ പോലുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് മാത്രം ജനാധിപത്യ പ്രക്രിയ അനുവദിച്ചുകൊടുക്കാറില്ല എന്ന സമകാലിക യാഥാർഥ്യം വ്യക്തമാക്കിത്തരുന്നുണ്ട്.

ഒരു വർഷം നീണ്ടു നിന്ന മൂർസി ഭരണകൂടത്തെ ജനറൽ അബ്ദുൽ ഫത്താഹ് സീസി നിഷ്കാസനം ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഗൗരവകരമായ വിവിധ സാമൂഹിക- രാഷ്‌ട്രീയ സാഹചര്യങ്ങളും കാരണമായിട്ടുണ്ട്. ഫുദൂൽ എന്ന് വിളിക്കപ്പെടുന്ന ഹുസ്നി മുബാറക്കിന്റെ കാലത്തെ ഉദ്യോഗസ്ഥ വൃന്ദവും അനുഭാവികളും മുർസി ഭരണകൂടത്തിന്റെ തകർച്ചയിലും അട്ടിമറിയിലും കാരണമായിട്ടുണ്ട്. മുബാറക് ഘട്ടത്തോട് വിനീതവിധേയത്വവും, ഇഖ് വാൻ വിരുദ്ധതയും മുഖമുദ്രയായിരുന്ന ഈ വിഭാഗം അബ്ദുൽ ഫത്താഹ് സീസിയുടെ അധികാരക്കയ്യേറ്റത്തിന് ദ്രുതഗതിയിൽ സ്വീകാര്യത ലഭിക്കാൻ വഴിയൊരുക്കിക്കൊടുത്തിട്ടുണ്ട്. അറബ് ജനതയിൽ ചരിത്രപരമായി അപ്രമാദിത്വമുള്ള മിലിറ്ററിയുടെ ഭാഗധേയത്തെ അവഗണിച്ചത് മുർസി ഭരണകൂടത്തിന് സംഭവിച്ച പ്രധാന അപാകതകളിലൊന്നാണ്. 1952 മുതൽ 2012 വരെ ഈജിപ്ത് ഭരിച്ച പട്ടാള ഭരണാധികാരികൾ മിലിട്ടറിയുടെ അധികാര കേന്ദ്രങ്ങളിലുള്ള സ്വാധീനം ഊട്ടിയുറപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രിയായി സീസിയെ തെരെഞ്ഞെടുത്ത മുർസി ഭരണകൂടം വിപത്ത് വിളിച്ചു വരുത്തുകയാണുണ്ടായത്. രാഷ്ട്രീയമായ ബഹുസ്വരത നിലനിർത്തുന്നതിന് അതിപ്രധാന ഭരണ തസ്തികളിൽ ഇഖ് വാനിന്നു പുറത്തുള്ളവരുടെ സേവനം നല്ലതാണ് എന്ന ചിന്തയിൽ നിന്നാണ് സീസിയെപ്പോലുള്ളവർക്ക് സുപ്രധാന സ്ഥാനങ്ങൾ നൽകിയത്. വർഷങ്ങളായി ഈജിപ്ഷ്യൻ ജനതയെ അടിച്ചമർത്താൻ ഉപയോഗിച്ച ഭരണഘടനയുടെ ഭേദഗതി പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഭരണഘടനയിൽ ശരീഅത്തിന്റെ സ്ഥാനം പ്രധാന ചർച്ചാ വിഷയമായിരുന്നു. ഭരണഘടനയിലെ ശരീഅത്തിന്റെ മര്‍മ്മപ്രധാനമായ സ്ഥാനത്തിനായുള്ള വാദം മറ്റു പാനലിസ്റ്റുകള്‍ അംഗീകരിച്ചില്ല. ഇത് പിന്നീട് സലഫികളുടെ നിലപാട് മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചു. കൂടാതെ ധൃതി പിടിച്ച നീക്കങ്ങളും ഇഖ് വാനീ- സലഫീ വിഭാഗക്കൾക്ക് പ്രാമുഖ്യം നൽകാൻ ശ്രമിച്ചതും പൊതുജനങ്ങൾക്കിടയിൽ അസ്വസ്ഥതയും സംശയങ്ങളും രൂപപ്പെടാൻ കാരണമായിട്ടുണ്ട്. 1928 മുതൽ പ്രതിപക്ഷ സ്വരമായി ഇഖ് വാൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും വിവിധ ഭരണകൂടങ്ങളുടെ മർദ്ധക നിലപാടുകൾ കാരണം സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്താനോ ദേശീയ തലത്തിൽ ഭരണപരിചയം നേടാനോ ഇഖ് വാനിന് സാധിക്കാതിരുന്നത് മുർസി ഭരണകൂടത്തിന്റെ തീരുമാനങ്ങളിൽ നിഴലിച്ചുകണ്ടു.
ബഹുജന പ്രക്ഷോഭത്തിലൂടെ ഹുസ്നി മുബാറക്കിനെ പുറത്താക്കിയ ഈജിപ്ഷ്യന്‍ സമൂഹം സ്വാഭാവികമായും രാഷ്ട്രത്തിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഇഖ് വാനുൽ മുസ്‌ലിമൂനിനെ തെരഞ്ഞെടുത്തു. വിപ്ലവത്തിനു ശേഷം ജനങ്ങളുടെ പ്രതീക്ഷ വര്‍ദ്ധിക്കുകയും ഫലം വേഗത്തിൽ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുമെന്ന ആശയം മുർസി ഭരണകൂടത്തിന്റെ കാര്യത്തിലും സംഭവിച്ചു. 2012 ജൂൺ മുതല്‍ 2013 ജൂലൈ വരെ ഒരു വർഷമാണ് ഈജിപ്ഷ്യൻ ജനത ഇഖ് വാനിന് ഭരിക്കാൻ അനുവദിച്ചത്.
നിരവധി ആഭ്യന്തര സംഘർഷങ്ങൾക്കിടയിലും മുസ്‌ലിം ലോകത്ത് പുത്തനുണർവ് നല്‍കുന്നതില്‍ അറബ് വസന്തം നൽകിയ പ്രതീക്ഷകൾ നിലനിർത്താൻ മുഹമ്മദ് മുർസി ശ്രമിച്ചിരുന്നു.
സിറിയയുടെ ബശ്ശാറുൽ അസദിനെപ്പോലുള്ള അറബ് ഏകാധിപതികളെയും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലെ പ്രദേശിക സംഘർഷങ്ങളുടെ മൂലകാരണമായ യുഎസ്, ഇസ്രായേൽ ശക്തികളെയും മറ്റ് തത്പര കക്ഷികളെയും പേരെടുത്ത് വിമർശിക്കുന്നതിൽ മുർസി മടി കാണിച്ചില്ല. ഈ രാഷ്ട്രീയ നയവും മുർസി ഗവർമെന്റിന്റെ വിധി നിർണയിക്കുന്നതിൽ ഹേതുവായിട്ടുണ്ട്.

അൽ-അസ്ഹർ യൂണിവേഴ്സിറ്റി,ഗ്രാന്റ് മുഫ്തി പോലുള്ള പ്രധാന സ്ഥാപനങ്ങളും തസ്തികളും സാമ്പ്രദായികമായി ഇഖ് വാൻ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചിരുന്നതിനാൽ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന്റെ ഇഖ് വാൻ വിരുദ്ധ നിലപാട് പട്ടാള അട്ടിമറിക്കു ശേഷമുള്ള പൊതു നിസ്സംഗതക്ക് ചാലകമായി വർത്തിച്ചിട്ടുണ്ട്.
സലഫി പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ നിലപാട് ഈജിപ്ഷ്യൻ രാഷ്ട്രീയ ദുരന്തത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്. റബീ ഇബ്നു ഹാദി ഉമൈർ അൽ- മദ്ഖലി എന്ന സഊദി പണ്ഡിതന്റെ ചിന്തകൾക്ക് ആഴത്തിൽ സ്വാധീനമുള്ള അൽ-ദ അവാ അൽ- സലഫിയ്യ എന്ന പ്രസ്ഥാനം പൊതു രാഷ്ട്രീയ ഇടപെടലുകളിൽ നിന്നകലം പാലിച്ചിരുന്നു. സൗദി ഔദ്യോഗിക പണ്ഡിത സഭയുടെ വീക്ഷണം പോലെ ഭരണാധികാരിക്കെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത് സാമൂഹിക അരാജകത്വം വിളിച്ചു വരുത്തുമെന്നതിനാൽ അറബ് പ്രക്ഷോഭത്തെ വിശിഷ്യാ ഈജിപ്ഷ്യൻ ജനതയുടെ പോരാട്ടങ്ങൾക്കെതിരെയാണ് അവര്‍ നിലപാടെടുത്തത്. എന്നാൽ പ്രതിഷേധം വിജയം കൊള്ളുകയും ഹുസ്നി മുബാറകിന്റെ പതനം സാധ്യമാവുകയും ചെയ്തതതോടെ അൽ-ദഅവാ അൽ-സലഫിയ്യയിലെ ഒരു വിഭാഗത്തിന്റെ ആശീർവാദത്തോടെ അന്നൂർ പാർട്ടി രൂപീകരിക്കപ്പെട്ടു. ആദ്യ പൊതു തെരഞ്ഞെടുപ്പിൽ ഇഖ്‌വാനിനു ശേഷം കൂടുതൽ വോട്ടു ലഭിക്കുന്ന(25%) രണ്ടാമത്തെ പാർട്ടിയായി മാറി. ശേഷം പുതിയ ഭരണകൂടത്തിലെ അധികാര പങ്കാളിത്ത ചർച്ചയിൽ അന്നൂർ പാർട്ടിയുടെ കടും പിടുത്തവും മാതൃസംഘടനയുടെ നേതാവ് ശൈഖ് യാസിർ അൽ-ബുർഹാമിയും അന്നൂർ പാർട്ടി നേതാവ് ശൈഖ് ഇമാദ് അബ്ദുൽ ഗഫ്ഫൂറും തമ്മിലുള്ള അഭിപ്രായ ഭിന്നതയും ഭരണസ്ഥിരതക്ക് കോട്ടം വരുത്തി. അത് ഇഖ്‌വാനുമായുള്ള സഖ്യം ഉപേക്ഷിച്ച് പ്രതിപക്ഷ ചേരിയിൽ ചേർന്ന് ഭരണത്തകർച്ചക്ക് കൂട്ടാന്‍ കാരണമായി. പട്ടാള അട്ടിമറിയെ അനുകൂലിച്ച സലഫികൾ റാബിഅതുൽ അദവിയയിൽ നടന്ന ഇഖ്‌വാനികൾക്കെതിരായ കൂട്ടക്കൊലക്കും പരോക്ഷമായി കാരണക്കാരാണ്. സീസിയുടെ ഭരണകൂടത്തിൽ സഖ്യകക്ഷിയായി മാറിയ അന്നൂർ പാർട്ടിക്ക് അവർ പ്രതീക്ഷിച്ച രാഷ്ട്രീയ പ്രാധാന്യം ലഭിച്ചില്ല എന്നത് വസ്തുതയാണ്. സീസി ഒരേ സമയം ഇഖ്‌വാൻ വിരുദ്ധ നിലപാട് നിലനിർത്തുന്നതിനായി സലഫികളെ ഉപയോഗിക്കുകയും അതേസമയം പൂർണമായ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിക്കുകയാണിപ്പോൾ.

ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതു പോലെ ലോകതലത്തിൽ സീസിക്ക് സ്വീകാര്യത ലഭിച്ചതും ഗൾഫ് രാഷ്ട്രങ്ങളുടെ ഇഖ്‌വാൻ വിരുദ്ധ നിലപാടും US- ഇസ്രായേൽ സാമ്രാജ്യത്വ ശക്തികളുടെ നയതന്ത്രപരമായ സഹകരണവും കാരണം ഇഖ്‌വാനിനെതിരെ എത്ര ക്രൂരമായ നിലപാട് സ്വീകരിച്ചാലും പ്രത്യാഘാതം ഒന്നുമുണ്ടാകുകയില്ല എന്ന വിശ്വാസമാണ് സീസിയെ നയിക്കുന്നത്. 1949 ൽ ഇസ്രായേലിന്റെ അനധികൃത സ്ഥാപനത്തിൽ പ്രതിഷേധിച്ചു അറബ് സൈന്യങ്ങൾക്കൊപ്പം ഇസ്രായേലിനെതിരെ പോരാടാൻ രൂപീകരിച്ച അൽ- നിസാമുൽ ഖാസ് എന്ന സായുധ സംഘടന ഒഴിച്ചു നിർത്തിയാൽ (അതും യുദ്ധ ശേഷം പിരിച്ചുവിടുകയും ചെയ്തിരുന്നു) ഇഖ്‌വാൻ നിരവധി തവണ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്നെതിരെ ആയുധം കയ്യിലെടുത്തിട്ടില്ല.സംഘടനയുടെ സവിശേഷമായ ഈ രാഷ്ട്രീയ നയം ഭാവിയിലും മാറ്റം വരുമെന്ന് കരുതുന്നില്ല.
ഇഖ്‌വാൻ നിരവധി തവണ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്നെതിരെ ആയുധം കയ്യിലെടുത്തിട്ടില്ല.സംഘടനയുടെ സവിശേഷമായ ഈ രാഷ്ട്രീയ നയം ഭാവിയിലും മാറ്റം വരുമെന്ന് കരുതുന്നില്ല.
90 ലേറെ വർഷക്കാലത്തെ പ്രവർത്തന പരിചയമുള്ള ഇഖ്‌വാനുൽ മുസ്‌ലിമൂന്‍ നിരവധി പീഡനങ്ങളെ അതിജയിച്ച ഇസ്‌ലാമിക പ്രസ്ഥാനമാണ്. മുഖ്യധാരാ രാഷ്ട്രീയത്തിൽ സമീപ ഭാവിയിൽ സജീവമാകാൻ സാധിക്കുകയില്ലെങ്കിലും രാഷ്ട്ര ചരിത്രത്തിന്റെ നിർണായക ഘട്ടങ്ങളിലെല്ലാം വ്യക്തമായ മുദ്ര പതിപ്പിച്ച പ്രസ്ഥാനമെന്ന നിലയിൽ ഇഖ്‌വാനുൽ മുസ്‌ലിമൂന്‍ ഉയർന്നു വരുമെന്നത് തീർച്ചയാണ്