ഘര്‍വാപസിയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് ഒരു ഡോക്യുമെന്ററി: എ സെനോഫോബിക് ഹോം, സംവിധായകനുമായി അഭിമുഖം

സ്റ്റേറ്റും അതിന്റെ എല്ലാ സംവിധാനങ്ങളും എത്രത്തോളം ബ്രഹ്മണിക്കലാണെന്നും നീതിന്യായ നിർവഹണത്തിൽ എത്രത്തോളം സെലക്ടീവാണെന്നും തുറന്നുകാട്ടുകയാണ് Ghar Wapsi : Xenophobic home എന്ന ഡോകുമെന്ററിയിലൂടെ ഹാശിർ കെ ചെയ്യുന്നത്. സംഘപരിവാർ രൂപ്പെടുത്തിയെടുത്ത, പിന്നീട് ഇടതുപക്ഷവും മുഖ്യധാരാ സെക്കുലർ ഇടങ്ങളും ഏറ്റെടുത്ത ലൗജിഹാദ് എന്ന (മിഥ്യയായ) വ്യവഹാരത്തിന്റെ മറപിടിച്ചുള്ള ഘർവാപസി എന്ന സംഘപരിവാർ അജണ്ടയുടെ യാഥാർത്ഥ്യത്തിലേക്കും അതിന്റെ അനുഭവ പരിസരത്തേക്കും ഡോകുമെന്ററി സഞ്ചരിക്കുന്നു.

മൂന്ന് ഭാഗങ്ങളായി തിരിച്ച ഡോകുമെന്ററിയുടെ ഒന്നാം ഭാഗം തൃപ്പൂണിത്തുറയിലെ ഘർവാപസി കേന്ദ്രമായ യോഗ സെന്ററിന്റെയും അതിന്റെയുള്ളിലെ പീഡന മുറകളെയും അവകാശ ലംഘനങ്ങളേയും കുറിച്ചാണ് സംസാരിക്കുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ട ഒരു പെൺകുട്ടിയുടെ അനുഭവ വിവരണം Right to choose എന്ന ഭരണഘടനാപരമായ മൗലികാവകാശത്തെ പരസ്യമായും രഹസ്യമായും ലംഘിക്കുപ്പെടുന്ന അവസ്ഥയെ കാണിച്ചു തരുന്നു. ഡോകുമെന്ററിയുടെ ഒന്നാം ഭാഗത്തിൽ തന്നെ, ഡോ. ഹാദിയ തന്റെ അനുഭവവും പറയുന്നുണ്ട്.
സ്റ്റേറ്റും ജുഡീഷ്യറിയും പോലീസും സ്വന്തം ഇഷ്ടപ്രകാരമുള്ള തെരെഞ്ഞെടുപ്പുകളെ റദ്ദ് ചെയ്യുക, മാധ്യമപ്രവർത്തകർക്ക് അടക്കം പ്രവേശനം നിഷേധിച്ച വീട്ടിൽ സംഘപരിവാറിന്റെ നേതാക്കൾ എത്തി മനംമാറ്റാൻ ശ്രമിക്കുക, സ്വകാര്യത പോലും നിഷേധിക്കുന്ന പോലീസ് ഇടപെടലുകൾ തുടങ്ങി എല്ലാ തരത്തിലും ഒരു മുസ്‌ലിമിന്റെ ജീവിത വ്യവഹാരത്തെയും സ്വയം തെരെഞ്ഞെടുപ്പുകളെയും പല വിധേനയും റദ്ദ് ചെയ്യാനാണ് ഹാദിയ കേസിലൂടെ ശ്രമിച്ചത്. തൃപ്പൂണിത്തുറ യോഗാ സെന്ററിനെ കുറിച്ച് ധാരാളം വെളിപ്പെടുത്തലുകൾ വന്നെങ്കിലും ഭരണകൂടം നിസ്സംഗതയാണ്‌ തുടർന്നത്.

നജ്മല്‍ ബാബു

രണ്ടാം ഭാഗത്തിൽ മയ്യത്തുകളെ കുറിച്ചാണ് ഡോകുമെന്ററി സംസാരിക്കുന്നത്. മുസ്‌ലിമാവുക എന്നതും മുസ്‌ലിമായി മരിക്കുക എന്നതും ഒരു വ്യക്തിയുടെ തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നിലനിൽക്കെ മരണാനന്തരമുള്ള ഘർവാപസിയെ ഡോകുമെന്ററി ചോദ്യം ചെയ്യുന്നു. ഇസ്‌ലാം സ്വീകരിച്ച നജ്മൽ ബാബുവിന്റെ മയ്യത്ത് ചേരമാൻ പള്ളിയിൽ ഖബറടക്കണം എന്ന തന്റെ അഭിലാശത്തെ ഭരണകൂടത്തെ കൂടി ഉപയോഗപ്പെടുത്തി ബ്രാഹ്മണാധികാരം നിഷേധിക്കുകയാണ് ഉണ്ടായത്. ‘ബ്രാഹ്മണിക്കൽ യുക്തിവാദികളും’ ഇടതുപക്ഷവും സ്റ്റേറ്റിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സംഘപരിവാർ അജണ്ടയെ നടപ്പിലാക്കുകയാണ് ഉണ്ടായത്. മയ്യത്തിനെ ഖബറടക്കാതെ കത്തിച്ചു കളഞ്ഞ അവരുടെ മുസ്‌ലിം വിരുദ്ധതാഘോഷത്തോട് ഡോകുമെന്ററി സംവാദിക്കുന്നുണ്ട്. സൈമൺമാസഷിനോടും അദ്ദേഹത്തിന്റെ മരണാനന്തരം കാണിച്ച അനീതിയും ചർച്ച ചെയ്യുന്നു.

മൂന്നാം ഭാഗത്തിൽ ഘർവാപസിയുടെ രാഷ്ട്രീയമാണ് വിഷയമാകുന്നത്. ഹിന്ദുത്വത്തിൽ നിന്ന് പുറത്തുകടന്ന സവർണരെ മാത്രമല്ല, ദളിത്, കീഴാളരെയും ഘർവാപസിക്ക് വിധേയമാക്കുന്നുണ്ട്. ഇസ്‌ലാം സ്വീകരിച്ച അസ്മാ നസ്രിൻ താൻ നേരിട്ട ഭീക്ഷണികളേയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കവെ, ‘നീ ദളിതായാൽ പോലും നിന്റെ ശവശരീരം ഹിന്ദു ആചാര പ്രകാരം കത്തിക്കുമെന്നും’ കൊന്നുകളയുമെന്നൊക്കെയുള്ള ഭീഷണി അനുഭവങ്ങളെയും പങ്ക് വെക്കുന്നു. സർക്കാർ സ്ഥാപനങ്ങൾ പോലും സംഘപരിവാറിന്റെ അജണ്ടകളെ നടപ്പിലാക്കുന്നുവെന്ന് ഡോകുമെന്ററി വ്യക്തമാക്കുന്നു.

ഘർവാപസിയെന്നാൽ വീട്ടിലേക്കുള്ള മടങ്ങിപ്പൊക്കിനെയാണ് കുറിക്കുന്നതെങ്കിൽ വീട് ഇല്ലാത്തവൻ ബ്രാഹ്മണിക്കൽ പവറിനോട് വിരുദ്ധമായി നിലകൊണ്ട ദളിത്, കീഴാളർ പോലെയുള്ളവർ ഏത് വീട്ടിലേക്കാണ് മടങ്ങി ചെല്ലേണ്ടത് എന്ന് ഡോകുമെന്ററി ചോദിക്കുന്നു.

ഘർവാപസി എന്നത് ബ്രാഹ്മണ്യത്തിലേക്കുള്ള തിരിച്ചുപോക്കിനെയാണ്‌ കുറിക്കുന്നത്. എന്നാൽ ദളിത്, കീഴാളർ വിഭാഗങ്ങൾ ഏത് വീട്ടിലേക്കാണ് തിരികെ പോകേണ്ടത് ?

ഷബ്‌ന സിയാദ്‌

മുസ്‌ലിംകളോടുള്ള വംശീയതയാണ് ഇസ്‌ലാമോഫോബിയ എന്ന് നിരീക്ഷിക്കപെട്ടിട്ടുണ്ട്. കേരളത്തിലാണ് ലൗജിഹാദ് എന്ന കെട്ടുകഥ ആദ്യമായി രൂപം കൊള്ളുന്നത്. ഘർവാപസിയെ കുറിച്ചും യോഗ സെന്ററിനെ കുറിച്ചും ആദ്യമായി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകയായ ശബ്നാ സിയാദിനെതിരെ വലിയ അളവിൽ തന്നെ സോഷ്യൽ മീഡിയ കാമ്പയിൻ നടന്നിരുന്നു എന്നും ഭീക്ഷണികളെ അഭിമുഖീകരിക്കേണ്ടി വന്നു എന്നും ഡോകുമെന്ററിയിൽ ശബ്ന സിയാദ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഹാദിയ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തതും ശബ്നയാണ്. അതിനാൽ തന്നെ തനിക്കെതിരെ നടന്നു കൊണ്ടിരുന്ന കാമ്പയിനിന്‌ ശക്തികൂടിയതായും ശബ്ന പറയുന്നുണ്ട്. പൗരാവകാശം സംരക്ഷിക്കേണ്ട സ്റ്റേറ്റും ജുഡീഷ്യറിയും പോലീസും മുസ്‌ലീം ശരീരങ്ങളോട് കാണിക്കുന്ന വംശീയതയെ വസ്തുനിഷ്ഠമായി ചോദ്യം ചെയ്യാന്‍ Ghar Wapsi : Xenophobic Home എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞിട്ടുണ്ട്.

ഡോക്യുമെന്ററി സംവിധായകന്‍ ഹാഷിര്‍ .കെ സംസാരിക്കുന്നു..

ഡോകുമെന്ററി നിർമാണവുമായി ബന്ധപ്പെട്ട് അവലംബിച്ച മാര്ഗങ്ങളെക്കുറിച്ചും വിവരശേഖരണത്തെക്കുറിചും

സോളിഡാരിറ്റി സംസ്ഥാന സമിതി കൂടിയാലോചിച്ച് ഘര്‍വാപസിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും അതിന് വേണ്ടി എന്നെ സമീപിക്കുകയുമായിരുന്നു. പ്രാഥമികമായി, നമുക്കെല്ലാം അറിയുന്ന പോലെ, തൃപ്പൂണിത്തുറ ഘര്‍വാപസി പീഡന കേന്ദ്രത്തിന്റെ വാര്‍ത്ത പുറംലോകത്തെത്തിച്ച മീഡിയ വണിലെ റിപ്പോര്‍ട്ടര്‍ ഷബ്‌ന സിയാദിനെ ബന്ധപ്പെടുകയും വിവരശേഖരണത്തിന് വേണ്ടി ഷബ്‌ന മുഖേന കൂടുതല്‍ ആളുകളിലേക്ക് എത്തുകയുമാണുണ്ടായത്.

ശ്രദ്ധേയമായ ഒരു കാര്യം, ഇത്തരമൊരു സംഗതിയുടെ ഇരകളാക്കപ്പെട്ട ക്രിസ്ത്യന്‍- ഹിന്ദു സമുദായത്തിലെതടക്കം പത്രപ്രവര്‍ത്തകരോ മറ്റ് മേഖലകളിലുള്ളതോ ആയ ആളുകളെ ഡോക്യുമെന്ററിയുടെ ഭാഗമായി ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് നമ്മോട് സഹകരിക്കാന്‍ ഭയപ്പെടുന്നതായ ഒരു സ്ഥിതിയാണുണ്ടായത്. തുറന്ന് പറയുന്നതിന്റെ പേരില്‍ പേരില്‍ തങ്ങള്‍ വീണ്ടും അക്രമിക്കപ്പെട്ടേക്കും എന്ന ഭയവും സംഘര്‍ഷങ്ങളും ഉള്ളില്‍ വെച്ച് കൊണ്ടാണ് ഘര്‍വാപസി കേന്ദ്രത്തിലെ ഇരകളടങ്ങുന്ന ആ മനുഷ്യര്‍ ജീവിക്കുന്നത്. യഥാര്‍ഥത്തില്‍ നമ്മുടെയൊരു പരിമിതിയാണിവിടെ വ്യക്തമാവുന്നത്, സംഘപരിവാര്‍ ഫാഷിസത്തിന്റെ ഇരകള്‍ ഭീതിയോടെ കഴിയുകയും അതിന്റെ വക്താക്കള്‍ സ്വാതന്ത്ര്യത്തോടെ വിഹരിക്കുകയും ചെയ്യുന്ന അവസ്ഥ. ജനങ്ങള്‍ക്കിടയില്‍ തങ്ങളെക്കുറിച്ച ഭീതി വളര്‍ത്തുന്ന കാര്യത്തില്‍ അവര്‍ വിജയിച്ചിരിക്കുകയാണ്, ലൗജിഹാദ് പോലുള്ള ടൂളുകള്‍ ഉപയോഗിച്ച് അവരത് വളരെ വ്യവസ്ഥാപിതമായി ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. വി. എച്ച് പിക്ക് കേരളത്തില്‍ എല്ലായിടത്തും സജീവ പ്രവര്‍ത്തനം ഇല്ലെങ്കില്‍ കൂടിയും അവര്‍ നിലവിലുള്ള സ്ഥലത്ത് വളരെ ശക്തമായി തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

ഡോക്യുമെന്ററി നിര്‍മാണ വേളയില്‍ നബീല്‍ സി.കെ.എം എന്ന ഒരു സുഹൃത്ത് സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങള്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്. ഓഫീസിലെ രജിസ്റ്റര്‍ പരിശോധിച്ച് അതില്‍ നിന്ന് ക്രിസ്ത്യന്‍- മുസ്‌ലിം- ഹിന്ദു യുവതി യുവാക്കളെ വേര്‍തിരിച്ച് ലിസ്റ്റ് ചെയ്ത് ഹിന്ദു യുവതികളുടെ വീടുകളില്‍ അറിയിച്ച് കല്ല്യാണം മുടക്കാന്‍ ശ്രമിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു അഡ്വക്കേറ്റെന്ന നിലയിലുള്ള എന്റെ തന്നെ അനുഭവത്തില്‍, ഒരു മുസ്‌ലിം സിപിഎം പ്രവര്‍ത്തകനായ യുവാവും ഒരു എസ് എഫ് ഐ ക്കാരിയും തമ്മില്‍ വിവാഹിതരാവുകയും ആറ് മാസത്തോളം ഒരുമിച്ച് കഴിയുകയും, പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധത അറിയിക്കുകയുമൊക്കെ ചെയ്ത ഒരു സംഭവമുണ്ട്. പെട്ടെന്നൊരു ദിവസം ഈ പെണ്‍കുട്ടി ആ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയും വീട്ടിലേക്ക് മടങ്ങിച്ചെല്ലുകയുമുണ്ടായി. രസകരമായ ഒരു കാര്യം, ആ സമയത്ത് ജനം ടി വിയില്‍ ഈ പെണ്‍കുട്ടിയുടെ ഒരു കത്ത് പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ലൗ ജിഹാദിന്റെ പുതിയ ഇരയെന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നതാണ്. ഇവിടുത്തെ ഇടതുപക്ഷത്തിന് ഇതിന്റെ പിന്നിലെ വസ്തുതകള്‍ കണ്ടെത്താനോ ഇത്തരം ശ്കതികള്‍ക്കെതിരെ നിലപാടെടുക്കാനോ കഴിയുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ സംഗതി. മതേതരമെന്ന് പറയപ്പെടുന്ന ഇത്തരം ഇടതുപക്ഷ കുടുംബങ്ങളില്‍ വരെ വിഎച്ച്പി പോലുള്ള സംഘടനകള്‍ അവരുടെ അജണ്ടകള്‍ നടപ്പാക്കുമ്പോള്‍ സിപിഎം ന് അവ തിരിച്ചറിയാന്‍ കഴിയാതെ വരുന്നത് പ്രത്യേക തരം മൊബിലൈസേഷന് ഹിന്ദുത്വയെ വളരെ സഹായിച്ചിട്ടുണ്ട്.

ചിത്രീകരണവേളയിലനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച്, മുഖ്യധാരാ മാധ്യമങ്ങളുടെ പരിമിതികള്‍

ഡോക്യുമെന്ററിയില്‍ നമ്മള്‍ കാണുന്ന പോലെ, മീഡിയവണില്‍ മുഖം മറച്ച് സംസാരിക്കുന്ന ഒരു പെണ്‍കുട്ടി അവളുടെ അനുഭവത്തെക്കുറിച്ചും ഭര്‍ത്താവ് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചും തുറന്ന് പറയുന്നുണ്ട്. പക്ഷേ ഇപ്പോള്‍ നമ്മള്‍ ആ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ അവര്‍ക്കൊരു ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥയാണ്, അക്രമിക്കപ്പെടുമോ എന്ന ഭയമാണ്. യഥാര്‍ഥത്തില്‍ കേരളത്തില്‍ സംഘപരിവാറിന്റെ ഇരകള്‍ ഒരു ഹീറോ ആയി തിരിച്ചു വരുന്ന കാഴ്ച്ച അപൂര്‍വമാണ്. അബ്ദുല്‍ നാസര്‍ മഅ്ദനി അടങ്ങുന്ന ഇരകളുടെ സമൂഹത്തിന് നമ്മുടെ നാട്ടിലെ സിനിമ പോലുള്ള മുഖ്യധാര മാധ്യമങ്ങളിലടക്കം വിസിബിലിറ്റി ലഭിക്കാതെ പോവുന്നത് സൂക്ഷ്മമായി നിരീക്ഷിക്കേണ്ട വസ്തുതയാണ്. പ്രത്യേക ജനവിഭാഗങ്ങള്‍ക്ക് മാത്രമേ വിസിബിലിറ്റി നല്‍കപ്പെടുന്നുളളൂ.

ഇത്രയധികം ഹിന്ദുത്വ ഫാഷിസത്തെക്കുറിച്ച അവബോധങ്ങള്‍ രാജ്യമൊട്ടാകെ പരന്നിട്ടും ന്യൂനപക്ഷങ്ങളില്‍ പെടുന്ന, ഇടതുപക്ഷത്തില്‍ ഉള്ള ന്യൂനപക്ഷങ്ങളിലുള്ള ആളുകള്‍ എടുക്കുന്ന സിനിമകളില്‍ പോലും ഇത്തരം വിഷയങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യപ്പെടുന്നില്ല.

ജനറലൈസേഷന്‍ മാത്രമാണ് സംഭവിക്കുന്നത്, അതേ സമയം സംഘപരിവാര്‍ ശക്തികള്‍ വളരെ സ്‌പെസിഫിക് ആയിത്തന്നെ അവരുടെ ആശയങ്ങള്‍ പൊതുസമൂഹത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലൗജിഹാദ് വിഷയമാക്കി ഒരു സിനിമ നമുക്ക് ആലോചിക്കാന്‍ കഴിയുന്നില്ല, കേരളത്തിലെ ഹിന്ദു സഹോദരങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമോ എന്ന പ്രത്യേക തരത്തിലുള്ള ഭീഷണി അതിനെപ്പറ്റി ആലോചിക്കുന്നവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്.

ഹാഷിര്‍ .കെ

ഈ ജനാധിപത്യ വ്യവസ്ഥക്ക് കീഴില്‍, മര്‍ദിതര്‍ക്ക് കിട്ടുന്ന സ്വീകാര്യതയും വിസിബിലിറ്റിയും വളരെ ചെറുതാണ്. നമ്മള്‍ വിദേശത്തുള്ള ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളെപ്പറ്റി വാചാലരാവുകയും അതേ സമയം ഇവിടെ ഹാദിയ അനുഭവിച്ച സമാന സ്വഭാവമുള്ള വയലന്‍സിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ക്ക് സ്വീകാര്യത കിട്ടാതിരിക്കുകയും ചെയ്യുന്നു. മുസ്‌ലിം- ദലിത് സമുദായങ്ങള്‍ക്കിടയില്‍ കുറച്ചെങ്കിലും സ്വീകാര്യത ഉള്ളതോടൊപ്പം തന്നെ മറ്റുള്ള സമുദായങ്ങള്‍ക്കിടയില്‍ നേരത്തെ പറഞ്ഞ ‘ഭീഷണി’ നിമിത്തം തിരസ്‌കരിക്കപ്പെടുന്നതായാണ് കാണുന്നത്.

ഡോ. ഹാദിയ അശോകന്‍

ഇസ്‌ലാമോഫോബിയ, മതേതരവാദികളുടെ പങ്ക്‌

ആഗോള തലത്തില്‍ ഇസ്‌ലാമോഫോബിയയെക്കുറിച്ച് സംസാരിച്ച് കേരളത്തിലേക്കെത്തുമ്പോള്‍, ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം സംഘപരിവാര്‍ ഏകപക്ഷീയമായ മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ കലാപങ്ങളെന്ന രീതിയില്‍ നടപ്പിലാക്കുന്നു. അതേപോലെ മറ്റൊരു അബ്‌സ്ട്രാക്ട് ആയ അക്രമണ രൂപമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളും. ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഹ്മണിക്കല്‍ പ്രത്യയശാസ്ത്രത്തെ ചെറുക്കാനോ അതിനെതിരെ പ്രവര്‍ത്തിക്കാനോ മുമ്പത്തെക്കാളും മുന്നേറ്റങ്ങളും പ്രതിഷേധങ്ങളും കുറഞ്ഞു വരുന്നതായാണ് കാണുന്നത്. നമുക്കറിയാവുന്നത് പോലെ, പശുവിന്റെ പേരിലും ജയ്ശ്രീറാം വിളിക്കാനാജ്ഞാപിച്ചു കൊണ്ടും കൊലപാതകങ്ങള്‍ തുടരുമ്പോള്‍, പാര്‍ലമെന്റിലടക്കം ജയ് ശ്രീറാം വിളികള്‍ മുഴങ്ങുമ്പോള്‍ അതിനെതിരെ മുസ്‌ലിംകള്‍ പ്രതിരോധിക്കുന്നത് മൂലം കാര്യങ്ങള്‍ പ്രശ്‌നകലുഷിതമാവും എന്ന് വിശ്വസിക്കുന്ന ‘ന്യൂട്രല്‍’ സ്വഭാവത്തിലുള്ള ‘സെക്യുലര്‍’ വാദികളുടെ നിലപാട് സംഘപരിവാറിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പലപ്പോഴും മുസ്‌ലിംകളുടെ ഭാഗത്ത് നിന്നുള്ള ചെറിയ ചെറിയ പ്രതികരണങ്ങളെ പര്‍വ്വതീകരിക്കുകയും, അതിനെ താലിബാന്‍ എന്ന് വിളിക്കുകയും ചെയ്തുകൊണ്ട് നിലപാടെടുക്കുക മതേതരമെന്നവകാശപ്പെടുന്ന ആളുകളില്‍ നിന്ന് വഴി ഇസ്‌ലാമോഫോബിയയുടെ മറ്റൊരു രൂപമാണ് അനാവൃതമാകുന്നത്.

മുസ്‌ലിം സംഘടകളുടെ പ്രവര്‍ത്തനങ്ങള്‍, കാര്യക്ഷമത, ദൗര്‍ബല്യം

സോളിഡാരിറ്റിയും പോപുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും യൂത്ത്‌ലീഗ് പോലുള്ള സംഘടനകള്‍ അതിനെ ഏറ്റുപിടിക്കുകയും ചെയ്യാറുണ്ട്. കത്വ കൂട്ടബലാത്സംഗ കേസിലെ തന്നെ യൂത്ത്‌ലീഗിന്റെ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. പക്ഷേ, കേരളത്തില്‍ ഇപ്പോഴും നിര്‍ബാധം തുടരുന്ന യോഗകേന്ദ്രങ്ങളെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഘര്‍വാപസി പീഡന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വരാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് കഴിയുമ്പോള്‍ മാത്രമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയുള്ളൂ. പലരും ഫേസ്ബുക്കിലൂടെയും മറ്റും തുറന്ന് പറച്ചിലുകള്‍ നടത്തുന്നതോടൊപ്പം ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് കടന്നുവരുന്നുണ്ട്. അവരെ സംരക്ഷിക്കാനുള്ള ചുമതല കൂടി മുസ്‌ലിം സംഘടനകള്‍ക്കുണ്ട്.

മയ്യിത്ത് ഘര്‍വാപസി എന്നൊരു സംഗതിയുണ്ടല്ലോ, സൈമണ്‍ മാസ്റ്ററുടെയും നജ്മല്‍ ബാബുവിന്റെയുമെല്ലാം മയ്യിത്തിനോട് ഹിന്ദുത്വ- സെക്യുലര്‍ ശക്തികള്‍ ചെയ്തതെന്താണെന്ന് നമുക്കറിയാം. അതിനെയൊക്കെ സമയോചിതമായി പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നത് വലിയൊരു വീഴ്ച്ചയായിത്തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ഡോക്യുമെന്റിയുടെ പ്രസക്തി, ആവശ്യകത

ഒരു ഡോക്യുമെന്റേഷനെന്ന നിലയിലാണ് നമ്മളിതൊക്കെ ചെയ്യുന്നത്. ഒരു തലമുറയില്‍ നടക്കുന്ന കാര്യങ്ങള്‍ അടുത്ത തലമുറക്ക് വസ്തുനിഷ്ഠമായി ലഭ്യമാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ചരിത്രത്തില്‍ നാം തെറ്റുകാരായിത്തീരും. സിനിമ പോലുള്ള മാസ് മീഡിയകള്‍ ഇത്തരം ചരിത്രത്തിന്റെ റഫറന്‍സുകളായാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇന്ത്യയില്‍ ജീവിക്കുന്നവരെന്ന നിലക്ക്, കൃത്യമായ പ്രതിരോധ ആശയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സിനിമകള്‍ ഉണ്ടാവേണ്ടത്, നിര്‍മിക്കേണ്ടത് ഒരു സാംസ്‌കാരിക പ്രതിനിധാനം എന്നതിനപ്പുറത്തേക്ക് ഇന്ത്യയിലെ ഫാഷിസ്റ്റ് വ്യവസ്ഥക്ക് കീഴില്‍ അനിവാര്യമായി വന്നിരിക്കുന്നു.

അഭിമുഖം: മുഷ്താഖ് ഫസല്‍

By Editor