നൈതികതയും മതമൗലികവാദവും: ദ്വിത്വത്തിന്റെ സാധ്യതകൾ

ബുധനാഴ്ച്ച രാവിലെ ഒരു ക്രിസ്ത്യൻ സുഹൃത്തിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യാകുടുംബക്കാരിൽ ചിലർ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു വാട്ട്സ്ആപ് മെസ്സേജ് ഫോർവേഡ് ചെയ്തു കിട്ടി. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് അവർ അത് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.

അതിങ്ങനെ വായിക്കാം:
ന്യുസിലാന്റ് സംഭവത്തില്‍ രാഹുൽ ഗാന്ധി വലിയൊരു ധര്‍മ്മസങ്കടത്തിലാണ്‌. കാരണം, മരിച്ചയാൾ അദ്ദേഹത്തിന്റെ മാതാവിന്റെ മതത്തിൽ പെട്ടവരും കൊലയാളികൾ അദ്ദേഹത്തിന്റെ പിതാവിന്റെ മതത്തിൽ പെട്ടവരുമാണത്രെ (പിതാവിന് ‘അബ്ബു’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്).

തത്കാലത്തേക്ക് മെസ്സേജിൽ ഉദ്ദേശിച്ച രാഹുൽ ഗാന്ധിക്കു പകരം മാതാപിതാക്കൾ വ്യത്യസ്ത മതവിശ്വാസികളായ രാഹുൽ എന്ന സാങ്കല്‍പ്പിക വ്യക്തിയെക്കുറിച്ച് മാത്രമാവട്ടെ നമ്മുടെ സംസാരം. മെസ്സേജിൽ രാഹുൽ ഗാന്ധിയെ ഇകഴ്ത്താനുപയോഗിച്ച പ്രോപ്പഗാണ്ടയും അദ്ദേഹത്തിന്റെ പിതാവിനെ സൂചിപ്പിച്ച്കൊണ്ടുള്ള മോശമായ കുത്തുവാക്കും നമ്മുക്കവഗണിക്കാം. ഈ സന്ദേശത്തിലെ ഭാഷയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ മാത്രമാണ് എന്റെ വിശകലനവിഷയം.

ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം, ദുരന്തങ്ങളോടുള്ള മനുഷ്യന്റെ ധാർമിക പ്രതികരണങ്ങൾ മതാധിഷ്ഠിതമാണെന്ന വാദമാണ്. സ്വന്തം പിതാവിനോടും മാതാവിനോടും പ്രതിബദ്ധതയുള്ളതിനാൽ അക്രമിക്കും ആക്രമിക്കപ്പെട്ടവനുമിടയിൽ നൈതികമായൊരു തീരുമാനമെടുക്കാൻ സാധിക്കാത്തവന് ഉദാഹരണമായിട്ടാണ് രാഹുലിനെ ഇവിടെ കൊണ്ടുവരുന്നത്. മെസേജിന് പിന്നിലുള്ളവരുടെ ചിന്ത വളരെ വ്യക്തമാണ്:

‘നിങ്ങൾ ഏതൊരു മതത്തിലാണെന്നു നോക്കിയിട്ടു മാത്രമേ ഒരു സംഭവത്തിനനുകൂലമായും പ്രതികൂലമായും നിങ്ങൾക്ക് തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ. മതസ്വത്വത്തിനപ്പുറത്ത് നിലപാടുകള്‍ക്ക്‌ നൈതികമോ ധാര്‍മികമോ ആയ മാനദണ്ഡങ്ങളില്ല’.

എന്നാൽ മതവിശ്വാസങ്ങളിൽ തന്നെ ദർശിക്കാവുന്ന നൈതികവും ധാർമികവുമായ വിഭവങ്ങളോടുള്ള പൂർണ്ണമായ നീരസമാണിതെന്ന്‌ വ്യക്തം. ഒരർത്ഥത്തിൽ ഇതുതന്നെയാണ് ധാർമികതയുടെ പേരുപറയുന്ന രാഷ്ട്രീയ മൗലികവാദവും സ്വത്വരാഷ്ട്രീയവുമൊക്കെ. ഒരു പ്രത്യേക സ്വത്വത്തിന്റെ മേൽക്കോയ്മയോട് കലഹിക്കുന്നവർക്കാണ് മിക്ക മാധ്യമചർച്ചകളിലും അക്കാദമിക വ്യവഹാരങ്ങളിലും സ്വത്വരാഷ്ട്രീയം ചാർത്തപ്പെടുന്നതെങ്കിലും ശരിക്കും പ്രശ്നവത്കരിക്കപ്പെടുന്ന “സ്വതരാഷ്ട്രീയ”ത്തിന്റെ തനതായ ഭാഷ പ്രസ്തുത മെസ്സേജിലുപയോഗിച്ചതു തന്നെയാണ്.

സ്വന്തമായി ഒരു തീരുമാനമെടുക്കാൻ ധാർമികമോ ബൗദ്ധികമോ ആയ ഒരു കഴിവും രാഹുലിനില്ലെന്നും അദ്ദേഹത്തിന്റെ ധാർമികവും ബൗദ്ധികവുമായ നയനിലപാടുകളെല്ലാം തന്നെ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരാണെന്നതനുസരിച്ചിരിക്കും എന്നുമാണ് സന്ദേശത്തിൽ നിന്നും അനുമാനിക്കാവുന്നത്. നൈതികതയും ധാർമികതയുമൊക്കെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നും രക്തമാണ് ഒരാളുടെ ധാർമിക നിലപാടുകളെ നിയന്ത്രിക്കുകയെന്നും ചിലരൊക്കെ വാദിച്ചിട്ടുണ്ട്. ജനന സമയത്തു തന്നെ അന്തറ്ലീനമായിട്ടുള്ളതെന്ന പേര് പറഞ്ഞ്‌, മറ്റു പ്രതിബദ്ധതകളിൽ നിന്നും ഉത്തരവാദിത്വങ്ങളിൽ നിന്നും മനുഷ്യനെ നിരുത്സാഹപ്പെടുത്തുന്ന ‘ഹെർഡ്മൊറാലിറ്റി (Herd Morality’ യുടെ ഉത്തമ ദര്‍ശനമാണീ വാദം. യഥാര്‍ത്ഥത്തില്‍ ഇവിടെ നിങ്ങളുടെ മാതൃപരമ്പരയും പിതൃപരമ്പരയും ഒഴികെയുള്ള മറ്റു ഉത്തരവാദിത്തങ്ങളെയും പ്രതിബദ്ധതകളെയും മറന്നു കളയാൻ നിങ്ങൾ പ്രേരിപ്പിക്കപ്പെടുകയാണ്.

മനുഷ്യന്റെ ഇച്ഛാശക്തിക്ക് ഒരു സ്ഥാനവും കല്പിച്ച് നല്കാത്ത നിർണ്ണയ സിദ്ധാന്തമാണ് (Determinism) ഈ വാദത്തിന്റെ അടിസ്ഥാനം. അരിസ്റ്റോട്ടിലിന്റെ സെല്ഫ്മാസ്റ്ററി സിദ്ധാന്തങ്ങളോ (സ്വന്തമായി നിലപാടുകളും ഇച്ഛാശക്തിയുമില്ലാത്ത ‘അക്രേസിയ’ എന്നയവസ്ഥയെ പ്രതിരോധിക്കുക ) സ്വസ്വാതന്ത്ര്യത്തിൽ തന്നെ സംശയങ്ങൾക്കിട നല്കുന്ന ആധുനിക “ഫ്രീവിൽ” സങ്കൽപ്പങ്ങളോ ബയോളജിക്കൽ ഘടകങ്ങളല്ലാത്ത ഉത്തരവാദിത്വബോധവും വൈകാരികതയും കൊണ്ട് നൈതികമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ആഗ്രഹമോ ഒന്നും തന്നെ സന്ദേശത്തിൽ പരിഗണിക്കപ്പെടുന്നില്ല. ഇവിടെ നിങ്ങളുടെ വംശപരമ്പരയും മതപാരമ്പര്യവും ബന്ധങ്ങളുമാണ് വിഷയം.
അയൽക്കാരന്റെ വീട്ടിൽ നിന്നും സ്വന്തം വീടിനെ സംരക്ഷിച്ചു നിർത്തുന്ന പേരുകളും ആചാരങ്ങളും സംമ്പ്രദായങ്ങളും സൃഷ്ടിക്കുന്ന പ്രദേശികമായ വിഭജനങ്ങളിലൂടെ മതത്തെ ചില മധ്യവർഗക്കാരൊക്കെ മനസ്സിലാക്കുന്നു എന്നതൊഴിച്ചാൽ ഈ വാദത്തിന് മതാത്മകമായും ഒരു തലമില്ല..

ഈയൊരു തലത്തിൽ ചിന്തിക്കുമ്പോൾ മതം ഒരു വീടിനെ മറ്റൊരു വീട്ടിൽ നിന്നും അരുതിരിക്കുന്ന വേലിക്കെട്ടാണെന്നുവരും. നമ്മുടെ കാലത്തെ നഗരങ്ങളിൽ മതം ഇന്നൊരു അടഞ്ഞ സമൂഹം മാത്രമാണ്. ജീവിതയിടങ്ങളിൽ മാത്രമല്ല വേലികെട്ടിയിരിക്കുന്നത്, നിങ്ങളുടെ ധാർമികതയും മനസ്സും അങ്ങനെതന്നെയാണ്. ഒരു മതത്തെ പ്രതിനിധാനം ചെയ്യുന്നതിന് അതിസൂക്ഷ്മമായി തിരഞ്ഞെടുത്തവർ മാത്രമാണ് ഒരു അടഞ്ഞ സമൂഹത്തിലുണ്ടാകുക. അതിനപ്പുറത്ത് ആക്രമണത്തിന്റെയും പേടിയുടെയും ലോകമാണ്. രാജ്യം എന്ന ചിന്തയും ഒരു അടഞ്ഞ സമൂഹമാണ്. അവിടെ അതിരുകളാണ് നമ്മെ സംരക്ഷിക്കുന്ന വേലിക്കെട്ടുകൾ. രാഷ്ട്രീയ അസ്തിത്വത്തിന്റെ ഈ പരിമിതമായ അതിരുകളാൽ നിയതമായിരിക്കണം നമ്മുടെ സർവ്വ ധാർമിക-ബൗദ്ധിക പരിഗണനകളും എന്നാണവർ ഉദ്ദേശിക്കുന്നത്.

മാത്രമല്ല, നമ്മളൊക്കെ മനസ്സിലെങ്കിലും അതിർത്തി കാക്കുന്ന ഭീകരമായ യൂണിഫോമുകൾ ധരിച്ച സൈനികരാവേണ്ടതുണ്ട്. ഒന്നും നമ്മുടെ ഈ കോട്ടവിട്ടു പോകാൻ പാടില്ല. കേടുവന്ന തോക്കുകളും പഴകിയ സൈനിക യൂണിഫോമുകളും ധരിച്ച്കളിക്കുന്ന ഒരു പറ്റം ആണ്കുട്ടികളെ ചിത്രീകരിക്കുന്ന വെർനേർ ഹെര്‍സോഗിന്റെ “The Unprecedented Defence of the Fortress Deutschkreutz” എന്ന ഷോർട് ഫിലിമിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന എലി പോലും ഇവിടം കടന്നുപോകാൻ പാടില്ല എന്നാണ് അവർ പറയുന്നത്. നമുക്കീ ചിന്താധാരയുടെയും ഗൈമിന്റെയും പുറത്തുകടക്കാനാവില്ലേ?. ചിന്തയും അന്യനെ പരിഗണിക്കലും ജീവിതം തന്നെയും ഈ ചിത്തഭ്രമം ബാധിച്ച ഇടത്തിനപുറത്ത് സാധ്യമല്ലേ? എന്റെ അമ്മ ഹിന്ദുവും അച്ഛൻ മുസ്‌ലിമുമായത്‌ എന്റെ മനുഷ്യത്വ ബോധത്തെ എങ്ങനെയാണ് ബാധിക്കുക?


വെർനെർ ഹെർസോഗിന്റെ The Unprecedented Defence of the Fortress Deutschkreutz (1966) ൽ നിന്നുള്ള ഒരു ദൃശ്യം

മരിച്ചവർ ഏത് മതത്തിൽപെട്ടവരെങ്കിലും അവർക്ക് പ്രാധാന്യമുണ്ട്. അവർ മരിച്ചു എന്നതു കൊണ്ടാണത്. അവർ മുസ്‌ലിംകളായതിന്റെ പേരിലാണ് കൊല്ലപ്പെട്ടതെങ്കിൽ അവർ മുസ്‌ലിംകളാണ് എന്നതും കാര്യപ്പെട്ടതു തന്നെയാണ്. എന്നാൽ മെസ്സേജിൽ അനുമാനിക്കപ്പെടുന്നത് പോലെ കൊലയാളിക്കെതിരെയാവുക എന്നാൽ ക്രിസ്ത്യൻ താൽപര്യങ്ങൾക്കെതിരെയായി കണക്കാക്കപ്പെടുന്നുവെങ്കിൽ ക്രിസ്ത്യൻ എന്നാൽ വർഗീയവാദിയും മജോറിറ്റേറിയനുമാണെന്നുവരും. അപ്പോഴും ക്രിസ്ത്യാനിസത്തിലും ധാർമികവും നൈതികവുമായി സാധ്യമായ വഴിയിൽ ക്രിസ്ത്യാനിയാവുന്നതിനുള്ള ഏകമാർഗം അതിന്റെ തന്നെ വിദ്വേഷത്തിന്റെ രാക്ഷസന്മാർക്കെതിരെ നിൽക്കലാണ് എന്നതാണ് സത്യം.

രാജ്യത്തിന്റെ പ്രാദേശിക അവകാശവാദങ്ങളെക്കാൾ മഹത്തായതും ബൃഹത്തായതുമായ ചരിത്രമുണ്ട് മതങ്ങൾക്ക്. ദൈവത്തിന്റെ പേരിലുള്ള പ്രാദേശികമായ തർക്കങ്ങളാലും രക്തച്ചൊരിച്ചിലുകളാലും നിറഞ്ഞതാണ് മതങ്ങളുടെ ചരിത്രം . എന്നാൽ അപ്പോഴും നൈതിക ബോധമുള്ള എല്ലാ മതപരിഷ്കർത്താക്കളും ശ്രമിച്ചത് ഒരിക്കലും പൊരുത്തപ്പെട്ടുപോകാൻ സാധിക്കാത്ത വൈജാത്യങ്ങളുടെ വേലിക്കെട്ടായി മതത്തെ മനസ്സിലാക്കുന്നതിൽ നിന്നും മനുഷ്യനെ പിന്തിരിപ്പിക്കാനാണ്. നമ്മുടെ ചരിത്രകർത്തവ്യവും വ്യത്യസ്തതകളെ ഒരിക്കലും ഭയപ്പെടാതെ പരസ്പരം ജീവിക്കാനും മനസ്സിലാക്കാനും സമൂഹങ്ങളെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ്.


സർഫ് എക്സലിന്റെ പുതിയ പരസ്യത്തിൽ നിന്നും ഒരു രംഗം

മനസ്സാക്ഷിക്കുത്തില്ലാത്ത ഒരാളായാണ് രാഹുലിനെ കാണിച്ചിരിക്കുന്നത്. മനസ്സാക്ഷിയെക്കാൾ രക്തബന്ധത്തെ മൗലികമായി കാണുന്നയാൾക്കെ പ്രസ്തുത മെസ്സേജിൽ നിന്നും ഇത്തരമൊരു നിഗമനത്തിലെത്താനാവുകയുള്ളൂ. രാഹുലിന്റെ മാനസികസംഘര്ഷം അവർക്ക് തമാശയായി തോന്നുന്നത് അദ്ദേഹം രണ്ടു മതസ്വത്വങ്ങളിൽ കുരുങ്ങിക്കിടക്കുന്നു എന്നതു കൊണ്ടാണ്. ഈ വാദത്തിലെ കൈവിരുത് ഒന്ന്ശ്രദ്ധിച്ച് നോക്കൂ: രാഹുലിന് തന്റെ മതസാധ്യതകൾക്കകത്തു നിന്ന്‌ ചിന്തിക്കാനേ സാധിക്കുകയുള്ളു. അതു കൊണ്ടു തന്നെ കൊല്ലപ്പെട്ടവന്കൂടെ നിൽക്കാൻ രാഹുലിന് സാധിക്കുന്നുമില്ല.

വ്യക്തമായ ഈ സാധ്യതകളിൽ നിന്നുകൊണ്ട്, അഥവാ മതത്തിന്റെ തനതായ മാതൃകകളിൽ നിന്നു കൊണ്ട്, ചിന്തിക്കുന്നതിനെ ആരും തെറ്റായി കാണുന്നില്ല.

എന്നാൽ ഒരാൾ സ്വന്തം മതാടിസ്ഥാനത്തിലും മതത്തിനുവേണ്ടിയും മാത്രമാണ് ചിന്തിക്കുക എന്നനുമാനിക്കുകയും മറ്റുള്ളവരുടെ മേൽ അതാരോപിക്കുകയും ചെയ്യുന്നത് വലിയ രീതിയിലുള്ള ധാർമികശോഷണമാണ്.

എന്റെ ക്രിസ്ത്യൻ സുഹൃത്തിന്റെ ഭാര്യകുടുംബക്കാരിൽ കണ്ടതുപോലെ ഈ ബാലിശമായ നൈതികത സമൂഹത്തിന്റെ ധാർമിക അധഃപതനത്തിലേക്കാണ് നയിക്കുക. രക്തത്തിന്റെയും പ്രദേശികതയുടെയും പേരിൽ ഇത്തരം വാദങ്ങളുന്നയിക്കപ്പെടുമ്പോൾ ധാർമികത ധാര്മികതയിൽനിന്നും മതം മതത്തിൽനിന്നുതന്നെയും അടർത്തിമാറ്റപ്പെടുന്നുണ്ട്. ദേശീയതയുടെ സാങ്കൽപ്പിക അതിരുകളിൽ ധാർമികതയും നൈതികതയും ശോഷണം പോവുകയാണ്. ദേശീയ മൗലികവാദത്തിന്റെ ഭീതിദമായ ഈ സങ്കല്പനങ്ങളിൽ ധാർമികതയും രാജ്യവും മതവും നിലപാടുകളുമെല്ലാം ഒന്നാകേണ്ടതുണ്ട്. ദ്വിതം വളരെ അപകടകരവും, പരിഹാസ്യവും വ്യക്തിത്വം വിഭജിക്കപ്പെട്ട അവസ്ഥയുമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ദ്വിത്വം പൂർണ്ണമായും തുടച്ച്മാറ്റേണ്ടതായ അസുഖമാണത്രേ.രാജ്യത്തിനുള്ളിലുള്ള ദ്വിത്വവും പുറത്തുള്ള ദ്വിത്വവും അപകടപ്പെട്ടിരിക്കുന്നു.

വർഗ ശത്രുത സംബന്ധിച്ചുള്ള അലൻ ബാദിയുവിന്റെ “ഒന്ന് രണ്ടായി ഭാഗിക്കപ്പെടുന്ന” (One divides into two) അവസ്ഥയല്ലയിത്. ഏകത്വത്തിന് മൗലികമായിട്ടുളള ഒന്നായാണ് ഞാൻ ദ്വിത്വത്തെ കാണുന്നത്. അപ്പോൾ സമൂഹികവും നൈതികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെ അഭാവത്തിൽ നോക്കുമ്പോൾ യുദ്ധവും അധാര്‍മിക രീതിയിലുള്ള സമാധാനവും തെറ്റായ തീരുമാനങ്ങളാണെന്നുവരും. എന്നാൽ ഏകത്വത്തിനും ദ്വിത്വത്തിനുമിടയിൽ സ്നേഹവും സംഘർഷവും സൃഷ്ടിക്കുന്ന, അവകളെ ഒരുമിച്ച് കൊണ്ടുവരുകയും വേർപ്പെടുത്തുകയും ചെയ്യുന്ന, കാന്തിക സാമൂഹിക ഇടങ്ങളോടാണ് എനിക്ക് കൂടുതൽപ്രിയം. ദ്വിത്വത്തോടുള്ള നൈതികമായ ഈ സമീപനത്തിന് രണ്ടു തർക്കിക്കുന്ന സഹോദരന്മാര് മൂന്നാമതൊരുത്തനെ സൂക്ഷിക്കേണ്ടതിനെ കുറിച്ചുള്ള ഗാന്ധിയുടെ ചിത്രീകരണത്തോടാണ് കൂടുതൽ അടുപ്പമെന്നാണ് എനിക്ക് തോന്നുന്നത്.. നിഷ്പക്ഷനാണെന്ന് പൊതുവെ കരുതപ്പെടുന്ന മധ്യസ്ഥനായ നിയമമാണ് ഗാന്ധിജിയുടെ ചിത്രീകരണത്തിലെ മൂന്നാമത്തെയാൾ. മൂന്നാമത്തെയാൾ ദ്വിത്വത്തിന്റെ ഐന്ദ്രികമായ സാമീപ്യത്തെയും വൈകാരികമായ ഐഛികത്വത്തെയും നഷ്ടപ്പെടുത്തുകയാണ്ചെയ്യുന്നത്. ബാദിയോക്ക് ഈ മൂന്നാമത്തെയാള്‍ ചരിത്രമാണ്.

രണ്ടെണ്ണമാകാനുള്ള ആഗ്രഹമാണ് ദ്വിത്വം. മറ്റൊന്നിനു വേണ്ടിയുള്ള മറ്റൊന്നാകാനുള്ള ആഗ്രഹത്തിന്റെ പേരാണത്. ദ്വിത്വം സ്നേഹമാണ്. അത്തരം വാട്സാപ്പ്സന്ദേശങ്ങളയക്കുന്നവർ നാം ദ്വിത്വത്തിൽ ജീവിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നില്ല. ലോകത്ത് മതങ്ങളിൽ പോലും നൈതികതയും ധാർമികതയുമുള്ളത് ദ്വിത്വത്തിന്റെ സാധ്യതയും കമ്പനവും നിലനിൽക്കുന്നതു കൊണ്ടാണ്. ഏകത്വം മനുഷ്യ ജീവിതത്തിൽ ഒരു അഭിലഷണീയമായ പ്രതീക്ഷയായി നിലനിൽക്കുന്നതും ദ്വിത്വം ലോകത്ത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കൊണ്ടും ആഗ്രഹങ്ങൾ കൊണ്ടുമാണ്. രണ്ടില്ലാതെ ഒന്നില്ല.

മൊഴിമാറ്റം: എം അബ്ദുൽ ഫത്താഹ്

കടപ്പാട്: ദി വയര്‍

By മനാഷ് ഫിറാഖ് ബട്ടാചാര്‍ജി