ഇസ്‌ലാമോഫോബിയയെ കുറിച്ച്  ഇസ്‌ലാമിക പണ്ഡിതരുടെ കാഴ്ച്ചപ്പാടെന്താണ്? എന്താണ് അതിന്റെ നിർവചനം?  മുസ്‌ലിംകള്‍അതിനെ എതിർക്കേണ്ടതിന്റെ ധാർമ്മിക വശം എന്താണ്‌?

വിശുദ്ധ ഖുര്‍ആനില്‍ പറയുന്നതായി കാണാം : “നിങ്ങൾക്ക് അറിവില്ലെങ്കിൽ അറിവുള്ളവരോട് ചോദിക്കുക”. പ്രവാചകർ അരുളി : “മുസ്‌ലിം വിഷയികളെ പറ്റി ശ്രദ്ധയില്ലാത്തവർ നമ്മിൽ പെട്ടവരല്ല”. മുസ്‌ലിം സമുദായം ഇന്ന് നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഇസ്‌ലാമോഫോബിയ.  പ്രായ-ലിംഗ-വംശ ഭേദമന്യേ ഓരോ മുസ്‌ലിമിനേയും ബാധിക്കുന്ന ഒരു ആഗോള വംശീയ പ്രശ്നമാണിത്. മുസ്‌ലിംകളെ നിയന്ത്രിക്കുക, ചൂഷണം ചെയ്യുക, അവർക്കു മേൽ ആധിപത്യം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെ വളരെ ആസൂത്രിതമായാണ്‌ ഇസ്‌ലാമോഫോബിയ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരർത്ഥത്തിൽ മുസ്‌ലിം ആചാര – അനുഷ്ഠാന ജീവിതത്തെ തന്നെ മാറ്റിപ്പണിയാന്‍ ശ്രമിക്കുക വഴി ഇസ്‌ലാമിന്റെ ഘടനയെ തന്നെ അത് തകർക്കാൻ ശ്രമിക്കുന്നുണ്ട്.    

നിലവിലെ സാഹചര്യം അനുസരിച്ച് ഇസ്‌ലാമോഫോബിയയെപ്പറ്റി കൃത്യമായ ധാരണയുണ്ടാവൽ ശരീഅത്തിന്റെ (ഇസ്‌ലാമിക നിയമ വ്യവസ്ഥ) അടിസ്ഥാനത്തിൽ പ്രായപൂർത്തിയും ബുദ്ധി സ്ഥിരതയും ഉള്ള ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ഇസ്‌ലാമോഫോബിയ എന്ന വ്യവസ്ഥിതിയുടെ സങ്കീർണ്ണ സ്വഭാവത്തെ തിരിച്ചറിയുകയും അതിനെതിരെ സുസജ്ജമായ പ്രതിരോധം സാധ്യമാക്കുകയും ചെയ്യാനുതകുന്ന രീതിയിൽ അതിനെ പറ്റി ധാരണയുണ്ടാവേണ്ടതുണ്ട്. ആഗോള തലത്തിൽ പല വിധത്തിലുള്ള ഇസ്‌ലാമോഫോബിയ മുസ്‌ലിംകളെ ബാധിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ തിരിച്ചറിയാവുന്നതും തിരിച്ചറിയാൻ  കഴിയാത്തതും അവയിലുണ്ട്. മുസ്‌ലിംകൾക്ക്  ആകെ അറിയുന്നത് ചില വികാരങ്ങൾ മാത്രമാണ്. വേദന, ആശങ്ക, അമ്പരപ്പ് ബഹിഷ്കരണം, അധിക്ഷേപം, അപമാനം, ചൂഷണം എന്നിവയൊക്കെയാണ് അവ. ഇസ്‌ലാമോഫോബിയയെ തിരിച്ചറിയാനും അതിനെതിരെ പോരാടാനുള്ള മുസ്‌ലിമിന്റെ ധാർമിക ബാധ്യത ശരീഅത്ത് അടിസ്ഥാനപ്പെടുത്തി ചൂണ്ടിക്കാണിക്കുകയാണ് ഈ ഫത്‍വയുടെ ലക്ഷ്യം. മുസ്‌ലിം നിലനിൽപ്പിനുള്ള ഭീഷണിയാണ് ഇതിന്റെ നിദാനം. ” ദുർബലരായ സ്ത്രീകളും കുട്ടികളും വൃദ്ധരും നിസ്സഹായരായി കരയുമ്പോൾ അല്ലാഹുവിന് വേണ്ടിയുള്ള പോരാട്ടത്തെ നിരാകരിക്കാൻ നിനക്ക് എങ്ങനെ സാധിക്കും? അല്ലാഹു ചോദിക്കുന്നു. “ഞങ്ങളുടെ രക്ഷിതാവായ നാഥാ അക്രമകാരികളായ ഈ നാട്ടുകാരിൽ നിന്നും ഞങ്ങൾക്ക് രക്ഷയും അഭയവും നൽകേണമേ. നിന്റെ വിശാലമായ കാരുണ്യ കൊണ്ട് ഞങ്ങളെ നീ അനുഗ്രഹിക്കേണമേ” (ഖു. 4:75). ഇതിലൂടെ ഓരോ മുസ്‌ലിമും ആത്മ പ്രതിരോധവും തന്റെ സമുദായത്തിന്റെ,  പ്രത്യേകിച്ചും,  ദുർബലരുടെ രക്ഷക്കും വേണ്ടി പ്രവർത്തിക്കൽ ഓരോരുത്തരുടെയും കടമയാണ് എന്ന് അല്ലാഹു സൂചിപ്പിക്കുന്നുണ്ട്.

ന്യൂസിലൻഡിലെ മുസ്‌ലിം സമുദായത്തിന് നേർക്ക് നടന്ന ഭീകരാക്രമണം ഇസ്‌ലാമോഫോബിയയുടെ ഒരു ഉത്പന്നം തന്നെയാണ്. ഇസ്‌ലാമോഫോബിയ എന്ന വെല്ലുവിളിയെ നേരിടാൻ നാം ഒരുങ്ങിയിട്ടില്ലെന്നും അതിന് സുസജ്ജമായ ഒരു നേതൃത്വം ആവശ്യമുണ്ടെന്നും ഈ ആക്രമണം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

പ്രതിബന്ധങ്ങൾക്കിടയിലൂടെ വഴി തെളിയിച്ച് മുസ്‌ലിം സമുദായത്തെ മുന്നോട്ട് നയിക്കേണ്ടത് പണ്ഡിതന്മാരാണ്.

മനുഷ്യ സമൂഹത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടാക്കാനുതകുന്ന അറിവ് ഉൽപാദിപ്പിക്കേണ്ടത്‌ പണ്ഡിതന്മാരുടെ കടമയാണ്. മുസ്‌ലിം സമുദായത്തിന്റെ സുരക്ഷയെ സാധ്യമാക്കുകയും ആധിപത്യത്തെക്കാൾ ഔന്നത്യത്തിലേക്ക് നയിക്കാനുതകുന്ന ബോധം മുസ്‌ലിംകളിൽ സൃഷ്ടിക്കലും അവരുടെ ബാധ്യതയാണ്. തദ്വിഷയകമായി ഖുര്‍ആനില്‍ പറയുന്നത്‌ നോക്കുക: “സർവ്വരേയും നന്മയിലേക്ക് നയിക്കുന്ന ഒരുവിഭാഗം നിങ്ങളിൽനിന്ന് ഉടലെടുക്കും. അവർ നന്മയെ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും. അവർക്കാണ് നന്മയും സന്തോഷവും”. മറ്റൊരിടത്ത് ഇങ്ങനെ പറയുന്നത് കാണാം: “സത്യവിശ്വാസികൾ എല്ലാം യുദ്ധമുഖത്തേക്ക് കെട്ടിയെടുക്കുന്നത് അത്ര അഭിലഷണീയമല്ല. പരിശുദ്ധ ആദര്‍ശത്തെ ആഴത്തിൽ പഠിക്കാനും പഠിപ്പിക്കാനും പ്രാപ്തരായ ഒരു വിഭാഗം യുദ്ധത്തിന് പോകാത്തവരായും വേണം. അങ്ങനെയെങ്കിൽ യുദ്ധത്തിനു പോയി തിരികെ വരുന്നവരെ വിദ്യ അഭ്യസിപ്പിക്കാനും ഒരു വിഭാഗം ഇവിടെ  ഉണ്ടാകും”. അതുകൊണ്ട് ഇസ്‌ലാമോഫോബിയയുടെ വെല്ലുവിളിയെ നേരിടേണ്ടത് രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളും യാഥാർത്ഥ്യങ്ങളും മനസ്സിലാക്കാൻ കഴിവുള്ള പണ്ഡിതന്മാരുടെ ബാധ്യതയാണ്. അവർ നൽകുന്ന മാർഗനിർദേശം അനുസരിച്ച് പ്രവർത്തിക്കലും അപകടാവസ്ഥയിൽ സ്വസമുദായത്തിന്‌ വേണ്ടി നിലകൊള്ളലും ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്.

ന്യൂസിലന്റിലെ മോസ്‌ക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രസിഡന്റ് ജസിന്റാ ആര്‍ഡേണ്‍ ഉപചാരം അര്‍പ്പിക്കുന്നു

ഇസ്‌ലാമോഫോബിയയെ മുസ്‌ലിംകള്‍ നിർവ്വചിക്കേണ്ടതുണ്ടോ?

ഇസ്‌ലാമോഫോബിയ നിർവചിക്കൽ മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാരുടെ ബാധ്യതയാണ്. കാരണം ഓരോ വിജ്ഞാനശാഖയും അതിന്റെ സാധ്യത, സ്രോതസ്സ്, ഉപകാരം എന്നിവയുടെ അടിസ്ഥാനത്തിൽ നിർവചിക്കൽ പണ്ഡിതന്മാരുടെ കടമയാണ്.

യഥാർത്ഥത്തിൽ എന്താണ് ഇസ്‌ലാമോഫോബിയ എന്ന ധാരണ പോലും മുസ്‌ലിം സമൂഹത്തിന് ഇല്ലാത്തപക്ഷം ഇസ്‌ലാമോഫോബിയ എന്ന ഒരു വസ്തുതക്ക് തന്നെ നിലനിൽപ്പില്ല എന്നാണ് പണ്ഡിതമതം.

അതേസമയം മുസ്‌ലിങ്ങൾക്കെതിരെ പടിഞ്ഞാറൻ രാജ്യങ്ങളിലും ആഗോളതലത്തിലും ആക്രമണം,  പാർശ്വവൽക്കരണം, വംശീയ അധിക്ഷേപം എന്നിവ ക്രമാതീതമായി വർധിച്ചിരിക്കുന്നു.

ഇസ്‌ലാമോഫോബിയയുടെ നിർവചനം

ദീർഘകാലത്തെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഒടുവിൽ ഇസ്‌ലാമിക പണ്ഡിതന്മാർ ഇസ്‌ലാമോഫോബിയ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: “മുസ്‌ലിം സ്വത്വത്തെയോ അതിന്റെ ആശയാവിഷ്കാരത്തെയോ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു തരം വംശീയതയാണ് ഇസ്‌ലാമോഫോബിയ”. തർക്കശാസ്ത്ര പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം ഒരു നിർവചനം ഇന്‍ക്ലുസിവും എക്‌സ്‌ക്ലുസിവും ആവണം. അതായത് ഒരു വസ്തുവിനെ നിർവ്വചിക്കുമ്പോൾ അതിന്റെ മുഴുവൻ വിശേഷണങ്ങളും ഉൾക്കൊള്ളുന്നതും അതുമായി ബന്ധമില്ലാത്തവ ഒരു തരത്തിലും നിർവ്വചനത്തിൽ കടന്നു വരാതിരിക്കുകയും വേണം. ഒരു നിർവ്വചനം നിർവ്വചിക്കപ്പെടുന്ന കാര്യത്തെ സംബന്ധിച്ച് കൃത്യമായ ധാരണ സൃഷ്ടിക്കുന്നതാവണം. മേല്‍പ്പറഞ്ഞ നിർവചനം ഈ പറഞ്ഞ നിബന്ധനകളെല്ലാം പൂർത്തീകരിച്ചിട്ടുണ്ട് എന്ന് ശേഷം വരുന്ന പദാവലികളിൽ നിന്നും മനസ്സിലാവും:

വംശീയത : ശാസ്ത്രീയപരമായി ഒരു ജനസമൂഹവും വംശം അല്ല, വംശം എന്നത് പ്രകൃതിപരവും അല്ല. ഓരോ ജനസമൂഹത്തെയും അടയാളപ്പെടുത്തുമ്പോൾ അവരവരുടെ വേഷങ്ങൾ, രൂപഭാവങ്ങൾ, സ്വഭാവങ്ങൾ എന്നിവയുടെ ഒരു സമാഹാരമാണത്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണെങ്കിൽ പോലും മുസ്‌ലിംകൾ അവരുടെ നാമത്തിൽ വിശ്വാസത്തിന്റെയോ മത ചിഹ്നങ്ങളുടെയോ പേരിൽ പലപ്പോഴും വംശീയതക്കും വിവേചനത്തിനും ഇരയാകാറുണ്ട്. നിർവചനത്തിന് സാങ്കേതിക വശങ്ങളെക്കുറിച്ച് ഇവിടെ ചർച്ച ചെയ്യുന്നില്ല. മറിച്ച് അതിന്റെ ഉള്ളടക്കത്തെ പറ്റിയാണ് ചർച്ച. അഥവാ ഈ നിർവചനം
മുസ്‌ലിം സമൂഹത്തിന് ഇസ്‌ലാമോഫോബിയയെ പറ്റി എത്രത്തോളം ധാരണയുണ്ടാക്കുന്നുവെന്ന്. ഒരുപക്ഷേ സർവാംഗീകൃത നിർവചനം തന്നെയായിരിക്കും ഇത്. ഇസ്‌ലാമോഫോബിയയെ പറ്റി മുസ്‌ലിംകള്‍ക്ക്‌ ധാരണയുണ്ടാക്കി ഇതനുസരിച്ച് കൃത്യസമയത്ത് പ്രതിരോധം തീർക്കാൻ അവരെ പ്രാപ്തിയുള്ളവരാക്കലുമാണ് ഈ നിർവചനത്തിന്റെ ലക്ഷ്യം.

മുസ്‌ലിം സമുദായത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യൽ പ്രവാചകചര്യയിൽ പെട്ടതാണ്. നിലവിലെ ഘടനകൾക്കുള്ളിൽ നിന്നു കൊണ്ട് ആക്രമണങ്ങളിൽ നിന്നും അടിച്ചമർത്തലിൽ നിന്നും സമുദായത്തെ രക്ഷിക്കൽ ഓരോ മുസ്‌ലിമിന്റെയും കടമയാണെന്ന് വിവിധ നബിവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാം.

ലക്ഷ്യം വെക്കപ്പെടുന്നവരുടെ മുസ്‌ലിം സ്വത്വ ആവിഷ്കാരങ്ങൾ: ഇംഗ്ലീഷ് ഭാഷയിൽ Englishness, Jewishness എന്നൊക്കെ പ്രയോഗിക്കുന്നത് പോലെ ഒരു പ്രയോഗമാണ് Muslimness. ഇസ്‌ലാമിക ഭാഷകളിൽ മുസൽമാനിയത്ത്,  അറബിഭാഷയിൽ ഷിആറുൽ മുസ്‌ലിമീൻ എന്നുമാണ് ഇത്  അറിയപ്പെടുന്നത്. മതചിഹ്നങ്ങളെ സംരക്ഷിക്കലും പ്രതിരോധിക്കലും മുസ്‌ലിംകളുടെ കടമയാണ്. ഖുര്‍ആനില്‍ പറയുന്നു: “അല്ലാഹു സ്ഥാപിച്ച മതചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിച്ചാൽ അറിയുക, ആ ചിഹ്നങ്ങളിൽ നിന്നത്രേ വിശ്വാസികൾ അവരുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്നത്”. (ഖു. 22.32). പ്രവാചകർ, മുസ്‌ലിം സ്വത്വം, മുസ്‌ലിം ആചാര-അനുഷ്ടാനങ്ങൾ എന്നിവയൊക്കെ അല്ലാഹു  സ്ഥാപിച്ച ചിഹ്നങ്ങളിൽ പെട്ടവയാണ്. Muslimness എന്നത് ഒരു വ്യക്തിയിൽ കേന്ദ്രീകൃതമല്ല, അത് മുസ്‌ലിം അസ്തിത്വത്തിന്റെയും സ്വത്വത്തിന്റെയും പൊതുവായ മേന്മയാണ്. ധരിക്കുന്ന വസ്ത്രം മുതൽ സംസാരിക്കുന്ന ഭാഷ, കഴിക്കുന്ന ഭക്ഷണം, കഴിക്കാത്ത ഭക്ഷണം വരെ നീണ്ടു നിൽക്കുന്നതാണ് അതിന്റെ ആവിഷ്കാരം. ഈ പ്രത്യേകതകളൊന്നും സ്ഥാവരമല്ല, മറിച്ച് ചരിത്രപരവും സാഹചര്യപരവുമാണ്.

മനസ്സിലാക്കപ്പെടുന്ന മുസ്‌ലിം സ്വത്വം : ഇസ്‌ലാമോഫോബിയയുടെ സ്വാധീനം മൂലം അനേകം അമുസ്‌ലിംകള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു.  ഉദാഹരണത്തിന് 9/11 പശ്ചാത്തലത്തിൽ ഉടലെടുത്ത വംശവെറിക്ക് ആദ്യ ഇരയായ സിഖ് സമുദായക്കാരനായ ബൽബീർ സിംഗ് സോധിയ. മുസ്‌ലിം ചിഹ്നങ്ങളോട് സാദൃശ്യമുള്ള അദ്ദേഹത്തിന്റെ തലപ്പാവും താടിയും കണ്ട് അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. മറ്റൊരു ഇര ബ്രസീൽ സ്വദേശിയായ ജീൻസ് ചാൾസ് ഡാ സിൽവയാണ്. അദ്ദേഹത്തിന്റെ പ്രത്യക്ഷ ഭാവത്തിൽ മുസ്‌ലിം സ്വത്വം അനുമാനിച്ച ലണ്ടൻ പോലീസ് അദ്ദേഹം ഒരു നുഴഞ്ഞു കയറ്റക്കാരനാണെന്ന് തെറ്റിദ്ധരിച്ച് സ്റ്റോക്ക് വെൽ സ്റ്റേഷനിൽവച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു. 7/7 സ്ഫോടനത്തിനു ശേഷം ലണ്ടനിൽ ഉടലെടുത്ത അറബ് വംശജരോടുള്ള വംശീയതയുടെ ഭാഗമായിരുന്നു ഈ വംശവെറി. 7/7 സംഭവിച്ച്  രണ്ടാഴ്ചക്കുള്ളിൽ ആണ് ഇത് നടക്കുന്നത്.

ബൽബീർ സിംഗ് സോധിയ

പ്രതിരോധത്തിന്റെ അനിവാര്യത

ഇസ്‌ലാമോഫോബിയയെ മുസ്‌ലിംകള്‍ പ്രതിരോധിക്കാത്തിടത്തോളം കാലം തങ്ങളെയും ഭാവിതലമുറയെയും  അടിച്ചമര്‍ത്തപ്പെടലിലേക്ക്‌ തള്ളിവിടുകയാണ് ചെയ്യുന്നത്. ഖുര്‍ആനില്‍ പറയുന്നത് കാണുക: “ദുർബലരായ സ്ത്രീകളും കുട്ടികളും വൃദ്ധരും നിസ്സഹായരായി കരയുമ്പോൾ അല്ലാഹുവിന് വേണ്ടിയുള്ള പോരാട്ടത്തെ നിരാകരിക്കാൻ നിനക്ക് എങ്ങനെ സാധിക്കും? ഞങ്ങളുടെ രക്ഷിതാവായ നാഥാ അക്രമകാരികളായ ഈ നാട്ടുകാരിൽ നിന്നും ഞങ്ങൾക്ക് രക്ഷയും അഭയവും നൽകേണമേ. നിന്റെ വിശാലമായ കാരുണ്യ കൊണ്ട് ഞങ്ങളെ നീ അനുഗ്രഹിക്കേണമേ” (ഖു. 4:75). അക്രമിയായ ഭരണകൂടത്തിനെതിരെ സധൈര്യം സംസാരിക്കലാണ് ജിഹാദിന്റെ ഏറ്റവും നല്ല രൂപം.

അതായത് ഇസ്‌ലാമോഫോബിയയെ നിർവചിക്കലും  അതിനെ പഠിക്കലും തിരിച്ചറിയലുമെല്ലാം മുസ്‌ലിംകളുടെ ബാധ്യതയിൽ പെട്ടതാകുന്നു.

“നന്മ പ്രവർത്തിക്കുന്നതിൽ നിങ്ങൾ പരസ്പരം പങ്കാളികളാവുകയും തിന്മയെ എതിർക്കുന്നതിൽ നിങ്ങൾ ഉത്സാഹം കാണിക്കുകയും ചെയ്യുക” (ഖു.31:17) എന്ന ഖുർആനിക വചനവും നന്മ കല്പിക്കുക, തിന്മ വിരോധിക്കുക എന്ന ശരീത്തിന്റെ തത്വത്തിൽ നിന്നും ഇക്കാര്യം സുവ്യക്തമാണ്. ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കുന്നതിന്റെ  അനിവാര്യതയെ നിഷേധിക്കുന്നവർ പ്രവാചക വചനത്തെ അറിഞ്ഞിരിക്കുക : “അല്ലാഹുവിലുള്ള വിശ്വാസം,  വിശ്വാസികൾക്ക് ഗുണം ചെയ്യൽ എന്നിവയെക്കാൾ പവിത്രമായ മറ്റൊരു ഗുണവും വിശ്വാസിക്കില്ല”. ഇന്ന് മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമോഫോബിയ ആണ്. അതിനെ പ്രതിരോധിക്കാൻ വിമുഖത കാണിക്കുക എന്നത് ഒരു മനുഷ്യൻ എന്ന നിലക്കും മുസ്‌ലിം എന്ന നിലക്കും തന്റെ ധർമ്മത്തെ കയ്യൊഴിയുന്നതിന് തുല്യമായിരിക്കും.


ഇസ്‌ലാമോഫോബിയയെ നിർവചിക്കലും  അതിനെ പഠിക്കലും തിരിച്ചറിയലുമെല്ലാം മുസ്‌ലിംകളുടെ ബാധ്യതയിൽ പെട്ടതാകുന്നു. “നന്മ പ്രവർത്തിക്കുന്നതിൽ നിങ്ങൾ പരസ്പരം പങ്കാളികളാവുകയും തിന്മയെ എതിർക്കുന്നതിൽ നിങ്ങൾ ഉത്സാഹം കാണിക്കുകയും ചെയ്യുക” (ഖു.31:17) എന്ന ഖുർആനിക വചനവും നന്മ കല്പിക്കുക, തിന്മ വിരോധിക്കുക എന്ന ശരീത്തിന്റെ തത്വത്തിൽ നിന്നും ഇക്കാര്യം സുവ്യക്തമാണ്. ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കുന്നതിന്റെ  അനിവാര്യതയെ നിഷേധിക്കുന്നവർ പ്രവാചക വചനത്തെ അറിഞ്ഞിരിക്കുക : “അല്ലാഹുവിലുള്ള വിശ്വാസം,  വിശ്വാസികൾക്ക് ഗുണം ചെയ്യൽ എന്നിവയെക്കാൾ പവിത്രമായ മറ്റൊരു ഗുണവും വിശ്വാസിക്കില്ല”. ഇന്ന് മുസ്‌ലിംകള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമോഫോബിയ ആണ്. അതിനെ പ്രതിരോധിക്കാൻ വിമുഖത കാണിക്കുക എന്നത് ഒരു മനുഷ്യൻ എന്ന നിലക്കും മുസ്‌ലിം എന്ന നിലക്കും തന്റെ ധർമ്മത്തെ കയ്യൊഴിയുന്നതിന് തുല്യമായിരിക്കും.

ശൈഖ് താജുൽ ഇസ്ലാം അസ്സൽഹതി, ബംഗാൾ

ശൈഖ് മുസ്തഫ ശൈഖ് സിന്ദി

മൊഴിമാറ്റം: എന്‍. മുഹമ്മദ് ഖലീല്‍

Comments