‘എന്റ്‌ലെസ് ബിറ്റര്‍’ അഥവാ അറ്റമില്ലാത്ത കഥാപാത്ര നിര്‍മിതി: ഒരു ഫര്‍ഹാദിയന്‍ ലോകം

ഹാരിപോട്ടർ മുതൽ മിസ്റ്റിക്ക് റിവർ വരെ വിവിധ ജോണറുകളിലുള്ള പുസ്തകങ്ങൾ സിനിമയാക്കപ്പെട്ടിട്ടുണ്ട്. വായിച്ചറിഞ്ഞ പുസ്തകങ്ങൾ വെള്ളിത്തിരയിലോട്ട് പകർത്തുമ്പോൾ അതെത്ര നീതിപുലർത്തിയാലും പ്രേഷകനെന്ന നിലയിൽ പലപ്പോഴും നമ്മെ തൃപ്തിപ്പെടുത്താറില്ല. അതിനുള്ള കാരണം വായനയുടെ തുറന്നിടലാണെന്നതാണ്. അതേ സമയം വെള്ളിത്തിരയിലത് എത്രയൊക്കെ വിശകലനം ചെയ്യപ്പെട്ടാലും പ്രേക്ഷകര്‍ സംവിധായകൻറെ മൗലികമായ ചിന്തയിൽ കെട്ടിയിടപ്പെടുന്നുവെന്ന പ്രശ്നമുദിക്കുന്നു. അവിടെയാണ് നാമറിഞ്ഞ ആസ്വാദനമല്ലല്ലോ വെള്ളിത്തിരയിലെന്ന് തോന്നുന്നത്.

ഈയൊരു മൗലികപ്രശ്നം നിലനിൽക്കേ പഠിക്കപ്പെടേണ്ട ഒന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രമുഖ ഇറാനിയൻ ഫിലിം മേക്കര്‍ അസ്ഗര്‍ ഫർഹാദിയുടെ സിനിമകൾ.

ഫർഹാദി ഒരു കഥാതന്തു മെനഞ്ഞെടുക്കുന്നതിനും അതിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമെല്ലാം പൊതുവായ ഒരു പ്ലോട്ട് ഉണ്ടാകും.

മെക്സിക്കൻ സംവിധായകന്‍ ഗുല്യെര്‍മോ ഡെല്‍ ടുറോയെ പോലെ തന്നെ Permutation and combination കണക്കേ നൂറ് കഥകൾ അദ്ദേഹം നിർമിക്കും. അതേ സമയം ഓരോന്നിനും മൗലികസ്വഭാവം നിലനിർത്തുകയും ചെയ്യും. അവിടെയാണ് ഫർഹാദിയുടെ മാസ്റ്റർ ടെച്ച് ബോധ്യപ്പെടൽ.

അദ്ദേഹത്തിൻറെ പ്രചോദനം ഒരേ സമയം നിയോറിയിലസവും ഹിച്കോക്കിയൻ ശൈലിയുമാണ്. നോർമലായ ഒരു ഈസിഗോയിങ്ങ് ലൈഫ്, പൊടുന്നനേ ഒരു ഇൻസിഡൻറുണ്ടാവുന്നു. ഹിച്കോക്കിനെ പോലെ കഥയെ സസ്പെൻസാക്കുന്ന മിസ്റ്റീരിയസാക്കുന്ന ആ ഇൻസിഡൻറ് ഒരിക്കലും കാണിക്കുന്നില്ല. കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത് ആ ഇൻസിഡൻറാണ് താനും. അത് വരെയുള്ള സിനിമയുടെ ശൈലി മുഴുക്കേ മാറുന്നു, അവിടൊരു സംഘർഷം കടന്നുവരുന്നു.
ഫർഹാദി ഈ മിസ്റ്റീരിയസ്‌ പ്ളോട്ടിനെ ട്രീറ്റ് ചെയ്യാറുള്ളത് റിയലിസ്റ്റിക്‌ ബേസിലാണ്. തൻറെ രാഷ്ട്രീയവും മതപരവും ആത്മീയവുമായ തത്വങ്ങളെല്ലാം അവിടെ കടന്നുവരികയും ചെയ്യും.

സിമിന്‍, നാദിര്‍ – ‘എ സെപറേഷന്‍’

‘എ സെപറേഷന്‍’ എന്ന സിനിമ തന്നെ നോക്കൂ,അവിടെ നാദർ-സിമിൻ ദമ്പതികളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട തർക്കത്തിലേക്ക് ക്യാമറ തുറന്ന് വെച്ചാണ് തുടങ്ങുന്നത്. പിതാവിനോട് കടപ്പാടുള്ള, അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്ന നാദർ, കുടുംബത്തിൻറെ ഭാവി ആലോചിച്ച് വിദേശത്തേക്ക് പോകാനൊരുങ്ങുന്ന സിമിൻ. ഇവരിൽ ആത്യന്തികമായി ആരേയും “നല്ലവരെന്നോ” “ചീത്തവരെന്നോ” തീർച്ചപ്പെടുത്തുക സാധ്യമല്ല. പൊതുവേ അപ്പർ ക്ളാസ് ലിബറല്‍ സ്വഭാവമുള്ള അവരിലേക്ക് മതപരമായ, ധാര്‍മിക മൂല്യങ്ങളുള്ള റസിയ കടന്നുവരുന്നു. റസിയക്ക് സംഭവിക്കുന്ന, സിനിമയിൽ പറയപ്പെട്ട വാഹനാപകടമാണ്‌ കഥയുടെ ഗതിതിരിക്കുന്നത് തന്നെ. തൻറെ മതമൂല്യങ്ങളിൽ ഉറച്ചുനിൽക്കണോ അതല്ല കുടുംബത്തെ രക്ഷിക്കണോ എന്ന ചോദ്യം ആ ക്ളൈമാക്സിനെ തന്നെ സംഘർഷഭരിതമാക്കുന്നു.

‘എബൗട്ട് എല്ലി’യിലെ എല്ലിയെ നോക്കൂ, അവരെ കൂട്ടികൊണ്ടുവന്ന സെഫീദ, എല്ലിയുടെ മുൻകാല ജീവിതം,അത് മറച്ചുവെക്കപ്പെട്ടത്‌, ഇങ്ങനെ ചെറുതെന്ന് കരുതപ്പെടുന്ന മനുഷ്യജീവിതത്തിലെ ഓരോന്നും എങ്ങനെയാണ് നാം നന്മ തിന്മകളുടെ തുലാസില്‍ അളക്കുക, ഇങ്ങനെ മറ്റാരെങ്കിലുമറിഞ്ഞാൽ പൊട്ടിത്തെറിക്കാവുന്ന എത്രയെത്ര സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ തന്നെ നടക്കുന്നു.‌ അഥവാ ഫർഹാദിയുടെ സിനിമ പ്രേക്ഷകരുടേത് കൂടിയാണ്‌. നമ്മിലേക്ക് തിരിച്ചുവെച്ച ക്യാമറകളാണോരോന്നും. വ്യക്തമായി പറഞ്ഞാല്‍ കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിന്റെ മൗലികഘടനയിലോട്ടാണ് ഫര്‍ഹാദിയുടെ ക്യാമറ എത്തിനോക്കുന്നത്.

എല്ലി – ‘എബൗട്ട് എല്ലി’

‘എവരിബഡി നോസ്’ ലെ പാക്കോയെ തന്നെ നോക്കൂ. മുൻകാമുകിയുടെ മകൾ, അവള്‍ തൻറേതാണെന്നറിയുന്നതോടെ അയാൾ തൻറെ എല്ലാം വിറ്റഴിച്ചവരെ രക്ഷിക്കുന്നു. ഭാര്യ അയാളെ ഉപേഷിച്ചു പോവുന്നു. പിന്നീടെങ്ങനെയായിരിക്കമവര്‍ ജീവിച്ചിട്ടുണ്ടാവുക? ‘ദി സെയില്‍സ്മാനി’ലെ റാണ,
അത്രയും ഭീകരമായ മെൻറൽ ട്രോമ നിലനിൽക്കേ തന്നെ പീഡിപ്പിച്ചവരോട്‌ അനുകമ്പ കാണിക്കുന്നു, അവരെങ്ങനെയാവും പിന്നീട് അതിജീവിച്ചിട്ടുണ്ടാവുക. ‘എബൗട്ട് എല്ലി’യിലെ സെഫീദ, എല്ലാം നല്ലതിനാവുമെന്ന് കരുതി മൂടിവെച്ച സത്യങ്ങൾ ഇനിയവരെ വേട്ടയാടില്ലേ, അതിലിങ്ങനെ നീറിപുകഞ്ഞവർ ജീവിക്കുന്നതാലോചിച്ചു നോക്കൂ.

ഇതെല്ലാം ഒരേ സമയം മനസ്സില്‍ ഇട്ട് ആവര്‍ത്തിച്ച് ആലോചിച്ച് നോക്കൂ. നാം തന്നെയല്ലേ ഇതിലെ കഥാപാത്രങ്ങളെല്ലാം? അഥവാ, ഫർഹാദി പറഞ്ഞുവെക്കുന്നത് നമ്മുടേതാണാ സിനിമ എന്ന് കൂടിയാണ്. ജീവിതത്തിൽ വിവിധ തട്ടുകളിലുള്ള, വിവിധ മൂല്യങ്ങൾ പുലർത്തുന്ന, ഒരേ സമയം ആ മൂല്യങ്ങളില്‍ പലതിനേം മാറ്റിവെക്കേണ്ടി വരുന്ന ആളുകളല്ലേ നമ്മളെല്ലാം.നന്മ- തിന്മ എന്ന ദ്വന്ദങ്ങളില്‍ മാത്രമുള്ളതല്ലലോ ജീവിതം. ലോകത്തെവിടെയും നടക്കാവുന്ന ഇത്തരം പ്രശ്നങ്ങൾ തന്നെയല്ലേ നമ്മുടെ ജീവിതത്തിലും. അങ്ങനെ നിലനിൽക്കേ എങ്ങനെയാണാ ജീവിതത്തിനൊരു ക്ളൈമാക്സ് നൽകൽ, അതെങ്ങനെയാണ് അവരെ കണക്കിലെടുക്കുന്നതാവുന്നത്‌. അഥവാ ഫർഹാദി തനിക്കാ കഥ തന്ന പ്രേഷകരെക്കൂടെ കണക്കിലെടുക്കുകയാണ്. ഇത് നിങ്ങളുടെ കഥയാണ്,അതേ നിങ്ങൾക്ക് തീരുമാനിക്കാം അതെങ്ങനെ മുന്നോട്ട് കൊണ്ട്പോവാമെന്ന്.

‘എബൗട്ട് എല്ലി’ യില്‍ പറയുന്നത് പോലെ “Endless bitter”. അഥവാ സംവിധായകനിൽ നിന്നത് പ്രേഷകനിലോട്ടെത്തപ്പെടുന്നു, അവരുടെ ചിന്തകൾക്കത് വാതിൽ തുറക്കുന്നു.കൂടുതൽ ജനാധിപത്യവൽകരിക്കപ്പെടുന്നു.

സാമൂഹികപശ്ചാത്തലം, മതപരത, രാഷ്ട്രീയം എന്നിങ്ങനെ മനുഷ്യജീവിതവുമായി ബദ്ധപ്പെട്ട ഇടങ്ങളിലോട്ടുള്ള ആഴത്തിലുള്ള തത്വഞ്ജാനപരമായ സമീപനം കൂടെയുണ്ടദ്ദേഹത്തിന്റെ കഥകൾക്ക്. ‘എ സെപറേഷനി’ ൽ ഇറാനിലെ മിഡിൽ ക്ളാസ് ലിബറൽ മൂല്യമുള്ള സാമൂഹികതയും കീഴാളവും മതപരവുമായ സാമൂഹികതയും തമ്മിലുള്ള ആന്തിരികമായ സംഘട്ടനങ്ങള്‍ പ്രകടമാണ്. ആത്മീയമായ തന്റെ വ്യക്തിത്വം മുറുകെപിടിക്കാനുള്ള റസിയയുടെ ശ്രമമാണ്‌ ആ സിനിമയുടെ സസ്പെൻസിന് തന്നെ കാരണം. മനുഷ്യജീവിതത്തിൽ മതാത്മകത ആചാരങ്ങൾകപ്പുറം ‘എത്തിക്കല്‍’ ആവുന്നിടത്തെ കാൽപനികവും ശക്തവുമായ പ്രതീകം കൂടിയാണ്‌ റസിയ.

സിമിനെ നോക്കൂ, കൃത്യമായ കാഴ്ച്ചപ്പാടുള്ള, ഭർത്താവിന് കീഴൊതുങ്ങാത്ത, നിലപാടുള്ള സ്ത്രീയാണവർ. വളരെ സ്റ്റീരിയോട്ടിപ്പിക്കലായ ഫെമിനിസ്റ്റ് വേഷവിധാനമില്ലാതെ ഫെമിനിസ്റ്റ് പക്ഷം എടുത്ത്കാണിക്കുന്ന കഥാപാത്രം. ഇത്തരത്തിൽ സാമൂഹികമായി രൂപകൽപന ചെയ്ത സദാചാരവും മനുഷ്യനെന്ന അസ്ഥിത്വം നിലനിൽക്കുന്ന അടിസ്ഥാന വികാരവും തമ്മിലുള്ള സംഘട്ടനം ‘എവരിബഡി നോസി’ല്‍ കാണാം. പാക്കോ വഴി ലൗറ ഗർഭിണിയാവുന്നത് അലെഞ്ചാദ്രോ അംഗീകരിക്കുന്നത് ഒരുപാട് സമ്മർദ്ദങ്ങൾക്ക് ശേഷം ഈ യാഥാർത്യമുൾക്കൊണ്ടാണ്.

പാക്കോ, ലൗറ – ‘എവരിബഡി നോസ്’

ശക്തവും വ്യക്തവും നിലപാടുകളും കാഴ്ചപാടുമുള്ള ഒരുപറ്റം സ്ത്രീ കഥാപാത്രങ്ങളുടെ ഇടം കൂടിയാണ്‌ ഓരോ ഫർഹാദീ സിനിമയും. മനുഷ്യനെന്ന അടിസ്ഥാന വർഗ്ഗത്തിൻറെ സൂഷ്മതലങ്ങളിലേക്ക് കടക്കുമ്പോൾ ഉണ്ടാവുന്ന ആന്തരിക സംഘർഷങ്ങളാണവ. നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയോട്‌ പൊരുത്തപ്പെടാനാവാത്ത, അതേ സമയം തൻറേതായ എത്തിക്സിനോട് നീതിപുലർത്തുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തിയോട് അഭിനിവേഷമുള്ള മനുഷ്യന്റെ പ്രകൃതത്തെ വിശകലന വിധേയമാക്കപ്പെടുന്നു. വേട്ടക്കാരനോട് മാപ്പ് നൽകുന്ന, പ്രണയിനിക്കായി എല്ലാം ത്യജിക്കുന്ന അപൂർവം മനുഷ്യരെ അത്രമേൽ നാടകീയമല്ലാതെ റിയലായി മനസിലേക്കിട്ട്‌ തരുന്നു ഈ സംവിധായകന്‍. ചിലപ്പോഴെല്ലാം സർ-റിയൽ ലോകത്തിലേക്കെത്തിക്കുന്നു. അതേ സമയം തന്നെ പ്രേക്ഷകരുടെ ചിന്തക്കായി വിട്ടുതരുന്ന ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച ഫിലിം മേക്കർ, അതാകുന്നു ഫർഹാദി.

By നിഹാല്‍ വേങ്ങര