പാനായിക്കുളം കേസ്: അന്യായ തടവിന്റെ അഞ്ച് മുഖങ്ങള്‍

കേരളത്തിൽ എൻ.ഐ.എ പ്രവർത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി ഏറ്റെടുത്ത കേസാണ് പാനായിക്കുളം സ്വാതന്ത്ര്യ ദിന സെമിനാർകേസ്. 5 പേർക്ക് 14 വർഷത്തെ കഠിന തടവ്ശിക്ഷ നൽകിയ NIA കോടതി വിധിക്കെതിരായ അപ്പീൽ ഹരജി മാര്‍ച്ച്‌ 18 ന് കേരള ഹൈക്കോടതിയിൽ വാദമാരംഭിക്കുകയാണ്.
കേസിന്റെ പശ്ചാത്തലത്തിലൊരു വിശകലനം.

കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തത് ഇടത് മുന്നണി ഗവണ്മെന്റ് കാലത്ത് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോഴാണ്.അക്രമ സംഭവങ്ങളോ,സായുധ പ്രയോഗങ്ങളോ ആരോപിക്കപ്പെടാത്ത, ആയുധങ്ങളോ,സ്ഫോsക വസ്തുക്കളോ പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടാത്ത കേവലം യോഗം നടത്തിയെന്ന ആരോപണം മാത്രം നിലനിൽക്കുന്ന കേസ് NIA ക്ക് കൈമാറിയ നടപടി തന്നെ തികച്ചും നിരുത്തരവാദപരവും അന്യായവുമായിരുന്നു.കേസന്വേഷണത്തിലെ കേരള പോലീസിന്റെ സമീപനങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കത്തെ മുൻ കേരള DGP ഡോ.സിബി മാത്യു തന്റെ ആത്മകഥയിൽ വിമർശിക്കുന്നുണ്ട്.കേസിനെ സംഘ് പരിവാർ അവിഹിതതാല്പര്യങ്ങൾക്ക് വിട്ട് കൊടുക്കുന്ന നടപടിയായിരുന്നു ഇടത് സർക്കാർ സ്വീകരിച്ചത്.

കേസില്‍ അന്യായമായി ശിക്ഷിക്കപ്പെട്ട അഞ്ചുപേര്‍

ശാദുലി. ഈരാറ്റുപേട്ട
സോഫ്റ്റ് വെയർ എഞ്ചിനീയർ
റാസിഖ്.എ.റഹീം, ഈരാറ്റുപേട്ട
എം എ, ബി.എഡ്‌
ജേണലിസം ഡിപ്ലോമ
അൻസ്വാർ, ആലുവ
ബി എ അറബിക് ബിരുദധാരി
ശമ്മാസ്, ഈരാറ്റുപേട്ട
Education Consultant
നിസാമുദ്ദീൻ, പാനായിക്കുളം
സംഘാടകൻ,സാമൂഹ്യ പ്രവർത്തകൻ

കേസിന്റെ പശ്ചാത്തലം

2006 ആഗസ്ത് 15 ന് ആലുവക്കടുത്ത് പാനായിക്കുളത്ത് മൂന്ന് റോഡുകള്‍ കൂടുന്ന തിരക്കേറിയ കവലയിലുള്ള ഹാപ്പി ഓഡിറ്റോറിയത്തില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍
മുസ്‌ലീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ പ്രാദേശിക സംഘടനയായ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ ആരോപണം. രഹസ്യയോഗം ആണെന്ന് വരുത്തിതീര്‍ക്കാനും, സിമി ബന്ധം കെട്ടിച്ചമക്കാനുമുള്ള സൂത്രങ്ങളാണ് അന്വേഷണത്തിന്റെ മറവില്‍ അരങ്ങേറിയത്. പോസ്റ്ററും നോട്ടിസും അച്ചടിച്ച് പരസ്യപ്പെടുത്തി നടത്തിയ പരിപാടിയാണ് കോടതിയില്‍ ‘രഹസ്യയോഗം’ ആയി അവതരിപ്പിക്കപ്പെട്ടത്.

ബിനാനിപുരം പോലിസ് പരിപാടി നടക്കുന്ന ഹാളില്‍ എത്തി 18 പേരെ കസ്റ്റഡിയില്‍ എടുക്കുകയാണ് ചെയ്തത്. പരിപാടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. പാനായികുളത്തും പരിസരപ്രദേശത്തും ഉള്ള നിരവധിയാളുകള്‍ എത്തിക്കൊണ്ടിരുന്നതായും പോലീസ് സാന്നിധ്യം കണ്ട് മടങ്ങിപ്പോയതായും ഇതിനെ കുറിച്ച് വസ്തുതാന്വേഷണം നടത്തിയ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി സംഘം കണ്ടെത്തിയിരുന്നു.

സ്റ്റേഷനില്‍ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാന്‍ ഒരുങ്ങവെ മുസ്‌ലിം വിരോധം തലക്ക് കയറിയ ഏതോ പോലീസ്‌കാരന്‍ നല്‍കിയ വിവരം അനുസരിച്ച് ബി.ജെ.പി,
ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചാനല്‍ അകമ്പടിയോടെ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തുന്നതോടെയാണ് ഈ കേസ് തെറ്റായ ദിശയിലേക്ക് വഴിമാറുന്നത്.

അതോടെ സമ്മര്‍ദത്തിലായ പോലീസ് 18 പേരേയും ആലുവ ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാറ്റുകയും അഞ്ച് പേര്‍ ഒഴികെ മറ്റ് 11 പേരെ വിട്ടയക്കുകയും ചെയ്തു. അന്ന് ചോദ്യം ചെയ്ത സംസ്ഥാന തല ഉദ്യോഗസ്ഥര്‍ ഇത് സ്വാതന്ത്യദിന സെമിനാര്‍ ആയിരുന്നുവെന്ന് വിലയിരുത്തിയതായി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആലുവാ ഡി.വൈ.എസ്.പി ആയിരുന്ന ഇ. ടി മാത്യുവിന്റെ സാക്ഷിമൊഴിയില്‍ പറയുന്നു. (പേജ് 848)

സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദവും മാധ്യമങ്ങളിലെ അപസര്‍പ്പക കഥകളും സ്യഷ്ടിച്ച ഭീകര പശ്ചാത്തലവുമാണ് അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള യഥാര്‍ഥ കാരണം. സ്റ്റേഷനില്‍ നടന്ന സ്വകാര്യ സംഭാഷണങ്ങളില്‍ പല പോലീസ് ഓഫീസര്‍മാരും അത് മറച്ച് വെക്കാതെ തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രാദേശിക സലഫി മസ്ജിദ് ഇമാം റഷീദ് മൗലവിക്ക് വേണ്ടി സ്റ്റേഷനില്‍ വന്ന സലഫി പള്ളി നടത്തിപ്പ് സമിതിയിലെ പ്രധാനിയുമായ മുന്‍ പോലീസ് മേധാവി അബ്ദുറഹ്മാന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് റഷീദ് മൗലവിയില്‍ നിന്നും പരാതി എഴുതിവാങ്ങി കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് മാസത്തിന് ശേഷം 5 പേര്‍ക്കും കേരള ഹൈക്കോടതി ജാമ്യമനുവദിച്ചു.

കേസ് അന്വേഷണം

സി. ഐ ബാബുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. രണ്ട് വര്‍ഷം കൊണ്ട് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു. ഇതിനിടെ അന്ന് ആലുവാ എസ്.പി ആയിരുന്ന അബ്ദുല്‍ വഹാബ് പ്രതികളെ സഹായിച്ചതാണെന്നും മറ്റും മംഗളം, കേരളാകൗമുദി, മനോരമ, മാത്യഭൂമി പത്രങ്ങള്‍ നടത്തിയ ദുഷ്പ്രചാരണം കാരണം വീണ്ടും ഒരു അന്വേഷണത്തിന് കേരളാ ആഭ്യന്തര വകുപ്പ് 2008 സെപ്തംബറില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (SIT) രൂപീകരിച്ചു. മലപ്പുറം ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഡി.വൈ.എസ്.പി ശശിധരന്റെ നേത്യത്വത്തിലായിരുന്നു സംഘം. വ്യക്തമായ തെളിവുകള്‍ ഇല്ലാതിരുന്ന കേസിന് തെളിവ് ചമക്കുന്ന ജോലിയാണ് മുഖ്യമായും ഈ ടീം ചെയ്തത്. ഹാപ്പി ഓഡിറ്റോറിയത്തിന് ബുക്കിങ്ങ് രജിസ്റ്റര്‍ ഉണ്ടാക്കിയതും ഇപ്പോള്‍ കഠിന ശിക്ഷക്ക് കാരണമായ വകുപ്പുകള്‍ ചുമത്താന്‍ പര്യാപ്തമായ പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതിയുണ്ടാക്കിയതും അത് കേട്ടുവെന്ന് റഷീദ് മൗലവിയെ കൊണ്ട് മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി കൊടുപ്പിച്ചതും ഇയാള്‍ ആണ്. അതിനുവേണ്ടി ആദ്യം വെറുതെ വിട്ട 13 പേരെ അറസ്റ്റ്‌ചെയ്തു ചാര്‍ജ് ചെയ്തു.

തീവ്രവാദ മുദ്ര ചാര്‍ത്തപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ദേശീയ അന്വേഷണ എജന്‍സി ആയ എന്‍.ഐ.എ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിച്ചപ്പോള്‍ പാനായികുളം കേസ് 2009 അവസാനം എന്‍.ഐ.എ എറ്റെടുത്തു. അന്വേഷണ ഘട്ടത്തില്‍ ഓരോ പ്രതികളേയും സ്വാധീനിക്കാനും മാപ്പുസാക്ഷിയാക്കാനുമായിരുന്നു ആദ്യശ്രമം. റഷീദ് മൗലവി ഒഴിച്ച് മറ്റുള്ളവരെല്ലാം എന്‍.ഐ.എ യുടെ ഓഫറുകളെല്ലാം നിരസിക്കുകയായിരുന്നു. ഒരു തീവ്രവാദ ഗൂഡാലോചനയുടെ പഴുതുകള്‍ ബാക്കിയാക്കാതെയുള്ള തിരക്കഥ പൂര്‍ത്തിയാക്കിയ എന്‍.ഐ.എ ആണ് 2011 ല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. 2014 ജൂലൈയില്‍ കൊച്ചി എന്‍.ഐ.എ കോടതി വിചാരണ ആരംഭിച്ചു.

വിചാരണ

2014 ജൂലൈ 25നാണ് എന്‍.ഐ.എ കോടതി കേസിന്റെ വിചാരണ ആരംഭിച്ചത്. ഏകദേശം 100 ഓളം വിചാരണ ദിനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മാത്രം ഒന്നരകൊല്ലം വേണ്ടിവന്നു. പ്രതിഭാഗത്തിനു വേണ്ടി മുന്‍ ജഡ്ജി വി. ടി. രഘുനാഥിന്റെ നേത്യത്വത്തില്‍ എട്ടംഗ വിദഗ്ദ്ധ അഭിഭാഷക സംഘമാണ് വാദം നടത്തിയത്. പ്രോസിക്യൂഷന്‍ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സമര്‍ത്ഥിക്കുന്നതില്‍ പ്രതിഭാഗം നൂറു ശതമാനം വിജയിച്ചിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ ഏക പിടിവള്ളിയായിരുന്ന മാപ്പ്‌സാക്ഷിയുടെ ദുര്‍ബലത തെളിയിക്കപ്പെട്ടു. ആദ്യം പരാതിക്കാരനും പിന്നീട് പ്രതിയും സാക്ഷിയും മാപ്പസാക്ഷിയുമായി പല മുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ട റഷീദ് മൗലവിയുടെ പരിണാമങ്ങള്‍ കേസ് കെട്ടിച്ചമച്ചതിന് തെളിവാണ്. കേസിന് രണ്ട് എഫ്.ഐ.ആര്‍ ഉണ്ടാക്കുകയും ആദ്യത്തേത് നശിപ്പിക്കപ്പെടുകയും ചെയ്തതായി കെണ്ടത്തി. ഈ അവസ്ഥയില്‍ കേസ് നിലനില്‍ക്കുന്നതല്ല.

2001ല്‍ സിമി നിരോധിക്കപ്പെടുമ്പോള്‍ കോഴിക്കോട് അവരുടെ സംസ്ഥാന ഓഫീസില്‍ നിന്ന് റെയ്ഡ് നടത്തി പോലീസ് കെണ്ടടുത്ത പ്രവര്‍ത്തകരുടെ പട്ടിക പ്രകാരം ഈ കേസില്‍പ്പെട്ടവര്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ ആണെന്ന് വാദിക്കുന്നത് അടിസ്ഥാന രഹിതമാണ്. കാരണം ആ ലിസ്റ്റ് നിയമ വിരുദ്ധ കാലയളവില്‍ ഉള്ളതല്ല. പാനായിക്കുളത്ത് ഇങ്ങനെയൊരു യോഗം നടന്നതായിപോലും തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണ പരാജയം ആണെന്ന് ജഡ്ജിക്ക് മുന്നില്‍ സ്ഥാപിക്കപ്പെട്ടതാണ്. 120 എ നിയമ പ്രകാരമുള്ള ദേശദ്രോഹകുറ്റം ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് ഇതേ ജഡ്ജി തന്നെ പരാമര്‍ശിച്ചത് കോടതി രേഖകളില്‍ ലഭ്യമാണ്.

NIA കോടതിയുടെ അന്യായ ശിക്ഷാവിധിയിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന റാസിഖ് എ റഹീം
പാനായിക്കുളം കേസിന്റെ പശ്ചാത്തല സംഭവത്തെക്കുറിച്ച് എഴുതി പൂർത്തിയാകാത്ത ബ്ലോഗ്
. https://fir159-2006.blogspot.com/?m=1&fbclid=IwAR2GokfZUm4badPRT_7aXElT13DLGPE-WO0TWifB7VKH3OYnTxLPOoh9O4s

വിധിയുടെ ദൗര്‍ബല്യങ്ങള്‍

നിയമപ്രകാരം പ്രതികള്‍ക്ക് ലഭിക്കേണ്ട സംശയത്തിന്റെ ആനുകൂുല്യം പൂര്‍ണ്ണമായി നിഷേധിക്കുകയും വാദിഭാഗത്തെ അന്ധമായി ന്യായീകരിക്കുകയും ചെയ്യുന്നത് നീതിയുടെ താല്‍പര്യങ്ങള്‍ക്ക് നിരക്കാത്താണ്. ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്ത ഭൂതകാലവും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും, സാന്നിധ്യം അനിവാര്യമായ ജീവിത പശ്ചാതലവും പരിഗണിക്കാതെയുള്ള കഠിന ശിക്ഷ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. നിയമം മുന്‍ഗണന നല്‍കുന്ന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഭരണകൂടത്തിന് താല്‍പര്യമില്ലാത്ത ആശയ ചിന്തകളെ നിഷ്‌കരുണം വേട്ടയാടാന്‍ ന്യായീകരണം ആയിമാറും. യു.എ.പി.എ യെക്കുറിച്ച് ഉയര്‍ന്നു വരുന്ന ആശങ്കകളെ പൂര്‍ണ്ണമായി ശരിവെക്കുന്നതാണ് ഈ വിധി.
കുറ്റാരോപിതരുടെ നിരാപരാധിത്വം തെളിയിക്കുന്ന രേഖകള്‍ പൂര്‍ണ്ണമായി തള്ളിക്കളയുന്നു. ന്യായാധിപന്റെ പെരുമാറ്റത്തെ വിശദീകരിക്കുന്ന ഇന്ത്യന്‍ തെളിവ് നിയമത്തിലേയും സി.ആര്‍.പി.സി യിലേയും നിയമനിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പ്രോസിക്യൂഷനെ ഏകപക്ഷിയമായി ശരിവെക്കുന്നു. കേസ് നിലനില്‍ക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ പോലീസ് വാദത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും തിരുത്തിയും പ്രോസിക്യൂഷനെ സഹായിക്കുന്നു. പ്രതിഭാഗം അഭിഭാഷകരുടെ മറുപടിയില്ലാ വാദങ്ങള്‍ക്ക് വിലനല്‍കിയില്ല എന്ന് മാത്രമല്ല അവര്‍ സമര്‍പ്പിച്ച നൂറോളം സുപ്രീംകോടതി, ഹൈകോടതി വിധികള്‍ ഭരണഘടനാ വിരുദ്ധമായി അവഗണിക്കുന്നു. പ്രോസിക്യൂട്ടറെ സ്വകാര്യമായി വിളിച്ചുവരുത്തി രഹസ്യതെളിവ് ശേഖരണം നടത്തുകയും വിധിക്ക് ആധാരമായി സ്വീകരിക്കുകയും ചെയ്യുന്നു. 124 എ തെളിയിക്കാനായില്ല എന്ന് പറയുന്ന വിധിയില്‍ തന്നെ ആ വകുപ്പനുസരിച്ച് ശിക്ഷയും വിധിക്കുന്നു.

NIA കോടതി പാനായിക്കുളം കേസിനോട് സ്വീകരിച്ച സമീപനം തികച്ചും വിവേചനപരവും,വംശീയവുമായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അതിന് ഉത്തമോദാഹരണമാണ് മാവേലിക്കര മാവോയിസ്റ്റ് കേസ് . 2012 ഡിസം 29 ന് മാവേലിക്കരയിലെ ചെറു മഠം ലോഡ്ജ് മുറിയിൽ യോഗം ചേർന്നു എന്നാരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ട 5 പേർക്ക് ഇതേ NIA കോടതി നല്കിയ ശിക്ഷ 3 വർഷം മാത്രമായിരുന്നു.
സമാന സാഹചര്യങ്ങൾ ആരോപിക്കപ്പെട്ട സമാന വകുപ്പുകൾ ചുമത്തപ്പെട്ട കേസിൽ 2017 ൽ NIA കോടതി ജഡ്ജി സന്തോഷ് കുമാർ വിധിച്ചത് 3 വർഷത്തെ തടവ് ശിക്ഷയാണ്.

തങ്ങളുടെ കൂട്ടത്തിൽ മുസ് ലിം നാമമുള്ള ഒരാളെങ്കിലും പെട്ടിരുന്നെങ്കിൽ വിധി മറ്റൊന്നാവുമായിരുന്നു എന്ന് കേസിൽ ശിക്ഷിക്കപ്പെട്ട രാജേഷ് മാധവൻ പറഞ്ഞത് തികച്ചും വാസ്തവമാണ്.

ആരോപിത വകുപ്പുകളുടെ പരമാവധി ശിക്ഷയും വ്യത്യസ്ത വകുപ്പു പ്രകാരമുള്ള ശിക്ഷകൾ വേവ്വേറെ അനുഭവിക്കണമെന്ന കഠിന നിലപാടുമാണ് പാനയിക്കുളം കേസിൽ എൻ.ഐ.എ.ജഡ്ജി കെ.എം.ബാലചന്ദ്രൻ സ്വീകരിച്ചത്. നിശ്ചിത വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയും ഇളവുകളുമാണ് മാവേലിക്കര കേസിൽ എൻ.ഐ.എ ജഡ്ജി എസ്.സന്തോഷ് കുമാർ നിശ്ചയിച്ചത്. ആരോപിതരായ യുവാക്കൾക്ക് സമൂഹത്തിലെ സ്ഥാനം, ഉന്നത വിദ്യാഭ്യാസം, കുറ്റകൃത്യസാധ്യതയില്ലാത്ത ജീവിതപശ്ചാത്തലം ഒക്കെ പരിഗണിക്കപ്പെടണമെന്ന നിയമത്തിന്റെ താല്പര്യമടക്കം
എതിരെ പ്രയോഗിക്കാവുന്ന എല്ലാ സാധ്യതകളും അടിച്ചേല്പിക്കുന്ന ക്രൂര വിധിയായിരുന്നു പാനായിക്കുളം കേസിലുണ്ടായത്

യു.എ.പി.എ എന്ന കിരാത നിയമത്തെ കുറിച്ച് നിയമരംഗത്തെ ആക്ടിവിസ്റ്റുകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ ശരിവെക്കുക മാത്രമല്ല, കൂടുതല്‍ അപകടകരവും ശത്രുതാമനോഭാവത്തോടെ ഉപയോഗിക്കുകയുമാണ് ഈ വിധി.
രാജ്യത്തിന്റെ നീതിഭദ്രമായ നിലനില്‍പിനും, ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങളുടെ സുരക്ഷക്കും, ഭരണനിര്‍വഹണത്തിന്റെ സത്യസന്ധതക്കും ഭീഷണി ഉയര്‍ത്തുന്ന ഈ വിധിയിലെ മുന്‍ വിധികള്‍ സമൂഹമധ്യത്തില്‍ ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചക്ക് വിധേയമാക്കേത് നമ്മുടെ സാമൂഹ്യ ബാധ്യതയാണ്.

എ. എം നദ് വി  (മൈനോരിറ്റി റൈറ്റ്‌സ് വാച്ച്)

By Editor