ന്യൂനപക്ഷങ്ങളെപ്പറ്റി പാര്‍ട്ടി ക്ലാസുകളില്‍ എന്താണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്?

ഒരിക്കൽ ഫുട്ബാൾ താരം മുഹമ്മദ് സലാഹിന്റെ പെര്ഫോമന്സിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ഒരാള്‍ വാട്സ്ആപ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. മതേതര- ലിബറൽ ബോധം തുളുമ്പി നിൽക്കുന്ന നല്ല എ- ക്ലാസ് ഇടതുപക്ഷക്കാരനുള്ള ഗ്രൂപ്പായിരുന്നുവത്. മുഹമ്മദ് സലാഹിനെ കുറിച്ചുള്ള പോസ്റ്റ് കണ്ടപാടെ പ്രതീക്ഷിച്ച ഇടത് ആഖ്യാനങ്ങൾ ‘പോസ്റ്റുമാനു’ നേരെ അവനിൽ നിന്നും ആഗതമായി. അതായത് വർഗീയവാദി, സങ്കുചിതൻ, അങ്ങനെ.. കൂടാതെ വളരെ സഹതാപത്തോടെ ഒരു പ്രയോഗവും. “ഇവനൊക്കെ ഒരുപാട് മാറി ട്ടോ..”

‘പോസ്റ്റുമാൻ’ ഒരു മുസ്‌ലിമാണ്‌. മുഹമ്മദ് സലാഹും ഒരു മുസ്‌ലിമാണ്‌. ഇതാണ് തലകറക്കത്തിന്റെ കാര്യം. അതായത്
മുസ്‌ലിമായ ഒരാൾക്ക് നേരിട്ട് ഒരു മുസ്‌ലിം കളിക്കാരനെ ഇഷ്ടപ്പെടുന്നതിന് ചില നാട്ടു നടപ്പുകൾ വേണം.

മുഹമ്മദ് സലാഹ്‌

ആദ്യം മറ്റു സമുദായത്തിൽപെട്ട അല്ലെങ്കിൽ മറ്റു മതത്തിൽ പെട്ട ലക്ഷണമൊത്ത ഒന്നിനെ ഇഷ്ടപ്പെട്ടിട്ടുണ്ടാകണം. പിന്നെ, ആ ഇഷ്ടം സമൂഹ മധ്യത്തിൽ പ്രകടിപ്പിച്ചിട്ടുണ്ടാകണം. അതായത് മുഹമ്മദ് സലാഹിനെ ഇഷ്ടപ്പെടണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെ ഇതര മതക്കാരനായ നല്ലൊരു കളിക്കാരനെ കൂട്ടിപ്പറയണം. അതോടൊപ്പം, ഫുട്ബാളിനെ കുറിച്ച് തന്നെ താന്‍ പല വിഷയങ്ങളും ചർച്ച ചെയ്തിട്ടുണ്ടാകണം.

ഇങ്ങനെയൊക്കെ ആണെങ്കിൽ ഒരു മതേതര സ്വഭാവത്തിൽ ഒരാൾക്ക് മുഹമ്മദ് സലാഹിനെ ഇഷ്ടപ്പെടാം. അല്ലെങ്കിൽ ഒരു വർഗീയ വാദി ആയിക്കൊണ്ടായിരിക്കും അയാൾ സലാഹിനെ ഇഷ്ടപ്പെടുന്നത്.   ലോക ഫുട്ബാളിൽ മികച്ച കളിക്കാരൻ ആയിട്ടും മുഹമ്മദ് സലയെ പോലുള്ള ഒരു മുസ്‌ലിമിനെ മറ്റൊരു മുസ്‌ലിം ഇഷ്ടപ്പെടുന്നതിൽ പോലും വർഗീയത ആരോപിക്കാനാണ് ഇടതുപക്ഷം അതിന്റെ അണികളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതാകട്ടെ, കേവലം ഒരു വിമർശനത്തിൽ ഒതുക്കുകയല്ല. ഏത് വിഷയത്തിലുള്ള ചർച്ചകൾ കടന്നു വരുമ്പോഴും “മുഹമ്മദ് സല- ഇഷ്ടമുന്നയിച്ച ആൾ – വർഗീയത” എന്ന അന്ധമായ ഫോര്മുലയിലാണ് അവസാനിക്കുക. അങ്ങനെയുള്ള ഒരാളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന അവതരണം ചർച്ചയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ഒരു കുതന്ത്രവുമാണ്.

അകാരണമായി ഒരു കൂട്ടത്തിൽ നിന്ന് ഒന്നിനെ മാത്രമായി ആരും ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഇഷ്ടങ്ങൾക്ക് പിറകിൽ പല വിഷയങ്ങൾ ഉണ്ടാകും. കുടുംബമായത് കൊണ്ട് പലരും ഇഷ്ടപ്പെടും. കൂട്ടുകാരനായത് കൊണ്ട് ഇഷ്ടപ്പെടും. സ്വന്തം രാജ്യത്തിന്റെ കളിക്കാരനായത്കൊണ്ട് മാത്രം ഒരു രാജ്യം മുഴുവനും അവരുടെ രാജ്യത്തിന്റെ കളിക്കാരെ ഇഷ്ടപ്പെടുന്നു. അതിന് ഒരു പ്രശ്നവുമില്ല. ഒരാളുടെ ഇഷ്ടങ്ങൾക്ക് രാജ്യത്തിന്റെയോ മതങ്ങളുടെയോ പരിധികൾ നിശ്ചയിക്കാൻ മറ്റൊരാൾക്ക് അധികാരമില്ല. അങ്ങനെ ചെയ്യുന്നതാണ് തെറ്റ്. സമാനമായ ഒരു പ്രതികരണമാണ് ഈയിടെ വിരാട് കോഹ്ലി നടത്തിയത്.  മറ്റുരാജ്യങ്ങളിലെ ക്രിക്കറ്റ് താരങ്ങളെയാണ് നിങ്ങള്‍ക്കിഷ്ടമെങ്കില്‍ അവിടെപ്പോയി ജീവിക്കണമെന്ന്.

നാട്ടുകാരനായത് കൊണ്ട് ഇഷ്ടപ്പെടും രാജ്യക്കാരനായത് കൊണ്ടും ഇഷ്ടപ്പെടും. എന്നാൽ മുസ്‌ലിം ആയത് കൊണ്ട് ഒരു മുസ്‌ലിമിന് ഒരാളെ പ്രത്യേകമായി ഇഷ്ടപ്പെടാൻ പാടില്ല. അത് അപരാധമാണ്. ചോദ്യം ചെയ്യപ്പെടും.

ഒരാളുടെ ഇഷ്ടം ഒരു പ്രശ്‌നമാകുന്നത് അയാൾ അക്രമത്തെ ഇഷ്ടപ്പെടുമ്പോഴാണ്. അല്ലെങ്കിൽ അധാർമ്മികതയെ ഇഷ്ടപ്പെടുമ്പോഴാണ്. ആ അർത്ഥത്തിൽ മോഹൻലാൽ നരേന്ദ്ര മോദിയെ ഇഷ്ടപ്പെട്ടുകൊണ്ടുള്ള സ്തുതി കീർത്തനങ്ങൾ മുഴക്കുമ്പോൾ അത് മോഹൻലാലിന്റെ നിലപാടിന്റെ നീതിബോധമില്ലായ്മയായി വിലയിരുത്താം. എന്നാൽ മോഹൻലാൽ സച്ചിൻ ടെണ്ടുൽക്കറെ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോൾ അതൊരു വർഗീയതയോ മറ്റോ ആയി ഒരിക്കലും പരിഗണിക്കപ്പെടുകയില്ല. എന്നാൽ മമ്മൂട്ടി, ‘മുഹമ്മദ് സല’ എന്ന കളിക്കാരനെയോ മറ്റോ ഇഷ്ടപ്പെടുന്നു എന്ന ഒരു പ്രതികരണം ഉയർത്തിയാൽ ചിലരുടെയൊക്ക മനസ്സിൽ മതേതരത്വം പൊളിഞ്ഞ പോലെയും വർഗീയത മുളച്ച പോലെയും ഒക്കെ തോന്നുന്ന ഒരു അവസ്ഥ ഉണ്ടാകാം. അപ്പോൾ അതിന്റെ അർഥം മുസ്‌ലിം ആവുക എന്നത് ഒരു അക്രമവും ധാർമ്മികതയും അശ്ലീലതയും ആണ് എന്നല്ലേ. നമ്മുടെ സമൂഹത്തിൽ അങ്ങനെയാണ് ‘മുസ്‌ലിം’ വ്യവഹരിക്കപ്പെടുന്നത്. അതേ, ആക്രോശമാണ് മുകളിൽ പരാമർശിക്കപ്പെട്ട രീതിയിൽ ഒരു ഇടതുപക്ഷ സുഹൃത്തിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്.

ഇടതുപക്ഷം അങ്ങനെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് പറയാൻ വ്യക്തമായ കാരണങ്ങൾ ഉണ്ട്. “വർഗീയത” എന്ന പ്രയോഗം തന്നെ നിരന്തരം ഇടതുപക്ഷം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് മുസ്‌ലിം മുന്നേറ്റങ്ങളെയും ഇടപെടലുകളെയും വെട്ടി നിരത്തുവാനാണത്. മുസ്‌ലിം വിരുദ്ധ/ ഇസ്‌ലാമോഫോബിക്കായ കമന്റുകള്‍ ഇടത് നേതാക്കളുടെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി സംഭവിക്കുന്നത് നിസാരമായി തള്ളിക്കളയേണ്ട സംഗതിയല്ല. ഗെയില്‍ വാതക പൈപ്പ്‌ലൈനെതിരെയുണ്ടായ സമരത്തെക്കുറിച്ച് സി പി എം നേതാവ് എ. വിജയരാഘവന്റെ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കിയിരുന്നു. ‘മുസ്‌ലിം തീവ്രവാദികള്‍ നടത്തുന്ന സമരം’ എന്നാണ് അയാള്‍ ഒരു ജനകീയ സമരത്തെക്കുറിച്ച് സംസാരിച്ചത്. മലപ്പുറം ഫോബിയയും ഇതിനോട് ചേര്‍ത്ത് വെച്ച് ചര്‍ച്ച ചെയ്യേണ്ട സംഗതിയാണ്. വി. എസ് അച്യുതാനന്ദന്‍ മുതല്‍ ഇ. പി ജയരാജന്‍ വരെയുള്ള നേതാക്കന്മാര്‍ അത്തരത്തിലുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയവരാണ്. തീവ്രവാദവും പ്രാകൃതവാദവും ഉന്നയിച്ചുകൊണ്ട് മുന്നേറ്റങ്ങളെ തടയാൻ വന്ന ഇടതുപക്ഷം അണികൾക്ക് നൽകിക്കൊണ്ടിരിക്കുന്ന പാർട്ടി ക്ലാസുകളിൽ തന്നെ ഇത്തരം വിഷയങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇപ്പോൾ കാലിക്കറ്റ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയിൽ നിന്നും വന്ന പ്രതികരണം, ഇടതുപക്ഷം അണികളെ എന്താണ് പഠിപ്പിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒന്നാണ്. കാലിക്കറ്റ് മെഡിക്കൽ കോളേജ് തീവ്രവാദികളുടെ കേന്ദ്രമായി മാറുന്നുണ്ടത്രേ. കഫീൽഖാനെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പരിപാടി സംഘടിപ്പിച്ചതാണ് പ്രധാന കാരണം. നിരവധി കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിച്ച കാരണം കൊണ്ട് മാത്രം ഭരണകൂട ഭീകരതയുടെ ഇരയായി മാറിയ കഫീൽഖാന് പറയാനുള്ളത് എന്താണോ അത് കേൾക്കാൻ വേണ്ടി മാത്രം തടിച്ചുകൂടിയ വിദ്യാർത്ഥികളെ പോലും തീവ്രവാദികളായി കാണാൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന്റെ പാർട്ടി സംസ്കാരം വളരെ ഭീകരമാണ്. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് കലക്റ്റർ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രസ്തുത സെക്രട്ടറിയും ബി ജെ പി യും ഒരേ സ്വരത്തിൽ ഈ പരാമർശം ഉയർത്തിയത്.

ഡോ. കഫീല്‍ ഖാന്‍

“കൊലയാളി പി. ജയരാജൻറെ” വിഷയം ഉയർന്നു വന്ന ഈ സാഹചര്യത്തിൽ ഇടതുപക്ഷ പ്രവർത്തകർ എസ എഫ് ഐ ക്കാരനായ “ശരത്തിൻറെ” കൊലയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പ്രചരിപ്പിക്കുകയുണ്ടായി. അതിന്റെ അവസാനത്തിൽ നൽകിയിരിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക.

“ലീഗ് പ്രവത്തകരുടെ മതം തന്നെയാണ് നിസാരമായ കാര്യത്തിന് ഇങ്ങനെ മൃഗീയമായി കൊല്ലാനുള്ള പ്രേരണ. അവരുടെ കാടൻ മത നിയമങ്ങൾ അനുസരിച്ചാണ് ഈ കൊല നടത്തിയത്.  കോപ്പിലെ മതം. ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രാചാരങ്ങൾ പിന്തുടരുന്ന ഈ കാടന്മാരുടെ കൂടെ സംസ്കാര സമ്പന്നരും പുരോഗമന ചിന്താഗതിക്കാരും പരിഷ്കാരികളുമായ നമ്മൾ എന്ത് ധൈര്യത്തിൽ ജീവിക്കും?” ഇടതുപക്ഷ പാർട്ടി ക്ളാസുകളിൽ എന്താണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് ഇത്തരം കമന്റുകൾ വ്യക്തമാക്കുകയാണ്.

സ്വയം പുരോഗമനത്തിന്റെ കുപ്പായം എടുത്തണിയുക. എന്നിട്ട് യൂറോപ്പിന്റെ ആധുനികതയും അതിന്റെ ദല്ലാളുമാരുമായ സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും അല്ലാത്ത എല്ലാ ആശയങ്ങളും പിന്തിരിപ്പനാണെന്ന് പ്രഖ്യാപിക്കുക എന്ന നയമാണ് ഇടതുപക്ഷത്തിന്റേത്. ആധുനികതയോടു നേർക്ക് നേരെ ചെറുത്തു  നിൽക്കുന്ന ഇസ്‌ലാമിനെയാണ് ഇടതുപക്ഷം പലപ്പോഴും പ്രാകൃതവും തീവ്രവും ഭീകരതയുടെ  സിദ്ധാന്തവും ഒക്കെയായി പരിചയപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും.

ഇന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് ഒരു സംവാദത്തിൽ ഏർപ്പെടാനുള്ള തന്റേടം പോലും അവർ കാണിക്കുന്നില്ല എന്നതാണ് വാസ്തവം.

എന്നാൽ അതിൽ നിന്നൊക്കെയുള്ള ഒരു തിരിഞ്ഞു നടത്തമാണ് ഈയിടെയായി കെ ഇ എന്നിൽ ഉണ്ടായിട്ടുള്ളത്. മതത്തിന്റെ പ്രസക്തിയെ കുറിച്ചും ഇസ്‌ലാമിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം അദ്ദേഹം വാചാലനായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പാർട്ടി ക്ലാസ് വക്താവായ സുനിൽ പി ഇളയിടം പോലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് വേദി പങ്കിടാതെ മാറി നിൽക്കുന്നത് അവരുടെ പാർട്ടി ക്ളാസുകളുടെ ഉള്ളടക്കം വ്യക്തമാക്കുന്ന സംഗതിയാണ്. ഇത് സംബന്ധിച്ച് സുനിൽ ഒരിക്കൽ പറഞ്ഞ സംഗതി അദ്ദേഹത്തിന്റെ നിലപാട് കൃത്യമാക്കുന്നുണ്ട്.

ഈ പാർട്ടി ക്ലാസുകളുടെ മറ്റൊരു പ്രത്യേകത അത് സംഘപരിവാർ ഉയർത്തുന്ന ഭീകരതകളോട് സൗമ്യമായ സമീപനം സ്വീകരിക്കുന്നു എന്നത് കൂടിയാണ്. അല്ലെങ്കിൽ അവരെ പരമാവധി പേടിപ്പിക്കാതെ മാറി നടക്കുക എന്ന നയമാണ്. അതോടൊപ്പം പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊടുത്ത് വളരാനുള്ള ഭൂമി ഒരുക്കി കൊടുക്കലും ഇടതുപക്ഷത്തിന്റെ രീതിയായി മാറിയിരിക്കുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു യോഗ സെന്ററുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളും അവരുടെ യുവജന വിദ്യാർത്ഥി സംഘങ്ങളും കാണിച്ച മൗനം. പ്രസ്തുത വിഷയത്തിൽ മാത്രമല്ല, വിവിധ കൊലപാതകങ്ങളിൽ ഇടതുപക്ഷത്തിന്റെ പ്രതികരണങ്ങൾ താഴെ തട്ട് മുതൽ മേൽത്തട്ട് വരെ ഒരുപോലെ ശൂന്യമായി കിടക്കുന്നത് പാർട്ടിക്ലാസുകളുടെ ഫലം തന്നെയായിരിക്കണം. ആശയപരമായ ഒരു മനപ്പൊരുത്തം ഒത്തുവരിക ഇങ്ങനെയാണല്ലോ.

ഫൈസൽ വധക്കേസിലും, നജീബ് തിരോധാനത്തിലും ഒരക്ഷരം ഉരിയാടാത്ത ഇടതുപക്ഷം ഹാദിയ വിഷയത്തിൽ എടുത്ത നിലപാട് സംഘപരിവാറിനെ സഹായിക്കാൻ പോന്നതായിരുന്നു.

ഹാദിയ വിഷയങ്ങളിൽ പാർട്ടിയുടെ മുഴുവൻ തട്ടുകളിലും ഉണ്ടായിട്ടുള്ള അഭിപ്രായ ഐക്യം ശ്രദ്ധേയമാണ്.

ഡോ. ഹാദിയ അശോകന്‍

ഇടതുപക്ഷത്തിലെ മുസ്‌ലിം സഖാക്കൾക്ക് ഡബിൾ ഉത്തരവാദിത്വമാണ് ഉള്ളത്. നേതാക്കൾക്ക് പ്രത്യേകിച്ചും അത് നിറവേറ്റാനുണ്ട്. മതേതരത്വം തെളിയിക്കുക എന്നതാണ് അതിൽ വളരെ പ്രധാന ഉത്തരവാദിത്വം. അതുകൊണ്ട്, അവർ ഇസ്‌ലാമിനെയും മുസ്‌ലിം സംഘടനകളെയും അവരുടെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും ആയ ഇടപെടലുകളെയും തീവ്രവാദവത്കരിച്ചു കൊണ്ടും പുച്ഛിച്ചും ഭീകരവത്കരിച്ചു കൊണ്ടും സംസാരിച്ചു കൊണ്ടിരിക്കും. പ്രാകൃതവും പിന്തിരിപ്പനും ആണെന്ന് പറഞ്ഞുകൊണ്ടിരിക്കും. സംഘ് പരിവാറിനെതിരായ പാർട്ടി മൗനങ്ങളെ ന്യായീകരിച്ചു വെളുപ്പിച്ചു കൊണ്ടിരിക്കും. അതിൽ ഇടപെട്ടാൽ നഷ്ടപ്പെടുന്ന മതേതരത്വത്തിന്റെ പത്തരമാറ്റിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കും. പാർട്ടി സ്വന്തമായി ആസൂത്രണം ചെയ്യുന്ന കൊലകളെ ന്യായീകരിച്ചു കൊണ്ടിരിക്കും. ഇരുണ്ട യുഗത്തിൽ നിന്ന് ലോകത്തെ വിമോചിപ്പിച്ച ഇസ്‌ലാമിന്റെ സംഭാവനകളെ മറച്ചു വെക്കും. അതിനെ കൊച്ചാക്കും. ലോകത്ത് അധിനിവേശം നടത്തി അധീശത്വം നേടിയ യൂറോപ്പിന്റെ സാംസ്കാരികമായ ഔന്നത്യത്തെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കും. ഇസ്‌ലാം, മുസ്‌ലിം എന്ന് ഉച്ചരിക്കുന്നത് പോലും മതേതരത്വത്തിന് കളങ്കമേൽക്കുന്നവ ആയതുകൊണ്ട് മുസ്ലിം ആയതിന്റെ പേരിൽ മാത്രം നിരവധി പേര് കൊല്ലപ്പെടുമ്പോഴും മനുഷ്യർ കൊല്ലപ്പെടുന്നു എന്ന് മാത്രം പറയും. അല്ലെങ്കിൽ തികഞ്ഞ മൗനം അവലംബിക്കും.  അധിക ബാധ്യത പാർട്ടിയിൽ ആവശ്യപ്പെടുന്നതാണോ എന്ന് ചോദിച്ചാൽ അല്ല. അതൊരു സംസ്കാരമായി വികസിച്ചതാണ്.

അമീന്‍ വി. ചൂനൂര്‍

By Editor