കാശ്മീര്‍: സംഘര്‍ഷ ഭൂമിയിലെ സ്ത്രീ ജീവിതങ്ങള്‍

പതിറ്റാണ്ടുകളായി കശ്മീരില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവിടത്തെ ജന ജീവിതത്തെ വിവരണാതീതമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമായും കശ്മീരി സ്ത്രീകൾ അവയുടെ വളരെ വലിയ ഇരകളാണ്. ഇന്ന് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങൾ കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലോക അഭയാർത്ഥി ജനസംഖ്യയുടെ ഭൂരിഭാഗവും
സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ -യുദ്ധ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങൾ, ഒരു എതിർചോദ്യങ്ങളും നേരിടേണ്ടി വരാതെ സുഗമമായി പുരോഗമിക്കുക കൂടി ചെയ്യുന്നതോടെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കാണ് സ്ത്രീ സമൂഹം വീണുകൊണ്ടിരിക്കുന്നത്.

നിലനിൽക്കുന്ന യുദ്ധമെന്ന സങ്കൽപം ‘ജെൻഡേർഡ്’ ആയ ഒന്നാണെന്ന് കാശ്മീരി യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ്
ഡിപ്പാർട്ട്മെന്റിൽ ഗവേഷണ വിദ്യാർത്ഥിയായ ഓഫീ മഖ്ബൂൽ അദ്ദേഹത്തിന്റെ ‘ഇംപാക്റ്റ് ഓഫ് കോണ്‍ഫ്‌ളിക്റ്റ്‌ ഓൺ വുമൺ ഇൻ കാശ്മീർ ‘ എന്ന പ്രബന്ധത്തിലൂടെ പറഞ്ഞുവെക്കുന്നുണ്ട്. അതായത്, സംഘർഷങ്ങൾ, ഏറെക്കുറെ പുരുഷന്മാർക്കും സ്ത്രീകൾക്കും രണ്ട് ജീവിത ഭാവങ്ങൾ പകുത്തു നൽകുന്ന രീതിയിലുള്ളൊരു സംസ്കാരം ഉണ്ടാക്കുന്നുണ്ട് . അതു കൊണ്ടു തന്നെ അതവരുടെ ജീവിതത്തെ വ്യത്യസ്തമായാണ് ബാധിക്കുന്നത് എന്ന്‌ മനസ്സിലാക്കേണ്ടിയിരിക്കുന്നു.അവിടെയാണ് വീർപ്പുമുട്ടുന്ന കാശ്മീരിലെ സ്ത്രീത്വത്തെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നത്. ഭൂരിഭാഗം സ്ത്രീകളും ഉത്കണ്ഠയോടെ തന്നെയാണവിടെ ജീവിക്കുന്നത്.

വീട്ടില്‍ നിന്ന് പോകുന്ന തങ്ങളുടെ ഭർത്താക്കന്മാരും മക്കളുമൊക്കെ തിരിച്ചു വരാതിരിക്കുമോ എന്ന ആവലാതികളിൽ തുടങ്ങി, കാണാതാക്കപ്പട്ടവർക്കായുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന്റെ ഭൂമി കൂടിയാണ് കാശ്മീർ.

‌അഥവാ തങ്ങളുടെ മക്കളാരെങ്കിലും വിമതസൈന്യത്തിന്റെ
ഭാഗമായിട്ടുണ്ടെങ്കിൽ സുരക്ഷാ സേനയുടെ ശക്തമായ സമ്മർദ്ദങ്ങൾക്ക് കൂടിയവർ ഇരകളാകേണ്ടി വരും. കാണാതാക്കപ്പെട്ട മക്കളെ കാത്തിരിക്കുന്ന മാതാക്കളും, അർധ
വിധവകളാക്കപ്പെട്ടവരുമെല്ലാമടങ്ങുന്ന ആ കൂട്ടത്തിൽ അധികപേരും സുരക്ഷാ ഉദ്യോഗസ്ഥരുടെയോ പട്ടാളക്കാരുടെയോ
ഭീകരതകൾക്കിരയായി ഭയപ്പാടോടെ ജീവിക്കുന്ന യുവതികളാണ്.
വളരെ വലിയ മാനസിക പ്രശ്നങ്ങളാണ് അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും സംസ്ഥാനത്ത് നിലവിൽ ആകെയൊരു മെന്റൽ ഹോസ്പിറ്റൽ മാത്രമാണുള്ളത് എന്നത് ഈ വിഷയം വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്നതിനുള്ള സൂചനയാണ്. വിഷാദ രോഗമടക്കം പലതരം മാനസിക രോഗങ്ങളുമായി മുറിവൈദ്യന്മാരുടെ ചികിത്സകൾ സ്വകാര്യമായി സ്വീകരിക്കുന്ന സ്ത്രീകളുണ്ടെന്ന് സര്‍വേ രേഖപ്പെടുത്തുന്നുണ്ട്.

അക്രമണത്തില്‍ പരിക്കേറ്റ മകന്റെ ചിത്രവുമായി ഒരു മാതാവ്

പക്ഷെ പുരുഷന്മാരും സമാനമായി മാനസിക
സമ്മർദ്ദമനുഭവിക്കുന്നവരാണെന്നതും ശ്രദ്ധിക്കാതിരിക്കുന്നത് നീതിയല്ല. വയലൻസ് നിറഞ്ഞ ആ വരണ്ട ജീവിതാന്തരീക്ഷത്തിൽ അവരും അസ്വസ്ഥരാണ്.കാശ്മീരിലെ ഒട്ടുമിക്ക ആളുകളുടെയും അവസ്ഥയാണിത്. വളരെ പരിതാപകരമാണ് കാശ്മീരിലെ കുട്ടികളുടെയും അവസ്ഥ. ബാല്യങ്ങളാഘോഷിക്കപ്പെടേണ്ട സ്കൂളുകളിലും കളിസ്ഥലങ്ങളിലുമൊക്കെ അക്രമണത്തെ പേടിച്ചിരിക്കുന്നതിലുപരിയായി, തങ്ങളുടെ വീടുകളില്‍ മാനസിക സമ്മർദ്ദങ്ങളാൽ പ്രശ്നങ്ങളനുഭവിക്കുന്ന മാതാക്കളുടെ മുഖങ്ങള്‍ കണ്ടാണ് അവര്‍ വളരുന്നത്.

പമേല ഫിലിപ്പോസ്, നവ് ശരൺ സിംഗ്, ജോപ്പൻ ബോസ്, ദിനേശ് മോഹൻ, മാന്റർ എന്നീ അഞ്ചു ലേഖകര്‍ ചേര്‍ന്നെഴുതിയ ‘ബ്ലഡ്, സെൻസേർഡ്;വെൻ കാശ്മീരീസ് ബികം ദി എനിമി ‘ എന്ന പുസ്തകം കാശ്മീരിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ ചർച്ച ചെയ്യുന്നുണ്ട്.
പ്രമുഖ മാനസികാരോഗ്യ വിദഗ്ധനായ ഡോ. അർഷദ് ഹുസൈനെ ഉദ്ധരിക്കുന്ന ലേഖകർ അദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്.

പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോഡർ (PTSD) കാശ്മീരി സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളിൽ ഒരു പ്രധാന കാരണമാണെന്ന് സൈകാട്രിസ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്രശ്നബാധിത പ്രദേശങ്ങളിലെ സ്ത്രീകൾ അത്തരം പ്രദേശങ്ങളിലെ പുരുഷന്മാരുടെ ഇരട്ടി മാനസിക സമ്മർദ്ദമാണ് അനുഭവിക്കുക. ഇത് കാശ്മീരി സ്ത്രീകളുടെ കാര്യത്തിൽ വളരെ ശരിയാണെന്ന് ഡോ.അർഷദ് വ്യക്തമാക്കുന്നു.ഒട്ടേറെ വിവാദങ്ങൾക്ക് പാത്രമായ, നിലനിൽക്കുന്നസിനിമകളിലെ കശ്മീരി പ്രതിനിധാനങ്ങളെ തിരുത്തി കശ്മീരിനോട് ഒരു പരിധി വരെ നീതി പുലർത്തുന്ന രീതിയിൽ ചിത്രീകരിച്ച വിശാൽ ഭരത് രാജിന്റെ “ഹൈദർ ” എന്ന ഹിന്ദി സിനിമയിലെ ശ്രദ്ധ കപൂറിന്റെ കഥാപാത്രം ഒരു ചെറിയ അളവു വരെ ആ സാധ്യതകളെ വരച്ച് കാണിക്കുന്നുണ്ട്. സിനിമയുടെ സമീപന രീതികൾ കൊണ്ടാവാം, ഇന്ത്യയെയും പാകിസ്ഥാനെയും കുറിച്ചല്ലാതെ കാശ്മീരിനെക്കുറിച്ച് സംസാരിച്ച ആദ്യ സിനിമയാണതെന്ന് രേഖപെടുത്തപ്പെട്ടത്. ഹൈദറിനെ തുടർന്ന് ഇന്ത്യൻ ട്വിറ്റർ യൂസേഴ്സ് രണ്ടു വിഭാഗമായിരുന്നു. ആ സെന്റിമെന്റൽ വേർതിരിവ് രണ്ട് ഹാഷ്‌ടാഗുകളിലൂടെ വ്യക്തവുമായിരുന്നു. #boycotthaider ന് 75000ത്തിൽ കൂടുതൽ ട്വീറ്റ്സ് ഇന്ത്യയിൽ കിട്ടിയതിൽ അൽഭുതപ്പെടേണ്ടതില്ല, കാരണം, കശ്മീരിനെ പാക്കിസ്ഥാനോടുള്ള സംവാദങ്ങളിൽ മാത്രമാണ് ‘സോ കാൾഡ് നാഷനലിസ്റ്റ് ഇന്ത്യൻ ജനത’ ഒരു ” അദർ ” ആയി കാണാത്തത് എന്നത് വ്യക്തമാണ്.

ഹൈദര്‍

വളരെ കുറച്ചാളുകൾ മാത്രമാണ്, തങ്ങളുടെ മക്കളും പ്രിയപ്പെട്ടവരുമൊക്കെ ഒരു വലിയ മോചനത്തിനായി പ്രവർത്തിക്കുകയാണെന്ന് ചിന്തിക്കുകയും അതിന്റെ ഫലത്തിൽ പ്രതീക്ഷ ചെലുത്തുകയും ചെയ്യുന്നത് എന്നത് അതിജീവനത്തിന്റെ
കാശ്മീരിനെ കുറിച്ചോർക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട കാര്യമാണ്. മാനസിക സമ്മർദ്ദങ്ങളാൽ ദുരിതമനുഭവിക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ തുടരുന്ന കർഫ്യൂകളും പുറത്തിറങ്ങിയാലുണ്ടായേക്കാവുന്ന അപകട സാധ്യതകളും ഡോക്ടറെ സമീപിക്കുന്നതിൽ നിന്ന് പോലും ഒരുപാട് സ്ത്രീകളെ തടയുന്നു.

ബുർഹാൻ വാനിയുടെ മരണത്തിന് ശേഷം കാശ്മീരിൽ കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെയായിരുന്നു. അതിന് ശേഷവും അത് തുടർന്ന് കൊണ്ടേയിരുന്നു. കാശ്മീരിനു മേൽ
ഇന്ത്യക്കുള്ള നിയന്ത്രണാധികാരത്തിനുമേലുയർന്ന പ്രക്ഷോഭത്തെയും പ്രതിരോധങ്ങളെയും അടിച്ചമർത്താനുള്ള ശ്രമമായിരുന്നു അത്. സിവിലിയന്മാരും സമരപ്രവർത്തകരും പട്ടാളക്കാരുമടക്കം ആയിരത്തോളം പേരുടെ മരണത്തിന്‌ ഇത് കാരണമായിട്ടുണ്ട്. ഒരുപാട് കുട്ടികൾ അനാഥരായി, കശ്മീരി വിധവകളുടെ എണ്ണം പല അർത്ഥത്തിൽ വ്യാപിക്കുകയും ഒരുപാട് പേർക്ക് തങ്ങളുടെ കുഞ്ഞു സഹോദരങ്ങളുടെ മൃതശരീരങ്ങൾ ചുമലിലേറ്റേണ്ടി വരികയും ചെയ്തു. കാണാതായ തങ്ങളുടെ കുഞ്ഞു മക്കളുടെ തിരിച്ച് വരവ് മൃതശരീരങ്ങളുടെ രൂപത്തിൽ മാതാപിതാക്കൾക്ക് കാണേണ്ടി വന്നു. ഒരുപാട് ഉമ്മമാരുടെ മനസ്സുകളായിരുന്നു അന്ന് ആ വെടിയുണ്ടകളാലും പെല്ലറ്റുകളാലും മരിച്ചുവീണത്.അവരിലൊരാളാണ് മുഖ്താസ് ഫാതിമ. അകാരണമായി കൊല്ലപ്പെട്ട തന്റെ മകന്റെ മരണത്തിൽ മാനസികമായി അങ്ങേയറ്റം തളർന്ന അവർ സംസാരിക്കുന്നതു പോലും വിരളമാണെന്ന് മക്കൾ പറയുന്നു. ഒരു ദിവസം ഏറെ വൈകിയിട്ടും കാണാതിരുന്ന അവരെ മകന്റെ മരണ സ്ഥലത്തിനടുത്ത് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. “എന്റെ മകൻ നിരപരാധിയാണ്. പക്ഷെ അവരവനെ കൊന്നു.” എന്നു മാത്രമാണ് ആ ഉമ്മ സംസാരിച്ചിരുന്നതെന്നത്‌ അനീതി എത്രത്തോളം തീക്ഷ്ണമായാണ് മുറിവേറ്റ മനസ്സകളിൽ മായാതെ നിലനിൽക്കുകയെന്ന്‌ തെളിയിക്കുന്നുണ്ട്.

പതിനാറ് വര്‍ഷമായി കാണാതാക്കപ്പെട്ട ഭര്‍ത്താവിന് വേണ്ടി കാത്തിരിക്കുന്ന നസീമ ബാനു

ഉത്തരേന്ത്യയിലെ, അതികഠിനമായി സൈനികവൽക്കരിക്കപ്പെട്ട ഈ സംസ്ഥാനത്തെ ദിനേനയുള്ള വാർത്താ തലക്കെട്ടുകൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും കശ്മീരി സ്ത്രീ പീഡനം ഒരു ഒറ്റപ്പെട്ട സംഭവമായി തോന്നില്ല. ഓരോ വർഷവും ആയിരത്തോളം സ്ത്രീകളാണ് അവരുടെ വീടുകൾക്കുള്ളിലും പുറത്തുമൊക്കെ വെച്ച് ലൈംഗിക അധിക്ഷേപങ്ങൾക്ക് പാത്രമാവുന്നത്. അതിൽ തന്നെ പുറം ലോകമറിയുന്നത് വളരെ ചുരുക്കവും. സ്ത്രീകൾ അങ്ങേയറ്റം നിന്ദിക്കപ്പെടുന്ന രൂപത്തിൽ ‘ഇംപ്യൂണിറ്റി’ എന്ന സംസ്കാരം വളരുന്നതിൽ 1947ലെ ഇന്ത്യൻ വിഭജനത്തോടനുബന്ധിച്ച് കശ്മീരിലുണ്ടായ സംഘർഷം കാരണമായിട്ടുണ്ടെന്ന് നിയമ വിദഗ്ധർ
ചൂണ്ടിക്കാണിക്കുന്നുണ്ട്.

2007 ൽ ഇന്ത്യൻ ഗവൺമെന്റ് 337,000 ആർമി ഉദ്യോഗസ്ഥർ കാശ്മീരിൽ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന വിവരം പുറത്തു വിടുന്നുണ്ട്. അതായത്, ആ സമയത്ത് അത് ഒരു പട്ടാളക്കാരന് 18 സിവിലിയന്മാർ എന്ന അനുപാതത്തിലാണ് രേഖപ്പെടുത്തപ്പെട്ടത്. കാശ്മീരിൽ നിന്നുള്ള പ്രമുഖ സോഷ്യോളജിസ്റ്റായ ബഷീർ അഹമ്മദ് ദാബ്ലയുടെ വാക്കുകളിൽ പറഞ്ഞാൽ ”ലോകത്തിലെ തന്നെ ഏറ്റവും ഭീമമായ സൈനികവൽകൃത പ്രദേശമായി കാശ്മീരിനെ മാറ്റുകയായിരുന്നു.” 2013 ൽ യു. എന്‍ പ്രതിനിധി, ഇന്ത്യയുടെ ആ വർഷത്തെ ഫൈനൽ കൺട്രി റിപ്പോർട്ടിൽ പ്രതികൾക്കെതിരെയുള്ള വയലൻസിനെ കുറിച്ച്പരാമർശിക്കുന്നിടത്ത് AFSPA പോലുള്ള ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങളെ കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. കാശ്മീരിലെ ‘ആംഡ്‌ ഫോർസ് സ്പെഷ്യൽ പവർ ആക്റ്റിന് ‘ അവിടെ വളർന്നുകൊണ്ടിരിക്കുന്ന ഇംപ്യൂണിറ്റി മനോഭാവങ്ങളിൽ വലിയ പങ്കുണ്ടെന്നവർ വ്യക്തമാക്കുന്നു. അത് സൈന്യത്തെ ഫലവത്തായ നിയമ നടപടികളിൽ നിന്ന് സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നവർ പറയുന്നു. അവകാശങ്ങൾക്കു മേൽ നിയമങ്ങളുപയോഗിച്ചുള്ള കടന്നുകയറ്റങ്ങളിലൂടെ കാശ്മീരി സ്ത്രീകളുടെ ജീവനും അഭിമാനവുമായിരുന്നു അവര്‍ ഹനിച്ചു കൊണ്ടിരുന്നത്‌. അതായത്, ഭരണഘടന അനുവദിക്കുന്ന മൗലിക
അവകാശങ്ങളിൽ AFSPA നിരോധിക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഇന്ത്യൻ ഗവൺമെന്റിനെ സമീപിക്കുകയുണ്ടായി. കാര്യങ്ങൾ പക്ഷെ അതിലുമപ്പുമായിരുന്നു. സൈന്യത്തിനുപരി ഏതു തരത്തിലുള്ള ഉദ്യോഗസ്ഥർക്കും കശ്മീരി സ്ത്രീകളുടെ അവകാശങ്ങളിൽ മുറിവേൽപ്പിക്കാനുള്ള അമിതസ്വാതന്ത്ര്യം കല്‍പ്പിച്ച് കൊടുക്കുകയായിരുന്നു. കശ്മീർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കശ്മീർ സംസ്ഥാന വനിതാ കമ്മീഷന് മുമ്പാകെ സ്റ്റാഫുകളാൽ സമർപ്പിക്കപ്പെട്ട പരാതി അതിനെ സ്ഥാപിക്കുന്നുണ്ട്. “ഒരു യൂണിവേഴ്സിറ്റിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളെന്ന നിലയിൽ
വർഷങ്ങളോളമായി ഞങ്ങളനുഭവിക്കുന്ന ദുരിതങ്ങളാണ് നിങ്ങൾക്ക് മുന്നിൽ പങ്കുവെക്കാനാഗ്രഹിക്കുന്നത്.”
എന്ന് തുടങ്ങുന്ന പരാതിയിൽ എങ്ങനെയാണ് ആ ഉദ്യോഗസ്ഥൻ തന്റെ സ്ഥാപനത്തിലെ ഇൻസ്റ്റിറ്റ്യൂഷനൽ അതോറിറ്റി ഉപയോഗിച്ച് ഇരകളെ പ്രതിരോധങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചത് എന്നത് വ്യക്തമാണ്.

കാശ്മീരിലെ ഗാർഹിക പീഡനങ്ങളുടെ കണക്കുകളും ഒട്ടും കുറവല്ല എന്നതും എങ്ങനെയാണ് അപകടകരമായ രീതിയിൽ അബോധപൂര്‍വമായ പാട്രിയാർക്കി പ്രവർത്തിക്കുന്നത് എന്നതും
ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.ഒരോ ദിവസവും പത്തോളം കേസുകളാണ് തനിക്ക് പരിശോധിക്കേണ്ടി വരാറുള്ളതെന്ന് ശ്രീനഗരിലെ ഒരേയൊരു വനിതാ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഗൽഷാൻ അക്തർ അഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ നീചമായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണമായി വിദഗ്ധർ
ചൂണ്ടിക്കാണിക്കുന്നത് സൈനികവൽക്കരണത്തെയും
ആയുധമാക്കപ്പെടുന്ന ലൈംഗിക പീഡനങ്ങളെയുമാണ്. സൈനികവൽകൃതമായ ആ അന്തരീക്ഷം പബ്ലിക്കും പ്രൈവറ്റുമായ പാട്രിയാർക്കിയെയാണ് കാശ്മീരിൽ വളർത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രമുഖ യു .എൻ വക്താവ് ഡോ.യക്കീൻ യൻതുർക്ക് അഭിപ്രായപ്പെടുന്നുണ്ട്.

2500 ലേറെ വരുന്ന അർദ്ധ വിധവകളുടെ കാത്തിരിപ്പുകളുടെ കഥകളാണ് കശ്മീരിന്റെ താഴ് വരകൾക്ക് പറയാനുള്ളത്. ഭൂരിഭാഗം പേരും യുവത്വത്തിലേ വിധവകളായവർ. കാത്തിരിക്കുന്ന ആ മുഖങ്ങൾക്കല്ലാതെ, അവരുടെയുള്ളിലെ നിർവ്വചിക്കാനാകാത്ത ആ അനിശ്ചിതത്വത്തെ അവതരിപ്പിക്കാനാവില്ല. അതു കൊണ്ടായിരിക്കണം അവരിൽ പലരും മൃതദേഹമെങ്കിലും കാണിച്ച് തരണമെന്ന് അപേക്ഷിക്കുന്നത്. ഈ പ്രശ്നത്തിനൊരു പരിഹാരമെന്നോണം, ഏഴ് വർഷങ്ങൾക്കു ശേഷവും തങ്ങളുടെ ഭര്‍ത്താക്കന്മാരെ കണ്ടെത്താനാവാത്തവർക്ക് മറ്റൊരു വിവാഹം കഴിക്കാമെന്ന് പണ്ഡിതന്മാർ 2014ൽ ‘ഫത് വ ‘ നൽകിയിരുന്നു. പക്ഷെ, APDP (അസോസിയേറ്റ് ഓഫ് പാരന്റ്സ് ആന്റ് ഡിസപ്പിയേർഡ് പീപ്പ്ൾ ) വക്താക്കൾ , ആ തീരുമാനത്തിന്റെ വൈകലിനെ ചോദ്യം ചെയ്യുന്നുണ്ട്. ഇത്ര വൈകിയില്ലായിരുന്നുവെങ്കിൽ ഏറെക്കുറെ വിധവകൾക്ക് മെച്ചപ്പെട്ടൊരു ജീവിത സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നവർ പറയുന്നു.

താഴ്വരകളിൽ കൂടെക്കൂടെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന
തിരിച്ചറിയപ്പെടാനാകാത്ത മൃതദേഹങ്ങളിൽ തങ്ങളുടെ ജീവിത
പങ്കാളികളെ പരതേണ്ടി വരുന്നവരാണ് കാശ്മീരിലെ ഓരോ അർദ്ധ വിധവകളും എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് അതെത്രത്തോളം ‘റിഫ്രഷഡ്’ ആയാണ് അവരിൽ നടുക്കങ്ങളെ നിലനിർത്തുന്നതെന്ന് നമുക്ക് പറയേണ്ടി വരുന്നത്.

അതും 7000 ലധികം തിരിച്ചറിയപ്പെടാനാകാത്ത ഖബറുകൾ നിലനിൽക്കുന്ന കാശ്മീരിൽ.

2017 ഒക്ടോബർ 15 ന് ഹാർവേ വെയ്ൻ സ്റ്റെയ്നെ (ഹോളിവുഡ്
ഡയറക്ടർ ) തിരെ അലിസ്സ മിലാനോ #MeToo ഹാഷ്ടാഗുകളുമായി രംഗത്ത് വന്നതോടെയുണ്ടായ സാമൂഹികപ്രതികരണങ്ങൾ
നിരീക്ഷിച്ചവർക്ക്, ജീവൻ പോലും പണയപ്പെടുത്തി ചൂണ്ടപ്പെട്ട തോക്കുകൾക്കിടയിൽ നിന്ന് ഒരു പാട് തവണ വിളിച്ച് പറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ ഇളകാനാവത്ത ഡിപ്ലോമസിയെ സംശയിക്കാനാകാതെ വരുന്നതും വേറെ പലതും കൊണ്ട് തന്നെയാണ്. വേറൊരു തലത്തിൽ പറഞ്ഞാൽ, പുരുഷാധിപത്യസാമൂഹിക പശ്ചാതലത്തിൽ ‘സ്ത്രീ’ എന്നത് വളരെ വലിയ ഒരു ചർച്ചാവിഷയമാവുകയും ,അതേസമയം ഇത്തരത്തിൽ രാഷ്ട്രീയ- വംശീയ അധിക്ഷേപങ്ങളുടെ കാര്യങ്ങളിൽ ‘പൊതുവെ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വിഭാഗങ്ങളില്‍ മാത്രം മീഡിയയും അക്കാമിക മേഖലകളും വരെ അവളെ ചർച്ച ചെയ്യുകയും ചെയ്യുന്നുള്ളു എന്ന് നമുക്ക് വായിക്കാനാകും. അതു കൊണ്ടാണ് “നിർഭയ” ഉയർത്തിയ നെഞ്ചിടിപ്പുകൾ കുനൻ പോഷ്പോറയോ, എന്തിന് പിഞ്ചുകുഞ്ഞ് ആസിഫ വരെ ‘ഉയർത്താതെ ‘ പോയത്.

കശ്മീരി സ്ത്രീകൾ ഒരേ സമയം സ്റ്റേറ്റിന്റെയും നോൺ സ്റ്റേറ്റ് ഘടകങ്ങളുടെയും വയലൻസിനാണ് ഇരകളായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാഷണൽ ഫാമിലി ഹെൽത്ത് സർവേയുടെ കണ്ടെത്തൽ പ്രകാരം കശ്മീരിലെ വിവാഹിതരായ 61 ശതമാനം സ്ത്രീകളിലും ഒന്നിലധികം പ്രത്യുൽപാദനപരമായ പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് ദേശീയ ശരാശരിയായ 39 ശതമാനത്തേക്കാൾ എത്രയോ കൂടുതലാണ് എന്നത് ഗൗരവത്തിലെടുക്കേണ്ടതാണ്. 2014ൽ ‘ഹ്യൂമൻ റൈറ്റ്സ് വാച്ച് ‘ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം,ഒരു ലോക്കൽ കോടതി കുനന്‍-പോഷ്‌പോറ സംഭവത്തിന്റെ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് രേഖപ്പെടുത്തുന്നു .ചെറിയ കുട്ടികളും വൃദ്ധമാതാക്കളും വരെ അതിക്രൂരമായ ബലാത്സഗത്തിനിരയായിട്ടുണ്ട് എന്നത് തന്നെയാണ് അതെത്രത്തോളം ക്രൂരമായ രാഷ്ട്രീയ- യുദ്ധോപകരണമായിരുന്നു എന്നതിനുള്ള തെളിവ്‌. കാശ്മീരിനെ അത്രമാത്രം നടുക്കി കൊണ്ട്
കടന്നു പോയ ആ സംഭവം വായിക്കുന്നത് കൂടി വിഷയത്തിൽ വ്യക്തതയുണ്ടാക്കും. കാരണം,, സ്ത്രീകളെ മാത്രമായിരുന്നില്ല,
കാശ്മീരി സമൂഹത്തെ ഒന്നടങ്കമായിരുന്നു ഇംപ്യൂണിറ്റിയുടെ ആ ആഘോഷം മുറിപ്പെടുത്തിയത്.

കുനൻ- പുഷ്പോറ

കാശ്മീരിലെ കുപ്വാര ജില്ലയിൽ പാക് അധീനതയിലുള്ള കാശ്മീരിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന രണ്ട് ഗ്രാമങ്ങളാണ് കുനനും പുഷ്പോറയും . അതായത് 1991 ഫെബ്രുവരി 23ന് ഇന്ത്യൻ സുരക്ഷാസേനയുടെ ‘രജപുത്ര റൈഫിള്‍സ്‌’ എന്ന സൈനിക വിഭാഗത്താൽ 32 – ഓളം സ്ത്രീകൾ അതിക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായതിന്റെ പേരിൽ ചരിത്രത്തിൽ ഇടംപിടിച്ച രണ്ട് ഗ്രാമങ്ങൾ. രാജ്യം ഒരാഴ്ചക്കാലം ചർച്ച ചെയ്യുകയും പിന്നീട് മനപ്പൂർവം മറക്കുകയും ചെയ്ത ഒരു കൊടും അനീതിയുടെ താണ്ഡവം ആയിരുന്നു അത്. അത്രയും വലിയൊരു ക്രൂരതയിൽ പക്ഷേ ഈ രാജ്യം വല്ലാതെയൊന്നും ഞെട്ടിയിരുന്നില്ല. അന്വേഷണം വൈകിപ്പിച്ചിട്ടും തെളിവുകളുടെ അഭാവം ഇല്ലാതിരുന്ന ആ കേസുപോലും പക്ഷേ അധികാരികൾ മുന്നോട്ടുകൊണ്ടുപോകാൻ വൈമനസ്യം കാണിച്ചു കൊണ്ടേയിരുന്നു. റിപ്പോർട്ടുകൾ പൂഴ്ത്തി വെക്കുകയായിരുന്നു.
2012 രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടന്ന പീഡനത്തിൽ രാജ്യമാകെ ആളിക്കത്തിയപ്പോൾ വർഷങ്ങൾക്കുമുമ്പ് അരങ്ങേറിയ കൊടും ക്രൂരതയെ മറവിക്ക്‌ വിട്ടുകൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിൽ കാശ്മീരിലെ സാമൂഹ്യ പ്രവർത്തകരായ അഞ്ച് വനിതകൾ നീതി തേടിയിറങ്ങി. 2013 കാശ്മീർ ഹൈക്കോടതിയിൽ കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയതിൻറെ തുടർച്ചയെന്നോണം ഉള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ‘ഡു യു റിമെമ്പർ കുനൻ പുഷ്പോറ’ എന്ന പുസ്തകത്തിൽ എസ്സാര്‍ ബത്തൂല്‍, ഇര്‍ഫാന്‍ ബട്ട്, മുനാസ റാഷിദ്, നടാഷ റാതര്‍ എന്നിവർ വെളിപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ
ഡയറിക്കുറിപ്പുകൾ ലേഖകർ ചേർക്കുന്നുണ്ട്. ദുരി എന്ന സാങ്കൽപിക നാമത്തിൽ പ്രത്യക്ഷപ്പെടുന്ന അവളുടെ വാക്കുകൾ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടല്ലാതെ കടന്നുപോകില്ല.
“ഞാൻ കണ്ണുതുറന്നപ്പോൾ എന്തൊക്കെയോ സംഭവിച്ചത് പോലെയായിരുന്നു. ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാൻ ആകെ വിയർത്തിരുന്നു. ഞാൻ നഗ്നയായിരുന്നു. ശരീരം മാത്രമല്ല മനസ്സും അങ്ങനെയായിരുന്നു. എൻറെ ഉമ്മ എൻറെ അരികത്തു തന്നെ ഉണ്ട് പക്ഷേ അവരും എന്നിൽ നിന്ന് മുഖം തിരിച്ചുകളഞ്ഞു. അവർക്ക് ഇത് സഹിക്കാൻ ആകുമായിരുന്നില്ല. ആരോ കരയുന്നത് ഞാൻകേട്ടു അതെന്റെ സഹോദരനായിരുന്നു. അവൻ ഓടി വന്നു എന്തോ കൊണ്ട് പുതപ്പിച്ചു. ഞങ്ങൾ അതിൽ പിന്നെ അതിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല” എന്ന് ദുരി പറയുന്നുണ്ട്.

കുനന്‍-പോഷ്‌പോറ ഇരകള്‍ക്ക് നീതിയാവശ്യപ്പെട്ട് നടത്തിയ ഒരു പ്രക്ഷോഭം

‘ഡു യു റിമെമ്പർ കുനൻ പുഷ്പോറ’ ബുക്ക് കവര്‍

ആ കിരാത രാത്രി തുടങ്ങുന്നത് ഒരു സൈനിക പരിശോധനയിലൂടെയാണ്. 125 ഓളം വരുന്ന സൈന്യം ഫെബ്രുവരി 23ന് രാത്രി 9 മണിക്ക് ഗ്രാമത്തിൽ പ്രവേശിക്കുകയായിരുന്നു. പുരുഷന്മാരെയെല്ലാം വീടുകളിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി തൊട്ടടുത്തുള്ള ഒരു സ്കൂളിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തങ്ങളുടെ വസ്തുക്കൾക്കോ സ്ത്രീകൾക്കോ യാതൊരു അപകടവും സംഭവിച്ചിട്ടില്ല എന്ന് തുടങ്ങുന്ന NOC വാങ്ങിയതിനു ശേഷം തിരിച്ച് അയക്കപ്പെട്ട അവർ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന അവരുടെ സ്ത്രീകളെ ആയിരുന്നു. ഒരു ഗ്രാമം മുഴുവൻ കരയുകയായിരുന്നു അന്ന്. AFSPA യും DAA(distributed area act) യുമൊക്കെ കൊണ്ട് സമ്പുഷ്ടമായ ഇന്ത്യൻ ആർമിക്ക് ഏത് സമയത്തും എവിടെയും കയറിച്ചെല്ലാമായിരുന്നു കശ്മീരിൽ. പട്ടാളക്കാരുടെ പ്രതിരോധങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട്‌ ആ രാത്രിയിൽ ഓടിനടന്ന് ഓരോ വീട്ടിലെയും സ്ത്രീകളെ പുതപ്പിച്ച അബ്ദുൽ ഗാനി എന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് പുസ്തകം സംസാരിക്കുന്നുണ്ട്. പക്ഷേ 1993 ൽ അദ്ദേഹത്തെയും ആർമി കൊല്ലുകയാണുണ്ടായത്. സമീപ പ്രദേശങ്ങളെയും നിയന്ത്രിച്ച് കൊണ്ട് സൈന്യം ആ രണ്ട് ഗ്രാമങ്ങളെയും ദുരിതത്തിലാക്കുകയാണുണ്ടായത്.

ഏതാണ്ട് ഒരു മാസം വൈകിയ മെഡിക്കൽ ചെക്കപ്പാണ് നടന്നതെങ്കിലും തെളിവുകൾ എല്ലാം കൃത്യമായും രേഖപ്പെടുത്തവണ്ണം അവശേഷിക്കുന്നുണ്ടായിരുന്നു. അവരിലധികം പേരും ആ ശാരീരിക ബുദ്ധിമുട്ടിൽ നിന്നും ഒരിക്കലും കരകേറാനാവാത്ത വിധം തളർന്നിരുന്നു. വിവാഹിതരും അവിവാഹിതരുമായ 32 ഓളം പേരാണ് പല തവണയായി പലരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്ന് മെഡിക്കൽ വൃത്തങ്ങൾ തുറന്ന് കാണിക്കുന്നുണ്ട്. 15 മുതൽ 70 വയസ്സ് വരെയുള്ള ആ കൂട്ടത്തിന്റെ പ്രായം കൃത്യമായി ഇതെത്രത്തോളം രാഷ്ട്രീയമായ ഒരായുധമായാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളതെന്ന് തുറന്ന് കാണിക്കുന്നു. അവരിലെ സ്ത്രീകൾ രക്തമൊലിച്ചു
കൊണ്ടിരിക്കുകയായിരുന്നെങ്കില്‍ പുരുഷന്മാർക്ക് പരാശ്രയമില്ലാതെ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. കുട്ടികളെ സൈനികർ ജനലുകളിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഗ്രാമങ്ങളിലെ മുഴുവൻ മനുഷ്യരുടെയും മേലുയർന്ന സ്റ്റേറ്റ് അതോറിറ്റിയുടെ പൊറുക്കപ്പെടാത്ത ക്രൂരത. പക്ഷേ തെളിവുകളുടെ ഒരു കുറവുമില്ലാഞ്ഞിട്ടും അത്മായ്ച്ചുകളയുന്നതിലായിരുന്നു പലർക്കും ആവേശം. അന്വേഷണ ഉദ്യോഗസ്ഥന്മാരെ നിരന്തരമായി സ്ഥലം മാറ്റിക്കൊണ്ടേയിരിക്കയായിരുന്നു. ഇരകളായിരുന്നില്ല, സൈനികരായിരുന്നു തെളിവെടുപ്പിനോട് സഹകരിക്കാതിരുന്നത്.
അക്രമികളുടെ യൂനിഫോം അവർക്കൊരു കൃത്രിമ വിശുദ്ധതയും മഹത്വവും കൽപിച്ചുകൊടുക്കുകയായിരുന്നു. ആക്രമണങ്ങൾക്ക്ശേഷം അവർക്ക് ഒരു ആർമി ഡോക്ടർ പെയിൻ കില്ലേർസ്
നൽകിയിരുന്നു എന്നതും മറ്റും അവരെത്രത്തോളം ആസൂത്രിതമായാണ് പ്രവർത്തിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്.

കശ്മീരിൽ വളരെ കൃത്യമായി നിലനിൽക്കുന്ന “ഇംപ്യൂണിറ്റി ” യിലേക്കാണ് കൂനൻ പോഷ് പോറ വിരൽ ചൂണ്ടുന്നത്.

കശ്മീർ ഇപ്പോഴും രണ്ട് ന്യൂക്ലിയർ രാജ്യങ്ങളുടെ തീരാ തർക്കമായി നിലനിൽക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും അവിടെ മൂന്ന് യുദ്ധങ്ങൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി തുടരുന്ന ഈ പ്രശ്നങ്ങളിൽ 70000 ത്തോളം പേർക്കാണ് തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ പുൽവാമ അറ്റാക്കും, തുടർന്നുള്ളപ്രത്യാക്രമത്തിലൂടെയും കാശ്മീരിൽ വീണ്ടും രാഷ്ട്രീയം കളിക്കുകയാണ് രാജ്യത്തെ വലതുപക്ഷ ശക്തികള്‍. പെല്ലറ്റുകളും തോക്കുകളുമൊക്കെ തകർത്താടുന്ന കശ്മീര്‍ വീണ്ടും കരഞ്ഞുകൊണ്ടിരിക്കുകയാണ്. ദുരയുടെ ഡയറിക്കുറിപ്പിലെ വരികൾ കടമെടുത്ത് പറഞ്ഞാൽ, “ഞാൻ ശാസിക്കുന്നുണ്ട്, അത് പക്ഷെ ജീവനോടെയല്ല എന്ന് മാത്രം”

ആയിശ നൗറിന്‍
(ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാല ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി)

ചിത്രങ്ങള്‍ക്ക് കടപ്പാട്: https://www.aljazeera.com/indepth/inpictures/women-kashmir-longing-loved-return-190304140502708.html#lg=1&slide=4, http://www.ipsnews.net/2015/07/violence-against-women-alive-and-kicking-in-kashmir/

By Editor