ഇന്ത്യയുടെ കാവിവല്‍കൃത വർത്തമാനവും ആസന്ന തെരഞ്ഞെടുപ്പും

തീവ്ര ദേശീയത ആളിക്കത്തിക്കാനാവിശ്യമായ ഘടകങ്ങൾ യഥേഷ്‌ടം ഉപയോഗിച്ച് മുസ്‌ലിം, ദളിത് വേട്ടകളിലൂടെ ഫാഷിസത്തിന്റെ മൂലധനം വർധിപ്പിച്ച് കൊണ്ട്‌ മോദി സർക്കാർ അടുത്ത തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്. ജനാധിപത്യ ഇന്ത്യ സാമ്പത്തികവും സാമൂഹികവുമായ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ നേരിടുകയാണെന്ന് പല കോണുകളിൽ നിന്നായി ഈ ഭരണകാലത്ത് മുറവിളി ഉയരുകയുണ്ടായി. സത്യാനന്തര കാലത്തെ ഇന്ത്യൻ രാഷ്‌ട്രീയ പാർട്ടിയെന്ന നിലയിൽ (പോസ്‌റ്റ് ട്രൂത്ത് പൊളിറ്റിക്‌സ്) മുഴുവൻ കുതന്ത്രങ്ങളും പയറ്റുന്ന ബി.ജെ.പി സർക്കാരിന്റെ മെക്കാനിസവും മെയ്‌വഴക്കവും ചരിത്രവും രാഷ്ട്രമീമാംസയും പഠിക്കുന്ന അക്കാദമിക വിദ്യാർത്ഥികൾക്ക് ഒന്നാന്തരമൊരു ഗവേഷണ വിഷയമാണ്.

സമസ്‌ത മേഖലകളിലും ഇത്രമേൽ ആഴത്തിൽ പരിക്കേറ്റ, പ്രശ്‌ന കലുഷിതമായ സാഹചര്യങ്ങളെ ഈ അടുത്ത പതിറ്റാണ്ടുകളിൽ ഇന്ത്യ അനുഭവിച്ചിട്ടുണ്ടാവിനിടയില്ല. പ്രതിപക്ഷ, മാധ്യമ ശ്രദ്ധ ചെന്നെത്താത്ത എത്രയെത്ര ഹിന്ദുത്വ അജണ്ടകളാണ് സർക്കാർ സംവിധാനങ്ങളിലൂടെ അതി സമർത്ഥമായി മോദി സർക്കാരും സംഘ് പരിവാർ പോഷക സംഘടനകളും ഒളിച്ചുകടത്തിയത്. കഴിഞ്ഞ കാലങ്ങളിൽ കുറഞ്ഞ അളവിലെങ്കിലും പ്രതിപക്ഷത്തിന് വെളിച്ചം പകർന്ന് മുന്നിൽ നടന്ന മാധ്യമ സ്ഥാപനങ്ങളെ വിലക്കെടുത്തും വിരട്ടിയും തങ്ങളുടേതായ (അധോ) ലോകം തീർക്കുകയായിരുന്നു സംഘ് പരിവാർ.

2018 മെയ് മാസത്തിൽ പുറത്തുവന്ന ഏറെ കോളിളക്കമുണ്ടാക്കേണ്ടിയിരുന്ന കോബ്ര പോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷൻ വെളിപ്പെടുത്തൽ ജാനാധിപത്യ ഇന്ത്യയുടെ നാലാം തൂണുകളായ മാധ്യമ സ്ഥാപനങ്ങളുടെ നേർചിത്രം വരച്ചുകാണിക്കുന്നുണ്ട്.

രാജ്യത്തെ രണ്ട് ഡസനോളം മാധ്യമ സ്ഥാപനങ്ങൾ പണത്തിന് പകരം വർഗീയ കലാപത്തിന് വഴിമരുന്നിടുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാമെന്നായിരുന്നു ഒളിക്യാമറകൾക്ക് മുമ്പിലെ വെളിപ്പെടുത്തൽ.

പണം നല്‍കുന്ന പാർട്ടികളുടെ രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനുള്ള സന്നദ്ധതയും മാധ്യമങ്ങൾ അറിയിച്ചു. ആറ് കോടി രൂപ മുതൽ 50 കോടി രൂപ വരെയാണ് ഓരോ മാധ്യമസ്ഥാപനങ്ങൾക്കും ”കോബ്ര പോസ്റ്റിന്റെ മാധ്യമപ്രവർത്തകൻ വാഗ്ദാനം” ചെയ്തത്. പുഷ്പ ശർമ എന്ന ഈ മാധ്യമപ്രവർത്തകൻ സമീപിച്ച മാധ്യമസ്ഥാപനങ്ങളിലെ ഉന്നത മേധാവികൾ തങ്ങളുടെ ആർ.എസ്എസ് ബന്ധം അഭിമാനത്തോടെ തുറന്നു പറയുന്നുമുണ്ട് സംസാരത്തിനിടെ. ആചാര്യ അടൽ എന്ന, നാഗ്പൂരിലെ ആർ.എസ്.എസ് കാര്യാലയവുമായി നേരിട്ടു ബന്ധമുള്ള ഒരു ഹിന്ദുത്വ പ്രവർത്തകൻ എന്ന നിലയിലാണ് പുഷ്പ ശർമ ഇവരെയെല്ലാം സമീപിച്ചതും ഓപ്പറേഷൻ നടത്തുന്നതും. അടുപ്പക്കാർക്ക് മാത്രം അനുവദിച്ച അഭിമുഖങ്ങള്‍ അല്ലാതെ, തെരഞ്ഞെടുപ്പടുക്കുമ്പോഴും വാർത്താ സമ്മേളനങ്ങൾക്കും തുറന്ന സംവാദങ്ങൾക്കും മുഖം കൊടുക്കാതെ ‘ഹിമാലയൻ ബഡായിയിലൂടെ’ സോഷ്യൽ മീഡിയയിലൂടെ മുഖം മിനുക്കിയുള്ള അഭ്യാസ പ്രകടനങ്ങളിലാണ് മോദി.

നോട്ട് നിരോധനാന്തരം, ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൊത്തത്തിൽ അപഗ്രഥിക്കുന്നതും കോൺഡിഫൈ ചെയ്യുന്നതുമായ പഠനങ്ങൾ തന്നെ നടക്കുന്നുണ്ടോയെന്നത് സംശയകരമാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാൻ കാരണം നോട്ട് നിരോധനവും ജി.എസ്.ടി നടപ്പിലാക്കിയ അശാസ്‌ത്രീയ രീതികളും താളം തെറ്റിയ ബജറ്റ് വീതംവെക്കലുമാണെന്ന് മോദി ഭക്തർ തന്നെ (രഹസ്യമായി) സമ്മതിക്കും. സർക്കാറിന്റെ പിടിപ്പുകേടുകളിൽ സഹിക്കെട്ടെന്ന വിധം, ആർ.ബി.ഐ മേധാവികളായിരുന്ന രഘു റാം രാജനും ഊർജിത്ത് പട്ടേലും കാലാവധി തീരും മുമ്പ് പടിയിറങ്ങിപ്പോയവരാണ്. ദിവസങ്ങൾക്ക് മുമ്പാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ തലപ്പത്തുണ്ടായിരുന്ന പി.സി. മോഹനനും ജെ.വി മീനാക്ഷിയും സർക്കാറിന്റെ പ്രതികൂല സമീപനത്തെ തുടർന്ന് രാജിവെച്ചിറങ്ങിപ്പോയത്. ജി.ഡി.പി അളക്കനാവിശ്യമായ തൊഴിലവസരങ്ങൾ അടക്കമുള്ള കണക്കുകൾ സർക്കാർ ഈ വകുപ്പിന് നല്‍കിയില്ലെന്നതാണ്‌ ഏറെ ഗൗരവമുള്ള പരാതികളിലൊന്ന്. മാത്രമല്ല, 46 ദിവസം ശേഷിക്കെ ചാർട്ടഡ് അകൗണ്ടന്റായ പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റിലെ ജി.ഡിപിയും വാസ്‌തവ വിരുദ്ധമാണെന്നാണ് വിദഗ്‌ധാഭിപ്രായം. ബജറ്റിൽ കാർഷിക പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കും ക്രിയാത്മക പരിഹാരങ്ങളൊന്നും നിർദേശിക്കാത്ത കേവല നാടകമായിരുന്നു ബജറ്റവതരണം.

പിയൂഷ് ഗോയല്‍
ഊര്‍ജിത് പട്ടേല്‍

വിദ്യാഭ്യാസ, ചിരിത്ര, ശാസ്‌ത്ര, സാംസ്‌കാരിക മേഖലകളിലടക്കം കാവിവത്ക്കരണം യുദ്ധകാലാടിസ്ഥാനത്തിൽ ബി.ജെ.പി സർക്കാറിന് നടപ്പിലാക്കാനായിയെന്നതാണ് മോദി സംഘ് പരിവാർ പ്രഭൃതികൾക്ക് നൽകുന്ന സന്തോഷ വർത്തമാനം.

യു.പിയിലെ ഉറുദു നഗർ ഹിന്ദി ബസാറാക്കിയും ഇസ്‌ലാംപൂറിനെ ഈശ്വർപൂർ ആക്കിയതുമടക്കം കൃത്യമായ വർഗീയ ധ്രുവീകരണം ലാക്കാക്കി 25 ലേറെ സ്ഥലങ്ങൾ യോഗി ആദിത്യനാഥ് പുനർ നാമകരണം ചെയ്‌തിട്ടുണ്ട്.

ഹൈദരാബാദിനെ ഭാഗ്യനഗറും കരീംനഗറിനെ കാരിപുരവുമാക്കുമെന്നതായിരുന്നു തെലുങ്കാനയിലെ തെരഞ്ഞെടുപ്പ് വേളയിലെ ടിയാന്റെ വാഗ്‌ദാനം. സംഘ് പരിവാറിന്റെ മോഡൽ സ്‌റ്റേറ്റ് എന്ന പദവി ഗുജറാത്തിന് ശേഷം കൈയാളുന്ന യു.പിയിൽ യോഗി അധികാരത്തിലേറിയ ശേഷം 49 പേരാണ് കൊല്ലപ്പെട്ടത്. 1100 ഏറ്റുമുട്ടലുകൾ ഈ കാലയളവിൽ നടന്നുവെന്നതും കഴിഞ്ഞകാല വർഗീയ കലാപങ്ങളിലെ നിരവധി കേസുകൾ എഴുതിത്തള്ളിയെന്നതും എങ്ങോട്ടാണ് കാവിപ്പട ഇന്ത്യയെ കൊണ്ടുപോവുന്നതെന്ന ചൂണ്ടുപലകയാണ്. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ബെഞ്ച് മറുപടി പറയാൻ സർക്കാരിനോട് ആവശ്യപ്പെട്ടത്. ഏറ്റവുമൊടുവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ബുലന്ത് ശഹ്‌റിൽ കൊല്ലപ്പെട്ട കേസിന്റെ പുരോഗതിയും നമ്മുടെ മുമ്പിലുണ്ട്.

ജനുവരിയിൽ നടന്ന 106 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസും ഹിന്ദുത്വ അജണ്ട വിളിച്ചോതിയ സമ്മേളനമായിരുന്നുവെന്നത് വിദേശ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തതാണ്. ‘ ഭാവി ഇന്ത്യ: ശാസ്‌ത്രവും സാങ്കേതിക വിദ്യയും’ എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ പുരാണങ്ങളും മിത്തും അവലംബവുമാക്കിയുള്ള നിറം പിടിപ്പിച്ച കഥകൾ ശാസ്‌ത്ര വസ്‌തുതകളും കണ്ടെത്തലുകളുമായി അവതരിപ്പിക്കുകയായിരുന്നു സംഘ് പരിവാർ പശ്ചാത്തലത്തിൽ നിന്നെത്തിയ ‘ശാസ്ത്രജ്ഞര്‍’. ഗ്രാവിറ്റി തിയറിയിൽ ന്യൂട്ടനും ആപേക്ഷികത സിദ്ധാന്തത്തിൽ ഐൻസ്റ്റൈനും തെറ്റുപറ്റിയെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള ജഗത്തല കൃഷ്‌ണൻ എന്ന ഗവേഷകന്റെ വാദം. ഒരുപടി കൂടി കടന്ന്, ഐൻസ്റ്റൈന്റെ പ്രവചനമായിരുന്ന ‘ഗുരുത്വ തരംഗങ്ങൾക്ക്’ ”മോദി തരംഗം’ എന്ന് പേരിടണമെന്ന വാദത്തിലൂടെ ഇന്ത്യയുടെ മുഖമാണ് വികൃതമായത്.

മോദിയുടെ ഇന്ത്യയെ കുറിച്ച അസ്വസ്ഥപ്പെടുത്തുന്ന എണ്ണിയാലൊടുങ്ങാത്ത ഇത്തരം ചർച്ചകൾ ചെന്നെത്തുന്നത് ഈ പരിക്കുകളിൽ നിന്ന് മുക്തമാവാൻ ഇന്ത്യക്കാവുമോയെന്ന ചോദ്യത്തിലാണ്. സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ച് അഞ്ച് സംസ്ഥാനങ്ങളിൽ അരങ്ങേറിയ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഏറെ പ്രത്യാശ നൽകുന്ന തിരിച്ചുവരവ് കോൺഗ്രസ് നടത്തിയെന്നത് നേര്. കിഴക്കൻ ഉത്തർ പ്രദേശിന്റെ ചാർജെടുത്ത് രംഗ പ്രവേശം നൽകിയ പ്രിയങ്ക ഭർത്താവ് വാദ്രയുടെ കള്ളക്കേസുകളും അനുബന്ധ വിവാദങ്ങളും കൂടി പേറിയാണ് കോൺഗ്രസ് കൂടാരത്തിലെത്തുന്നത്. അധികാരത്തിലേറിയ മധ്യപ്രദേശ് മുഖ്യമന്തി കമൽനാഥിന്റെ പശു സംരക്ഷകരുടെ കൈയ്യടി നേടിയ ഇടപെടൽ അപായ സൂചനയാണ് നൽകുന്നത്. അല്ലെങ്കിലും എല്ലാ പഞ്ചായത്തിലും ഗോ ശാലകൾ സ്ഥാപിക്കുമെന്നും ചാണകവും ഗോമൂത്രവുമെല്ലാം ഗവേഷണ പഠനം നടത്തുമെന്നതടക്കം കോൺഗ്രസിന്റെ തന്നെ പ്രകടന പത്രികയിൽ ഇടം നേടുന്ന സംസ്ഥാനത്ത് നിന്നുള്ള പ്രതീക്ഷ അസ്ഥാനത്താണ്.

മമത ബാനർജി ബംഗാളിൽ ഒറ്റയാൾ പോരാട്ടം നടത്തി മുന്നേറുന്നതും യു.പിയിലെ മായാവതി- അഖിലേഷ് സഖ്യ സാധ്യതകളും വിശാല മതേതര സഖ്യം പൂവണിയുമെന്ന പ്രതീക്ഷകൾക്ക് നിറം പകരുന്നതാണ്. ഒരേ സമയം, പ്രാദേശിക ജാതി -സാമൂഹിക സമവാക്യങ്ങളെ കൂടി പരിഗണിച്ച്, കർഷക, മത ന്യൂനപക്ഷങ്ങ്ളുടെ അരക്ഷിതാവസ്ഥയെ തൊട്ടറിഞ്ഞ്, വോട്ടുകളുടെ ഏകീകരണത്തിന് മികച്ച ആസൂത്രണത്തോടെ മുന്നിട്ടിറങ്ങിയായാൽ മാത്രമേ കോൺഗ്രസിന് സാധ്യതകാണുന്നുള്ളു.
രാജ്യത്തെ മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികളുടെ സാമ്പത്തിക വരവിന്റെ കണക്കുകൾ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ടിരുന്നു, ദിവസങ്ങൾക്ക് മുമ്പ്. ഈ കണക്കനുസരിച്ച് ബി.ജെ.പി മറ്റ് പാർട്ടികൾക്ക് ലഭിച്ചതിന്റെ 12 ഇരട്ടിയോളം പണം, 437.04 കോടി രൂപ സമ്പാദിച്ചതായാണ് വിവരം. ഈ കരുതൽ ധനത്തിന്റെ പണാധിപത്യ ധാർഷ്ട്യത്തിനും ഇനിയും അവ്യക്തതകൾ നീങ്ങാത്ത വോട്ടുയന്ത്രത്തിനും ബാബരിയടക്കമുള്ള വർഗീയ കാർഡിറക്കിയുള്ള പ്രചാരണ(കു)തന്ത്രങ്ങൾക്കും എല്ലാമിടയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര കക്ഷികളുടെ പ്രകടനം കണ്ടറിയേണ്ടിവരും.

By Editor