ഇസ്‌ലാമിന്റെ സാന്നിധ്യം പോലും കേരളത്തിന് നവോത്ഥാനമായിരുന്നു

‘ഉണ്ട്’ എന്നത് പോലും ഒരു നവോത്ഥാനമായിത്തീർന്ന സംഭവം ലോകത്ത് ഏതെങ്കിലും ആശയത്തിനും സംഘത്തിനും അവകാശപ്പെടാൻ സാധിക്കും എന്ന് തോന്നുന്നില്ല. അത് സാധ്യമാവുക ഇസ്‌ലാമിന് മാത്രമാണ്. അത്രക്ക് ശക്തമാണ് ഭൂമിയിൽ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്റെ ആശയ ലോകം. സൂര്യ കിരണം പോലെയാണത്. സൂര്യൻ ഉണ്ടെങ്കിൽ വെളിച്ചമുണ്ടായിരിക്കും. തടയിടാത്തിടത്തോളം.

നവോത്ഥാന ചർച്ചകളിൽ നിന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാറ്റി നിർത്തിക്കൊണ്ട് കേവല ഹിന്ദുത്വ ബോധങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ധാരാളമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിന്റെ പൂർവകാലത്തെ കുറിച്ച്, സത്യസന്ധമായ പഠനങ്ങളും അന്വേഷണങ്ങളും നടത്തിയാൽ ഒരുപാട് യാഥാർഥ്യങ്ങൾ മറനീക്കി പ്രത്യക്ഷപ്പെടും. മുസ്‌ലിംകൾ അല്ലെങ്കിൽ ഇസ്‌ലാം അവിടെ നിലനിൽക്കുന്നു എന്നത് തന്നെ എങ്ങനെ ഒരു നവോത്ഥാനത്തിന് കാരണമായിത്തീർന്നു എന്ന് ബോധ്യപ്പെടും.

ലോകത്ത് വിവിധ പ്രത്യയശാസ്ത്രങ്ങൾ മനുഷ്യരെ അടിമകളാക്കിയും തട്ടുകളായി വേർതിരിച്ചും മനുഷ്യരായിത്തന്നെ പരിഗണിക്കാതെയും ഇരിക്കുമ്പോഴാണ് മനുഷ്യ സമത്വത്തിന്റെ ആദർശവുമായി ഇസ്‌ലാം കടന്നു വരുന്നത്. ഒരു ചീർപ്പിന്റെ പല്ലുകൾ പോലെ തുല്യരാണ് മനുഷ്യൻ എന്നും , കറുത്തവനും വെളുത്തവനും തമ്മിലോ , അറബിയും അനറബിയും തമ്മിലോ അന്തരമില്ല എന്നും പ്രഖ്യാപിച്ചു കൊണ്ട് ഇസ്‌ലാം അഹന്തയുടെ കോട്ടകൾ പിടിച്ചു കുലുക്കി. വിമോചനത്തിന്റെ ഈ സന്ദേശവുമായാണ് മുസ്‌ലിംകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആവേശപൂർവം ഒഴുകിയത്. അവർ കടന്നു ചെന്ന വിവിധ പ്രദേശങ്ങൾ മനുഷ്യ അസമത്വങ്ങൾ നിറഞ്ഞതായിരുന്നു.

കേരളത്തിൽ, കടുത്ത ജാതീ ബോധത്തിന്റെ ഇടയിലേക്കാണ് ഇസ്‌ലാം രംഗപ്രവേശം ചെയ്യുന്നത്. ലോകത്ത് തുല്യതയില്ലാത്ത ഒന്നാണ് ഇന്ത്യയിലെ ജാതീ വ്യവസ്ഥ, കേരളത്തിലാകട്ടെ അത് മൂർദ്ധന്യാവസ്ഥയിലുമായിരുന്നു.

വഴി നടക്കാനും, പൊതു കിണറിൽ നിന്ന് വെള്ളമെടുക്കാനും, മര്യാദ ജീവിതം നയിക്കാനും അവകാശമില്ലാതിരുന്ന താഴ്ന്ന ജാതിയിൽ പെട്ട, അടിമകളായി ജീവിച്ചിരുന്ന ജനതക്ക് മുന്നിൽ ഇസ്‌ലാം ആശ്വാസവും അടിമത്തത്തിൽ നിന്നുള്ള ഏക വിമോചനമാർഗവുമായിരുന്നു.

ജനനം കൊണ്ട് തൊട്ടുകൂടായ്മയും തീണ്ടലും അനുഭവിക്കുന്ന കീഴാള ജനതക്ക് മുന്നിൽ അവർ അനുഭവിക്കുന്ന ജാതീയമായ അടിമത്തത്തിൽ രക്ഷപ്പെടാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. മതത്തിൽ നിന്ന് ജാതീയമായി ഉയർച്ച നേടാനോ ജാതിയിൽ നിന്നും മതത്തിൽ നിന്നും പുറത്തു കടക്കുവാനോ ഒരു തരത്തിലും അവർക്ക് സാധിക്കുമായിരുന്നില്ല. ഒരാൾ നിരീശ്വരവാദിയോ മറ്റു വല്ലതുമോ ആയാൽ പോലും അവർ ജനിച്ച ജാതിയിൽ ജീവിച്ചു പീഡനമനുഭവിച്ചു മരിക്കുവാനല്ലാതെ അവർക്ക് കഴിയില്ല. ആകാശത്തേക്ക് നീണ്ടു നിൽക്കുന്ന കൂറ്റൻ മതിലുകൾ ഉള്ള ഒരു ജയിലിൽ അകപ്പെട്ടപോലെ അത്ര ദയനീയമായിരുന്നു അവരുടെ അവസ്ഥ. മൃഗങ്ങളേക്കാൾ താഴ്ന്ന നിലവാരത്തിൽ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട അവരുടെ മുന്നിൽ വന്നുചേർന്ന ഏക വഴിയായിരുന്നു ഇസ്‌ലാം. ഇസ്‌ലാമിലേക്ക് വന്നു കഴിഞ്ഞാൽ, തനിക്കുമുന്നിൽ ഉണ്ടായിരുന്ന ജാതിയുടെ കൂറ്റൻ മതിൽക്കെട്ടുകൾ തകർന്നു വീഴുകയും സ്വാതന്ത്ര്യത്തിലേക്കും വിമോചനത്തിലേക്കും പറക്കുവാനും സാധിക്കുന്ന അവസരത്തിൽ ഈ വിമോചന സാധ്യതയിൽ ആകൃഷ്ടരായി ലക്ഷങ്ങളാണ് ഇസ്‌ലാമിന്റെ തണലിലേക്കൊഴുകിയത്.  

ഈ ചരിത്രത്തെയും യാഥാർഥ്യങ്ങളെയും വളച്ചൊടിക്കാനും അസന്നിഹിതമാക്കാനും നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്.  പക്ഷെ, പുതിയ കാലത്തെ നിരവധി ഗവേഷണങ്ങളും പഠനങ്ങളും നവോത്ഥാനത്തിന്റെ ഇത്തരം വേരുകളെ കുറിച്ച് കൃത്യമായ അവബോധം നൽകുന്നുണ്ട്.

ഈ അർത്ഥത്തിലുള്ള, ഇസ്‌ലാമിന്റെ ശക്തിയെ കുറിച്ച്, പണ്ഡിറ്റ് കറുപ്പൻ പാടിയത് കേൾക്കുക.

“അല്ലാ ഇവനിന്നൊരു പുലയനല്ലേ,

അള്ളാ മതം നാളെ സ്വീകരിച്ചാൽ

ഇല്ലാ തടസ്സം ഇല്ലില്ലയിടത്തും പോകാം

ഇല്ലാത്തതും പോയിടാം ജ്ഞാനപ്പെണ്ണേ, നോക്ക്‌

സുന്നത്തും മാഹാത്മ്യം യോഗപ്പെണ്ണേ”


പണ്ഡിറ്റ് കറുപ്പൻ

രാജാവ് നടത്തിയ ഒരു ചടങ്ങിലേക്ക് കറുപ്പനെ ജാതിയുടെ പേരിൽ ക്ഷണിച്ചില്ലത്രെ. എന്നാൽ അതേ പരിപാടിയിലേക്ക് ഏതാനും ദിവസം മുൻപ് ഇസ്‌ലാം സ്വീകരിച്ച പുലയ സമുദായംഗത്തെ ക്ഷണിക്കുകയും ചെയ്തു. കുമാരനാശാന്റെ കവിതയുടെ ഒരു ഭാഗം ഇത് വ്യക്തമാക്കുന്നു.

“എത്രയോ ദൂരം വഴിതെറ്റി നിൽക്കേണ്ടോ

റേഴചെറുമൻ പോയി തൊപ്പിയിട്ടാൽ

ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം

ചെറ്റും പേടിക്കേണ്ട തമ്പുരാരേ

ഇത്ര സുലഭമാശ്ചര്യവുമായി

സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കിൽ

ബുദ്ധിയുള്ളൊരിങ്ങാശ്രേയസ്സുപേക്ഷിച്ചു

ബദ്ധരായ് മേവുമോ ജാതിമേലിൽ”

പെരിയാർ ഇ വി രാമസ്വാമി തന്റെ നിരവധി പ്രഭാഷണങ്ങളിൽ ഇസ്‌ലാമിന്റെ ഈ പ്രത്യേകതയെകുറിച്ച് പറഞ്ഞിട്ടുണ്ട്. “സഹപ്രവർത്തകരെ, നമ്മുടെ രോഗം – ശുദ്രത/ ജാരജന്മം എന്ന രോഗം- ഗുരുതരമാണ്. കാൻസറും കുഷ്ഠവും പോലെ ചികിൽസിച്ച് ഭേദമാക്കാൻ പ്രയാസമുള്ള വ്യാധിയാണിത്. ഒരു മരുന്ന് മാത്രമേ ഇതിനുള്ളൂ. – ഇസ്‌ലാം. അതല്ലാതെ വേറെയൊരു പരിഹാരവും ഇല്ലേയില്ല. ഈ ചികിത്സ തന്നെ ചെയ്തില്ലെങ്കിൽ ദുരിതം പേറേണ്ടി വരും. വേദന സംഹാരികൾ / ഉറക്ക ഗുളികകൾ താൽക്കാലികാശ്വാസം തന്നു എന്ന് വരാം. പക്ഷെ, ശേഷിച്ച ജീവിതം നാറുന്ന ശവങ്ങളെപ്പോലെ കഴിയേണ്ടി വരും. ഇന്നത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മെച്ചപ്പെടണമെങ്കിൽ ഇസ്‌ലാം ആണ് മരുന്ന്. അതുകൊണ്ടു മാത്രമേ നിങ്ങൾ നീണ്ടു നിവർന്ന് നടക്കുകയും ധീരരാവുകയുമുള്ളൂ.” വൈക്കം സമരത്തിൽ പ്രധാന പങ്കു വഹിച്ച സാമൂഹിക പരിഷ്കർത്താവ് കൂടിയാണ് പെരിയാർ ഇ വി രാമസ്വാമി.


പെരിയാർ ഇ വി രാമസ്വാമി

വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി തുടങ്ങിയ സമരമായ വൈക്കം സത്യാഗ്രഹത്തെപ്പോലും അട്ടിമറിക്കാൻ ഗാന്ധിയുടെ നേതൃത്വത്തിൽ ഉള്ള ജാതി താല്പര്യക്കാർ പണിയെടുത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഒടുവിൽ സമരം വിജയിക്കും എന്ന ഘട്ടമെത്തിയപ്പോൾ അത് ഏറ്റെടുക്കാൻ ഗാന്ധി രംഗത്തു വരികയും അതിനെ കേവലം ഒരു ക്ഷേത്ര പ്രവേശന വിഷയമായി മാറ്റി അട്ടിമറിക്കുകയും ചെയ്തു. എന്നാൽ ഈ സമരത്തിന് ആവേശമായി ഉണ്ടായിരുന്നത് ഇ.വി.ആർ എന്ന മനുഷ്യ സ്നേഹിയായിരുന്നു.

അദ്ദേഹം താഴ്ന്ന ജാതിക്കാരോട് ഇസ്‌ലാമിന്റെ ഈ മഹത്വത്തെ കുറിച്ച് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. “നമ്മുടെ ഈ പതിതാവസ്ഥ മാറിക്കിട്ടണം എന്നതാണ് മുഖ്യം. ഒരൊറ്റ വിഭീഷനുമില്ലാത്ത സമൂഹമായി നാം മാറണം. എന്റെ പ്രിയപ്പെട്ട ദ്രാവിഡ സഹോദരാ, ഇസ്‌ലാമല്ലാത്ത ഒരു പ്രതിവിധി പറഞ്ഞു തരൂ എനിക്ക്. ഇപ്പോൾ തന്നെ പറയണമെന്നില്ല. വീട്ടിൽ പോയി ആലോചിക്കൂ. തമിഴ് പണ്ഡിതന്മാരോടും ഇഗ്ളീഷ് പഠിച്ചു വക്കീലന്മാരായവരോടും മറ്റു വലിയ ഓഫീസർമാരോടും ചോദിക്കൂ.” .  

ഇന്ന് നവോത്ഥാനം ആഘോഷിക്കപ്പെടുമ്പോൾ ജാതി താല്പര്യങ്ങൾക്കൊപ്പം നിന്നിരുന്ന വിഭാഗം തന്നെ സ്വയം
നവോത്ഥാനത്തിന്റെ കുത്തകയും ഏറ്റെടുക്കുകയാണ്. അതായത്
നവോത്ഥാനം എന്ന വാക്ക് ഉച്ചരിക്കുമ്പോഴും അതിൽ ജാതിയും മുസ്‌ലിം വിരുദ്ധതയും ഉൾപ്പെടുത്തിക്കൊണ്ടും അവരെ അരികുവൽക്കരിച്ചുകൊണ്ടും തന്നെയാണ് മുന്നോട്ട് പോകുന്നത്.  

ഇസ്‌ലാം ലോകത്തിനു നൽകിയ സംഭാവനയിൽ ഏറ്റവും എടുത്തുപറയേണ്ട ഒന്നാണ് ‘മനുഷ്യ തുല്യത’ അഥവാ മനുഷ്യ സമത്വം. ഇസ്‌ലാം കടന്നു ചെന്ന മേഖലകളിൽ എല്ലാം ഈ മനുഷ്യ സമത്വത്തിന്റെ പ്രതിഫലനങ്ങൾ കാണാമായിരുന്നു. പ്രവാചകൻ ജീവിച്ച പശ്ചാത്തലം തൊട്ട്, അതിനുശേഷം കറുത്ത വർഗക്കാരുടെ മുന്നേറ്റങ്ങളിലും ഇന്ത്യയിലെ ജാതി മുന്നേറ്റങ്ങളിലും എല്ലാം ഇസ്‌ലാമായിരുന്നു കാരണമായത്.

ഇന്ത്യയിൽ നിരവധി മനുഷ്യർ ഇസ്‌ലാമിലേക്ക് പ്രവേശിച്ചത് ഇസ്‌ലാം പ്രബോധനം ചെയ്‌തതിലൂടെയായിരുന്നില്ല. മറിച്ചു മനുഷ്യന്റെ അടിമത്തത്തിൽ നിന്ന് അല്ലാഹുവിന്റെ മാർഗത്തിലേക്ക് മാറുമ്പോൾ ലഭിക്കുന്ന വലിയ അന്തസ്സായിരുന്നു ഇസ്‌ലാമിന്റെ വളർച്ചക്ക് നിദാനം. ചാണകത്തിന്റെ വിലപോലും നൽകാതിരുന്ന മനുഷ്യന് “അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹു വാ അശ്‌ഹദു അന്ന മുഹമ്മദുറസൂലുല്ലാ” എന്ന വാക്ക് ഉച്ചരിക്കുന്നതോടു കൂടി ആരുടെ മുന്നിലും തലയുയർത്തിപ്പിടിച്ചു നടക്കുവാനും എവിടെയും കയറിച്ചെല്ലാനുമുള്ള ശക്തിയും അധികാരവും കിട്ടി. മറ്റൊരു പ്രഭാഷണത്തിൽ ഇത് വ്യക്തമാക്കിക്കൊണ്ട് പെരിയാർ ദ്രാവിഡ ജനങ്ങളോടായി പറയുന്നു.

“ഇസ്‌ലാം, ഹിന്ദുമതമെന്ന് വിളിക്കപ്പെടുന്ന സവർണ മതത്തിന്റെ അടിസ്ഥാനങ്ങളെത്തന്നെയാണ് പൊളിച്ചു കളയുന്നത്. ഹിന്ദു മതത്തിൽ അനേകം രൂപങ്ങളുള്ള ധാരാളം ദൈവങ്ങളുണ്ട്. ജനങ്ങൾക്കിടയിലാണെങ്കിലോ നിരവധി ജാതി വ്യത്യാസങ്ങളും. ജന്മസാഹചര്യങ്ങളനുസരിച്ചാണ് ജാതി നിർണയം. ബ്രാഹ്മണർ, ശ്രൂദ്രർ, പഞ്ചമർ, (പറയർ) എന്നിങ്ങനെ ഉയർന്നുവരും താഴ്ന്നവരുമായി മനുഷ്യനെ കള്ളിതിരിച്ചിരിക്കുന്നു. ഈ തത്വ പ്രകാരമാണ് നാം താഴ്ന്ന ജാതിയായിരിക്കുന്നത്. എന്നാൽ ഇസ്‌ലാമിൽ ബ്രാഹ്മണനോ, ശ്രൂദ്രനോ, പഞ്ചമനോ ഇല്ല. വേറൊരു രീതിയിൽ പറഞ്ഞാൽ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങൾ ഒരു ദൈവം, ഒരു ജാതി / കുടുംബം എന്നിവയാണ്. ഈ തത്വം ദ്രാവിഡരുടെത് കൂടിയാണ്. അവർക്ക് വേണ്ടതാണ്. ഹിന്ദു മതം എന്ന് പറയപ്പെടുന്ന ആര്യമതം നിരവധി ദൈവങ്ങളും, ഈ ദൈവങ്ങൾ സൃഷ്ടിച്ച അനവധി ജാതികളും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഈ ബഹുദൈവ- ബഹുജാതി വ്യവസ്ഥയിലൂടെ ആര്യന്മാർക്ക് – ബ്രാഹ്മണർക്ക്- അനവധി ഉപഹാരങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നു. ദ്രാവിഡര്ക്ക് ആകെ മിച്ചമുള്ളത് പതിത്വവും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നിഷേധവും. ഇസ്‌ലാമിലൂടെ ദ്രാവിഡര്ക്ക് മോചനവും ക്ഷേമവുമാണ് അനുഭവിക്കാനാവുക. അതുകൊണ്ടാണ് മേൽജാതിക്കാർ ഇസ്‌ലാമിനെ വെറുക്കുന്നത്.”   

പെരിയാർ പറഞ്ഞത് വളരെ ശരിയായിരുന്നു. ജാതിയിലകപ്പെട്ട ഒരാൾ താൻ നിരീശ്വര വാദിയാണെന്നോ യുക്തിവാദിയാണെന്നോ കമ്മ്യൂണിസ്റ്റുകാരനാണെന്നോ കോൺഗ്രസ്സുകാരനാണെന്നോ പറഞ്ഞാലും ജാതിമതിലിൽ നിന്ന് രക്ഷപ്പെടുവാൻ സാധിക്കുകയില്ല. എന്തിനു പറയുന്നു ഒരാൾ ഹിന്ദുവല്ല എന്ന് പ്രഖ്യാപിച്ചാൽ പോലും രക്ഷപ്പെടാൻ കഴിയില്ല. വേദ- പുരാണ ഇതിഹാസങ്ങൾ തീയിലിട്ടു കത്തിച്ചു കളഞ്ഞാലും അവർക്ക് മോചനം ലഭിക്കുമായിരുന്നില്ല. അത്തരം ഒരു മതിൽക്കെട്ടിൽ നിന്നായിരുന്നു കേവലം ഒരു വാക്യമുച്ചരിച്ചു മുസ്‌ലിം ആകുന്നതിലൂടെ അവർക്ക് സ്വാതന്ത്ര്യത്തിലേക്ക് പറക്കാനായിരുന്നത്.

ഇസ്‌ലാം കേരളത്തിന്‌ നൽകിയ നവോത്ഥാനത്തിൻറെ ചരിത്രത്തെ അസന്നിഹിതമാക്കാനുള്ള പ്രവർത്തനങ്ങൾ ധാരാളമായി നടന്നിട്ടുണ്ട്. പാഠ പുസ്തകങ്ങളിലും, നോവലുകളിലും, ചരിത്രമെഴുത്തുകളിലും, നാടകങ്ങളിലും, മറ്റു സാഹിത്യ മേഖലകളിലും സിനിമകളിലും അതിനെ മറച്ചു വെക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്.

ഇസ്‌ലാമിന്റെ സാന്നിധ്യം നൽകിയ മനുഷ്യ വിമോചനത്തിന്റെ ചരിത്ര യാഥാർഥ്യങ്ങളെ മറച്ചു വെക്കാൻ ധാരാളം ഫണ്ടുകൾ വിനിയോഗിക്കപ്പെട്ടിട്ടുണ്ടാകണം. ഇന്ന്
നവോത്ഥാന പരിപാടികളുമായി കേരള സർക്കാരിന്റെ നേതൃത്വത്തിൽ മുന്നോട്ട് പോകുമ്പോഴും അത് മറച്ചു വെക്കാൻ പുതിയ മതിലുകൾ സൃഷ്ടിക്കുകയാണ്.

അതിനു വേണ്ടി നിരവധി ഫണ്ടുകൾ വിനിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഒപ്പം മുഖ്യമന്ത്രി അത് വ്യക്തമാക്കുകയും ചെയ്യുന്നു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ വിളിച്ച യോഗത്തിലേക്ക് ന്യുനപക്ഷ സംഘടനകളെ ക്ഷണിക്കാതിരുന്നത് ആർ എസ് എസ്സിന് ആയുധമാകാതിരിക്കാൻ വേണ്ടിയാണ് എന്ന് പിണറായി പ്രഖ്യാപിക്കുകയുണ്ടായി.

വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ വൈക്കം സമരത്തെ തകർക്കാനുള്ള ശ്രമം നടത്തുന്നതിനിടയിൽ ഗാന്ധി, “മുസ്‌ലിംകൾ ഇതിൽ ഇടപെടേണ്ടതില്ല” എന്ന് പറയുകയുണ്ടായി. എന്നാൽ, നിങ്ങളുടെ പ്രശ്നം തീരുന്നതിനു ഇസ്‌ലാം സ്വീകരിക്കൂ എന്ന് പറയുന്ന പെരിയറായിരുന്നു ആ സമരത്തിന്റെ നെടുന്തൂൺ.

എത്ര തമസ്കരിച്ചാലും മറഞ്ഞു പോകാതെ തിരിച്ചു വരാനുള്ള ശക്തി മുസ്‌ലിം പൈതൃകത്തിനുണ്ട്. ജാതി ഭ്രാന്തിനെതിരായ ടിപ്പു സുൽത്താന്റെ പ്രവർത്തനങ്ങളും ഇസ്‌ലാമിന്റെ വെളിച്ചത്തിൽ നിന്നുള്ളതായിരുന്നു. അതുകൊണ്ടാണ് ജാതിക്കോമരങ്ങൾക്ക് ഇന്നും ടിപ്പുവിനോട് അടങ്ങാത്ത കലി അവശേഷിക്കുന്നത്. അദ്ദേഹത്തെ മതഭ്രാന്തനായും മറ്റും ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ളതും അതുതന്നെ.


ടിപ്പു സുൽത്താൻ

പി കെ ബാലകൃഷ്ണന്റെ ടിപ്പു സുൽത്താനെ കുറിച്ചുള്ള പുസ്തകത്തിൽ പറയുന്നു: “ടിപ്പു കർക്കശനായൊരു സന്മാർഗക്കാരനായിരുന്നു. ലൈംഗിക കാര്യത്തിൽ മാത്രമല്ല ആ സന്മാർഗം. മനുഷ്യ ശരീരം നഗ്നമായി പ്രദര്ശിപ്പിച്ചിരുന്നതിനെ ലിംഗഭേദമന്യേ ടിപ്പു വെറുത്തിരുന്നു. നല്ല വിവാഹ ബന്ധത്തിൽ സ്ത്രീ പുരുഷന്മാർ ജീവിക്കണമെന്ന് അദ്ദേഹത്തിന് വിലപ്പെട്ട ഒരു സന്മാർഗ തത്വമായിരുന്നു. നിയമാനുസൃതമല്ലാത്ത ലൈംഗിക ബന്ധങ്ങളെ ടിപ്പുവിന്  പരമ വിരോധമായിരുന്നു. സാധിക്കാവുന്ന വിധത്തിൽ അത് നിരോധിക്കാൻ ശ്രമിച്ചിരുന്നു. രാജ്യാതിർത്തിയിൽ ഒരു തരത്തിലും മദ്യമുണ്ടാക്കാനും വിൽക്കാനും പാടില്ലെന്ന് നിയമം നടപ്പാക്കിയിരുന്നു.” ടിപ്പുവിന്റെ ഈ നിലപാടുകളെയും നയങ്ങളെയും  എടുത്തു പറയേണ്ടത് ആ കാലത്ത് നായന്മാർക്കിടയിൽ നിലവിലുണ്ടായിരുന്ന ജാതി ബോധത്തിന്റെയും ദുരാചാരത്തിന്റെയും പശ്ചാത്തലത്തിലാണ്. 

1- നമ്പൂതിരിമാരല്ലാത്ത മറ്റു ജാതികളിൽ പെട്ട സ്ത്രീകൾക്ക് കേരളത്തിൽ മാറ് മറക്കാൻ പാടില്ലായിരുന്നു. മാറ് മറക്കുന്നത് പ്രഭുക്കളോടുള്ള അനാദരവായിട്ടാണ് കണക്കാക്കിയിരുന്നത്. ഇതിനെതിരെയെല്ലാം കാർക്കശ്യവും കൃത്യവുമായ നിലപാടും നിയമവും ഉണ്ടാക്കിയ ടിപ്പുവിന്റെ നവോത്ഥാന-  ധാർമ്മിക ആശയങ്ങൾക്കു പിന്നിൽ ഇസ്‌ലാം മാത്രമായിരുന്നു. 

2- നായന്മാർക്കിടയിൽ നിലനിന്നിരുന്ന വളരെ വൃത്തികെട്ട നടപടിയായിരുന്നു ബഹുഭർത്തൃത്വം എന്നത്. നല്ല സുന്ദരിയായ സ്ത്രീകളാണെങ്കിൽ ധാരാളം പുരുഷന്മാരുടെ കൂടെ കഴിയുക എന്നത്  ബഹുമതിയായി കാണുകയും അതിലൂടെ വൃത്തികെട്ട അംഗീകൃത- വ്യഭിചാരങ്ങൾ വ്യാപകമാവുകയും ചെയ്തിരുന്നു. നായർ സ്ത്രീകൾ ബ്രാഹ്മണ- നമ്പൂതിരി  പ്രഭുക്കളുടെ കൂടെ കഴിഞ്ഞ് ജനിച്ച നായന്മാർക്ക് സ്വന്തം അച്ഛനാരാണെന്ന്  പോലും അറിയാത്ത അവസ്ഥ നിലനിന്നിരുന്ന സാഹചര്യമാണ്  കേരളത്തിൽ നിലനിന്നിരുന്നത്. 

ജാതിഭ്രാന്തിന്റെയും മാറ് മറക്കാൻ പോലും സ്വാതന്ത്ര്യമില്ലാത്ത സംസ്കാരത്തിന്റെയും ബഹു ഭർത്തൃത്വം എന്ന വൃത്തികെട്ട ദുരാചരത്തിന്റെയുമൊക്കെ കേന്ദ്രമായിരുന്ന കേരളത്തിന്റെ സംസ്കാരത്തെ അല്പമെങ്കിലും ഉയർത്തിക്കൊണ്ടുവരാനായത് ഇസ്‌ലാമിലൂടെയല്ലെങ്കിൽ പിന്നെ ഏത് സംസ്കാരത്തിലൂടെയായിരുന്നു? ഇത്തരം അന്ധകാരങ്ങളിൽ നിന്ന് അല്പമെങ്കിലും മോചിതമാകണമെങ്കിൽ അതിന് ഉറച്ച വേരുകളുള്ള വിമോചന പ്രത്യയ ശാസ്ത്രം അനിവാര്യമാണ്.   അങ്ങനെ ഒരു പ്രത്യയ ശാസ്ത്രം കേരളത്തിൽ ഉണ്ടായിരുന്നുവെങ്കിൽ അത് ഇസ്‌ലാം മാത്രമാണ്.    

അമീന്‍ വി ചൂനൂര്‍

By Editor