പാശ്ചാത്യശക്തികള്‍ സൃഷ്ടിക്കുന്ന അഭയാര്‍ത്ഥി പ്രതിസന്ധി

അഭയാർത്ഥികളെ സംബന്ധിച്ച ചർച്ചകൾ ലോകത്ത്‌ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട് .ഇന്നും അവ തുടർന്നു കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളിലും വിശിഷ്യാ യൂറോപ്പിൽ പല രാഷ്ട്രീയ മാറ്റങ്ങൾക്കും കളമൊരുക്കാനിടയാക്കുന്നതാണ് സമീപകാല കാഴ്ചകൾ. ജർമനിയിലും ,ഹങ്കറിയിലും തുടങ്ങി ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളിലും ശക്തിപ്പെട്ടുവരുന്ന തീവ്ര വലതുപക്ഷ പാർട്ടികളുടെ പ്രധാനപ്പെട്ട ആയുധം തന്നെ അഭയാർത്ഥി വിരുദ്ധതയാണ് . എന്തുകൊണ്ടാണ് അഭയാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇന്നും ഇത്ര സജീവമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വിശദീകരണം പോലും ആവശ്യമില്ലാത്ത വണ്ണം ലോകത്തിന്ന് പരിചിതമായിരിക്കുന്നു. 2017 ന്റെ അവസാനത്തോടുകൂടി മുൻ വർഷത്തെക്കാൾ 50 % വർദ്ധനവാണ് അഭയാർത്ഥി സംഖ്യയിൽ ഉണ്ടായിട്ടുള്ളത്. 7 കോടിയോളം വരുമിത്. അതായത്‌ ബ്രിട്ടൻ എന്ന രാജ്യത്തിന്റെ ജനസംഖ്യയെക്കാളധികം. അതുകൊണ്ടുതന്നെ സമാനതകളില്ലാത്തൊരു അഭയാർത്ഥി പ്രതിസന്ധിക്കാണ് ലോകം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഉണ്ടായ അഭയാർത്ഥി പ്രതിസന്ധിയേക്കാൾ രൂക്ഷമാണ് നിലവിലെ സ്ഥിതി. സ്വന്തo രാജ്യത്ത് ജീവിതം അസാധ്യമായ ഘട്ടങ്ങളിലാണ് ജനങ്ങൾ അഭയാര്‍ത്ഥികളായിപാലായനം ചെയ്യാൻ നിർബന്ധിതരാവുന്നത്. “അഭയം തേടിയുള്ള യാത്ര “എന്നാണ്‌പലായനം കൊണ്ട് വിവക്ഷ. അഭയം തേടിയുള്ള പലായനങ്ങൾക്ക്/ കുടിയേറ്റങ്ങൾക്ക് മനുഷ്യനോളം പഴക്കമുണ്ടാകും, പലവിധ പ്രതിസന്ധികളില്‍ നിന്നും രക്ഷതേടിക്കൊണ്ട് ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്നു. പശ്ചിമേഷ്യയില്‍ നിന്നും വടക്കനാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമൊക്കെയായി യൂറോപ്പ്യൻ രാജ്യങ്ങളെയും മറ്റും ലക്ഷ്യമാക്കി ജനങ്ങള്‍ സഞ്ചരിക്കുന്നത് രാഷ്ട്രീയമോ, തൊഴില്‍പരമോ ആയ വിവിധങ്ങളായ കാരണങ്ങള്‍ കൊണ്ടാണ്.

ലോകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാർഥികളുടെ കുത്തൊഴുക്കിന് കാരണക്കാർ ആരാണെന്ന് കണ്ടെത്തുക വലിയ പ്രയാസമുള്ള കാര്യമല്ല. പ്രധാനമായും പാശ്ചാത്യശക്തികൾ തന്നെയാണിതിന്ന് ഉത്തരവാദികൾ.

പൗരസ്ത്യ മേഖലകളിലെ അവരുടെ അനാവശ്യ ഇടപെടലുകളാണ് അവടങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചതും അതുമുഖേനയുള്ളവലിയ അഭയാര്‍ത്ഥിപ്രവാഹങ്ങൾക്കും മറ്റും കളമൊരുക്കിയതും എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

സിറിയയില്‍ ബശ്ശാർ അൽ അസദിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക്‌ ആയുധം നൽകിക്കൊണ്ട് ഒരു ആഭ്യന്തര കലാപം സൃഷ്ട്ടിക്കാനായിരുന്നു പാശ്ച്യാത്യ ശ്രമം. ആ ശ്രമത്തിന്റെ ഫലമായിക്കൊണ്ട് ഇന്നവർക്ക് അഭയാർത്ഥികളെ കിട്ടി. അഫ്‌ഗാനിസ്ഥാനെയും ,ഇറാക്കിനെയും തകർത്തതിന്റെ ഫലമായി വര്ഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ആഭ്യന്തര കലാപങ്ങൾ കൊണ്ട് അഭയാര്‍ത്ഥികളെയും അരക്ഷിതവസ്ഥയുമല്ലാതെ മറ്റൊന്നും സൃഷ്ടിക്കാന്‍ അമേരിക്കക്കോ യൂറോപ്പിനോ സാധിച്ചിട്ടില്ല ,അതുകൊണ്ടു തന്നെ അഭയാര്‍ത്ഥികളെക്കുറിച്ചുള്ള അവരുടെ ആകുലതകൾക്കെല്ലാം കാരണം പാശ്ചാത്യരുടെ ചെയ്തികൾ തന്നെയാണ് .തങ്ങൾ കുഴിച്ച കുഴിയിൽ അവർ തന്നെ വീണിരിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. കാരണം അഭയാര്ഥികളെയും അനധികൃത കുടിയേറ്റക്കാരെയും എന്തുചെയ്യണമെന്നറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. പക്ഷെ പ്രതിസന്ധിയെ രൂക്ഷമാകുന്ന നടപടികളാണ് പാശ്ചാത്യരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് .
ജീവൻ നിലനിർത്താൻ വേണ്ടി സ്വദേശം വിട്ട്‌ യൂറോപ്പിലേക്കും മറ്റും പ്രവേശിക്കുന്നവരുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടമാടിക്കൊണ്ടിരിക്കുന്ന ആഭ്യന്തര യുദ്ധം മൂലം സ്വന്തം നാടും വീടും ഉപേക്ഷിച്ച്‌ അഭയാര്‍ത്ഥികളായവരില്‍ ലക്ഷക്കണക്കിനു പേരാണ് കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ച്‌ മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയത്. നടുക്കടൽ നീന്തിക്കടന്നും ,ചുട്ടുപൊള്ളുന്ന മരുഭൂമിയും മഞ്ഞുമലകളുമൊക്കെ താണ്ടിയും ,ഏജന്റുമാരുടെ ചൂഷണങ്ങൾ സഹിച്ചുo പലവിധ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടാണ് പലരും രാജ്യങ്ങളിലേക്ക്‌ എത്തിച്ചേരുന്നത്. ഈ യാത്രക്കിടയിൽ ലക്ഷ്യം കാണാനാവാതെ പട്ടിണികിടന്നും ,ഉൾക്കടലിൽ മുങ്ങിയും മരിച്ചവർ ധാരാളം. അങ്ങനെ അതിസാഹസികമായി പ്രതീക്ഷയുടെ തുരുത്തുകൾ തേടിപ്പോയ അഭയാർത്ഥികൾക്ക് എത്തിപ്പെടുന്നിടത്തെല്ലാം നേരിടേണ്ടിവരുന്നത് പലതരത്തിലുള്ള വിവേചനങ്ങളാണ്.
അഭയാര്‍ത്ഥി കുടിയേറ്റക്കാരോട്‌ നാടുവിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക, റഷ്യ, ഇംഗ്ലണ്ട് ,ഇസ്രാഈൽ അടക്കമുള്ള പല രാജ്യങ്ങളും. അഭയാർത്ഥികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നാടും ,ജീവിതവും ദുരിതത്തിലാക്കിയവര്‍ വീണ്ടും തങ്ങളെ വേട്ടയാടുന്ന കാഴ്ചയാണ്.

ബശ്ശാറുല്‍ അസദ്‌

സിറിയ, യമൻ, അഫ്‌ഗാനിസ്ഥാൻ, മ്യാൻമർ, ലോകത്തിന്ന് ഏറ്റവും അധികം അഭയാർത്ഥികളെ സംഭാവന ചെയ്തുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ചിലത് ഇവയാണ്‌. സിറിയയും യമനും അഫ്‌ഗാനിസ്ഥാനുമെല്ലാം ബാഹ്യ ഇടപെടലുകളാൽ കലുഷിതമായപ്പോൾ മ്യാന്മറിൽ സംഭവിച്ചത് മറ്റൊന്നാണ് ,അവിടെ സ്വന്തം ഭരണകൂടം തന്നെയാണ് അഭയാർത്ഥികളെ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്നത്. റോഹിൻഗ്യൻ മുസ്ലിംകളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന ഭരണകൂട പ്രക്രിയ പ്രതിക്ഷേധങ്ങൾക്കിടയിലും തുടർന്നുകൊണ്ടേയിരിക്കുന്നു .ഓങ് സാങ് സൂകി എന്ന സമാധാന നൊബേൽ ജേത്രിയുടെ നേത്യത്വത്തിൽ സൗത്താഫ്രിക്കയിൽ നിലനിന്നിരുന്ന വംശീയത ഭരണകൂടത്തിന്റെ മറ്റൊരു പതിപ്പ് നടപ്പാക്കികൊണ്ടിരിക്കുമ്പോൾ ഇന്ത്യടക്കമുള്ള രാജ്യങ്ങൾ അതിന്ന് ഒത്താശ ചെയ്തുകൊടുക്കുന്ന തിരക്കിലാണ്. റോഹിങ്ക്യന്‍ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള കരുനീക്കങ്ങൾ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ തകൃതിയാണ്. പുതുകാലത്തെ പുതിയ അഭയാർഥിപ്രവാഹത്തിൽ മുങ്ങിപ്പോയ അവസ്ഥയാണ് പലസ്തിനികളുടേത്

അഭയാർഥികളുടെ കൂട്ടത്തിൽ നിന്നും ആയിരക്കണക്കിനുവരുന്ന പലസ്‌തീൻ അഭയാർത്ഥികളെ ലോകം വിസ്മരിക്കുമ്പോൾ ഇസ്രാഈൽ തങ്ങളുടെ അധിനിവേശ പദ്ധതികൾ ശക്തിപ്പെടുത്തുകയാണ്

സെറ്റില്‍മെന്റ്‌ എന്ന ഓമനപ്പേരിൽ അധിനിവേശം വ്യാപിപ്പിക്കുന്ന തിരക്കിലാണവർ .

സ്വതാത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി അമേരിക്കയും ,റഷ്യയും യൂറോപ്പുമൊക്കെ കളിച്ച നെറികെട്ട കളികളുടെ അനന്തരഫലമാണ് യഥാര്‍ത്ഥത്തില്‍ അഭയാർത്ഥി പ്രതിസന്ധി. വരുത്തിവെച്ചതിന്റെ പരിണിതഫലം അനുഭവിക്കാനാവട്ടെ അവരൊട്ടും തയ്യാറാല്ലതാനും. അങ്ങിനെ അവർ ഒരു വലിയ ജനതയുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കികൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ അഭയാര്‍ത്ഥിപ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരം അനിവാര്യമാണ്. സ്വന്തം നാടുകളിൽ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്നവരെ ആട്ടിയോടിച്ചവരെ തടയുകയാണ് ആദ്യമായി ചെയ്യേണ്ടത് കാരണം റഷ്യയും ,അമേരിക്കയും ,യൂറോപ്പുമൊക്കെ അറബ്- മുസ്‌ലിം നാടുകളിലും വടക്കനാഫ്രിക്കയിലും നടത്തുന്ന അന്യായമായ ഇടപെടലുകൾ അവസാനിപ്പിക്കാതെയുള്ള ഒരു പരിഹാരവും അഭയാർത്ഥി പ്രതിസന്ധിയുടെ പരിഹാരമായി കണ്ടെത്തുക സാധ്യമല്ല . റഷ്യയും അമേരിക്കയും മറ്റ് പാശ്ചാത്യശക്തികളും പൗരസ്ത്യ ദേശത്തും, വടക്കനാഫ്രിക്കന്‍ രാജ്യങ്ങളിലും നടത്തിവരുന്ന രക്ത രൂക്ഷിതമായ ഇടപെടലുകള്‍ അവസാനിപ്പിക്കാത്ത പക്ഷം അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കപ്പെടാതെ തന്നെ അവശേഷിക്കും. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചു പോവാനുളള അന്തരീക്ഷം അടിയന്തിരമായി ലോകരാജ്യങ്ങള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തയ്ഡ് ഭരണകൂടത്തെ ഒറ്റപ്പെടുത്തിയതിന് സമാനമായ പ്രതിക്ഷേധങ്ങൾ മ്യാൻമറിലെ വംശീയ ഉന്മൂലനത്തിനെതിരെ രൂപപ്പെടേണ്ടതുണ്ട്

അന്‍സാറുല്‍ ഇസ്‌ലാം

By Editor