2018: കശ്മീർ ജനതയ്ക്ക് ദുരിതപൂർണം

[et_pb_section admin_label=”section”]
[et_pb_row admin_label=”row”]
[et_pb_column type=”4_4″][et_pb_text admin_label=”Text”]

ആക്രമണങ്ങളും ജീവഹാനിയുമെല്ലാം സാധാരണ സംഭവമെന്ന പോലെ കടന്നുപോയ വർഷമായിരുന്നു കശ്മീരിന് 2018. ഒരു പതിറ്റാണ്ടിനിടെ ഏറ്റവും ദുരിതപൂർണമായ വർഷം എന്നായിരുന്നു ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ടിന്റെ വിലയിരുത്തൽ. ഏതാണ്ട് 160ഓളം സാധാരണ ജനങ്ങളാണ് പലപ്പോഴായി നടന്ന സൈനിക ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അതിൽ തന്നെ 31ഓളം കുട്ടികളും 18ഓളം സ്ത്രീകളും ഉൾപ്പെട്ടുവെന്നത് ഈ വർഷത്തെ മാത്രം പ്രത്യേകതയാണ്. തീവ്രവാദികളെന്ന് ആരോപിച്ച് വേറെയും 267 ഓളം പേരെ സൈന്യവും പോലീസും ബുള്ളറ്റുകൾക്കിരയാക്കിയിട്ടുണ്ട്. 159ഓളം സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യാക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2018 ജനുവരി 10 ന്, ജമ്മുകശ്മീരിലെ ബക്കർവാൾ നാടോടി ഗോത്രത്തിൽപ്പെട്ട എട്ടു വയസുകാരി ആസിഫ ബാനു കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ടത് രാജ്യത്തെയൊട്ടാകെ ഞെട്ടിച്ച വാർത്തയായിരുന്നു. ഉന്നതപോലീസ് ഉദ്യോഗസ്ഥൻ അടങ്ങിയ എട്ട് പ്രതികളാണ് പിഞ്ചുബാലികയെ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ വെച്ച് ബലാൽസംഗത്തിനിരയാക്കിയത്.

ആസിഫാ ബാനു

കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുന്നതിലും ആസിഫയുടെ കുടുംബത്തിന് നീതി ഉറപ്പുവരുത്തുന്നതിലും ഭരണകൂടം പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. പ്രതികൾക്ക് വേണ്ടി ബി. ജെ. പി എം.പി രംഗത്ത് വന്നതും, ബാലികയ്ക്ക് വേണ്ടി കേസിൽ ഹാജരായ വക്കീൽ രാധിക എസ് രജാവത്തിനെ സമാന രീതിയിൽ മാനഭംഗപ്പെടുത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതുമെല്ലാം കശ്മീരിൽ മുസ്‌ലിം സ്വത്വം നേരിടുന്ന അരക്ഷിതാവസ്ഥ എത്രത്തോളം ഭീകരമാണ് എന്ന് വിളിച്ചോതുന്നു. മുസ്‌ലിം വിരുദ്ധ വംശീയതയുടെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷിയായിരുന്നു യഥാർത്ഥത്തിൽ ആസിഫാ ബാനു.

പതിറ്റാണ്ടുകളായി തുടരുന്ന, കശ്മീർ സ്ത്രീകൾക്ക് നേരെയുള്ള ഇന്ത്യൻ സൈന്യത്തിന്റെ ലൈംഗികാതിക്രമങ്ങൾ വംശീയ ഉന്മൂലനത്തിന്റെ ആയുധമായാണ് പ്രയോഗിക്കപ്പെടുന്നത്. 2018 ഫെബ്രുവരിയിൽ സംസ്ഥാന മനുഷ്യാവകാശകമ്മീഷന് മുമ്പാകെ അത് വരെ നടന്ന 149ഓളം ബലാൽസംഗക്കേസുകളുടെ പട്ടിക നിരത്തി സമർപ്പിച്ച പരാതിയിൽ യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

രാജ്യത്തെ ഒരു ന്യൂനപക്ഷ ജനവിഭാഗത്തെ ഭരണകൂടവും സൈന്യവും ചേർന്ന് അടിച്ചമർത്തുന്ന കാഴ്ച്ചയാണ് കശ്മീരിൽ അനേകം വർഷങ്ങളായി തുടരുന്നത്‌.

അതിജീവനത്തിനായുള്ള കശ്‌മീർ ജനതയുടെ ചെറുത്തുനിൽപ്പുകൾ തീവ്രവാദപ്രവർത്തനമായും, അവരെ ദേശദ്രോഹികളായും പൊതുസമൂഹത്തിനിടയിൽ ചിത്രീകരിക്കുന്നതിൽ തൽപരകക്ഷികൾ വിജയിച്ചിരിക്കുന്നു. നൂറോളം കുരുന്നുകളാണ് സൈന്യത്തിന്റെ പെല്ലെറ്റ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടും ഗുരുതരമായി പരിക്കുകൾ പറ്റിയും ആശുപത്രികളിൽ കഴിയുന്നത്. 19 മാസം മാത്രം പ്രായമുള്ള ഹിബ നിസാർ എന്ന പെണ്കുഞ്ഞിന്‌ പെല്ലെറ്റ് ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റത് ഇക്കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു.

പെല്ലെറ്റ് ആക്രമണത്തിനിരയായ പിഞ്ചുകുഞ്ഞ് ഹിബ നിസാർ

ഇന്ത്യയിൽ മാനസികസ്വാസ്ഥ്യം ഉള്ള കുട്ടികൾ ഏറ്റവുമധികം ജീവിക്കുന്നത് കശ്മീരിലാണ്.

സുരക്ഷാസൈന്യത്തിന് നേരെ കല്ലെറിഞ്ഞ് പ്രതിരോധം തീർക്കുന്ന കശ്മീർ ബാലന്മാരുടെ ചിത്രം ഉയർത്തിക്കാണിച്ച്, അവരെ ദേശദ്രോഹികളായും ഭീകരവാദികളായും ചിത്രീകരിക്കുന്നതിൽ ദേശിയമാധ്യമങ്ങളടക്കം പങ്കുവഹിച്ചു. പ്രതിഷേധക്കാരെ ബുള്ളറ്റുകളും പെല്ലെറ്റുകളും ഉപയോഗിച്ച് നേരിടുന്ന രീതി കാശ്മീരിലല്ലാതെ കാണാൻ കഴിയില്ല. കശ്‌മീർ ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള, തുടർന്ന് കൊണ്ടേയിരിക്കുന്ന പോരാട്ടങ്ങൾ സൈന്യവും സ്റ്റേറ്റും ചേർന്ന് അടിച്ചമർത്തിക്കൊണ്ടിരിക്കുന്നു. കശ്‌മീർ പ്രശ്നം യഥാവിധി പുറംലോകത്ത് അവതരിപ്പിക്കുന്നതിൽ രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും പരാജയമാണ്. ഇന്ത്യൻ സുരക്ഷാ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥകൾ വർത്തയാക്കാതിരിക്കുന്നതിലാണ് മാധ്യമങ്ങൾ ശ്രദ്ധിച്ചത്. മലയാളത്തിലെയടക്കമുള്ള ഇന്ത്യൻ മാധ്യമങ്ങൾ, “കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരൻ കൊല്ലപ്പെട്ടു” എന്ന തരത്തിലുള്ള പോലീസ് വൃത്തങ്ങളെ മാത്രം ഉദ്ധരിച്ച് വാർത്ത നല്കുന്നവരാണ്.

കശ്‌മീരിലെ സായുധസമരക്കാരെ ‘ഭീകരർ’ എന്ന് വിശേഷിപ്പിക്കുന്നത്തിലെ പ്രശ്നങ്ങൾ അനവധിയാണ്. അവരെ പോരാളികളും രക്തസാക്ഷികളുമായി അവതരിപ്പിക്കുന്ന കശ്‌മീർ ലേഖകരുടെയും ചുരുക്കം ചില മാധ്യമപ്രവർത്തകരുടെയും ശൈലിയാണ് അനുയോജ്യമായത്. മത- രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി സാധാരക്കാരെയടക്കം ലക്ഷ്യംവെക്കുന്ന വിവേചനരഹിതമായ ആക്രമണങ്ങളാണ് പൊതുവിൽ ‘ഭീകരത’യായി കണക്കാക്കുന്നത്. എന്നാൽ, രാഷ്ട്രീയകാരണങ്ങളാൽ ഔദ്യോഗികസേനയെ മാത്രം ലക്ഷ്യമിടുന്നവരെ ഭീകരരായി മുദ്രകുത്തുന്നത് കൃത്യമായ അജണ്ടയോടെയാണ്. സത്യസന്ധവും നീതിയുക്തവുമായ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുണ്ട്. കമ്രാൻ യുസുഫിനെപോലുള്ള ഫോട്ടോ ജേണലിസ്റ്റുകളുടെയും, കൊല്ലപ്പെട്ട ശുജാഅത്ത് ബുഖാരിയെപ്പോലുള്ള മാധ്യമപ്രവർത്തകരും ഈ ദൗത്യം നിയോഗിച്ചവരാണ്.

ശുജാഅത് ബുഖാരി

പാകിസ്ഥാൻ നിയുക്ത പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കശ്മീർ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ഇന്ത്യ ഒരു ചുവട് വെക്കുകയാണെങ്കിൽ അടുത്ത രണ്ട് ചുവട് വെക്കാൻ തങ്ങൾ തയ്യാറാണെന്നും പ്രഖ്യാപിച്ചത് ആശ്വാസ്യകരവും അഭിനന്ദനർഹവുമായ നീക്കമായി കാണാൻ കഴിയും. എന്നാൽ, ഇന്ത്യയുടെ മറുപടി ഒട്ടും ആശ്വാസ്യകരമായിരുന്നില്ല താനും. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച കശ്മീരിൽ, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മുറവിളികൾക്ക് ചരിത്രത്തിന്റെ പിന്തുണയുണ്ട്, അത് വിജയം കാണും വരെ തുടർന്ന് കൊണ്ടേയിരിക്കട്ടെ.

[/et_pb_text][/et_pb_column]
[/et_pb_row]
[/et_pb_section]

By Editor