ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ രോഹിത് വെമുല മൂവ്മെന്റിന്റെയും, ദലിത് ബഹുജൻ സമരപോരോട്ടങ്ങളുടെയും, പ്രതിരോധത്തിനേറെയും കേന്ദ്രമായിരുന്ന വെളിവാഡ (ദലിത് ഗെറ്റോ) സർവ്വകലാശാല അധികൃതർ നീക്കം ചെയ്ത് ഒഴിവാക്കി.
അതിർത്തി നിർണയിച്ച് ചെറു ചേരികളിലായി ദളിതരെ ഒതുക്കുന്ന ജാതീയ സമൂഹത്തിന്റെ നേർക്കണ്ണാടിയാണ് ഓരോ വെളിവാഡയും.
2015ൽ ഹൈദരാബാദ് സർവ്വകലാശാലയിലെ അഞ്ചു ദലിത് വിദ്യാർത്ഥികളും എ.എസ്.എ പ്രവൃത്തകരുമായ രോഹിത് വെമുല, ദൊന്ത പ്രശാന്ത്, സുങ്കണ്ണ, ശേഷു, വിജയ് എന്നിവരെ സാമൂഹ്യ ബഹിഷ്ക്കരണത്തിന് വിധേയമാക്കി സർവ്വകലാശാലയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരായ പ്രതിഷേധമായാണ് ബ്രാഹ്മണ്യ – ജാതി വിരുദ്ധ സമര പോരാട്ടങ്ങൾക്ക് നേതൃത്വമേകിയ അബേദ്ക്കർ, മഹാത്മാ ഫൂലെ, അയ്യംങ്കാളി,പെരിയാർ, സാവിത്രിഭായ് ഫൂലെ, രമാഭായ് എന്നീ ഐക്കണുകളോടെയും പ്രതിരോധ ചിത്രങ്ങളോടെയുമാണ് വെളിവാഡ എന്ന പ്രതിഷേധ – പോരാട്ട ഇടം സർവ്വകലാശാലയിലെ നോർത്ത് ക്യാംപസിലെ ഒത്ത നടുവിലായി നിർമിക്കുന്നത്. തുടർന്ന് രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തിലൂടെ രോഹിത്തും കൂട്ടരും നിർമിച്ച വെളിവാഡ, സർവ്വകലാശാലക്കകത്തും പുറത്തുമുള്ള വിദ്യാർത്ഥി മുന്നേറ്റങ്ങളുടേയും, ജാതി വിരുദ്ധ രാഷ്ട്രീയത്തിനേറെയും, സാമൂഹിക നീതിയിലധിഷ്ഠിതമായ ചാലകശക്തിയായി രാജ്യവ്യാപക ശ്രദ്ധ നേടിയിരുന്നു.

സർവ്വകലാശാല അധികൃതരുടെ ബ്രാഹ്മണ്യ – മേൽജാതിബോധത്താൽ ബഹിഷ്കൃതരായ സമയത്ത് രോഹിത് വെമുല ഉൾപ്പെടെ മറ്റു നാല് വിദ്യാർത്ഥികൾ താമസിച്ചിരുന്ന, അവർ നിർമിച്ച വെളിവാഡ കൊലയാളി വി സി അപ്പ റാവുവിനും അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തികളായ അധികൃതർക്കും, ദലിത്- വിരുദ്ധ ബ്രാഹ്മണ കലാലയത്തിനും നിരന്തരം തലവേദനയായിരുന്നു. ഇതിന്റെ ഭാഗമായി വെളിവാഡയിൽ സംഘടിക്കുന്നതും, പരിപാടികൾ നടത്തുന്നതും, മുദ്രാവാക്യം മുഴക്കുന്നതുമെല്ലാം തുടക്കം മുതലേ നിരോധിച്ചിരുന്നു. ഇതിനെ മറികടന്ന് സംഘടിക്കുന്ന വിദ്യാർത്ഥികൾക്കെതിരേയും, സംഘടനകൾക്കെതിരേയും ഷോ കോസ് നോട്ടീസും പിഴയും പതിവായിരുന്നു.
വെളിവാഡ നീക്കം ചെയ്യാനുള്ള ഉത്തരവ് വി സി അപ്പാ റാവു തന്നെയാണ് പുറത്ത് വിട്ടത്.

രോഹിത് വെമുലയുടെ സ്തൂപം കൂടി ഉൾക്കൊള്ളുന്ന വെളിവാഡ വളരെ വൈകാരികമായ ഇടമായിരുന്നു. രോഹിത്തിന്റെ ഓർമകളും പ്രതിരോധങ്ങളും കുടികൊള്ളുന്ന വെളിവാഡ ഇക്കാരണങ്ങളാൽ സംരക്ഷിച്ച് പോന്നു. പക്ഷേ ഈവർഷം അധികാരത്തിലേറിയ ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പി ക്യാംപസിലെ കൊമരം ഭീം ഓപ്പൺ ഡയസിലെ ( ഓപ്പൺ സ്റ്റേജ് ) രോഹിത് വെമുലയുടെ ചുമർചിത്രം മായ്ച്ചു കളയാൻ സർവ്വകലാശാല അധികൃതർക്കൊപ്പം മുമ്പിലുണ്ടായിരുന്നു. സർവ്വകലാശാലയിലെ ജാതി വിരുദ്ധ പോരാട്ടങ്ങളോടും, ഐക്കണുകളോടുമുള്ള വംശീയ വിദ്വേഷവും, മേൽജാതി ബ്രാഹ്മണ്യ ബോധമാണ് സർവ്വകലാശാല അധികൃതരേയും, അതിന് കൂട്ട് നിൽക്കുന്ന തീവ്ര വലതുപക്ഷ വിദ്യാർത്ഥി യൂനിയനേയും ഇതിലേക്ക് നയിച്ചതന്ന് മുൻ വിദ്യാർത്ഥി യൂനിയൻ പ്രസിഡന് കൂടിയായ (ASA) ശ്രീരാഗ് പൊയ്ക്കാടൻ പറയുന്നു.
ജനുവരി 17 ന് രോഹിത് വെമുലയുടെ മൂന്നാം രക്തസാക്ഷിത്വത്തിന് (ശഹാദത്ത് ദിൻ) തയ്യാറാകുന്നതിന്റെ ഭാഗമായി ജനുവരി നാലിന് വെളിവാഡയുടെ ഉദയം (Rise of velivada) എന്ന പേരിൽ വെളിവാഡയിൽ പരിപാടി സംഘടിപ്പിക്കുകയും ചിത്രങ്ങൾ ഉൾപ്പെടുന്ന ടെന്റ് നവീകരിക്കുകയും ചെയ്തിരുന്നു. വളരെ കൃത്യമായി ഇതിന്റ തൊട്ടടുത്തുള്ള ദിവസത്തിലാണ് വെളിവാഡയിലെ ടെന്റ് അധികൃതർ പൊളിച്ചു മാറ്റുന്നത്. പട്ടികജാതി പട്ടിക വർഗ്ഗ അതിക്രമ കേസുള്ള കൊലയാളി വി.സി വെച്ചു പുലർത്തുന്ന ദലിത് വിരുദ്ധ കുറ്റകൃത്യങ്ങളുടെ തുടർച്ചയാണ് ഈ നടപടി ക്രമമെന്നും ദലിത് ബഹുജൻ വിദ്യാർത്ഥികൾ സംഘടിതമായ പ്രതിഷേധ പരിപാടിയിലൂടെ ഇതിനെ നേരിടുമെന്നും അതിന് എ.എസ്.എ നേതൃത്വം നൽകുമെന്നും മുതിർന്ന എ.എസ്.എ പ്രവൃത്തകനും, രോഹിത്തിനൊപ്പം ക്യാംപസിൽ നിന്ന്സാമൂഹ്യ ബഹിഷ്ക്കരണത്തിന് വിധേയമായിരുന്ന ദൊന്ത പ്രശാന്ത് അറിയിച്ചു. വെളിവാഡ പുനർനിർമിക്കുക, കൊലയാളി വി.സി അപ്പ റാവു രാജിവെക്കുക എന്നീ ആവിശ്യങ്ങളുമായി പ്രതിഷേധ പരിപാടികൾ വിശാലമാക്കാനാണ് രോഹിത് മൂവ്മെന്ററിലുണ്ടായിരുന്ന വിദ്യാർത്ഥി സംഘടനകൾ മുന്നോട്ട് പോകുന്നത്
സി യഹ്‌യ