സാമ്പത്തിക സംവരണം എന്നൊരു ആശയമേ ഇല്ല. അത് സാമൂഹിക സംവരണത്തെ തുരങ്കം വക്കാന്‍ കൊണ്ടുവരുന്ന ഒരു ഗൂഢപദ്ധതി മാത്രമാണ്. പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍ ലോകത്ത് പല രാജ്യങ്ങളിലും നടപ്പിലുണ്ട്. സാമൂഹികമായി പുറകോട്ടു തള്ളപെടുന്ന, ചരിത്രപരമായി അധികാരശക്തികള്‍ അകറ്റി നിര്‍ത്തിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഒരു അവസര സമത്വം ആണ് അത്. പാവപ്പെട്ടവർക്ക് പഠിക്കാന്‍ വിദ്യാഭ്യാസ സൗജന്യങ്ങൾ നല്‍കാവുന്നതാണ്. വിദ്യാഭ്യാസം സൗജന്യമായിരിക്കണം എന്ന് ആദം സ്മിത്ത് പറയുന്നത് അല്ലെങ്കില്‍ തൊഴിലാളികളുടെ മക്കള്‍ എങ്ങനെ പഠിക്കും എന്ന് ചോദിച്ചു കൊണ്ടാണ്. സംവരണം എന്നത് അത്തരം സൗജന്യങ്ങൾ കൊണ്ട് മാത്രം സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് വരാന്‍ കഴിയാത്ത വിധത്തില്‍ ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സാമ്പത്തിക മേഖലയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള രാഷ്ട്രീയ പരിപാടി ആണ്
ഇന്ത്യന്‍ ഭരണഘടന രാഷ്ട്രീയമായി സ്വീകരിച്ചിട്ടുള്ള രണ്ടു ലക്ഷ്യങ്ങളില്‍ ഒന്ന് അധീശ ഭൂരിപക്ഷ മതത്തിന്റെ ഉള്ളില്‍ നിലനില്ക്കുന്ന ഉച്ചനീചത്വ സമീപനം ഇല്ലാതാക്കുക എന്നതും, രണ്ട്, ആ സമീപനം മൂലം നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ തന്നെ ആയി അടിച്ചമര്‍ത്തപ്പെടുകയും പൊതു മണ്ഡലത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്ത ദളിത് ആദിവാസി കീഴാള വിഭാങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പു വരുത്തുക എന്നതുമാണ്. ഒരര്‍ത്ഥത്തില്‍ ഭൂരിപക്ഷ മതവുമായുള്ള ഭരണകൂടത്തിന്റെ സന്ധി ഭരണഘടയുടെ അടിസ്ഥാനം ആവുമ്പോഴും ആ യാഥാര്‍ത്ഥ്യത്തെ മറികടക്കാന്‍ പരിമിതമായെങ്കിലും ശ്രമിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്ന നിലയില്‍ ഇത് രണ്ടും പരമപ്രധാനമായ ലക്ഷ്യങ്ങളാണ്. ഭരണഘടനയെ ഒരു സാമൂഹിക പരിഷ്കരണ ഉപകരണം കൂടി ആയി നിലനിര്‍ത്തുന്ന അതി പ്രധാനമായ ഇടപെടലുകളാണ് ഇവ.
ഇത് മതം എന്ന സങ്കല്‍പ്പത്തോട് തന്നെ ഭരണഘടനക്ക് ചില വൈരുധ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഭൂരിപക്ഷ മതത്തിന്റെ ഉള്ളിലെ അസമത്വ നിര്‍മ്മിതിക്കെതിരെയുള്ള രാഷ്ട്രീയമായ വെല്ലുവിളികള്‍ ആണ് ഭരണഘടന ഉയര്‍ത്തുന്നത്. ഈ രാഷ്ട്രീയം അവസര സമത്വത്തെ നിര്‍വചിക്കുന്നത് സാമ്പത്തിക മാനദണ്ഡം അനുസരിച്ചല്ല. സാമൂഹികമായ പിന്നോക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ്. ആ പിന്നോക്കാവസ്ഥ സൃഷ്ടിച്ചത് മതമാണ്. അതുകൊണ്ട് തന്നെ ഭരണഘടന മതത്തോട് വൈരുധ്യ പൂര്‍ണ്ണമായ ഒരു ബന്ധമാണ് പുലര്‍ത്തുന്നത്.

ഈ അടുത്ത കാലത്ത് ശബരിമല വിധിയുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചകളില്‍ ഈ വൈരുധ്യമാണ് തെളിഞ്ഞു വരുന്നത്. ഇതുമായി ബന്ധപ്പെട്ടു മുന്‍പ് എഴുതിയിട്ടുണ്ട്. അത് ഇവിടെ ആവര്‍ത്തിക്കുകയാണ്. സാമ്പത്തിക സംവരണവാദത്തിൻറചില നിലപാടുകളെ കുബേരസിദ്ധാന്തം എന്നാണ് എന്‍ ഇ ബാലറാം വിളിച്ചിരുന്നത്. മണ്ഡല്‍ റിപ്പോർട്ട് മുതല്‍ കുബേരസിദ്ധാന്തം വരെ എന്ന ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു: ‘സാമ്പത്തിക സംവരണവാദം എന്നുകേൾക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ അതൊരു ശാസ്ത്രീയ സമീപനമാണെന്നു തോന്നാം. സാമ്പത്തിക സംവരണം എന്ന തത്ത്വം ഒരു ഇടതുപക്ഷ ആശയമാണെന്നുപോലും ചിലര്‍ കരുതുന്നുണ്ട്. ഈ ചിന്തകളുടെ ഉള്ളില്‍ക്കടന്ന് പരിശോധിച്ചാല്‍ ഈ വാദത്തിൻറ യുക്തിരാഹിത്യം എളുപ്പത്തില്‍ മനസ്സിലാകും’.
തുടർന്ന് അദ്ദേഹം നിയമപരമായി ഇതെങ്ങനെ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുന്നു:
“സംവരണത്തിന് സാമ്പത്തികം എന്ന ഉപാധിയോ മാനദണ്ഡമോ ഭരണഘടന അംഗീകരിക്കുന്നില്ല”.
മാത്രമല്ല. ക്രീമിലെയര്‍ എന്ന സുപ്രീംകോടതി നിലപാടുതന്നെ എതിർക്കപ്പെടേണ്ടതാണ് എന്ന് ബാലറാം പറയുന്നുണ്ട്. ക്രീമിലെയര്‍ കൊണ്ടുവന്ന സുപ്രീംകോടതി വിധിക്കെതിരെ ഭരണഘടന ഭേദഗതി ചെയ്യണം എന്നതാണ് ശരിയായ നിലപാട് എന്നായിരുന്നു ബാലറാമിന്‍റെ അഭിപ്രായം.
മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് തന്നെ ചെയർമാനായി രൂപവത്കരിച്ച ഭരണപരിഷ്കാര കമ്മിറ്റി കേരളത്തില്‍ ആദ്യമായി 1958 സാമ്പത്തികസംവരണപ്രശ്നം ഉന്നയിച്ചതിനെ നിർഭാഗ്യകരം എന്നാണ് ബാലറാം വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം പറയുന്നു: ‘കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളരുന്നതുവരെ സാമ്പത്തികസംവരണത്തെ അംഗീകരിച്ചിട്ടില്ല.1958ല്‍ നമ്പൂതിരിപ്പാട് റിപ്പോർട്ടിലെ പ്രസക്തഭാഗവും അന്ന് പാർട്ടി അംഗീകരിച്ചിട്ടില്ല’. 1967ല്‍ രൂപവത്കരിച്ച നെട്ടൂര്‍ ദാമോദരൻ കമീഷന്‍ അതിന്റെ റിപ്പോർട്ടില്‍ സാമ്പത്തിക സംവരണവാദം ഉന്നയിച്ചത് തുടർന്നുവന്ന അച്യുതമേനോന്‍ സർക്കാർ തള്ളിക്കളഞ്ഞത് കേരളചരിത്രത്തിൻറ ഭാഗമാണ് എന്ന് ബാലറാം അഭിമാനപൂർവം പറയുന്നുണ്ട്.
ഇന്ന് മനുവാദം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുഖ്യധാര ആയി മാറിയിരിക്കുന്നു. ഒന്നിന് മുകളില്‍ ഒന്നായി ഭരണഘടനാ വിരുദ്ധമായ നയപരിപാടികള്‍ ആവിഷ്ക്കരിക്കപ്പെടുന്നു. ആ കണ്ണിയിലെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബിജെപി കൊണ്ടുവരുന്ന മുന്നോക്ക സംവരണ നിയമവും. ഇതിനെതിരെ ഇന്ത്യയില്‍ ശക്തമായ ദളിത് പോരാട്ടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ എക്കാലത്തേക്കുമായുള്ള ഒരു പരാജയമാണ് ഇന്ത്യയിലെ കീഴാള രാഷ്ട്രീയത്തെ ഉറ്റു നോക്കുന്നത് എന്ന് പറയേണ്ടി വരും.
ടി ടി ശ്രീകുമാർ
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]