ചൈനയുടെ ‘ഇസ്‌ലാം പേടി’യും സിന്‍ജിയാങിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളും

ഉയ്ഗൂര്‍ മുസ്‌ലിം സ്വത്വത്തെ ചൈനീസ് മണ്ണില്‍ നിന്ന് തുടച്ച് നീക്കുന്നതിനായി നടക്കുന്ന കാമ്പയിനെക്കുറിച്ചും ലോകം ദീക്ഷിക്കുന്ന നിശബ്ദതയെക്കുറിച്ചും ഖാലിദ് എ ബെയ്ദൂന്‍ അല്‍ജസീറയില്‍ എഴുതിയ ലേഖനം
“നിരന്തരമായി ദുഃസ്വപ്നങ്ങളിലും അയൽവാസികളുടെ കഥകളിലും കടന്നു വരാറുള്ള വാതിലിനു പിറകിലെ മുട്ട് ഏതു നിമിഷവും കേൾക്കപ്പെടുമെന്ന ഭയത്തോടെയാണ് ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്നത്”
സിഞ്ചിയാങിനെ സ്വന്തം വീടായി കണക്കാക്കുന്ന ഉയിഗൂർ വംശജനാണ് അബ്ദുള്ള. നൂറ്റാണ്ടുകളുടെ പരിശ്രമഫലമായി തന്റെ പൂർവികർ നേടിയെടുത്ത ഉയിഗൂർ വംശജർ വസിക്കുന്ന ആ പ്രദേശങ്ങൾ 1949ലെ ചൈനീസ് ഗവണ്മെന്റ് ബല പ്രയോഗത്തിലൂടെ പിടിച്ചെടുക്കുകയാണുണ്ടായത്. 2 കുട്ടികളുടെ പിതാവായ അബ്ദുള്ള ഏതു നിമിഷവും തകർക്കപ്പെട്ടേക്കാവുന്ന വീടെന്ന താത്കാലിക സ്വകാര്യതക്കുള്ളിൽ അഞ്ചു നേരത്തെ നമസ്കാരം നിർവഹിച്ചു പോരുന്നു
.
കഴിഞ്ഞ കുറച്ചു മാസങ്ങളായി അബ്ദുല്ലയുടെ സുഹൃത്തുക്കളിൽ പലരും തങ്ങളുടെ വാതിലുകളിൽ ഭയാനകമായ മുട്ടലുകൾ കേൾക്കുകയോ, യാതൊരു മുന്നറിയിപ്പുമില്ലാതെ രാത്രിയുടെ നിശബ്ദദയിൽ അടയാളങ്ങൾ ബാക്കി വെക്കാതെ അപ്രത്യക്ഷ്യമാവുകയോ ചെയ്തിട്ടുണ്ട്.
അബ്ദുല്ലയ്ക്ക് മുമ്പുള്ള എല്ലാവർക്കും തങ്ങളെ എവിടെ നിന്നാണ് പിടിച്ചു കൊണ്ടുവന്നിരിക്കുന്നതെന്നും എവിടെയാണ് പിടിച്ചു വെച്ചിട്ടുള്ളതെന്നും നല്ല പോലെ അറിയാം. പക്ഷെ, എത്ര കാലം തങ്ങളുടെ വീടുകളിൽ നിന്ന് തടഞ്ഞുവെക്കപ്പെടുമെന്നോ എങ്ങനെയാണ് തിരിച്ചു പോവുകയെന്നോ അവർക്കറിയില്ല. വലിയൊരു വിഭാഗം ഉയിഗൂര്‍
മുസ്‌ലിംകളും ഇത്തരം  തടവറകളിൽ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്ന് മാത്രമല്ല, തിരിച്ചെത്തിയവരിൽ ഭൂരിഭാഗം പേർക്കും തങ്ങൾ കടന്നു വന്ന ഭീകരതകളിൽ നിന്ന് മുക്തി നേടാനായിട്ടില്ല. ഇനിയും ഇസ്‌ലാം മതം ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ലാത്ത, ഉയിഗൂര്‍
മുസ്‌ലിംകളെ കാത്തിരിക്കുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പായി ഇന്നുമവർ ജീവിക്കുന്നു.
പടിഞ്ഞാറേ ചൈനയിലെ സ്വയം ഭരണ പ്രദേശമായ, പതിനൊന്ന്‌ മില്യൺ മുസ്‌ലിംകളുടെ വസിക്കുന്ന സിൻജ്യങ് പ്രവിശ്യയിൽ 1.1 മില്യണോളം പ്രസ്തുത വംശജർ കോൺസെൻട്രേഷൻ ക്യാമ്പുകളിലടക്കപ്പെട്ടിരിക്കുകയാണെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ റൈറ്റ് പാനൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. വംശവെറി ഇല്ലാതാക്കാനായി പ്രവർത്തിക്കുന്ന യു. എൻ. കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന ഗേ മക്ഡഗല്‍ പറയുന്നത്, തടവിലാക്കപ്പെട്ടവരുടെ എണ്ണം രണ്ട്‌ മില്യൺ കടന്നിരിക്കുന്നുവെന്നാണ്. അറസ്റ്റ്‌ ചെയ്യപ്പെടുന്നവരും തങ്ങളുടെ സാമൂഹിക സാഹചര്യങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ പിഴുതെറിയപ്പെടുന്നവരുമായ ഉയിഗൂര്‍ മുസ്‌ലിംകളുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കയാണ്.
തടവുകാർ ഇസ്‌ലാം മതം ഉപേക്ഷിക്കുവാനും കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗാനങ്ങൾ മണിക്കൂറുകളോളം ആലപിക്കാനും നിർബന്ധിതരാവുന്നുവെന്നും യു.എൻ. റിപ്പോർട്ടിനു പിന്നാലെ സൈഗാൾ സാമുവേൽ അറ്റ്ലാന്റിക്കിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ തടവുകാരായ പുരുഷന്മാരെ ഇസ്‌ലാം നിഷിദ്ധമാക്കിയ മദ്യവും പന്നിമാംസവും നിർബന്ധപൂർവം കഴിപ്പിക്കുകയും അവരുടെ താടി വടിച്ചുകളയുകയും ചെയ്യുന്നു.
രണ്ടാം ലോകയുദ്ധ കാലത്ത് യു.എസ്. ഭരണകൂടം തടവിലാക്കിയ ജപ്പാൻകാരുടെ പതിന്മടങ്ങ് വരുന്നതാണ് നിരീശ്വരവാദികളാകാൻ നിർബന്ധിക്കപ്പെട്ട് ചൈനീസ് ക്യാമ്പുകളിൽ കഴിയുന്ന ഉയിഗൂര്‍ മുസ്ലിങ്ങൾ. ചൈനീസ് ഭരണകൂടം മാനസിക വൈകല്യമെന്ന് വരുത്തിത്തീർക്കുന്ന ഇസ്‌ലാമിനെയും തങ്ങളുടെ വിശ്വാസവുമായി ഇഴുകിച്ചേർന്നു കിടക്കുന്ന ആചാരങ്ങളെയും ഉപേക്ഷിക്കാനായി മാനസികവും ശാരീരികവും വൈകാരികവുമായ ശിക്ഷാനടപടികളും പീഡനങ്ങളും ഇത്തരം ക്യാമ്പുകളിൽ നിന്ന് ഈ വിഭാഗത്തിന് അനുഭവിക്കേണ്ടി വരുന്നു.
ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് മുതിർന്നവർ മാത്രമല്ല, ചെറിയ കുട്ടികളെക്കൂടി ചൈനീസ് ഗവണ്മെന്റ് ഇരയാകുന്നു.
ഇസ്‌ലാമിക വിശ്വാസത്തിൽ നിന്നും വംശീയ പൈതൃകത്തിൽ നിന്നും ബോധപൂർവം വിട്ടുനിർത്തുകയെന്ന പ്രത്യേക ലക്ഷ്യത്തോടെ മാതാപിതാക്കളിൽ നിന്നും വേർപെടുത്തിയ ചെറിയ കുട്ടികളെ പാർപ്പിക്കുന്ന അനാഥാലയങ്ങൾ ചൈനയിലുണ്ട്.

നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാഠ്യപദ്ധതികൾ ഇത്തരം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തുവാനും ഗവണ്മെന്റ് ബദ്ധശ്രദ്ധരാണ്. യുക്തിവാദത്തെ പുണരുന്ന ഹാൻ വംശീയരുടെ വിശ്വസ്ത പ്രജകളാക്കി ഉയിഗൂര്‍ വിഭാഗത്തെ മാറ്റാനും ക്രമേണ ഉയിഗൂര്‍ സമുദായത്തെയൊന്നടങ്കം തകർക്കുകയെന്ന ബെയ്ജിങ് അജണ്ട പ്രയോഗവത്കരിക്കാനും ഈ വികലവിദ്യാഭ്യാസ സ്ഥാപനങ്ങൾ നേതൃത്വം നൽകുന്നു.

ചൈനയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളെയും മുസ്‌ലിം വിഭാഗങ്ങളെ തകർക്കുന്നതിനായി ചൈനീസ് ഗവണ്മെന്റ് പ്രത്യേകം ആവിഷ്‌ക്കരിച്ചു  നടപ്പിൽ വരുത്തുന്ന അധീശത്വ പരിപാടികളെയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ യു.എൻ. റിപ്പോർട്ട്‌ പുറത്തു വന്ന് മൂന്ന്‌ മാസം കഴിഞ്ഞിട്ടും ഗവണ്മെന്റിന്റെ നയത്തോട് ഏറ്റുമുട്ടാൻ പര്യാപ്തമായ ആക്ഷേപങ്ങളോ രാഷ്ട്രീയ സമ്മർദങ്ങളോ ഒന്നും തന്നെ നിലവിൽ രൂപപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
സാമ്പത്തികവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ സമ്മർദങ്ങളിലാണ് ഈ രാഷ്ട്രീയാവസ്ഥയുടെ കാരണം കിടക്കുന്നത്. ഉയിഗൂര്‍ വംശീയ ഉന്മൂലനത്തിനെതിരായി നിലപാടെടുക്കുന്നത് ഭാവിയിൽ ചൈനീസ് സമ്പദ് വ്യസ്ഥയിൽ നിന്നും നേരിടേണ്ടി വന്നേക്കാവുന്ന സാമ്പത്തികമായ തിരിച്ചടികളെ ഭയക്കുന്നിടത്താണ് ചൈനക്കെതിരെ ശബ്ദമുയർത്തുന്നതിൽ ലോകരാഷ്ട്രങ്ങൾ പരാജിതരാകുന്നത്. ചൈന എന്നത് ലോക വ്യാപകമായി ഇറക്കുമതി കുത്തക കൈവശം വെച്ചിരിക്കുന്ന വൻസാമ്പത്തിക ശക്തിയാണ്. ഇത്തരത്തിലുള്ള സാമ്പത്തിക ഘടകങ്ങൾ മാനുഷിക മൂല്യത്തിലധിഷ്ഠിതമായ ഇടപെടലുകൾക്ക് തടസം നില്കുന്നതോടൊപ്പം ഉയിഗൂര്‍ മുസ്‌ലിംകളെ വേട്ടയാടുകയും ചെയ്യുന്നു. സെപ്റ്റംബർ-11 സംഭവത്തിന്‌ ശേഷം ആഗോളവ്യാപകമായി പടർന്നു പിടിച്ച “ഇസ്‌ലാം കേന്ദ്രീകൃത യുദ്ധവും ഭീകരതയും” എന്ന നാട്യത്തോടെ ഇത്തരം ദ്രോഹ നടപടികൾ ചൈനയിലും അരങ്ങേറുന്നത് എന്നതിൽ തർക്കമില്ല. അമേരിക്കൻ ഭരണകൂടത്തിന്റെയും ജോർജ് ബുഷിന്റെയും നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ, ചൈനയടക്കമുള്ള വിവിധ രാഷ്ട്രങ്ങളെ തങ്ങളുടെ പ്രദേശങ്ങളിൽ നിന്ന് മുസ്‌ലിംകളെ തുടച്ചുനീക്കുന്നതിനെ വ്യാപകമായി പ്രോത്സാഹിപ്പിച്ചു.
മ്യാന്മറിനെപ്പോലെയുള്ള അയൽ രാജ്യങ്ങളും ഫ്രാൻസിനെപ്പോലെയുള്ള വിദൂര രാജ്യങ്ങളും വംശീയത പടർത്താനുള്ള ആയുധമായി ഇസ്ലാമോഫോബിയ ഉപയോഗപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ ചൈന അതിലേക്ക് കൂടിച്ചേരുക മാത്രമല്ല, അതിനെ മുതലെടുക്കുക കൂടിയാണ് ചെയ്യുന്നത്.
തങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവുമായും ഭൂമിയുമായും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ആത്മീയ ജീവിത പദ്ധതിയാണ് ഉയ്ഗൂറുകളെ വംശീയ ഉന്മൂലനം നടത്താമെന്നാണ് ബെയ്ജിങിന്റെ വിശ്വാസം. കൃത്യമായി പറഞ്ഞാൽ ഇതു തന്നെ ലോകവ്യാപകമായ അവഗണനയുടെ മറവിൽ ചൈനീസ് കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം തുടർന്നു കൊണ്ടിരിക്കുന്നത്. ഈ മറ നീക്കാൻ യു.എൻ. ചെറിയ തോതിൽ ശ്രമിച്ചെങ്കിലും അവയൊക്കെയും മാറ്റമില്ലാതെ തുടർന്നു കൊണ്ടേയിരിക്കുകയാണ്.
വാതിലിലെ ആ മുട്ടൽ ഇന്നോ നാളെയോ അബ്ദുല്ലയെ തേടിയെത്തിയേക്കാം, ഏതു നിമിഷവും തന്റെ ഭാര്യയോടും മക്കളോടും മാതാപിതാക്കളോടുമൊത്തുള്ള ജീവിതം അവസാനിച്ചേക്കാമെന്ന ഭീതി അദ്ദേഹത്തെ ഒരു നിഴലായി പിന്തുടർന്ന് കൊണ്ടേയിരിക്കുന്നു.
മതപരമായ ആചാരങ്ങൾ മാത്രമല്ല, സ്വകാര്യ സംഭാഷണങ്ങൾപ്പോലും നിരീക്ഷിക്കപ്പെടുന്ന ഒരു തുറന്ന തടവറയാണ് സിൻജിയാങ് പ്രവിശ്യ. പ്രാർഥനകളിലൂടെ മാത്രമാണവർ സമാധാനം കണ്ടെത്തുന്നത്. പ്രഭാതം മുതൽ അർദ്ധരാത്രി വരെയുള്ള സമയങ്ങളിലൊക്കെയും തന്റെ കുടുംബത്തിൽ നിന്ന് തന്നെ വേർപെടുത്തരുതേയെന്ന പ്രാർത്ഥനയിലൂടെയാണ് അബ്ദുള്ള ജീവിക്കുന്നത്.
തങ്ങൾക്ക് പ്രിയപ്പെട്ടതും പരിചയിച്ചതുമായ എല്ലാത്തിൽ നിന്നും തങ്ങളെ അകറ്റാനും, വിശ്വാസത്തിൽ നിന്ന് ചീന്തിയെടുക്കുന്ന നരകത്തിൽ ബന്ധിപ്പിക്കാനും, കുടുംബത്തെയും രാഷ്ട്രത്തെയും ശിഥിലീകരിക്കാനും സാധ്യതയുണ്ട്. എന്നിരുന്നാലും ഇസ്‌ലാമിനെ നിരാകരിക്കാനോ തങ്ങളുടെ ആത്മീയ സ്വത്വത്തെ ഉപേക്ഷിക്കാനോ സിൻജ്യങ് നിവാസികൾ തയ്യാറല്ല എന്ന് പ്രാർത്ഥനകൾ പ്രതീക വൽകരിക്കുന്നതാണ് ഇവിടുത്തെ വിരോധാഭാസം.
ബി.ബി.സി ന്യൂസ്, ചൈനയിലെ സിന്‍ജിയാങ് മേഖലയില്‍ നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട്‌- ‘ചൈനയിലെ ഒളിക്ക്യാമ്പുകൾ’ 
സിൻജിയാങിലെ അപ്രത്യക്ഷമായ ഉയിഗൂർ വംശജർക്ക്  എന്താണ് സംഭവിച്ചത്?
പടിഞ്ഞാറൻ മേഖലയിലെ സിൻജിയാങിൽ വിചാരണ കൂടാതെ  നൂറുകണക്കിനു മുസ്‌ലിംകളെ ചൈന പിടിച്ചു വെക്കുന്നതായി  ആരോപണമുണ്ട്. എന്നാൽ ഇത് സർക്കാർ പൂർണമായും നിഷേധിക്കുന്നു.  “തീവ്രവാദവും മതതീവ്രവാദവും” പോരാടാൻ പഠിപ്പിക്കുന്ന പ്രത്യേക  ‘തൊഴിലധിഷ്ഠിത വിദ്യാലയങ്ങളിൽ’ സ്വന്തം ഇഷ്ടപ്രകാരം ആളുകൾ
പങ്കെടുക്കുന്നതാണെന്നാണ് അവരുടെ അവകാശവാദം. ഇപ്പോൾ ബി.ബി.സി.
അന്വേഷണം യാഥാർത്ഥ്യത്തെ സംബന്ധിച്ച് പുതിയ തെളിവുകൾ  കണ്ടെത്തിയിട്ടുണ്ട്.
മരുഭൂമിയിൽ തടവ്
2015 ജൂലൈ 12-ന് ഒരു ഉപഗ്രഹം ചൈനയുടെ വിശാലമായ പടിഞ്ഞാറൻ  ഭാഗത്തെ മരുഭൂമികളിലൂടെയും നഗരങ്ങളിലൂടെയും ചുറ്റിക്കറങ്ങി.  ശൂന്യമായ, സ്പർശിക്കാത്ത, മണൽകൂന മാത്രമാണ് പിടിച്ചെടുത്ത  ചിത്രങ്ങളിൽ കാണിച്ചത്. എന്നാൽ മൂന്നു വർഷത്തിനു ശേഷം, 2018 ഏപ്രിൽ  22 ന്, അതേ മരുഭൂമിയുടെ ഉപഗ്രഹ ഫോട്ടോയിൽ ഒരു ഭീമമായ   കെട്ടിട സമുച്ചയം അവിടെ ഉയർന്നു വന്നതായി കണ്ടു. 16 കാവൽ ടവറുകൾ ഉൾപ്പെടെ രണ്ട്കിലോമീറ്റര്‍ നീളമുള്ള മതിൽകെട്ടിന് അകത്താണ് ഇത്  സ്ഥാപിച്ചിരിക്കുന്നത്.
സിൻജിയാങിൽ മുസ്‌ലിംകൾക്കു വേണ്ടി ഒരു തടങ്കൽ ക്യാമ്പ് ചൈന നടത്തുന്നുണ്ടെന്ന ആദ്യ റിപോർട്ടുകൾ കഴിഞ്ഞ വർഷം ആദ്യത്തിലാണ് പുറത്തു വന്നത്. പ്രവിശ്യ തലസ്ഥാനമായ ഉറുംക്കിയിൽ നിന്നും ഒരു മണിക്കൂറോളം സഞ്ചരിച്ച് ദബാൻചെങ് ചെറുപട്ടണത്തിനു വെളിയിലാണ്  ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സന്ദർശകരായ എല്ലാ പത്രപ്രവർത്തകരെയും കാത്തുനിൽക്കുന്ന പോലീസിന്റെ സൂക്ഷ്മ പരിശോധന ഒഴിവാക്കാൻ വേണ്ടി അതിരാവിലെ  തന്നെ ഞങ്ങൾ ഉറുംഖി വിമാനത്താവളത്തിൽ എത്തി. പക്ഷെ, ഞങ്ങൾ  ദബാൻചെങ്യിൽ ഇറങ്ങിയ നേരം മുതലേ യൂണിഫോമിൽ ഉള്ളതും അല്ലാത്തവരുമായ പോലീസുകാരും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങിയ ഏകദേശം അഞ്ചു വാഹനങ്ങൾ ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അടുത്ത  ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ഡസൻ ക്യാമ്പുകൾ സന്ദർശിക്കാനുള്ള  ഞങ്ങളുടെ പ്ലാൻ അത്ര എളുപ്പമല്ലെന്ന് ഇതോടുകൂടി വ്യക്തമായി.
വിശാലമായ റോഡിലേക്ക് നീങ്ങവേ, ഏത് നിമിഷവും ഞങ്ങളെ  പുറകിലുള്ള സംഘം തടയും എന്ന അവസ്ഥയിലായി. അപ്പോഴാണ്  അപ്രതീക്ഷിതമായി ആ കാഴ്ച കണ്ടത്. ഉപഗ്രഹ ഇമേജിൽ കാണിച്ചിരുന്ന,  സൈറ്റിന്റെ കിഴക്കുവശത്തുള്ള മരുഭൂമി ഇപ്പോൾ ശൂന്യമല്ല. അവിടെ ഒരു വലിയ വിപുലീകരണ പദ്ധതി രൂപം കൊള്ളുകയായിരുന്നു.  മരുഭൂമിയിൽ മുളച്ചുപൊന്തിയ ഒരു ചെറിയ നഗരത്തെപ്പോലെ, നാലു നിലകളുള്ള ഭീമൻ കെട്ടിടങ്ങളും ചാരനിറത്തിലുള്ള
കെട്ടിടങ്ങളുമൊക്കെയാണ് അവിടെ കാണാൻ കഴിഞ്ഞത്.  നിർമാണപ്രവർത്തനങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചു കൊണ്ടിരിക്കെ,  ഒരു പോലീസ് വാഹനം ഞങ്ങളെ തടഞ്ഞുവെക്കുകയും ക്യാമറകൾ ഓഫ്  ചെയ്ത് ആ സ്ഥലത്തു നിന്ന് പോകാനും നിർദേശിച്ചു. 
പുറംലോകത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലാത്ത ഒരു പാട് പ്രവർത്തനങ്ങൾ
ഇവിടെ നടക്കുന്നുണ്ടെന്ന കാര്യം വ്യക്തമായി. കഴിഞ്ഞ ഏതാനും  വർഷങ്ങളായി സിൻജിയാങിൽ ഉടനീളം നിർമിച്ചിരിക്കുന്ന നിരവധി  സമാനമായ വലിയ ജയിൽ മാതൃകയിലുള്ള കെട്ടിടങ്ങളിലൊന്നാണ് ഇത്.
സൈറ്റ് സന്ദർശിക്കാൻ ശ്രമിക്കുന്നതിന് മുമ്പ്, ഞങ്ങൾ ദബാൻചെങ്യിൽ  നിർത്തി നാട്ടുകാരുമായി സംസാരിക്കാൻ തീരുമാനിച്ചു. എന്നാൽ ആരോടെങ്കിലും പരസ്യമായി സംസാരിക്കുക എന്നത് അസാധ്യമായിരുന്നു. ഞങ്ങളെ അഭിവാദ്യം ചെയ്യുന്നവരെ പോലും ആളുകൾ തടയുന്നുണ്ടായിരുന്നു. അതുകൊണ്ട് ഫോണിലൂടെ ആളുകളെ ബന്ധപെട്ടു
കൊണ്ടാണ് ഞങ്ങളുടെ അന്വേഷണം മുന്നോട്ട് കൊണ്ടുപോയത്. ഞങ്ങൾ  ചിത്രീകരിക്കുന്നത് പോലും അധികൃതർ തടയാൻ മാത്രം എന്തായിരുന്നു ആ വലിയ സമുച്ചയം എന്ന ചോദ്യത്തിന് ആളുകൾ പറഞ്ഞത് അത് ഒരു പുനർ വിദ്യാഭ്യാസ സ്ഥാപനം ആണെന്നാണ്. പതിനായിരക്കണക്കിന് ആളുകൾ അവിടെയുണ്ട്. എന്നാൽ ഈ ഭീമൻ സംവിധാനം തീർച്ചയായും ഒരു സ്കൂളിൻറെ നിർവചനത്തിൽ പെടുമായിരുന്നില്ല. വിചാരണ കൂടാതെ മുസ്‌ലിംകളെ ബന്ധിച്ചു വെക്കുന്നുണ്ടെന്ന ആരോപണം  ചൈന എപ്പോഴും നിഷേധിച്ചിരുന്നു. എന്നാൽ ഉയർന്നു വരുന്ന അന്താരാഷ്ട്ര വിമർശനങ്ങൾക്ക് പ്രതികരണം എന്നോണം അധികാരികൾ ഈ ആരോപണത്തെ മറച്ചു പിടിക്കാനുള്ള പ്രചാരണം തുടങ്ങുകയുണ്ടായി.,
വൃത്തിയുള്ള ക്ലാസ് മുറികളിൽ പൂർണ മനസ്സോടെ പഠിക്കാൻ വരുന്ന  വിദ്യാർത്ഥികളുടെ കഥകളാണ് സർക്കാർ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത്.  ഈ സ്ഥാപനത്തിന്റെ പ്രധാന ഉദ്ദേശ്യം ഞങ്ങൾക്ക് മനസ്സിലാക്കാൻ  കഴിഞ്ഞത്,  ചൈനീസ് ഭാഷ പരിശീലനത്തിലൂടെയും നിയമ സിദ്ധാന്തത്തിലൂടെയും തൊഴിൽ വൈദഗ്ധ്യത്തിലൂടെയും തീവ്രവാദത്തെ
ചെറുക്കാൻ പഠിപ്പിക്കുക എന്നതാണത്രേ. ചൈനീസ് മാതൃഭാഷ  സംസാരിക്കാത്ത സിൻജിയാങ്ങിലെ മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്  മാത്രമായി പ്രത്യേകം ഒരുക്കിയതാണ് ഈ സൗകര്യങ്ങൾ.
സിൻജിയാങ്ങിൽ ഏകദേശം പത്ത്‌ ദശലക്ഷത്തോളം ഉയിഗൂർ നിവാസികൾ ഉണ്ട്. അവർ തുർകിക് ഭാഷ സംസാരിക്കുന്നവർ ആണ്. മദ്ധ്യേഷ്യൻ ജനങ്ങോളോടും ചൈനയിലെ ഭൂരിപക്ഷമായ ഹാൻ ചൈനീസുകാരോടുമാണ് കാഴ്ച്ചയിൽ അവർക്ക് സാമ്യം. തെക്കൻ നഗരമായ കാശഗർ,  ബെയ്ജിങ്ങിനേക്കാൾ ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും ബാഗ്ദാദുമായിട്ടാണ് അടുത്ത ബന്ധമുള്ളത്. ചൈനീസ് ഭരണത്തിനെതിരായ കലാപത്തിന്റെയും ചെറുത്തുനില്പിന്റെയും ചരിത്രത്തോട് കൂടി, ഉയിഗൂറുകളും അവരുടെ ആധുനികകാല രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധം വളരെ അകന്നതായി. കമ്മ്യൂണിസ്റ്റ് ഭരണത്തിന് മുമ്പ്, സിൻജിയാങ് കുറച്ചു കാലം ചൈനയുടെ
പിടിത്തത്തിൽ നിന്നും സ്വതന്ത്രരായിരുന്നു. അതിനു ശേഷം, ഇടക്കിടക്കായി  പ്രതിഷേധവും അക്രമവുമായി അവർ ചൈനയെ പരീക്ഷിച്ചു കൊണ്ടിരുന്നു.  ഈ മേഖലയുടെ ധാതു സമ്പത്ത്, പ്രത്യേകിച്ച് എണ്ണ, ഗ്യാസ് -അതും ജർമ്മനിയുടെ ഏതാണ്ട് അഞ്ചു മടങ്ങ് വലിപ്പമുള്ള മേഖല- വൻതോതിൽ ചൈനീസ് നിക്ഷേപത്തെ ആകർഷിച്ചു. അതുവഴി സമ്പദ്ഘടനയിൽ
വളർച്ചയും ഹാൻ ചൈനീസ് സ്വദേശികളുടെ വലിയ ഒഴുക്കും കൊണ്ടുവന്നു. എന്നാൽ ഈ വളർച്ചയിൽ ഉയിഗൂർ വംശജരെ അവഗണിക്കുന്നതിൽ അവർക്കിടയിൽ വിമർശനം ഉണ്ട്. എന്നാൽ അത്തരം വിമർശനങ്ങളെ സിൻജിയാങ്ങിലെ ഉയർന്ന ജീവിത നിലവാരം ചൂണ്ടി
കാണിച്ചു കൊണ്ടാണ് സർക്കാർ പ്രതികരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദശകത്തിൽ, വിവിധ സംഘർഷങ്ങളിലും ആക്രമണങ്ങളിലുമായി നൂറുകണക്കിന് ജീവനുകളാണ് പൊലിഞ്ഞത്.
2013 ൽ ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ കാൽനടയാത്രക്കാർക്ക് നേരെ നടന്ന ആക്രമണങ്ങളിൽ രണ്ടുപേരും കാറിനുള്ളിലെ മൂന്നു ഉയിഗൂർ സ്വദേശികളും കൊല്ലപ്പെട്ടത് ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഒരു സംഭവം ആയിമാറി. നഷ്ടത്തിന്റെ കണക്ക് ചെറുതാണെങ്കിലും, ചൈനയുടെ അടിത്തറ ഇളക്കിയ സംഭവം ആയിരുന്നു അത്. തൊട്ടടുത്ത വർഷം സിൻജിയാങിൽ നിന്നും 2000 കിലോമീറ്റർ അകലെയുള്ള ചൈനീസ് പട്ടണമായ കുൻമിങ്ങിലെ ഒരു റെയിൽവേ സ്റ്റേഷനിൽ കത്തികുത്തിൽ 31 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ
നാല് വർഷത്തിനിടയിൽ, സ്വന്തം ജനങ്ങൾക്കു നേരെ ഒരു സർക്കാർ വിന്യസിച്ചിരിക്കുന്ന ഏറ്റവും നിയന്ത്രണാധികാരവും സമഗ്രവുമായ സുരക്ഷാ നടപടികളുടെ ഇരയാണ് സിൻജിയാങ്. സാങ്കേതിക വിദ്യയുടെ വൻതോതിലുള്ള ഉപയോഗം  മുഖം തിരിച്ചറിയൽ ക്യാമറകൾ, മൊബൈൽ ഫോണുകളുടെ ഉള്ളടക്കം വായിച്ചെടുക്കാൻ പറ്റുന്ന നിരീക്ഷണ
ഉപകരണങ്ങൾ, ബയോമെട്രിക് ഡാറ്റ ശേഖരണം  ഇതിൽ ഉൾപ്പെടുന്നു.
ഇസ്‌ലാമിക സ്വത്വവും അതിന്റെ പ്രയോഗവത്കരണവും തടയാൻ പുതിയ, കഠിനമായ നിയമ പിഴകൾ ചൈന നടപ്പിലാക്കി. താടി വളർത്തൽ, തട്ടം  ധരിക്കൽ, മക്കൾക്ക് ഇസ്‌ലാമിക
വിദ്യാഭ്യാസം നൽകൽ എന്നിവ നിരോധിക്കൽ അതിൽ ചിലത് മാത്രം. ആയിരക്കണക്കിന്
ചെക്ക്പോയിന്റുകളിൽ മറ്റും ഹാൻ ചൈനീസ് വിഭാഗത്തിന് ഇല്ലാത്ത വംശീയ പ്രൊഫൈലിങ്ങിന് ഉയിഗൂർ വംശജർ വിധേയരാക്കാൻ നിർബന്ധിതരാകുന്നു. സിൻജിയാങിലും അതിനു പുറത്തും കടുത്ത യാത്രാ  നിയന്ത്രണങ്ങൾ നേരിടുകയും അവരുടെ പാസ്സ്പോർട്ടുകൾ പോലീസിന് നൽകി കീഴടങ്ങാനും അവർ നിർബന്ധിതരാകുകയും ചെയ്യുന്നു.
ഉയിഗൂരിലെ സർക്കാർ ഉദ്യോഗസ്ഥർ അവരുടെ മതം പ്രാക്ടീസ് ചെയ്യുന്നതിലും
പള്ളികളിൽ പോകുന്നതിലും റമദാനിൽ നോമ്പ് നോല്കുന്നതിലും നിരോധനം നേരിടുന്നവരാണ്.
വിദേശത്തു താമസിക്കുന്ന എട്ട് ഉയിഗൂർ വംശജരുമായി ബി. ബി. സി നീണ്ട അഭിമുഖങ്ങൾ നടത്തി. ക്യാമ്പിനകത്തുള്ള വ്യവസ്ഥയുടെയും കഠിനമായ നടപടി ക്രമങ്ങളുടെയും നേർസാക്ഷ്യമാണ് അവർ എല്ലാവരും ഏകകണ്ഠേന പങ്കുവെച്ചത്.
ഉയിഗൂർ സംസ്കാരത്തിന്റെ നെടുംതൂണായ രണ്ടു കാര്യങ്ങൾ – വിശ്വാസവും കുടുംബവും, വ്യവസ്ഥാപിതമായി തകർക്കപ്പെടുകയാണ്. കുടുംബാങ്ങങ്ങളെ തടങ്കലിൽ പാർപ്പിച്ചത് കാരണം അനേകം കുട്ടികൾ അനാഥാലയങ്ങളിൽ വെയ്ക്കപ്പെടുകയാണ്.
സിൻജിയാങ്ങിലെ എല്ലാ ക്യാമ്പുകളും ഒരേപോലെയല്ല. ചില ക്യാമ്പുകൾ  പഴയ കെട്ടിടങ്ങൾ പരിവർത്തിപ്പിച്ച് ഉണ്ടാക്കിയവയാണ്. ഇവ മിക്കപ്പോഴും ചെറുതും നഗരങ്ങളുടെ അടുത്തുമായി സ്ഥിതി ചെയ്യുന്നവയാണ്. ഞങ്ങൾ അങ്ങനെയുള്ള നിരവധി ക്യാമ്പുകൾ സന്ദർശിക്കാൻ ശ്രമിച്ചു. വീണ്ടും, എവിടെ ചെന്നാലും രണ്ടോ മൂന്നോ വാഹനങ്ങൾ ഞങ്ങളെ പിന്തുടർന്ന് കൊണ്ടിരുന്നു. ക്യാമ്പുകൾ ചിത്രീകരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ അവർ തടഞ്ഞു. അവിടെ സൈനിക പരിശീലനം നടക്കുന്നതിനാൽ ചിത്രീകരിക്കാൻ പാടില്ല എന്നായിരുന്നു ഇപ്രാവശ്യം അവരുടെ ന്യായം. അവിടേക്ക് നയിക്കുന്ന റോഡുകളും അടച്ചിട്ടിരിക്കുകയാണ്. സൈറ്റിലേക്കുള്ള പ്രവേശനം തടയപ്പെട്ടതിനാൽ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സ്ഥിരീകരിക്കാൻ വഴിയില്ല. എന്നാലും പൊതുവായി ലഭ്യമായ ഉപഗ്രഹ ഡാറ്റ ഉപയോഗിച്ച് മാത്രം തന്നെ സിന്‍ജിയാങിന്റെ ഇരുണ്ട രഹസ്യത്തെ കുറിച്ചു വെളിച്ചം വീശാവുന്നതാണ്. ഞങ്ങൾ സംസാരിച്ച മുൻ ക്യാമ്പ് തടവുകാരെല്ലാം നീരസത്തോടെയാണ് പ്രതികരിച്ചത്. ദബാൻചെങ് പോലുള്ള സ്ഥലങ്ങളിൽ സമയം ചെലവഴിച്ച ഒരാളിൽ നിന്നും അവിടത്തെ രഹസ്യങ്ങൾ ലോകം ഇനിയും കേൾക്കാൻ കിടക്കുകയാണ്. ഞങ്ങളുടെ റിപ്പോർട്ടിങ്ങിലൂടെ ഒരു കാര്യം വ്യക്തമാണ്- പുനർ വിദ്യാഭ്യാസ സ്ഥാപനം എന്നോ മറ്റ് വല്ല പേരുകളിലോ അറിയപ്പെട്ടാലും – അവിടെ നടക്കുന്നത് ഒന്ന് തന്നെയാണ്. വിചാരണ കൂടാതെ ആയിരക്കണക്കിന് മുസ്ലിംകളെ ചൈന ബന്ധനസ്ഥരാക്കിയിരിക്കുകയാണ്. ചൈനയാകട്ടെ, ഇതിനകം അതിനെ ഒരു വൻ വിജയമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ, ഇത്തരമൊരു സംരംഭം എവിടെ ചെന്ന് അവസാനിക്കും എന്നതിനെ പറ്റി ചോദ്യങ്ങൾ ബാക്കിയാണ്.
മൊഴിമാറ്റം : റഷ ലീന
                      നസ്‌നിന്‍ സിനാന്‍
By Editor