ശബരിമല പ്രക്ഷോഭം ശൂദ്രലഹളയാണ് : സണ്ണി എം. കപിക്കാട്‌

ശബരിമല പ്രക്ഷോഭത്തിന്റെ ഫലങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്…
വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ കേരളത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ യഥാർത്ഥ അന്തസത്ത എന്താണ് എന്നതിനെ സംബന്ധിച്ച് കേരളീയ സമൂഹം കൂടുതൽ വ്യക്തത കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ ഒരു വിശ്വാസി-അവിശ്വാസി പ്രശ്‌നമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും അതങ്ങനെ ഒരു കാര്യമല്ല എന്ന് മലയാളിക്ക് മനസിലായി.
ഏറ്റവും ഗുരുതരമായി എനിക്ക് തോന്നുന്ന ഒരു കാര്യം, നമ്മുടെ രാഷ്ട്രീയ ഭാഷയിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ നടക്കുന്ന രാഷ്ട്രീയ വ്യവഹാരത്തിൽ മലയാളി ഉപയോഗിച്ച് കൊണ്ടിരുന്ന ഭാഷയെ പരിപൂർണ്ണമായി റീപ്ലേസ് ചെയ്യാനായി നവ ബ്രാഹ്മണിക്കൽ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട് എന്നത് നമ്മൾ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ട്.
അതായത് സോഷ്യലിസം, കമ്മ്യൂണിസം, വർഗ സമരം, ജാതി വിരുദ്ധത തുടങ്ങിയ കാര്യങ്ങളെല്ലാം പറഞ്ഞു നടന്ന നമ്മൾ ഇപ്പോൾ പറയുന്നത് ഇതൊന്നും അല്ല. മറിച്ചു താന്ത്രികം, തന്ത്ര സമുച്ചയം, തന്ത്രി, രാജാവ് എന്നിങ്ങനെയുള്ള വാക്കുകളിലൂടെയാണ് രാഷ്ട്രീയം സംസാരിക്കുന്നത്. ഫലത്തിൽ നവ ബ്രാഹ്മണിക്കൽ പ്രസ്ഥാനം; ഞാൻ അങ്ങനെ വിളിക്കാനുള്ള കാരണം , അത് അഖിലേന്ത്യ അടിസ്ഥാനത്തിൽ രൂപപ്പെട്ട് വന്ന ഒരു മൂവ്‌മെന്റിന്റെ ഒരു ഭാഗം തന്നെയാണ് എന്നതാണ്.  അതിന്റെ അടിസ്ഥാനപരമായ ഒരു പ്രകൃതം , ഇന്ത്യക്ക് എല്ലാ കാലത്തും ശാപമായിരുന്ന ബ്രാഹ്മണിക്കൽ ഓർഡറിനെ തിരിച്ചു കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ, (അതിനു ചില ഇക്വേഷൻസൊക്കെഉണ്ടാക്കിയിട്ടുണ്ട്‌) നമ്മളെല്ലാം ഹിന്ദുക്കളാണ്, ശബരിമല സംരക്ഷിക്കേണ്ടത് ഹിന്ദുക്കളുടെ ഉത്തരവാദിത്തമാണ്, അതിനു മഹാരാജാവിന്റെയും താന്ത്രിയുടെയും അവകാശങ്ങൾ അചഞ്ചലമായി അവിടെ നിലനില്‍ക്കാനാണ് സമരം എന്നൊക്കെയുള്ള വിചിത്രമായ യുക്തികളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് .  ഇങ്ങനെ ഒരു നവ ബ്രാഹ്മണിക്കൽ പ്രസ്ഥാനത്തിന്   കേരളത്തിലെ രാഷ്ട്രീയ ഭാഷയെ വളരെ പെട്ടെന്ന് ദുർബലപ്പെടുത്താൻ കഴിഞ്ഞത് എന്ത് കൊണ്ട് എന്നത് മലയാളി ഗൗരവമായി ആലോചിക്കേണ്ട ഒന്നാണെന്നാണ് എനിക്ക് തോന്നുന്നത്. തീർച്ചയായും പഴയ ഭാഷ കൊണ്ട് നമുക്കതിനെ നേരിടാൻ പറ്റില്ല എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. അത് കൊണ്ട് ഒരു നൈതിക രാഷ്ട്രീയ ഭാഷ മലയാളി ഒരു വെല്ലുവിളിയായി സ്വീകരിക്കേണ്ടതുണ്ട്. പഴയ മൂല്യങ്ങൾ കൊണ്ടും, രാജ്യ സങ്കല്പങ്ങൾ കൊണ്ടും, രാഷ്ട്ര സങ്കല്പങ്ങൾ കൊണ്ടും ഈ പുതിയ പ്രതിഭാസത്തെ നമുക്ക് തടഞ്ഞു നിർത്താൻ കഴിയില്ല.എന്നതാണ് നാം പഠിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. ഒരു മാസം മുമ്പാണ് ഇവിടെ ഈ സമ്മേളനം നടക്കുന്നത് എങ്കിൽ മിക്കവാറും ഇവിടെ ഇരിക്കുന്ന എല്ലാവരും ഇവിടെ ഇങ്ങനെയൊന്നും നടക്കില്ല എന്ന് കണ്ണും പൂട്ടി പറഞ്ഞു പിരിഞ്ഞു പോകുമായിരുന്നു. എന്നാൽ ഇന്ന് നമുക്ക് അങ്ങനെ പറഞ്ഞു പോകാൻ പറ്റില്ല. നമ്മുടെ കൺ മുന്നിലാണ് സ്ത്രീകൾ ആക്രമിക്കപ്പെടുന്നത്. നമ്മുടെ കൺ മുന്നിലാണ് സ്ത്രീകളെ കൊല്ലെടാ എന്ന് ആക്രോശിക്കുന്ന ആൾക്കൂട്ടമുള്ളത്. ഈ തെരുവായ തെരുവ് മുഴുവൻ ഈ ആൾക്കൂട്ടം നിറഞ്ഞാടുന്ന ഘട്ടത്തിൽ , ഓ കേരളത്തിൽ അതൊന്നും നടക്കില്ല, കേരളം വളരെ പ്രബുദ്ധമായ സ്ഥലമാണ് എന്ന് നമുക്ക് വെറുതെ പറഞ്ഞു നടക്കാൻ പറ്റില്ല. 
ഇതിനകത്തുള്ള ഒരു പ്രോബ്ലം,  ഇത് കേവലമായ ഏതെങ്കിലും ഒരു സംഘത്തിന്റെ മാത്രം ഒരു പ്രശ്നമായി വിലയിരുത്തുന്നതിൽ ഒരു തകരാറുണ്ട് എന്നാണു ഞാൻ കരുതുന്നത്. മറിച്ചു നമ്മുടെ സമൂഹത്തിന്റെ മുഴുവൻ വ്യവഹാരങ്ങളെയും ബാധിച്ചിരിക്കുന്ന ഹിന്ദുത്വം എന്ന് പറയുന്ന, ബ്രാഹ്മണ്യം എന്ന് പറയുന്ന ഒരു മൂല്യബോധത്തെ അഡ്രസ് ചെയ്യാൻ നമുക്കിപ്പോൾ പറ്റുന്നില്ല എങ്കിൽ,  ഒരടി പോലും മലയാളിക്ക് മുന്നോട്ട് പോകാൻ കഴിയില്ല .
വിശ്വാസം, ആചാരമെന്നൊക്കെ  പറയുന്നത്‌ മിഥ്യകളാണെന്നും,  മനുഷ്യൻ  ജീവിക്കുന്ന വിലക്കയറ്റത്തെ കുറിച്ചും പെട്രോൾ വിലയെക്കുറിച്ചുമൊക്കെ പറഞ്ഞു എല്ലാം തിരിച്ചു പിടിക്കാമെന്ന് പറയുന്നത് ഈ സാമൂഹ്യ യാഥാർഥ്യവുമായി യാതൊരു ബന്ധവുള്ള കാര്യമല്ല.
 ഞാൻ പറഞ്ഞത്, അതൊന്നും പറയേണ്ട എന്നല്ല, മറിച്ചു അത് ഇതിന് ബദലല്ല എന്ന് നാം അറിയണം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ചിഹ്ന വ്യവസ്ഥയിലൂടെ മലയാളിയെ മറ്റൊരു ലോകത്തിലേക്ക് നയിക്കാൻ കഴിയുന്ന വലിയ മൂവ്‌മെന്റാണ്‌ നടക്കുന്നത്.  ഈ മൂവ്‌മെന്റിന്റെ അടിസ്ഥാനപരമായ ഒരു പ്രത്യേകത, അവരിവിടെ പറയാൻ ശ്രമിച്ചൊരു കാര്യം ,  സ്ത്രീകൾ കയറണോ, കയറണ്ടേ എന്ന തർക്കം മൂർച്ഛിച്ചിരിക്കുമ്പോഴും , അതായിരുന്നില്ല കേരളം ചർച്ച ചെയ്തത്. മറിച്ചു രാജാവിന്റെയും തന്ത്രിയുടെയും അവകാശങ്ങളെ കുറിച്ചാണ് ഏറ്റവും കൂടുതൽ ചർച്ച ഉണ്ടായത് എന്ന് നമ്മൾ കാണണം. ഈ ബ്രാഹ്മണ്യം എന്നത് (ബ്രാഹ്മണർ ആരെങ്കിലും ഇത് കേൾക്കുന്നുണ്ടെകിൽ വിളറി പിടിക്കേണ കാര്യമില്ല) അസമത്വത്തിന്റെ ഒരു തത്വ ശാസ്ത്രമാണ്. എല്ലാ കാര്യങ്ങളും ബ്രാഹ്മണനിൽ എത്തിച്ചേരണം എന്നെഴുതി വെക്കപ്പെട്ട പുസ്തകങ്ങളാണ് അതി പവിത്രമായ പുസ്തകങ്ങളായി നാം കൊണ്ട് നടക്കുന്നത് എന്ന് നാം അറിയണം. സ്ത്രീകളെ അവിടെ പ്രവേശിപ്പിക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ  ശങ്കര സ്മൃതി പ്രകാരമാണ് എന്നാണു തന്ത്രികൾ പറയുന്ന ഉത്തരം. ശങ്കര സ്മൃതി ആർത്തവം ബാധിച്ച സ്ത്രീ എന്ത് ചെയ്യണം എന്ന് പറയുന്നുണ്ട്.പല്ലു തേക്കരുതെന്നും കുളിക്കരുതെന്നും, കണ്ണെഴുതരുതെന്നുമാണ് വളരെ വ്യക്തമായി ശങ്കര സ്മൃതിയിൽ പറയുന്നത്.
 ഇവർ എത്ര പേര് ഈ ആചാരം പാലിക്കുന്നുണ്ട്? ഈ പുസ്തകമാണ് മഹത്തായ പുസ്തകമായി നാം കൊണ്ട് നടക്കുന്നത്. അത് കൊണ്ട് നമ്മൾ മലയാളി ഈ വിഷയത്തിൽ ഒരു പുനഃ പരിശോധന ആത്മാർത്ഥമായി നടത്തിയേ പറ്റൂ.  വെറുതെ നവോത്ഥാനം, നവോത്ഥാനം എന്ന് വായിട്ടലച്ചിട്ട് കാര്യമില്ല. ഇപ്പോൾ രണ്ട് കാര്യങ്ങളാണ്  പ്രധാനമായും പുറത്തു വന്നത്. കേരളീയ സമൂഹം ഏറെക്കാലമായി മൂടിവെച്ചിരുന്ന, പറയാൻ മടിച്ചിരുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് വലിച്ചു പുറത്തിട്ടത്. ഒന്ന് ജാതി ആണ്. ജാതി എന്ന് കേൾക്കുമ്പോൾ ഇതെന്തോ ദലിതരെ ബാധിക്കുന്ന എന്തോ പ്രശ്നമാണ് എന്ന ചിന്ത നാം മാറ്റേണ്ടതുണ്ട്. ജാതിയെ കുറിച്ച് സംസാരിക്കുക എന്നാൽ ഇന്ത്യയെ കുറിച്ച് സംസാരിക്കുക എന്ന് തന്നെയാണ് അർഥം. പട്ടിക ജാതിക്കാരെ കുറിച്ച് സംസാരിക്കുക എന്നല്ല. ഇന്ത്യയിലെ മുഴുവൻ സമൂഹത്തെ കുറിച്ചും, ഇന്ത്യ  രൂപപ്പെട്ടിരിക്കുന്നത് എന്നതിനെ കുറിച്ചും, അതിന്റെ മൂല്യമെന്താണ്‌  എന്നതിനെ കുറിച്ചുമാണ് നാം സംസാരിക്കുന്നത്.  ഈ ജാതി എന്നത് ഏതെങ്കിലും കീഴ്ത്തട്ടിന്റെ മാത്രം കാര്യമാണ് എന്ന് വിചാരിക്കുന്ന പൗരസമൂഹത്തിന്റെ ബോധ്യം നാം തിരുത്തിയെ പറ്റൂ.  എല്ലാവരെയും ബാധിക്കുന്ന മർമ്മപ്രധാനമായ ഒരു സാമൂഹ്യ സ്ഥാപനമാണ് ജാതി. അത് നമ്മുടെ ജീവിതത്തിൽ ഇടപെടുന്നുണ്ട് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്.   
ജാതി എന്താണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ സ്വന്തം ജീവിതത്തിൽ അത് എങ്ങനെയാണ് ഇടപെടുന്നത് എന്ന് ചോദിച്ചാൽ   പെട്ടെന്ന് അൽഷിമേഴ്‌സ് ബാധിച്ചവരെ പോലെ ഇന്ത്യയിലെ ബുദ്ധിജീവികൾ സംസാരിക്കുമെന്ന് സതീഷ് ദേശ് പാണ്ഡെ പറയുന്നുണ്ട്.
അത്തരം അൽഷിമേഴ്‌സ് ഇനി നമ്മളെ രക്ഷിച്ചെടുക്കില്ല.കാരണം,  കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ കാര്യമെന്താണെന്ന് മനസിലായി. കേരളത്തിലെ മുഖ്യമന്ത്രിയെ തൊഴിലാളി വർഗ്ഗത്തിൽ പെട്ട ഒരു സ്ത്രീ ആണ് ജാതി കൂട്ടി തെറി വിളിക്കുന്നത് എന്ന കാര്യം കൃത്യമായി അങ്ങനെ തന്നെ മനസിലാക്കണം. വർഗ്ഗം വർണ്ണം എന്നൊക്കെ പറഞ്ഞു കാര്യങ്ങളെ മൂടിവെക്കുന്നത് ഇനി നടക്കില്ല എന്ന് തന്നെയാണ് ഈ സന്ദർഭം നമ്മോട് പറയുന്നത്.
രണ്ടാമതൊരു കാര്യം സ്ത്രീകളോടുള്ള മനോഭാവമാണ്.  ജൻഡർ ജസ്റ്റിസിന്റെ പ്രാഥമിക തലത്തിൽ പോലും എത്താത്തവരാണ് മലയാളി എന്ന് ഈ സംഭവം എന്ന് ഈ സംഭവത്തെ തീർച്ചയായും വിളിക്കും.  ഇത്രയും ബഹുജനങ്ങൾ ഇടപെട്ട മറ്റൊരു സന്ദർഭം കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.  ഇത്രയും സ്ത്രീ വിരുദ്ധമായ സ്ത്രീയുടെ അവകാശങ്ങൾക്ക് വില നൽകാത്ത ഒരു സമൂഹമാണ് നമ്മുടേത് എന്ന വ്യക്തമായ സാഹചര്യത്തിൽ, ജാതിയുടെ കാര്യത്തിലും ജൻഡർ ജസ്റ്റിസിന്റെ കാര്യത്തിലും ഒരു തീരുമാനമെടുക്കാൻ നീതിയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മലയാളി ഇനി വൈകിക്കൂടാ. ഞങ്ങളുടെ അടുത്തു എല്ലാ ഉത്തരവുമുണ്ട്, നിങ്ങളിങ്ങു പോരൂ എന്ന് പറയുന്ന പണി മലയാളി നിർത്തണം.  നമ്മുടെയൊന്നും കയ്യിൽ അത്രയൊന്നും  വലിയ ഉത്തരമില്ല എന്നാണു ഈ ആൾക്കൂട്ടം കേരളത്തോട് പറയുന്നത്. അതിനാൽ പുതിയ ഉത്തരങ്ങൾ തേടാൻ നാം ബാധ്യസ്ഥരാണ്.  അതിൽ നിന്ന് കണ്ണടച്ച് രക്ഷപ്പെടാൻ കേരളത്തിലെ ഒരു ബുദ്ധിജീവിക്കോ, രാഷ്ട്രീയ പാർട്ടിക്കോ,  രാഷ്ട്രീയ പ്രവർത്തകനോ കഴിയില്ല. ഇത് നമ്മളുടെ ഭാവിയുടെ പ്രശ്നമാണ്, കേരളത്തിന്റെ പ്രശ്നമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് ആത്മാർത്ഥമായ തിരുത്തുകൾ വരുത്തി പുതിയ ഒരു മൂല്യത്തിലേക്ക്, ജാതിവിരുദ്ധവും ലിംഗ സമത്വത്തിലധിഷ്ഠിതവുമായ ഒരു മൂല്യത്തിലേക്ക് സമൂഹത്തെ നയിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഒരു വെല്ലുവിളി.  ഇതിനകത്തു പ്രധാനപ്പെട്ട ഒരു നീക്കിയിരിപ്പ് നവോത്ഥാനസംഗതികൾ തന്നെ  ആണ്.  അതിനെ കുറിച്ച്  പറയുമ്പോൾ നവോത്ഥാനം നടന്നു, ഞങ്ങളൊക്കെ പരിഷ്‌കരിക്കപ്പെട്ടു എന്ന് പറയുന്നിടത്തു വലിയ കാര്യം ഇല്ല.  അങ്ങനെ അല്ല. അതിനിയും പൂർത്തീകരിക്കപ്പെടാത്ത ഒരു പ്രോജക്ട് ആണെന്ന് മലയാളി ആദ്യം അംഗീകരിക്കണം. നവോത്ഥാനം തുടങ്ങി വെച്ചതും ഇനിയും പൂർത്തീകരിക്കാത്തതുമായ പ്രൊജക്റ്റ് ആണ് കേരളീയ നവോത്ഥാനം എന്ന വസ്തുത  അടിവരയിട്ട് മനസിലാക്കണം. ഞാൻ പറഞ്ഞത്  നവോത്ഥാനത്തിന്റെ പ്രവണതകളും, നവോത്ഥാന വിരുദ്ധ പ്രവണതകളും ഈ സമരത്തിൽ പോലും  സജീവമാണ് എന്ന് തിരിച്ചറിയുന്ന ഒരു രാഷ്ട്രീയ ബോധ്യമാണ് മലയാളിക്ക് വേണ്ടത്.  നവോത്ഥാന സന്ദർഭം നമ്മുടെ ചരിത്രത്തിലെ മർമ്മ പ്രദാനമായ ഒരു കാര്യമാണ്. നവോത്ഥാനത്തെ കുറിച്ച് നവോത്ഥാന നായകരായ ശ്രീ നാരായണനെ കുറിച്ച്, അയ്യങ്കാളിയെ കുറിച്ച്, പൊയ്കയിൽ അപ്പച്ചനെ കുറിച്ച്, സഹോദരൻ അയ്യപ്പനെ കുറിച്ച് രണ്ടു മാസം മുമ്പ് കേൾക്കുന്ന മെയിൻ സ്ട്രീമിലുള്ള മലയാളി എന്തോ ജാതി പറയുകയാണ് എന്നാണു മനസിലാക്കിയിരുന്നത്. അതിൽ നിന്ന് പുറത്തു കടന്ന്, നമ്മളെ മനുഷ്യരാക്കിയ, മഹത്തായ ചരിത്ര ധാരയെ കുറിച്ചാണ്  നമ്മൾ സംസാരിക്കുന്നത് എന്ന പുതിയ ഒരു കേൾവിയും പുതിയ ഒരു മനസിലാക്കലും കേരളത്തിൽ സംഭവിച്ചിട്ടുണ്ട് എന്നത് തികച്ചും പ്രതീക്ഷാ നിർഭരമായ ഒരു കാര്യമാണ്. ഈ നിലക്ക്, ആധുനിക മലയാളിയെ സൃഷ്ടിക്കുന്ന  ഈ നവോത്ഥാന പ്രക്രിയയിൽ നീക്കിവെക്കപ്പെട്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് ഈ ലിംഗ നീതിയുടെ പ്രശ്നം. ഈ സമുദായത്തിന്റെ ഒരു പ്രോബ്ലം ആണത്. സമുദായം എന്ന കാറ്റഗറി തന്നെ നീതിയെ സ്വീകരിക്കുന്നത് സമുദായം എന്ന നിലക്കാണ്.  അതിനകത്തെ സ്ത്രീ പുരുഷ സമത്വം എന്നത് ഒരിക്കൽ പോലും അഡ്രസ് ചെയ്യപ്പെടാത്ത ഒരു കാര്യമാണ്. അത്കൊണ്ട്, നവോത്ഥാനത്തിലൂടെ സ്ത്രീകളുടെ പ്രശ്നം പരിഹരിച്ചു എന്നൊന്നും നാം വാശി പിടിച്ചില്ലെങ്കിലും, സ്ത്രീകളും മനുഷ്യരായി തീർന്ന വലിയൊരു ധാരയും നവോത്ഥാനത്തിനകത്തു ഉണ്ടായിരുന്നു എന്ന കാര്യം നാം അറിയേണ്ടതുണ്ട്.
പ്രസംഗം മുഴുവനായി കേള്‍ക്കാം : https://www.youtube.com/watch?v=V5E1WU0OqxY
സമാഹരണം : ഷബീർ ചാത്തമംഗലം
By Editor