“I want dead bodies of Muslim bastards” ഉന്നത പോലിസുദ്യോഗസ്ഥനിൽ നിന്ന് വയർലെസ്സിലൂടെ ഉത്തരവായി. കൽപ്പന അതേപടിയനുസരിച്ച് കൊണ്ട് അയാളുടെ കീഴുദ്യോഗസ്ഥര്‍ ‘ഒരു മുസ്‌ലിം ഡെഡ്‌ബോഡി’ യുമായി ഹാജരായി. പോലീസ് ബുള്ളറ്റുകള്‍ തുളഞ്ഞു കയറിയ പതിനൊന്ന് വയസ്സുകാരി സിറാജുന്നിസയുടെ മൃതദേഹമായിരുന്നു അത്. 1991ല്‍ നടന്ന ഈ സംഭവത്തിലെ ഉത്തരവിട്ട പോലീസുദ്യോഗസ്ഥൻ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് കൂടിയായ രമണ്‍ ശ്രീവാസ്തവ ആയിരുന്നു.
1991 ഡിസംബര്‍ 15ന് വൈകീട്ടാണ് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ സിറാജുന്നീസ പിടഞ്ഞുവീണത്.
വീട്ട്മുറ്റത്ത് സഹോദരിക്കൊപ്പം കളിച്ചുകൊണ്ട് നിന്ന സിറാജുന്നിസയെ കലാപ സമയത്ത് കൺട്രോൾ റൂം ചുമതലയുണ്ടായിരുന്ന ഡിഐജി രമൺ ശ്രീവാസ്തവയുടെ ഉത്തരവ് പ്രകാരമാണ് വെടിവെച്ചത്.
സ്വന്തം മകൾ വെടിയേറ്റ് പിടയുന്നത് കണ്ട് തരിച്ചു നിന്ന ഉമ്മയെയും സഹോദരി ആത്തിക്കയെയും തൂക്കി ജീപ്പിലിട്ട് സ്റ്റേഷനിലേക്ക് വണ്ടിവിടുകയായിരുന്നു അന്ന് ഷൊർണൂർ എഎസ്പിയായിരുന്ന ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം. കൊല്ലപ്പെട്ട സിറാജുന്നീസയെ ഒന്നാംപ്രതിയാക്കിയാണ് കേരള പോലിസ് കേസെടുത്തത് എന്നതില്‍ തുടങ്ങുന്നു നീതിനിഷേധം.
അത് ഇന്നും തുടരുന്നു. വെടിവെപ്പിനു നേതൃത്വം നല്‍കിയവര്‍ക്കോ കലാപത്തിന് തീക്കൊളുത്തിയ സംഘപരിവാരത്തിനോ ഒരു നഷ്ടവും ഉണ്ടായില്ല. ജീവനും സമ്പത്തും നഷ്ടമായത് ഒരു വിഭാഗത്തിനു മാത്രം. അന്നത്തെ സംഘപരിവാര്‍ നേതാവായിരുന്ന മുരളീമനോഹര്‍ ജോഷി കശ്മീർ മുതൽ കന്യാകുമാരി വരെ നയിച്ച ‘ഏകതായാത്ര’യുടെ ഭാഗമായുള്ള ഉപയാത്ര കടന്നുപോയ ശേഷമാണ് വെടിവയ്പിലേക്കു നയിച്ച അനിഷ്ടസംഭവങ്ങളുണ്ടായത്.
കലാപം ലക്ഷ്യമിട്ട് സംഘടിച്ച ആര്‍എസ്എസിന് മണ്ണൊരുക്കുന്ന പ്രവൃത്തിയായിരുന്നു പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അന്നേ ആക്ഷേപമുയര്‍ന്നിരുന്നു. പരമതവിദ്വേഷം വിതയ്ക്കുന്ന മുദ്രാവാക്യങ്ങളുമായി മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന മേപ്പറമ്പിലേക്ക് ആര്‍എസ്എസുകാര്‍ പ്രകടനവുമായെത്തുകയായിരുന്നു. സംഘര്‍ഷാവസ്ഥ കാരണം പോലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു.
വിലക്കു ലംഘിച്ച് ജാഥ മുന്നോട്ടുപോയെങ്കിലും പോലിസ് തടയുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ഉപയാത്രക്കുനേരെ നേരെ കല്ലേറ് നടന്നതായി നുണപ്രചാരണം നടന്നു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ശനിയാഴ്ച സംഘപരിവാര പ്രവര്‍ത്തകര്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പോലിസ് അതിന് അനുമതിയും നല്‍കി. മേപ്പറമ്പില്‍ മുസ്‌ലിംകളും മറുഭാഗത്ത് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും തടിച്ചുകൂടി. മധ്യത്തില്‍ പോലിസും നിലയുറപ്പിച്ചു. അതിനാല്‍ അന്നു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിറ്റേദിവസം ഡിസംബര്‍ 15ന് രാവിലെ ഒരു മുസ്‌ലിംലീഗ് പ്രവര്‍ത്തകനു മര്‍ദനമേറ്റു. അതോടെ വ്യാപകമായതോതില്‍ വ്യാജപ്രചാരണം നടന്നു.
വലിയങ്ങാടിയിലെ മുസ്‌ലിം കടകൾ ആർഎസ്എസുകാർ തിരഞ്ഞുപിടിച്ച് കൊള്ളയടിച്ചു. ചരക്കുകളൊക്കെയും കലാപകാരികളും പോലിസുകാരും കടത്തിക്കൊണ്ടുപോയി. അക്രമികളെ തുരത്തേണ്ട പോലിസ് മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിലെത്തി കണ്ണില്‍കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വരെ മര്‍ദിച്ചു. ഒടുക്കം മേപ്പറമ്പിലും പുതുപ്പള്ളിത്തെരുവിലും പോലിസ് വെടിവയ്പും നടത്തി. ഇതിനിടയിലാണ് സിറാജുന്നീസയ്ക്ക് വെടിയേറ്റത്. ആശുപത്രിയിലെത്തിക്കാനുള്ള ബന്ധുക്കളുടെ ശ്രമം പോലും അന്ന് പോലിസ് തടയുക മാത്രമല്ല അതിന് ശ്രമിച്ച അയൽവാസിയായിരുന്ന അലിയെ ക്രൂരമായി മർദ്ദിക്കുയും ചെയ്തു.
സിറാജുന്നിസയെ കൊലപ്പെടുത്തിയ ശേഷവും അവളെ വെറുതെ വിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. തങ്ങളുടെ നിഷ്ഠൂര കൃത്യത്തെ വ്യാജവും യുക്തിരഹിതവുമായ ആരോപണത്തിലൂടെ അവര്‍ ന്യായീകരിച്ചു. ആ ചെറിയ കുട്ടിയെ സംഭവത്തിലെ വില്ലന്‍ കഥാപാത്രമാക്കി എഫ്.ഐ.ആര്‍ എഴുതി.
അക്രമം അഴിച്ചു വിടാനായി 300ഓളം കലാപകാരികളെ ബ്രാഹ്മണർ താമസിക്കുന്ന ഗ്രാമത്തിലേക്ക് പറഞ്ഞു വിടാന്‍ നേതൃത്വം നല്‍കിയെന്ന് സിറാജുന്നിസക്കെതിരെ കുറ്റമാരോപിച്ചു. പിന്നീട്, സുപ്രീകോടതിയില്‍ എത്തിയ കേസ് വിസ്താരത്തില്‍ സര്‍ക്കാറിന്റെ മുഖം രക്ഷിക്കുന്നതിന് വേണ്ടി സിറാജുന്നിസയെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കുകയായിരുന്നു.
എഫ്.ഐ.ആര്‍ പ്രകാരം, സിറാജുന്നിസയുടെ വീടിന് മുന്നിലുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ തട്ടിയ വെടിയുണ്ട അവളുടെ തലയിലേക്ക് ചിതറിത്തെറിക്കുയായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ വാദവും കളവാണെന്ന് തെളിഞ്ഞു. എന്നാലും ചോദ്യങ്ങളൊരുപാട് ബാക്കിയാണ്. കലാപത്തിന് കോപ്പുകൂട്ടിയ സംഘപരിവാരത്തെ പോലീസ് തടയാതിരുന്നത് എന്ത് കൊണ്ട്?. എന്തിനാണ് യാതൊരു പ്രകോപനവുമില്ലാതെ ആ പതിനൊന്നുകാരിയെ കൊലപ്പെടുത്തിയത്?. ആരാണത് ചെയ്തത്?. കൊലയില്‍ പങ്കാളികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്ത് കൊണ്ടാണ്?. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർ ഉന്നതർ ഔദ്യോഗിക സ്ഥാനങ്ങളിൽ തുടർന്നത് ഏതർത്ഥത്തിലാണ് വായിക്കേണ്ടത്?.
തീർത്തും നീചമായ ഭരണകൂട ഭീകരതയെ പോലും നോർമലൈസ് ചെയ്യുന്ന ഒരു വ്യവസ്ഥിതി നിലനിൽക്കുമ്പോൾ നീതിക്കുവേണ്ടി നിലകൊള്ളുകയെന്നത് അതുയർത്തുന്ന ചോദ്യങ്ങളുടെ ഒച്ച കൂട്ടാനുള്ള ആർജ്ജവം കാണിക്കലാണ്. ഭരണകൂടം സ്വയം നിർമ്മിക്കുന്ന നിയമങ്ങളുടെ ബലത്തിൽ വിയോജിപ്പുകളെ നിശ്ശബ്ദമാക്കുമ്പോൾ വീട്ടുമുറ്റത്തെ സിറാജുന്നിസയുടെ രക്തം ഓർമ്മയിൽ മായാതെ കാക്കേണ്ടത് സ്വന്തം നിലനിലനിൽപ്പിനെ കുറിച്ച് ആശങ്കകളുയരുന്ന ഒരു സമുദായത്തിന്റെ അനിവാര്യതയാണ്.
ബാസിൽ സമാൻ
Recent Comments