മുസ്‌ലിം സ്ത്രീയും ഇടതു- ലിബറല്‍ ആകുലതകളും

ലോകാടിസ്ഥാനത്തിൽ തന്നെ നിരന്തരം ചർച്ചകൾക്കും സംവാദങ്ങൾക്കും തിരുത്തലുകൾക്കുമെല്ലാം വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് മുസ്‌ലിം സ്ത്രീയും അവളുടെ അവകാശങ്ങളും. വിഭിന്നങ്ങളായ വീക്ഷണങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നിരവധി സാഹിത്യ സൃഷ്ടികളുടെ രചനകൾക്കുമെല്ലാം പാത്രമായ മുസ്‌ലിം സ്ത്രീ എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമഗണീയരാണ്. ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്ത്രീ സംബന്ധിയായ ആകുലതകൾ അവരുടെ പ്രവർത്തന മണ്ഡലങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലും പ്രകടമാണ്. കേരളം കാലികമായി ചർച്ച ചെയ്ത വിഷയങ്ങളായ ഹാദിയ, തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിലെ ഘർ വാപസി പീഡനം, വത്തക്ക വിവാദം , ഫ്ലാഷ്‌മോബ് വിവാദം , മടപ്പള്ളി കോളേജിലെ എസ്. എഫ്. ഐ ആക്രമണം , ഏറ്റവുമൊടുവിൽ കിതാബ് നാടകം എന്നിവയെല്ലാം തന്നെ ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്ത്രീ സംബന്ധിയായ സെലക്റ്റീവ് ഇടപെടലുകളെ കുറിക്കുന്ന ഉദാഹരണങ്ങൾ ആണ്. മുസ്‌ലിം പെണ്ണുങ്ങളെക്കുറിച്ചുള്ള പൊതുബോധങ്ങളും സ്റ്റീരിയോടൈപ്പുകളും കേരളത്തിൽ ചൂടേറിയ സംവാദങ്ങൾക്ക് വഴി വെക്കാറുണ്ട്..

നാടകങ്ങളും സിനിമകളും സാഹിത്യങ്ങളും സൃഷ്ടിച്ചെടുത്ത പൊതുബോധങ്ങളുടെ ഏറ്റവുംവലിയ ഇരകളാണ് മുസ്‌ലിം സമുദായം. ഇതിൽതന്നെ വാർപ്പുമാതൃകകൾക്ക് വിധേയരാവുന്നതിൽ പ്രഥമസ്ഥാനീയരാണ് മുസ്‌ലിം സ്ത്രീകൾ.

അമിത ലൈംഗികാസക്തിയുള്ള മുസ്‌ലിം പുരുഷന്മാരെയും അവർക്ക് കേവല ലൈംഗികോപാധികൾ മാത്രമായ, കുടുംബങ്ങളിലെ പുരുഷാധിപത്യത്തിന്റെ ബലിയാടുകളായ, പർദ്ദക്കുള്ളിൽ തളക്കപ്പെട്ട, മുത്തലാഖിനും ബഹുഭാര്യത്വത്തിനും ഇടയിൽ ഉഴറുന്ന ജീവിതമുള്ള മുസ്‌ലിം സ്ത്രീകളെയും മാത്രമാണ് മലയാളസിനിമ അവതരിപ്പിച്ചു ശീലിച്ചിട്ടുള്ളത്.

നിലപാടുകളും അഭിപ്രായ സ്വാതന്ത്ര്യവും മറ്റവകാശങ്ങളും ഹനിക്കപ്പെട്ട, അടിമകൾക്ക് സമാനമായ ജീവിതാന്തരീക്ഷമുള്ളവരാണ് മലയാള കലാ സാഹിത്യ സൃഷ്ടികളിലെ മുസ്‌ലിം സ്ത്രീകൾ. ഈ ശീലങ്ങളിൽ കാലാനുവർത്തിയായിട്ടുള്ള പരിവർത്തനങ്ങൾ എന്നാൽ ഉണ്ടാകുന്നില്ല താനും. ഒരുകാലത്ത് സവർണ ജീവിതങ്ങളുടെ മാത്രം പ്രതിഫലനങ്ങളായിരുന്ന മലയാളസിനിമ അതിൽ നിന്നും ബഹുദൂരം മുന്നോട്ടു ചലിച്ചു ദളിത് ജീവിതങ്ങളെയും ട്രാൻസ്ജെൻഡർ ജീവിതങ്ങളെയും വരെ ചർച്ച ചെയ്യാൻ ആരംഭിച്ച ഈയൊരു പതിറ്റാണ്ടിൽ പോലും മുസ്‌ലിം ജീവിതങ്ങളെ അവതരിപ്പിക്കുന്നതിൽ യാതൊരു രൂപഭേദങ്ങളും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം.
വിദ്യാഭ്യാസ- സാംസ്കാരിക- സാമൂഹിക- രാഷ്ട്രീയ മണ്ഡലങ്ങളിൽ എല്ലാം തന്നെ ദ്രുതഗതിയിൽ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന
മുസ്‌ലിം സ്ത്രീ സമൂഹം എന്നാൽ ഇപ്പോഴും സാംസ്കാരിക സാഹിത്യയിടങ്ങളിൽ ചിത്രീകരിക്കപ്പെടുന്ന കാര്യത്തിൽ പതിറ്റാണ്ടുകൾ പിന്നിലാണ് .നാടകങ്ങളും സിനിമകളും സമൂഹത്തിന്റെയും കാലത്തിന്റെയും പരിച്ഛേദങ്ങൾ ആവണം എന്നുള്ള അഭിപ്രായം ശക്തമായ ഇന്നിൽ പോലും കലാസൃഷ്ടികളിലെ മുസ്‌ലിം സ്ത്രീ പ്രതിഫലനങ്ങളിലെ പ്രശ്നങ്ങൾ ഗൗനിക്കപ്പെടുന്നില്ല.. കലാരൂപങ്ങളിലെ ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയുമെല്ലാം തിരയുന്ന, സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന മുഖ്യഘടകമാണെന്ന് ഇത്തരം തിരച്ചിലുകളെ ന്യായീകരിക്കുന്ന ഇടതു ലിബറലുകൾ കലാസൃഷ്ടികളിൽ മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച വംശീയവും മതകീയവുമായ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ആവിഷ്കാരങ്ങളെ ലാഘവത്തോടെ തള്ളിക്കളയുകയാണ് ചെയ്യാറുള്ളത്..
ഇത്തരമൊരു പരിതസ്ഥിതിയിലാണ് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ കിതാബ് എന്ന നാടകവും തുടർ ചർച്ചകളും പ്രസക്തമാവുന്നത് .അത്യന്തം മുസ്‌ലിം വിരുദ്ധമായ ,വംശീയപരമായ ഉള്ളടക്കങ്ങൾ ഉള്ള , മുസ്‌ലിം ജീവിതങ്ങളെ അപരിഷ്കൃതമായി ചിത്രീകരിക്കുന്ന നാടകത്തിന് കേരളീയ സമൂഹത്തിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ സ്വതന്ത്രാവിഷ്കാരം ആണെന്ന് അവകാശപ്പെടുന്ന നാടകത്തിന് പ്രസ്തുത എഴുത്തുകാരനിൽനിന്നു പോലും കടുത്ത വിമർശനങ്ങളും നിയമനടപടികളും നേരിടേണ്ടതായി വന്നു. നാടകത്തിനെതിരെ രംഗത്തുവന്ന ഉണ്ണി ആർ “ഇന്ത്യൻ വർത്തമാന സാഹചര്യത്തിൽ ആരോഗ്യകരമല്ലാത്ത ഇസ്‌ലാം വിമർശനം (ഇസ്‌ലാമിനെ പ്രാകൃതരാക്കി പരിഹസിക്കുക, വിദ്യാഭ്യാസം ഇല്ലാത്തവരായി ചിത്രീകരിക്കുക തുടങ്ങിയവ) പ്രത്യക്ഷമായും പരോക്ഷമായും പൊളിറ്റിക്കൽ ഹിന്ദുത്വത്തെ സഹായിക്കുക മാത്രമാണ് ചെയ്യുക. ഈ രാഷ്ട്രീയബോധം ഉള്ളതുകൊണ്ടാണ് കിതാബിനെതിരെ നിലപാട് എടുക്കേണ്ടി വന്നത്” എന്ന് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരു പറഞ്ഞ് തികച്ചും ഇസ്‌ലാമോഫോബിക്കായ നാടകത്തിന് വേണ്ടി നിലകൊള്ളുകയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത ഇടതുപക്ഷസംഘടനകള്‍ക്ക്, ഉണ്ണി. ആറിന്റെ പ്രതികരണങ്ങളോട് യാതൊരു പ്രതിബദ്ധതയും ഉണ്ടായിരുന്നില്ല. ഉണ്ണി. ആര്‍ പിന്നീട് നിലപാടില്‍ അയവു വരുത്തിയതും പതിവ് ബാലന്‍സിങ് നിലപാട് പുറത്തെടുത്തതും മറ്റൊരു വിഷയം. സമുദായത്തെ അപരിഷ്‌കൃതരായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ, നിരന്തരം സംഘ്പരിവാറിന്റെ ആൾക്കൂട്ട വിചാരണകൾക്കും കൊലപാതകങ്ങൾക്കും ഇരകളായിക്കൊണ്ടിരിക്കുന്ന ഒരു സമുദായത്തിനുമേൽ കൂടുതൽ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കപ്പെടാനെ ഉപകരിക്കൂ എന്ന രാഷ്ട്രീയബോധം ഉണ്ടാവേണ്ടതായിരുന്നു.
എന്നാൽ നാടകത്തിൻറെ ആശയങ്ങളും അതേ സംബന്ധിച്ച് സംവാദങ്ങളും ഒന്നും തന്നെ ചർച്ചക്ക് വിധേയമായതേയില്ല. അതിലെ മുസ്‌ലിം വിരുദ്ധമായ ഭാഗങ്ങളെ ചൂണ്ടിക്കാണിച്ചവർ എല്ലാം പിന്തിരിപ്പന്മാരും മതമൗലികവാദികളായും അവതരിക്കപ്പെടുകയും ചെയ്തു.. ഇവിടങ്ങളിലെല്ലാം ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരായി സ്വയം അവരോധിക്കുന്ന ഇടതുപക്ഷത്തിന്റെ വളരെ സെലക്ടീവ് ആയ രാഷ്ട്രീയ ഇടപെടലുകൾ വ്യക്തമാവുന്നുണ്ട്.

തങ്ങളുടെ രാഷ്ട്രീയ ആദർശങ്ങളും ആശയങ്ങളും ക്യാമ്പസുകളിൽ ആവിഷ്കരിക്കാൻ ശ്രമിച്ച പെൺകുട്ടികൾ അടക്കമുള്ളവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിട്ട പശ്ചാത്തലമുള്ള എസ് എഫ് ഐ യും മറ്റ് ഇടതുപക്ഷ സംഘടനകളുമായിരുന്നു കേരളത്തെ കിതാബിലൂടെ ആവിഷ്കാര സ്വാതന്ത്രം പഠിപ്പിക്കാൻ ശ്രമിച്ചതെന്നത് കൃത്യമായ വിരോധാഭാസമാണ്.

കിത്താബിലെ ഉള്ളടക്കത്തിലെ മുസ്‌ലിം സ്ത്രീകളുടെ ബാങ്ക് വിളിക്കാനുള്ള അവകാശത്തെ കുറിച്ച് വ്യാകുലപ്പെടുന്ന ഇക്കൂട്ടർ തന്നെയാണ് തങ്ങളുടെ രാഷ്ട്രീയാദർശങ്ങൾക്കു വേണ്ടി നിലകൊണ്ടതിന്റെ പേരിൽ മടപ്പള്ളി കോളേജിലെ സൽവാ അബ്ദുൽഖാദർ, തംജിത തുടങ്ങിയ മുസ്‌ലിം പെൺകുട്ടികൾക്ക് നേരെ ആണധികാരത്തിൻറെ ഗർവ് കാണിച്ചത്. സ്വന്തം സ്വത്വത്തേയും വിശ്വാസത്തെയും ഉൾക്കൊള്ളുന്ന മുസ്‌ലിം സ്ത്രീകൾ ഇടതുപക്ഷത്തിന്റെ ജനാധിപത്യ സമവാക്യങ്ങളിൽ നിന്നും എല്ലായ്പ്പോഴും പുറന്തള്ളപ്പെട്ടവരാണ് .തങ്ങളുടെ മതചിഹ്നങ്ങൾ പ്രകടമാക്കുന്നതിന്റെ പേരിൽ സ്വന്തമായി അഭിപ്രായങ്ങളോ നിലപാടുകളോ ഇല്ലാത്തവരായി ചിത്രീകരിക്കപ്പെടുന്ന പൊതുബോധ നിർമിതിയുടെ ഇരകളാണ് മുസ്‌ലിം സ്ത്രീകൾ.

ലിബറലിടങ്ങൾ എന്ന് കെട്ടിഘോഷിക്കപ്പെടുന്ന ചലച്ചിത്രമേളകളിലും സാഹിത്യ സാംസ്കാരിക മേളകളിലുമെല്ലാം തങ്ങളുടെ സ്വത്വം ഉയർത്തിപിടിച്ചു പൊതുബോധങ്ങൾക്കെതിരെ വിമർശനങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്ന മുസ്‌ലിം പെൺകുട്ടികൾക്ക് ആരോഗ്യകരമല്ലാത്ത പരിഹാസശരങ്ങൾ ആണ് പലപ്പോഴും മറുപടിയായി ലഭിക്കാറുള്ളത്. മുസ്‌ലിം പെണ്ണിനെ അന്യവത്കരിക്കുന്ന ഇത്തരം സ്പേസുകളിൽ എല്ലാം സർവസാധാരണമായ ഇങ്ങനെയുള്ള പ്രവണതകളിൽ നിന്നുമാണ് മുസ്‌ലിം പെൺകുട്ടികൾ ഒരിക്കലും നാസ കീഴടക്കരുതെന്നും എക്കാലത്തും ബിരിയാണിച്ചെമ്പിന് കാവൽ നിൽക്കുന്നവർ മാത്രമാവണം എന്നുമുള്ള ഇടതു വക്താക്കളുടെ നിർബന്ധബുദ്ധിക്കു പ്രേരണകൾ ആവുന്നത്.

ഹാദിയയുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ ധ്വംസനങ്ങൾക്ക് മേലുള്ള ഇടതുപക്ഷത്തിന്റെ മനപൂർവമുള്ള മൗനവും മുസ്‌ലിം സ്ത്രീയെ സംബന്ധിചുള്ള ഇവരുടെ ഇരട്ട നിലപാടിന്റെ വ്യക്തമായ ഉദാഹരണമാണ്.
സ്വതന്ത്രമായി ജീവിക്കാനും ഇഷ്ടമതത്തിൽ വിശ്വസിക്കാനുള്ള മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടും നിരന്തരം സംഘപരിവാരത്തിന്റെ ഘർവാപസി നയങ്ങൾക്ക് ഇരയാക്കപ്പെട്ടും ഹാദിയ കഴിഞ്ഞിരുന്ന കാലയളവിൽ തീർത്തും നിഷേധാത്മകമായ നിലപാടുകളാണ് ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.

ഹാദിയയുടെ ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി യാതൊന്നും പ്രവർത്തിച്ചില്ല എന്നുമാത്രമല്ല പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എന്നുപോലും ഗണിക്കാതെ അവളുടെ ഇസ്‌ലാം സ്വീകരണത്തെ അപഹസിക്കാനും വ്യക്തിത്വത്തെ അപകീർത്തിപ്പെടുത്താനും ആണ് പല ഇടതു വക്താക്കളും ശ്രമിച്ചിരുന്നത്.

ഇതേകാലയളവിൽ തന്നെയായിരുന്നു തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തിലെ സംഘപരിവാറിന്റെ ഘർവാപസി പീഡനകഥകൾ വെളിപ്പെട്ടതും അത് വൻ ചർച്ചകൾക്ക് ഇടയായതും. എന്നാൽ ഇടതുപക്ഷ സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഈ വിഷയങ്ങളിൽ കൃത്യമായ മൗനം പാലിക്കുകയാണുണ്ടായത്. രണ്ടു വിഷയങ്ങളിലും ഉണ്ടായ മൗലികാവകാശ ധ്വംസനങ്ങൾക്കെതിരെ യാതൊരുവിധ പ്രതിഷേധവും മുഖ്യധാരാ ഇടതുപക്ഷ സംഘടനകളിൽ നിന്നും ഉണ്ടായിരുന്നില്ല. എന്നാൽ സമകാലിക സംഭവങ്ങളായിരുന്ന ഫ്ലാഷ് മോബ് വിവാദത്തിലും വത്തക്ക വിവാദത്തിലും വമ്പിച്ച പ്രതിഷേധങ്ങൾ ഇവർ സംഘടിപ്പിക്കുകയും ചെയ്തു. യാതൊരു ആധികാരികതയും ഇല്ലാത്ത, സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങളുടെ പേരിൽ ആണ് കേരളമൊട്ടാകെ ഫ്ലാഷ് മോബ് സമരങ്ങൾ എസ്എഫ്ഐ സംഘടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. മുസ്‌ലിം സ്ത്രീയുടെ ഫ്ലാഷ് മോബ് കളിക്കാനുള്ള സ്വാതന്ത്ര്യത്തിനായി പൊരുതിയ ഇക്കൂട്ടർ ഹാദിയയുടെ മൗലികാവകാശത്തെ ഗൗനിച്ചില്ല എന്നതും ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ വെളിപ്പെടുത്തുന്നു.

വിഖ്യാത നൈജീരിയൻ നോവലിസ്റ്റ് ചിമമന്താ ഗോസി അദീച്ചി യുടെ ഒരു ഉദ്ധരണിയുണ്ട്..”Single story creates stereotypes, and the problem with stereotypes is not that they are untrue, but that they are incomplete. they make one story become the only story”. മുസ്‌ലിം പെണ്കുട്ടികളെക്കുറിച്ചുള്ള ഒരേ കഥകൾ മാത്രമാണ് എല്ലാ മേഖലകളിൽ നിന്നും സൃഷ്ടിക്കപ്പെടുന്നത്. ഇക്കാലഘട്ടം കൊണ്ട്
മുസ്‌ലിം സ്ത്രീകൾ നേടിയെടുത്ത സാമൂഹിക സാംസ്കാരിക നേട്ടങ്ങൾ ഒന്നും തന്നെ ഒരിടത്തും പ്രതിഫലിക്കപ്പെടുന്നില്ല. തങ്ങളുടെ സ്വത്വമുൾക്കൊണ്ടു തന്നെ കൃത്യമായി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വ്യവഹാരങ്ങളിലെല്ലാം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന മുസ്‌ലിം പെണ്കുട്ടികൾ തന്നെയാണ് ഒറ്റകഥകൾ നിർമ്മിച്ചെടുക്കുന്ന പൊതുബോധങ്ങൾക്കും വാർപ്പു മാതൃകൾക്കും എതിരായുള്ള മറുപടികൾ. ഇത്തരം ആകുലതകൾക്കെതിരെ ഒറ്റക്കഥകൾക്കെതിരെ ഒരുപാട് കഥകൾ രചിക്കപ്പെടേണ്ടിയിരിക്കുന്നു.

ആദില നാസര്‍
By Editor