കേരള നവോത്ഥാനവും ശബരിമലയിലെ രാഷ്ട്രീയവും; ബി ആര്‍ പി ഭാസ്‌കര്‍ സംസാരിക്കുന്നു

കേരളത്തിലെ ആദ്യകാല നവോത്ഥാന ശ്രമങ്ങളുടെ സ്വാധീനങ്ങളെയും, ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയത്തെയും കുറിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബി. ആര്‍. പി ഭാസ്‌കര്‍ സംസാരിക്കുന്നു.

കേരളത്തില്‍ നവോത്ഥാനശ്രമങ്ങളുടെ തുടക്കം 

‘ജാതി ഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’എന്ന സങ്കല്‍പ്പം 1888ല്‍ ശ്രീ നാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് എഴുതിവെച്ച് അവതരിപ്പിച്ചതാണ് ഞാന്‍ കേരള നവോത്ഥാനത്തിന്റെ ലക്ഷ്യപ്രഖ്യാപനമായി കാണുന്നത്. അതിനും മുമ്പേ നാടാര്‍ സമുദായത്തില്‍ നിന്ന് വൈകുണ്ഠ സ്വാമികള്‍ മാറ്റത്തിന്റെ ശബ്ദമുയര്‍ത്തിയിരുന്നതായി കാണാം. സ്വാതി തിരുനാള്‍ മഹാരാജാവിനെ ‘നീചന്‍’ എന്ന് വിളിക്കാനുള്ള ധൈര്യം കാണിച്ചയാളാണദ്ദേഹം. അവിടുന്നിങ്ങോട്ട്, വിവിധ സമുദായങ്ങള്‍ക്കിടയില്‍ നമ്പൂതിരിമാര്‍ക്കും നായന്മാര്‍ക്കും ഇടയില്‍ നിന്ന് പോലും നവീകരണാശയങ്ങളുമായി പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ട് വന്നിട്ടുണ്ട്. പക്ഷേ അവരുടെ ആവശ്യങ്ങള്‍ ഏറെക്കുറെ ആ സമുദായത്തിനകത്ത് മാത്രം പരിമിതമായിരുന്നവയായിരുന്നു. കുടുംബത്തിലെ മൂത്ത പുത്രന് മാത്രം നമ്പൂതിരി സ്ത്രീയെ വിവാഹം കഴിക്കാനും, ബാക്കിയുള്ളവര്‍ക്ക് നായര്‍ സ്ത്രീകളുമായി സംബന്ധം കൂടാനും മാത്രം കഴിഞ്ഞിരുന്ന അവസ്ഥക്കെതിരെ നമ്പൂതിരി മാര്‍ക്കിടയില്‍ ഉയര്‍ന്ന എതിര്‍ ശബ്ദങ്ങള്‍ ഒരുദാഹരണം.

പക്ഷേ, ഇത്തരം മുന്നേറ്റങ്ങളുടെ പ്രധാനപ്പെട്ട ഒരു പോരായ്മ അവയെല്ലാം പാട്രിയാര്‍ക്കല്‍ ആയ മുന്നേറ്റങ്ങള്‍ മാത്രമായി ഒതുങ്ങി എന്നതാണ്. മരുമക്കത്തായത്തിലൂടെ കിട്ടുന്ന സ്വത്തവകാശം എന്ന ആനുകൂല്യം മാറ്റി നിര്‍ത്തിയാല്‍ നായര്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നും ലഭിച്ചിരുന്നില്ല.

സമൂഹത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിന് വേണ്ടി ഇത്തരം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കാര്യപ്പെട്ട പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

സ്ത്രീകള്‍ക്ക് ഗുണകരമാം വിധത്തില്‍ ഇടപെടാന്‍ നവോത്ഥാന പാരമ്പര്യത്തിലെ പല നായകന്‍മാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അയ്യങ്കാളി കൈ പിടിച്ച് സ്‌കൂളില്‍ കൊണ്ട് പോയത് ഒരു പെണ്‍കുട്ടിയെ ആയിരുന്നില്ലേ?സ്ത്രീകളെ അടിച്ചമര്‍ത്തിയിരുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതോടെപ്പം തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ട ശ്രമങ്ങളും ഈ പരിഷ്‌കര്‍ത്താക്കളുടെയെല്ലാം ഒരു ദൗത്യമായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് തിരുവിതാംകൂറില്‍ സൗജന്യ വിദ്യാഭ്യാസം ഏര്‍പ്പെടുത്തിയിരുന്നതായി ഓര്‍ക്കുന്നു. 19 -ാം നൂറ്റാണ്ടിന് ശേഷം താരതമ്യേന  മെച്ചപ്പെട്ട രാജഭരണമുണ്ടായിരുന്ന തിരുവിതാംകൂറില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നയസമീപനത്തിന്റെ ഭാഗമായിരുന്നു അത്.

തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് കീഴിലുള്ള മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‍റെ ഹെഡ് ആയി ഡോ. മേരി പുന്നന്‍ ലൂക്കോസ് എന്ന സ്ത്രീ  നിയമിതയായി. അതിന് ശേഷ അന്ന ചാണ്ടി,ആദ്യവനിതാ ജഡ്ജിയായി. അന്ന ചാണ്ടി ജില്ലാ ജഡ്ജിയായിരുന്ന സമയത്ത് ബ്രിട്ടനില്‍ പോലും ഒരു വനിതാ ജഡ്ജിയില്ല. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി കൂടി പോരാടിയ വ്യക്തിയായിരുന്നു അവര്‍.

പൊതുവെ തിരുവിതാംകൂറിനെ സംബന്ധിച്ചെടുത്തോളം അക്കാലത്ത് സ്ത്രീകള്‍ക്ക് കുറെയൊക്കെ മെച്ചപ്പെട്ട സ്ഥിതി നിലനിന്നിരുന്നു. നായര്‍, ഈഴവ സമുദായങ്ങളില്‍ വിവാഹ മോചനം അനായാസമാക്കിയിരുന്നു.

മുസ്‌ലിം സമുദായത്തിനകത്തെ നവീകരണ ശ്രമങ്ങളെക്കുറിച്ച്..

തിരുവിതാംകൂറില്‍ അത്തരം ശ്രമങ്ങളൊക്കെ നല്ല സ്വാധീനം ചെലുത്തിയിരുന്നു. ഈജിപ്തിലെ അക്കാലത്തെ നവോത്ഥാന മുന്നേറ്റങ്ങളുടെ മാതൃക പിന്തുടര്‍ന്ന് കൊണ്ടായിരുന്നു വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ ആശയങ്ങള്‍ രൂപം കൊണ്ടത്. അദ്ദേഹം സ്ത്രീകളുടെ ഉന്നമനത്തിനു പ്രാധാന്യം നല്‍കിയിരുന്നു. പിന്നീട് ഈജിപിഷ്യന്‍ സ്വാധീനമെല്ലാം വിട്ട് തുര്‍ക്കിയിലെ കമാല്‍ പാഷയുടെയും ശേഷം സൗദി ഭരണകൂടത്തിന്റെയുമെല്ലാം സ്വാധീനം പ്രകടമായി. മലബാറിനെ അപേക്ഷിച്ച് തിരുവിതാംകൂറില്‍ മുസ്‌ലിം സമുദായത്തിനകത്ത് വിദ്യാഭ്യാസ മുന്നേറ്റം വളരെ നേരത്തെ സംഭവിച്ചിരുന്നു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിലെ പുരോഗമന ആശയങ്ങളും സാമൂഹ്യ വിമര്‍ശനങ്ങളും മുസ്‌ലിം സമുദായത്തിന്റെ മുന്നേറ്റത്തില്‍ പങ്കു വഹിച്ച ഒരു ഘടകമാണ്. ഈ ശ്രമങ്ങളെല്ലാം തന്നെ ഒരേ പോയിന്റില്‍ എത്തുകയും, മതില്‍ക്കെട്ടുകള്‍ ഭേദിച്ച് വളരുകയും ഒരു ഏകീകൃത സ്വഭാവം കൈവരിക്കുകയും ചെയ്യുമ്പോഴാണ് നവോത്ഥാനത്തിന്റെ വിജയം ഉണ്ടാവുന്നത്.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയെ നവോത്ഥാന പാരമ്പര്യങ്ങളുടെ ഒരു നാഴികക്കല്ലായി എണ്ണാന്‍ കഴിയുമോ?

അല്ല അതിന് മുമ്പ്, ഓഗസ്റ്റില്‍ പ്രളയം വന്ന സമയത്ത് കേരള ജനത ഒറ്റക്കെട്ടായി അതിനെ പ്രതിരോധിക്കുന്ന കാഴ്ച്ച നമ്മള്‍ കണ്ടതാണല്ലോ. അതിനെ ഒരു നവോത്ഥാനത്തിന്റെ വെളിച്ചമായി എല്ലാവരും കണ്ടിരുന്നു. അധികം വൈകാതെ ഒന്ന് രണ്ട് മാസത്തിന് ശേഷമാണ് ശബരിമല വിധിയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമുണ്ടാകുന്നത്. അപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിയുന്ന അവസ്ഥ, അതിലെ വിരോധാഭാസം കാണാതെ പോകരുത്. രാഷ്ട്രീയം എല്ലാത്തിന്റെയും വാഹകരാവുന്ന സ്ഥിതിവിശേഷം അപകടകരമാണ്.

ഇടതുപക്ഷത്തിന്റെ നയനിലപാടുകളെക്കുറിച്ച്..

ഇന്ന് കേരളത്തില്‍ ആരാണ് ഇടതുപക്ഷം?നിലവിലെ എല്‍ ഡി എഫ് സര്‍ക്കാറിനെ ഇടതുപക്ഷം എന്ന് വിശേഷിപ്പിക്കുന്നതിന് മുമ്പ് അവരുടെ നയനിലപാടുകളും പ്രവര്‍ത്തനങ്ങളും വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്. ഈ ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് തന്നെ, പിണറായി വിജയന്റെ ചില പരസ്യപ്രഖ്യാപനങ്ങളും പ്രസംഗങ്ങളും പ്രതീക്ഷയുളവാക്കുന്നതായാലും പാര്‍ട്ടി എടുക്കുന്ന നിലപാടുകള്‍ പലപ്പോഴും വളരെ പിന്നാക്കം നില്‍ക്കുന്നവയായി തോന്നിയിരുന്നു.

രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള കളികള്‍ ഈസന്ദര്‍ഭത്തെ മുതലെടുത്ത് എല്ലാവരും നടത്തുന്നുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല.

കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് വിശകലനങ്ങളും

ഇന്നത്തെ കോണ്‍ഗ്രസ് വാസ്തവത്തില്‍,ക്രൈസ്തവ- നായര്‍ പാര്‍ട്ടിയാണ്. കഴിഞ്ഞ കുറേ കൊല്ലങ്ങളായി നടന്ന തെരഞ്ഞടുപ്പ് സംബന്ധിച്ച പഠനങ്ങളില്‍, ഒ ബി സി വിഭാഗത്തില്‍ 80ശതമാനത്തോളം ഇടതിനാണ് വോട്ട് ചെയ്യുന്നതെന്ന് കാണാം. അതില്‍ നിന്ന് കോണ്‍ഗ്രസിന് പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് ലഭിക്കുന്നത്. ക്രൈസ്തവ സമുദായത്തില്‍ നിന്ന് ബഹുഭൂരിപക്ഷവും കോണ്‍ഗ്രസിനോ സഖ്യകക്ഷികള്‍ക്കോ ആണ് വോട്ട് ചെയ്യുന്നത്.

നായര്‍ സമുദായമാണ് ഏറെക്കുറെ പകുതിയായി നില്‍ക്കുന്നത്. അവരിലെ 40 ശതമാനം ഇടതിനും 40 ശതമാനം വലതിനുമായി വോട്ടു ചെയ്യുന്നു. അവിടെയാണ് എന്‍. എസ്. എസിനെ പ്രീണിപ്പിക്കാന്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാവുന്നത്.

സി. പി. എമ്മിനെ സംബന്ധിച്ചെടുത്തോളം 80ശതമാനം ഒ. ബി. സിയുടെയും 80 ശതമാനം ദളിതരുടെയും വോട്ടുണ്ട്. പക്ഷേ, ഈയിടെയായി ദളിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ സി. പി. എമ്മിനെതിരെ പല വിരോധവും ഉയര്‍ന്ന് വരുന്നുണ്ട്. അവര്‍ വിട്ട് പോവുന്നതിനെ പ്രതിരോധിക്കാന്‍ സി. പി. എം ശ്രമിക്കുന്നതോടൊപ്പം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നടപടികളും കാണാം. എന്നിരുന്നാലും, ഇപ്പോഴും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സി. പി. എമ്മിന് കാര്യമായ സ്വീകാര്യത നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ശബരിമല വിഷയം ബി. ജെ.പിക്ക് അനുഗുണമായ സാഹചര്യം ഒരുക്കുന്നുണ്ടോ ?

കേരളത്തിലെ ആളുകള്‍ വോട്ടു ചെയ്യുന്നത് വിവിധങ്ങളായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. ബിജെപിക്ക് അനുകൂലമായ സാഹചര്യം നിലവില്‍ ഉണ്ട് എന്നതില്‍ സംശയമില്ല. അതേ സമയം, അവര്‍ വമ്പിച്ച മുന്നേറ്റം നടത്തുമെന്ന് അനുമാനിക്കാന്‍ കഴിയില്ല.

രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള, ജനങ്ങളുടെ ബന്ധം പ്രധാനമാണ്. രാഷ്ട്ീയ സ്വാധീനത്താല്‍ ജോലി നേടുന്നത് കേരളത്തിലെ വ്യാപകമായ ഒരു സ്ഥിതിവിശേഷമാണല്ലോ.

കമ്മ്യൂണിസ്‌ററ് പാര്‍ട്ടിയുടെ ഒരു പ്രത്യേകത, ഒരു കേഡര്‍ പാര്‍ട്ടിയെന്ന നിലയില്‍ അതിന്റെ അംഗങ്ങളുമായുള്ള ബന്ധം കുറെക്കൂടി ഉറച്ചതാണ് എന്നതാണ്. ഒരു ആധിപത്യ മനോഭാവമുള്ള പാര്‍ട്ടി എന്ന നിലക്കാണ് അത് കൂടുതല്‍ പ്രകടമാവുന്നത്. പാര്‍ട്ടി വിട്ട് പോവുന്നവരെ അവര്‍ അത്രമേല്‍ ദ്രോഹിക്കും.’വിരുദ്ധന്‍’ എന്ന പദം അവരെ സംബന്ധിച്ചെടുത്തോളം വളരെ മോശമായ ഒന്നാണ്.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ ഒറ്റ മാനദണ്ഡത്തിലല്ല ജനം ആര്‍ക്ക് വോട്ടു ചെയ്യണമെന്നു  തീരുമാനിക്കുന്നത്. അതിന്റെ സ്വാധീനം ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ഇരുമുന്നണി സമ്പ്രദായത്തില്‍ ജനം പൊതുവെ മടുത്ത അവസ്ഥയിലായിരുന്നു.അതുകൊണ്ട് തന്നെ ബി. ജെ. പിയനുകൂല സാഹചര്യം ശബരിമല വിഷയം കൂടാതെ തന്നെ സംസ്ഥാനത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റ് മാത്രം കിട്ടിയ ബി. ജെ. പി ഇനി നാലോ അഞ്ചോ സീററില്‍ വിജയിച്ചുവെന്നിരിക്കട്ടെ. ആ സീറ്റുകള്‍ നിര്‍ണായകമാണെന്നുമിരിക്കട്ടെ, യു. ഡി. എഫും എല്‍. ഡി. എഫും ഏതാണ്ട് തുല്ല്യശക്തികള്‍ തന്നെയാണ്. ചെറിയ ശതമാനങ്ങളാണ് ഭൂരിപക്ഷം നിര്‍ണയിക്കാറുള്ളത്. അവിടെയാണ് ചെറിയ പാര്‍ട്ടികളുടെ ശക്തി പ്രകടമാവുന്നത്.

തെരെഞ്ഞെടുപ്പില്‍ അനിശ്ചിതത്വം ഉണ്ടായാല്‍ മാത്രമേ പാര്‍ട്ടികള്‍ വോട്ടറെ ബഹുമാനിക്കു. കേരളത്തിലിപ്പോള്‍ വോട്ടറെ ബഹുമാനിക്കാന്‍ തക്ക സാഹചര്യമില്ല. ജനത്തിന് സര്‍ക്കാറിനെ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടമായിരിക്കുകയാണ്.

നവീകരണ പ്രസ്ഥാനങ്ങള്‍ കേരള പരിസരത്ത് ഒരു മതനിരപേക്ഷ അന്തരീക്ഷം ഉണ്ടാക്കിയിട്ടുണ്ട്. ബി. ജെ. പിയെ ജനം കാണുന്നത് ആ മതനിരപേക്ഷതക്ക് എതിരായ ഒന്നായിട്ടാണ്. ആ മനോഭാവം നിലനില്‍ക്കുന്നിടത്തോളം ബി. ജെ. പിക്ക് കേരളത്തില്‍ അധികാരത്തിലെത്താന്‍ കഴിയില്ല. പക്ഷേ അവര്‍ക്ക് ഈ ഇരുമുന്നണി സമ്പ്രദായത്തെ ബ്രേക്ക് ചെയ്യാന്‍ ഒരുപാട് സീറ്റുകളൊന്നും വേണമെന്നില്ല. അവര്‍ക്ക് നാലോ അഞ്ചോ സീറ്റ് കിട്ടുകയും ബാക്കിയുള്ളത് ഇരുമുന്നണിക്കും തുല്യമാവുകയാണെങ്കില്‍, പല പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നടക്കുന്നത് പോലെ, ബി. ജെ. പി തീരുമാനിക്കും ആര് ഭരിക്കണമെന്ന്. അങ്ങനെയൊരവസ്ഥ ഉണ്ടായിക്കൂടെന്നില്ല.

നായര്‍ വോട്ടുകള്‍ ഏകദേശം തുല്യമായി യു. ഡി. എഫിനും എല്‍. ഡി. എഫിനും ആവുമ്പോള്‍ ശബരിമല വിഷയത്തില്‍ ബി. ജെ. പിക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ തന്നെ, നായര്‍ വോട്ടുകള്‍ ഏത് മുന്നണിയില്‍ നിന്നാണ് കൂടുതലായി ബി. ജെ. പിയിലേക്ക് ഒഴുകാന്‍ പോകുന്നത് എന്നതാണ് സൂക്ഷ്മമായി വീക്ഷിക്കേണ്ടത്.

അഭിമുഖം : റമീസുദ്ദീൻ വി. എം

By Editor