“ഉമ്മമാർ ഭയപ്പെടരുത്, രാജ്യത്തെ യൂണിവേഴ്‌സിറ്റികൾ നമ്മുടേത് കൂടിയാണ്” : ഫാത്തിമ നഫീസ്

കാണാതായ ജെ. എൻ. യു വിദ്യാർത്ഥി നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ്, സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

സ്നേഹം നിറഞ്ഞ കേരളത്തിലെ വിദ്യാർത്ഥി സുഹൃത്തുക്കളെ..

നിങ്ങളുടെ സ്നേഹത്തെ കുറിച്ചും ആവേശത്തെ കുറിച്ചും  ഞാൻ ധാരാളമായി കേട്ടിട്ടുണ്ട്, ഇപ്പോൾ  അത് നേരിട്ട് ബോധ്യപ്പെട്ടിരിക്കുന്നു. നിങ്ങൾക്കറിയാവുന്നത് പോലെ എന്റെ സമരം വളരെ നീണ്ടു പോയിരിക്കുകയാണ്. രണ്ടു വർഷവും മൂന്നുമാസവും ഇപ്പോൾ പിന്നിട്ടിരിക്കുന്നു .ഈ സമരം എന്റേത് മാത്രമല്ല, ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടേത് കൂടിയാണ്. അതിൽ ജെ എൻ യു ഒന്നാമതുണ്ട്. അതിനു പുറമെ ജാമിഅ മില്ലിയ യൂണിവേഴ്സിറ്റി , ഡൽഹി യൂണിവേഴ്സിറ്റി, അലീഗഢ് യൂണിവേഴ്സിറ്റിയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അതിൽ അലീഗഢ് യൂണിവേഴ്സിറ്റി യിലെ വിദ്യാർത്ഥികൾ ധാരാളമായി എന്നെ സഹായിച്ചിട്ടുണ്ട്. ഈ സമരം ഞാൻ ഒറ്റക്കായിരുന്നു വെങ്കിൽ എവിടെയും എത്തുമായിരുന്നില്ല. ഒരാഴ്ച പോലും എന്റെ സമരം നീണ്ടു നിൽക്കുമായിരുന്നില്ല . നിങ്ങളെല്ലാവരും എന്റെ കൂടെ നിന്നു. നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾ ശരിയായി നിർവഹിച്ചിരിക്കുന്നു .ഞാൻ സമരത്തിനു വേണ്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇത്രയും കാലം സമരം ചെയ്യാൻ എനിക്ക് സാധിക്കുമെന്ന്. നിങ്ങളുടെ എല്ലാവരുടെയും സഹായം കൊണ്ട് സമരം ഇന്നും നടന്നു കൊണ്ടിരിക്കുന്നു.

എന്റെ ശത്രുക്കളെല്ലാം ഇപ്പോൾ ഭയന്നിരിക്കുകയാണ്. അവരൊക്കെ വിചാരിച്ചിരുന്നത് ഞാൻ പെട്ടെന്ന് സമരം നിർത്തി പോകുമെന്നാണ്. സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തകർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എന്നെ വിളിക്കാറുണ്ട്. ഉമ്മാ നിങ്ങളൊറ്റക്കല്ല, ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്ന് അവരെന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു . നിങ്ങളൊക്കെ എന്നെ കണ്ടത് തെരുവിൽ ഞാൻ കരഞ്ഞുകൊണ്ടിരിക്കുന്നതായിട്ടായിരിക്കും. എന്നാൽ നടന്നു നടന്നു എന്റെ ഹൃദയം ഉറച്ചു പോയിരിക്കുന്നു, മനസ്സിന്റെ ഉറപ്പു അല്ലാഹു നൽകിയിരിക്കുന്നു. നജീബ് എവിടെയാണ് ഉള്ളത്? അവനെ അല്ലാഹു സംരക്ഷിച്ചിട്ടുണ്ടാകുമെന്നു വിശ്വസിക്കുകയാണ് ഞാൻ. ഒരുനാൾ അവൻ എന്റെ കൂടെ തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു .

ഗവണ്മെന്റ് പല വഴിയിലൂടെ എന്നെ ഒതുക്കുവാനും എന്റെ സമരത്തെ പരാജയപ്പെടുത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്റെ ഉമ്മയുടെ വീട്ടിൽ അമ്പതോളം പോലീസുകാർ വന്നു, അവരെ ഭീഷണി പെടുത്തി. എന്റെ മക്കളുടെ പിന്നാലെ പോലീസ് കൂടിയിരിക്കുകയാണ് എങ്ങനെയെങ്കിലും എന്നെ പരാജയപെടുത്താമെന്നു ഗവണ്മെന്റ് വിചാരിച്ചിരുന്നു . ഞാൻ കോടതിയിൽ കേസ് ഫയൽ ചെയ്തപ്പോൾ പോലീസിന്റെ രീതി മറ്റൊരു തരത്തിലേക്ക് മാറുകയുണ്ടായി .

അവർ എന്നോട് പറഞ്ഞു നിങ്ങൾ ചെയ്ത കേസിന്റെ ഫയൽ കാണാതായിരിക്കുന്നുവെന്ന്. ഏതെങ്കിലും കേസിന്റെ ഫയൽ ഇങ്ങനെ കാണാതാകുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് .

ഞാൻ മിണ്ടാതിരുന്നില്ല വീണ്ടും വീണ്ടും കോടതിയിൽ കയറി ഇറങ്ങി. അവസാനം ആ ഫയൽ കോടതിയിൽ തിരിച്ചെത്തിയിരിക്കുന്നു.

എന്റെ വീട് ഡൽഹിയിൽ നിന്ന് എട്ടു മണിക്കൂറോളം യാത്ര ചെയ്ത് ഒരു ഗ്രാമത്തിലെത്തേണ്ടതുണ്ട്. ഞാൻ യാത്ര ചെയ്ത് കുഴങ്ങി ഒരു സ്ഥലത്തു ഇരിക്കുമെന്ന് ഗവണ്മെന്റ് വിചാരിച്ചു. എന്നാൽ ഞാൻ ഇരിക്കാൻ സന്നദ്ധമല്ല. എത്രത്തോളം എന്ന് വെച്ചാൽ മൂന്ന് കേസുകളാണ് ഞാൻ ഫയൽ ചെയ്തിരിക്കുന്നത്. മൂന്ന് കോടതികളായി മൂന്ന് കേസിന്റെയും ഹിയറിങ്ങിനു വിളിക്കുമ്പോൾ എല്ലാ സന്ദർഭങ്ങളിലും ആ കോടതിയിൽ ഞാൻ എത്താറുണ്ട്.
ആ സമയങ്ങളില്ലെല്ലാം എന്റെ മുഖം കാണുമ്പോൾ അവിടത്തെ ജഡ്ജിമാർ മറഞ്ഞു നിൽക്കുകയാണ്. എന്നാൽ, എനിക്ക് ഈ കരുത്ത് കിട്ടിയത്, നിങ്ങളുടെ പിന്തുണയും, നിങ്ങൾ കൂടെയുണ്ട് എന്ന ധൈര്യത്തിൽ നിന്നുമാണ്. അതിന് ഞാൻ സൃഷ്ടാവിനോട് നന്ദി പറയുന്നു. അൽഹംദുലില്ലാഹ് …

സി ബി ഐ യുടെ പക്കൽ കേസ് എത്തിയപ്പോൾ എസ ഐ ഓ വിന്റെ ഓഫീസിൽ അഞ്ചു മണിക്കൂർ ഇരുത്തിയാണ് എന്നെ ചോദ്യം ചെയ്തതും ഭീഷണിപ്പെടുത്തിയതും.
അഞ്ചു വർഷങ്ങൾക്കുള്ളിൽ ഞങ്ങൾ കേസുകൾ പരിഹരിക്കാറുണ്ട്  എന്ന് സി ബി ഐ എനിക്ക് വാഗ്ദാനം നൽകി. അവർ കേസ് പതിനെട്ട് മാസങ്ങ ൾ കൊണ്ട് കോടതിയിൽ എത്തിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു സംഭവം ജെ എൻ യു വിൽ  നടന്നിട്ടേ ഇല്ലെന്ന് സി ബി ഐ അവരുടെ ആ റിപ്പോർട്ടിൽ പറയുന്നു. നിങ്ങൾക്കെല്ലാം അറിയാം എന്താണിവിടെ സംഭവിച്ചതെന്ന്. നജീബിന്റെ കാര്യത്തിൽ ഇത്തരം  കളവു കെട്ടിച്ചമക്കുന്നതിൽ സി ബി ഐ ക്കു ഒരു മടിയുമില്ല എന്നെനിക്ക് ബോധ്യമായി .ഇവിടെ നജീബിനെ ഇല്ലാതാക്കിയവർ സധൈര്യം കറങ്ങി നടക്കുകയാണ്. എനിക്കുള്ള ഭീഷണി, നജീബിനോട് എന്താണോ ചെയ്തത് അത് നിന്നോടും ചെയ്യുമെന്നാണ്. ഞാൻ പറയുന്നു ഈ ഗവണ്മെന്റ് അന്ധയും ബധിരയുമാണെന്ന്. ഈ ഗവണ്മെന്റ്  വളരെ വേഗത്തിൽ തന്നെ ഇല്ലാതാവും, അതിന്റെ സൂചന നമ്മൾ കണ്ടതാണ്. ഞാൻ കേരളത്തിൽ കണ്ടത് എപ്പോഴും സമാധാനവും എല്ലാവരോടും സ്നേഹവുമുള്ള ജനങ്ങളെയാണ്. നമ്മുടെ ദേശം മുഴുവൻ ഇങ്ങനെ ആയെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്. ഞാൻ ആഗ്രഹിക്കുന്നത് ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസവും മുസ്‌ലിംകൾ ആർജിച്ചെടുക്കണം. എത്രത്തോളം എന്ന് വെച്ചാൽ ഐ എ എസ് അടക്കം, സിവിൽ സർവ്വീസിൽ നമ്മൾ സ്ഥാനമുറപ്പിക്കണം. അങ്ങനെ ഗവൺമെന്റിലും മാറ്റം വരുത്താൻ നമുക്ക് സാധിക്കേണ്ടതുണ്ട്.   നമ്മൾ ജഡ്ജിയും വക്കീലും എം എൽ എയും എംപിയും ആവേണ്ടതുണ്ട്. അവിടെയെല്ലാം ഇരുന്നു കൊണ്ട് സമൂഹത്തിന് സേവനം ചെയ്യാൻ നമുക്ക് സാധിക്കുന്നതാണ്.

കേരളത്തിലെ ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരല്ല എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അവർ ഓക്‌സ്‌ഫോർഡിലും ഹാർഡ്വാർഡിലും ഒക്കെ പോയി വലിയ വിദ്യാഭ്യാസം ആർജ്ജിച്ചു കൊണ്ട് ഇന്ത്യയിലെ ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെടേണ്ടതുണ്ട് എന്നിട്ടവർ തെളിയിക്കട്ടെ മുസ്‌ലിംകൾ ദുർബലരല്ല, അവർ ഇന്നും ഇന്നലെയും നാളെയുമൊക്കെ ശക്തിയുള്ളവർ തന്നെയാണ് എന്ന് . നജീബിന്റെ വിഷയം കണ്ട് പേടിച്ച മാതാക്കളോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ ഒരിക്കലും ഭയപ്പെടരുത്, ഇന്ത്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും നമ്മുടേത് കൂടിയാണ്. ഇന്ത്യ യിലെ വലിയ സർവ്വകലാശാലകൾ  ജെ എൻ യൂ, അലീഗഢ്, ബനാറസ്, ഡൽഹി തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെല്ലാം നമ്മൾ എത്തേണ്ടതുണ്ട്. നജീബിന്റെ സംഭവത്തിൽ നമ്മൾ ഭയപ്പെട്ടതുപോലെയുള്ളയുള്ള സംഭവമല്ല ഉണ്ടായിരിക്കുന്നത്. നജീബിനെകാണാതാക്കി കൊണ്ടും രോഹിത് വെമുലയെ കൊന്നു കൊണ്ടും നമ്മെ ഭയപ്പെടുത്തുക എന്ന ഒരു സന്ദേശം മാത്രമാണ് അവർ ഉദ്ദേശിച്ചത്. അല്ലാതെ ക്യാമ്പസുകൾ ഇത്പോലെ പേടിപ്പെടുത്തുന്ന ഒന്നല്ല.

എന്റെ മക്കളെല്ലാം പഠനം പൂർത്തിയാക്കിവരാണ്, എനിക്ക് പഠനം  പൂർത്തിയാക്കാത്ത മക്കൾ ഇനിയും ഉണ്ടെങ്കിൽ അവരെ എല്ലാം ഞാൻ ജെ എൻ യു വിൽ  തന്നെ പഠിപ്പിക്കുമായിരുന്നു .ജെ എൻ യു വിലെ വി സി യുടെ മുൻപിൽ പോയികൊണ്ട് തന്നെ ഞാൻ അവനു അഡ്മിഷൻ വാങ്ങി കൊടുക്കുമായിരുന്നു അതിലൊട്ടും ഞാൻ  ഭയപ്പെടുന്നില്ല .നജീബിന്റെ കാര്യത്തിൽ എനിക്കുറപ്പുണ്ട് അവൻ എവിടെയെങ്കിലും ഉണ്ടാകുമെന്ന്. പക്ഷേ ഈ സമരത്തിലൂടെ ഞാൻ പ്രതീക്ഷക്കുന്നത് ഇത് പോലെ സമരത്തിലൂടെ ഞാൻ ലക്ഷ്യം വെക്കുന്നത് ഇനിയും നെജീബുമാർ ഉണ്ടാവാതിരിക്കട്ടെ എന്നാണ്. ജെ എൻ യു വിൽ എപ്പോഴൊക്കെ ഞാൻ പോകാറുണ്ടോ അപ്പോഴൊക്കെ  അഭിമാനത്തോടെയാണ് പോകാറുള്ളത്.  ഈ ഉമ്മ ഭയപ്പെട്ടിട്ടില്ല എന്ന് അവരെ ബോധ്യപ്പെടുത്താൻ. നജീബിന്റെ റൂം ഇപ്പോഴും സീൽ ചെയ്ത് വെച്ചിട്ടാണ് ഉള്ളത്.

ഞാൻ അവിടെ ചെല്ലുമ്പോഴൊക്കെ അധികാരികൾ എന്നോട് പറയുന്നു അവിടെയുള്ള നജീബിന്റെ സാധനങ്ങൾ നിങ്ങൾ കൊണ്ടുപോകണമെന്ന്. ഞാൻ അവരോടു പറയും അത് ഞാൻ കൊണ്ട് പോകില്ല നജീബ് അവിടെ വെച്ചത് അവൻ തന്നെ അത് തിരിച്ച് കൊണ്ടുപോകുമെന്ന്.

സോഷ്യൽ മീഡിയയിൽ നജീബിനു വേണ്ടി നടന്ന  “Where is Najeeb”  എന്ന കാമ്പയിനിൽ ഒന്നാമതായി കേരളക്കാരായിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾക്കറിയാമായിരിക്കും ഞാൻ കുറെയധികം പഠിച്ചിട്ടില്ല, എന്റെ മക്കൾ നന്നായി പഠിച്ചിട്ടുണ്ട് എന്റെ എല്ലാ തെറ്റുകളും തിരുത്താൻ അവർ ധാരാളമാണ് .ധാരാളം സ്ത്രീകൾ അവർ വീട്ടിൽ മിണ്ടാതിരിക്കുന്നവരാണ്. അവർക്ക് നേരെയും ധാരാളം പ്രശ്‌നങ്ങളും അക്രമങ്ങളും ഉണ്ടായിട്ടുണ്ട്.

നിങ്ങൾക്കെല്ലാം പെഹ്‌ലുഖാൻ സംഭവവും ജുനൈദിന്റെ ഉമ്മയുടെ അവസ്ഥയും ഒക്കെ അറിയാവുന്നതാണ്. ഞാൻ എല്ലാവരുടെയും കൂടെ നിൽക്കും. എവിടെയൊക്കെ ആരൊക്കെ അനീതിക്ക് ഇരയായോ അവർക്ക് വേണ്ടി സമരം ചെയ്യാനും അവരുടെ കൂടെ നിൽക്കാനും ഞാൻ എന്നും ഉണ്ടായിരിക്കും .

നജീബ് വിഷയത്തിൽ നിർമിക്കപ്പെട്ട ഡോക്യുമെന്ററി നിങ്ങളെല്ലാം കാണണം യഥാർത്ഥത്തിൽ   നടന്നതെന്താണെന്ന് ആ ഡോക്യൂമെന്ററിയിൽ തെളിയിച്ചിട്ടുണ്ട് .സി ബി ഐ വീണ്ടും വീണ്ടും ഈ കേസ് പിന്നോട്ട് വലിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഉയർത്തിക്കൊണ്ടുവരാൻ ഞാനും ശ്രമിക്കുന്നതായിരിക്കും. സി ബി ഐ വിദ്യാർത്ഥികളെ പേടി പ്പിക്കുകയാണ്, ജെ എൻ യു വിലെ വിദ്യാർത്ഥികൾ മണിക്കൂറുകൾ ഉപരോധിക്കുകയുണ്ടായി എന്നാൽ നാം സി ബി ഐ യെയാണ് പേടിപ്പിക്കുന്നത്, അവർ നമ്മെയല്ല പക്ഷെ നിങ്ങൾക്കറിയാത്ത ഒരു കാര്യം എന്റെ  രണ്ടാമത്തെ മകൻ എം ടെക് കഴിഞ്ഞവനാണ്, അവനു എന്റെ കൂടെ നിന്നതിനാൽ കുറെ കാലം ജോലി കിട്ടാതെയിരിക്കുകയുണ്ടായി എന്നാൽ ജോലി കിട്ടാനായി എന്നെ സഹായിച്ചത് എസ്. ഐ. ഓ വിന്റെ ദേശിയ പ്രസിഡന്റ് നഹാസ് മാളയാണ്. അദ്ദേഹം എന്റെ വീട്ടിൽ മൂന്ന് തവണ വന്നിട്ടുണ്ട്.

കേരളത്തിലെയും ഇന്ത്യയിലെയും നീതിയെ താൽപര്യപ്പെടുന്ന എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നത് ഈ സമരം നിങ്ങൾ നടത്തി കൊണ്ടേയിരിക്കണമെന്നാണ്.

സമാഹരണം: അമീന പൂഴിത്തറ

By Editor