ഓരോ ഡിസംബര്‍ ആറാം തിയ്യതിയും ബാബരി മസ്ജിദ് വീണ്ടും നമ്മുടെ ഓര്‍മ്മയിലും ചര്‍ച്ചകളിലും കടന്നുവരികയാണ്. 26 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹിന്ദുത്വ ദേശീയതയുടെ ഈ പൊറുക്കാനാവാത്ത അനീതിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥക്കായിട്ടില്ല. ഇന്ത്യൻ ദേശീയത രൂപപ്പെടുന്നതിന്റെയും രൗദ്ര ഭാവമാർജ്ജിക്കുന്നതിന്റെയും ഓരോ ഘട്ടത്തിലും ബാബരി മസ്‌ജിദ് വിഷയം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു തൊട്ടുടനെ 1948 ലാണ് രാമന്റെ പ്രതിമ ബാബരിയിൽ പ്രതിഷ്ഠിക്കപ്പെടുത്തുന്നത്. അതായത് മതേതരത്വത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെടുന്ന ജവഹർലാൽ നെഹ്‌റു ഇന്ത്യ ഭരിക്കുന്ന കാലത്ത്. രാജീവ് ഗാന്ധിയായിരുന്നു അവിടെ പൂജ നടത്തുവാൻ അനുവാദം നൽകിയത്. അവസാനം നരസിംഹ റാവുവിന്റെ ഭരണത്തിലാണ് പള്ളി പൊളിക്കപ്പെടുന്നത്. അതായത് ഫാഷിസ്റ്റ് വിരുദ്ധരാൽ തന്നെ, ഫാഷിസത്തിന്റെ വിത്ത് നടലും നനയ്ക്കലും വളമിടലും നടന്ന കാഴ്ചയാണ് ബാബരിയുമായി ബന്ധപ്പെട്ട് കാണാൻ കഴിഞ്ഞത്.
സ്റ്റേറ്റ് അതിന്റെ ഉപകരണങ്ങൾ കൃത്യമായും ഹിന്ദുത്വ ദേശീയതയെ നിർമ്മിക്കുവാൻ ഉപയോഗിക്കുകയായിരുന്നു. ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു. ഇഷ്ടികകൾ തകർത്തവർ മാത്രം പ്രതികളാകുന്ന വിഷയമല്ല ബാബരി ധ്വംസനം. അധികാരകസേരയിൽ ഇരിക്കാൻ സവർണ രാഷ്ട്രീയത്തെ ആരൊക്കെ ഉപയോഗിച്ചുവോ അവരെല്ലാം ഇന്ന് ഇന്ത്യ എത്തി നിൽക്കുന്ന അവസ്ഥക്ക് ഉത്തരവാദികളാണ്.
ഹിന്ദുത്വ ആക്രമണങ്ങൾ മുസ്ലിം ജീവിതത്തെയും വിശ്വാസത്തെയും കടന്നാക്രമിച്ച എല്ലാ സന്ദര്ഭങ്ങൾക്കും ഉള്ള ഒരു പ്രത്യേകതയാണ് മതേതരത്വത്തിന്റെ തകർച്ചയായി അത് പരിഗണിക്കപ്പെടാതിരിക്കുക എന്നത്. ഗുജറാത്ത് വിഷയത്തിലും ബാബരി വിഷയത്തിലും മറ്റ് വിവിധ കലാപങ്ങളെ സംബന്ധിച്ച വിഷയങ്ങളിലും അത് കാണാൻ കഴിയും. എസ് എഫ് ഐ കേരളകമ്മിറ്റി ഈ ഡിസംബർ ആറിന് പുറത്തിറക്കിയ പോസ്റ്ററിൽ പോലും ഈ അശ്ലീലത നിറഞ്ഞു നിൽക്കുന്നു. “മിനാരങ്ങളോടൊപ്പം തകരാത്ത മതനിരപേക്ഷതക്കൊപ്പം” എന്ന് പറയുമ്പോൾ മിനാരങ്ങൾ തകർന്നിട്ടും മതനിരപേക്ഷത തകർന്നില്ല എന്നുകൂടി അർത്ഥമുണ്ട്. ഇടതുപക്ഷത്തിന്റെ ബാബരി ധ്വംസന സമയത്തുള്ള പ്രതികരണങ്ങളും ഈ അർത്ഥത്തിൽ തന്നെയായിരുന്നു.
ബാബരി ഓരോ വർഷവും ഓർമ്മിക്കുന്നതെന്തിന് എന്ന് ചോദിക്കുന്നവർ ഉണ്ട്. ഈ ചോദ്യം ബാബരി തകർച്ചയുടെ കാലത്ത് തന്നെ കേട്ട ചോദ്യങ്ങളാണ്. എന്നാൽ അന്ന് ചോദിച്ചവരും ഇന്ന് ബാബരിക്ക് വേണ്ടി ശബ്ദമുയർത്തുകയാണ് എന്നത് തന്നെ പ്രസ്തുത ചോദ്യമുയർത്തേണ്ടതിന്റെ പ്രസക്തിയാണ് വിളിച്ചോതുന്നത്. ഫാഷിസത്തിന് മുന്നിൽ നിശ്ശബ്ദദ അടിമ ബോധത്തെ വളർത്തുകയാണ് ചെയ്യുന്നത്. നിശ്ശബ്ദദ അവർക്ക് പ്രചോദനവുമാണ്. ശബ്ദമുയർത്തിയിട്ടാണോ നിരവധി പശു കൊലപാതകങ്ങൾ ഇന്ത്യയിൽ ഉണ്ടായത്? എന്നാൽ ഒരു ശബ്ദം മറ്റു ശബ്ദങ്ങൾക്ക് പ്രചോദനമാണ്. ഇന്ത്യയിൽ ഇനിയും നീതി ബോധമുള്ള നല്ല മനുഷ്യർ ജീവിച്ചിരിക്കുന്നുണ്ട്. ബാബരി മുസ്ലിംകൾക്ക് ആവശ്യമില്ലെങ്കിൽ മറ്റുള്ളവർ എന്തിനു ശബ്ദമുയർത്തണം ? പശുകൊലപാതകങ്ങളുടെ വിഷയത്തിൽ പോലും മതേതരത്വത്തിന്റെ മൗനം നമുക്ക് കാണാം. എന്നാൽ അതിനിരയാക്കപ്പെടുന്ന സമൂഹം എന്ന നിലക്ക് മുസ്ലിം സമൂഹം ശബ്ദമുയർത്തുമ്പോൾ നിവൃത്തികേടുകൊണ്ടെങ്കിലും മറ്റു ശബ്ദങ്ങൾ പ്രത്യക്ഷപ്പെടുന്നത് കാണാൻ കഴിയും.
ഏത് അനീതിക്കെതിരെയും ശബ്ദമുയരുമ്പോള്‍ മാത്രമേ നന്മയുടെ മുന്നേറ്റത്തിന് ആര്‍ജവവും ആത്മവിശ്വാസവും ഉണ്ടാകൂ.